ആനകളുടെ ജീവനെടുക്കുന്ന ട്രെയിനുകൾ: നിർമിത ബുദ്ധി പരിഹാരമാകുമോ?

Mail This Article
നിബിഡവനങ്ങളും ആധുനിക പശ്ചാത്തലസൗകര്യങ്ങളും മനുഷ്യവാസമുള്ള സ്ഥലങ്ങളും ഇടകലരുന്ന ഇന്ത്യയിൽ മനുഷ്യരും വന്യമൃഗങ്ങളും നിരന്തര സംഘർഷത്തിലാണെന്നു പലപ്പോഴും പറയപ്പെടാറുണ്ട്. ഇത്തരം ദുരന്തങ്ങളിൽ എടുത്ത പറയത്തക്ക പ്രാധാന്യമുള്ളതാണ് ട്രെയിൻ തട്ടിയുള്ള കാട്ടാനകളുടെ മരണം. റെയിൽപാളങ്ങളിൽ ട്രെയിൻ തട്ടി ജീവൻ നഷ്ടപ്പെടുന്ന ആനകളെ രക്ഷിക്കാൻ നിർമിത ബുദ്ധി (എഐ) ഉപയോഗിച്ചുള്ള മുന്നറിയിപ്പു സംവിധാനത്തിന് തമിഴ്നാട് രൂപം നൽകുന്നു എന്ന വാർത്ത കഴിഞ്ഞ ദിവസം പത്രങ്ങളിൽ വായിച്ചു. കേരളത്തെയും തമിഴ്നാടിനെയും ബന്ധിപ്പിക്കുന്ന എട്ടിമട - കോയമ്പത്തൂർ ഭാഗങ്ങളിലുള്ള റെയിൽപാതകളിൽ ട്രെയിനുകൾ തട്ടി കാട്ടാനകൾ ചരിയുന്ന സംഭവങ്ങൾ കൂടി വരുന്നതാണ് ഇത്തരമൊരു സംവിധാനത്തെക്കുറിച്ച് ആലോചനയിൽ എത്തിച്ചത്. ഇത് പൂർണതോതിൽ പ്രവർത്തനസജ്ജമാകുന്നതോടെ ആനകൾക്കു സംരക്ഷണം നൽകാൻ കഴിയുമെന്നാണ് വനംവകുപ്പ് അവകാശപ്പെടുന്നത്.

നഷ്ടപ്പെട്ടത് നൂറു കണക്കിന് ആനകളുടെ ജീവൻ
ലോകത്തിലെ ഏറ്റവും ബൃഹത്തായ റെയിൽവേ സംവിധാനം ഉള്ള രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ഏഷ്യൻ വിഭാഗത്തിൽപ്പെടുന്ന കാട്ടാനകളിൽ 60 ശതമാനത്തോളം കാണപ്പെടുന്നതും ഇന്ത്യയിലാണ്. 2017 ലെ കണക്കനുസരിച്ച് 29964 കാട്ടാനകളാണ് ഇന്ത്യയിലുള്ളത്. ആനകളുടെ സംരക്ഷണത്തിനായി 1992 ലാണ് പ്രോജക്ട് എലിഫൻറ് എന്ന പദ്ധതിക്ക് തുടക്കം കുറിച്ചത്. 2010 ൽ ദേശീയ പൈതൃകമൃഗമെന്ന സ്ഥാനവും ആനയ്ക്ക് ലഭിച്ചു. 2020 മുതൽ ഇന്ത്യൻ ആനകളെ കൺവൻഷൻ ഓഫ് മൈഗ്രേറ്ററി സ്പീഷിസിന്റെ അപ്പൻഡിക്സ് 1 ൽ ഉൾപ്പെടുത്തിയിട്ടുമുണ്ട്. കൂടാതെ കാട്ടിലെ തോട്ടക്കാരനെന്ന വിശേഷണമുള്ള ആന ആവാസ വ്യവസ്ഥകളുടെ അവിഭാജ്യ ഘടകവുമാണ്. ഇങ്ങനെ വലിയ രീതിയിൽ പരിരക്ഷണം ലഭിക്കേണ്ട ആനകൾക്കാണ് റെയിൽപാളങ്ങളിലെ ഇത്തരം ദുരന്തം നേരിടേണ്ടി വരുന്നത്.

പശ്ചാത്തല സൗകര്യ വികസനം, പ്രത്യേകിച്ച് റെയിൽവേപാളങ്ങൾ, റോഡുകൾ തുടങ്ങിയവ ആനകളുടെ ആവാസസ്ഥാനങ്ങളെ ചിതറിക്കുന്നു. സ്വന്തം വീടുകൾ നഷ്ടപ്പെടുന്ന ആനകൾക്ക് മനുഷ്യവാസമുള്ള സ്ഥലങ്ങളിലേക്ക് വരേണ്ടി വരുന്നു. രാത്രിയിലാണ് ആനകൾ കുടുതലായി സഞ്ചരിക്കുന്നത്. അതിനാൽ രാത്രികാലങ്ങളിലാണ് അപകടങ്ങൾ മിക്കതും സംഭവിക്കുന്നതും. ആനകളെ ആകർഷിക്കുന്ന വിളകൾ കൃഷി ചെയ്യുന്ന സ്ഥലങ്ങളിലും അവരെത്തുന്നു. കൃത്യമായ പാതകളിലൂടെ ദീർഘദൂരയാത്രകൾ നടത്തുന്ന ആനകളുടെ നടവഴികൾ മുറിച്ചുകടന്നായിരിക്കും റോഡുകളും റെയിൽപാതകളും പോകുന്നത്. ഭൂപ്രകൃതിയിലുണ്ടാകുന്ന ചെറിയ മാറ്റങ്ങൾ പോലും ആനകളുടെ വഴിത്താരകളിൽ വിഘ്നങ്ങൾ വരുന്നതിനിടയാക്കാം. രാത്രികാലങ്ങളിലും നിബിഡവന പ്രദേശങ്ങളിലും പെട്ടെന്നു നേർക്കുനേർ വരുമ്പോൾ ഡ്രൈവർമാർക്കും ആനകൾക്കും എന്തെങ്കിലും ചെയ്യാൻ സമയം ലഭിക്കുന്ന വിധമുള്ള കാഴ്ചാസാധ്യതയുണ്ടാവില്ല. പെട്ടെന്ന് ശബ്ദമുണ്ടാക്കി കടന്നുവരുന്ന ട്രെയിൻ ആനകളെ പേടിപ്പിക്കുകയും അപകടത്തിൽ പെടുത്തുകയും ചെയ്യും. രാത്രികാലങ്ങളിലും കൊടുംവനപ്രദേശങ്ങളിലും അതിവേഗത്തിൽ ട്രെയിൻ പായുമ്പോൾ ആനകൾ പാളത്തിലുണ്ടെങ്കിൽ ഡ്രൈവർമാരും ഇത്തരം അവസരങ്ങളിൽ നിസ്സഹായരായിരിക്കും. ഗേജുമാറ്റങ്ങൾ വരികയും ട്രെയിനുകളുടെ വേഗം താരതമ്യേന വർധിക്കുകയും ചെയ്തതും അപകടങ്ങളുടെ എണ്ണം കൂട്ടിയിട്ടുണ്ട്. ആനകളുടെ എണ്ണവും വർധിച്ചിട്ടുണ്ടെന്നുള്ളതും വസ്തുതയാണ്.

മനുഷ്യരും വന്യജീവികളുമായുള്ള സംഘർഷം കേരളം പോലുള്ള സംസ്ഥാനങ്ങളിൽ നിരന്തരം ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ്. ആനകളും മനുഷ്യരുമായിട്ടുള്ള സംഘർഷങ്ങളുടെ പല രൂപങ്ങളിലൊന്നായിട്ടാണ് ട്രെയിൻ തട്ടിയുള്ള ആനകളുടെ മരണത്തെ കണക്കാക്കാറുള്ളത്. 1987 മുതൽ 2018 വരെ ഈ വിധത്തിൽ കൊല്ലപ്പെട്ട ആനകളുടെ എണ്ണം 249 ആണെന്നാണ് കണക്കുകൾ പറയുന്നത്. കേന്ദ്ര വനം– പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ രേഖകൾ പ്രകാരം, 2009-10 മുതൽ 2020-21 വരെയുള്ള പത്തു വർഷത്തിനിടയിൽ ഇന്ത്യയിൽ 186 ആനകൾ ട്രെയിൻ തട്ടി കൊല്ലപ്പെട്ടിട്ടുണ്ട്. പത്തു സംസ്ഥാനങ്ങളിലായി 27 ആനകളുടെ ജീവൻ നഷ്ടപ്പെട്ട 2012-13 ആണ് മരണക്കണക്കിൽ മുൻപിൽ. റെയിൽപാളങ്ങളിൽ ആനകൾക്കുണ്ടാകുന്ന അപകടമരണങ്ങളിൽ അസമാണ് മുന്നിൽ –62. ബംഗാൾ –57, ഒഡീഷ –27, ഉത്തരാഖണ്ഡ് –14, കേരളം –9, ജാർഖണ്ഡ്– 7, തമിഴ്നാട് –5, കർണാടക –3, ത്രിപുര–1, ഉത്തർ പ്രദേശ് –1 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളുടെ പത്തു വർഷത്തെ മരണക്കണക്ക്.

രാജ്യത്തെ റെയിൽപാതകളിൽ ആനകൾക്കുണ്ടാകുന്ന അത്യാഹിതങ്ങൾക്ക് കുറവു വരുത്തനായി നിരവധി നടപടികൾ സ്വീകരിച്ചു വരുന്നതായാണ് പരിസ്ഥിതി മന്ത്രാലയം പറയുന്നത്. ഇന്ത്യൻ റെയിൽവേ, സംസ്ഥാന വനംവകുപ്പ് എന്നിവയിലെ ഉദ്യോഗസ്ഥർ ചേർന്നു രൂപീകരിച്ചിരിക്കുന്ന സ്ഥിരം കോഓർഡിനേഷൻ കമ്മിറ്റിയാണ് ഇതിൽ പ്രധാന പങ്ക് വഹിക്കുന്നത്. ലോക്കോ പൈലറ്റുമാർക്ക് വ്യക്തമായ കാഴ്ച കിട്ടുന്ന വിധം പാളങ്ങളുടെ വശങ്ങളിലെ ചെടികൾ വെട്ടിമാറ്റുക, ആനയുടെ സാന്നിധ്യമുള്ള സ്ഥലങ്ങളിൽ ചിത്രബോർഡുകൾ സ്ഥാപിക്കുക, ഉയർന്ന റെയിൽ പാളങ്ങളുടെ ചരിവ് കുറയ്ക്കുക, ആനകൾക്കായി മേൽപാതകൾ/ അടിപ്പാതകൾ നിർമിക്കുക, ആവശ്യമായ പാതകളിൽ രാവിലെയും വൈകുന്നേരവും ഉചിതമായ സമയങ്ങളിൽ ട്രെയിൻ വേഗം കുറയ്ക്കുക, അപകട സാധ്യതയുള്ള സ്ഥലങ്ങളിൽ രണ്ടു വകുപ്പുകൾ ചേർന്ന് കൃത്യമായ പട്രോളിങ് നടത്തുക തുടങ്ങി നിരവധി മുൻകരുതലുകൾ എടുക്കുന്നതായി വകുപ്പ് അവകാശപ്പെടുന്നു.


2016 ൽ ആനയെ ട്രെയിൻ തട്ടിയതിന്റെ പേരിൽ ഡ്രൈവർക്കെതിരെ 1972 ലെ വനം വന്യജീവി സംരക്ഷണ നിയമത്തിലെ വകുപ്പു പ്രകാരം വാളയാർ ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ കേസ് എടുത്ത ഒരു സംഭവമുണ്ടായത്രേ! കേസുകളല്ല, വനംവകുപ്പും റെയിൽവേയും തമ്മിലുള്ള സൗഹാർദപരമായ സഹകരണമാണ് ആവശ്യമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. പൂർണമായും കേന്ദ്രസഹായത്തോടെ നടപ്പിലാക്കുന്ന പ്രോജക്ട് എലിഫന്റിന്റെ ഭാഗമായി 212.49 കോടി രൂപ ബന്ധപ്പെട്ട സംസ്ഥാനങ്ങൾക്ക് ഇക്കാലയളവിൽ നൽകിയിട്ടുണ്ടെന്നാണ് സർക്കാർ കണക്ക്. ആനകളെയും അവയുടെ വാസസ്ഥലങ്ങളും സഞ്ചാര ഇടനാഴികളും സംരക്ഷിക്കുക, മനുഷ്യൻ -ആന സംഘർഷം പരിഹരിക്കാൻ നടപടികളെടുക്കുക എന്നിവയോടൊപ്പം നാട്ടാനക്ഷേമം കൂടി ഉന്നം വച്ചാണ് ഇത്രയും തുക പത്തുവർഷം കൊണ്ട് അനുവദിച്ചത്. 35.39 കോടി സ്വീകരിച്ച കേരളമാണ് കൂടുതൽ ഫണ്ട് ലഭിച്ച സംസ്ഥാനമെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.

കിടങ്ങുകൾ മുതൽ നിർമിത ബുദ്ധി വരെ
ട്രെയിനിടിച്ച് ആനകൾക്കുണ്ടാകുന്ന അപകടമരണങ്ങൾ തടയുന്നതിനായി വനംവകുപ്പും റെയിൽവേയും സ്വീകരിക്കുന്നത് ബഹുമുഖമായ പരിപാടികളാണ്. ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് കൂടുതൽ കാര്യക്ഷമമായ പ്രതിരോധ പ്രവർത്തനങ്ങൾ പരീക്ഷിക്കുന്നുമുണ്ട്. ക്യാമറകളും സെൻസറുകളും സജ്ജീകരിക്കുക, ആനകളെ കണ്ടുപിടിക്കാൻ ബീമുകളും അവയെ ഭയപ്പെടുത്താൻ ശബ്ദങ്ങളും ഉപയോഗിക്കുക തുടങ്ങിയവ ചില ഉദാഹരണങ്ങളാണ്. ആനയെക്കുറിച്ച് മുന്നറിയിപ്പു നൽകാൻ സെൻസറുകൾ ഉപയോഗിക്കുന്ന രീതി തമിഴ്നാട് പരീക്ഷിക്കുന്നു..ആനകളെ നിരീക്ഷിക്കാൻ ഉത്തരാഖണ്ഡിൽ ഡ്രോണുകൾ ഉപയോഗിക്കുന്നു. ആനകളെ അകറ്റാൻ തേനീച്ചശബ്ദം ഉപയോഗിക്കുന്ന രീതിയും പരീക്ഷിക്കപ്പെട്ടിട്ടുണ്ട്.

തീവണ്ടി യാത്രക്കാരോട് വനമേഖലകളിൽ ഭക്ഷണം വലിച്ചെറിയരുതെന്ന് റെയിൽവേ അഭ്യർഥിക്കാറുണ്ട്. അപകട മേഖലകളുടെ ഭൂപടം ഉണ്ടാക്കുന്നതും ഏറെ സഹായകരമാണ്. അപകട സാധ്യതയുള്ള പ്രദേശങ്ങളിൽ കൃഷി ചെയ്യാൻ സുരക്ഷിതമായ വിളകളെക്കുറിച്ച് കർഷകർക്ക് വനം വകുപ്പ് ഉപദേശം നൽകേണ്ടതുണ്ട്. വനത്തിനോടു ചേർന്ന് അനധികൃത കെട്ടിടങ്ങൾ നിർമ്മിക്കുന്നത് തടയണമെന്ന നിർദ്ദേശം പ്രധാനപ്പെട്ടതാണ്. ഇക്കാര്യത്തിൽ കോടതികൾ ഇടപെട്ടിട്ടുമുണ്ട്. വിളകൾക്കോ ജനങ്ങൾക്കോ ഉണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകുക, ആനകൾ പാളത്തിൽവന്നുപെട്ടാൽ ട്രെയിനിടിക്കാതെ ഒഴിവാക്കുന്ന റെയിൽവേ ജീവനക്കാർക്ക് പാരിതോഷികം നൽകുക തുടങ്ങിയ നിർദേശങ്ങളും വിദഗ്ധർ നൽകുന്നു.

ഇത്തരം പ്രവർത്തനങ്ങളുടെയും പരീക്ഷണങ്ങളുടെയും ഒടുവിലത്തെ കണ്ണിയാണ് നിർമിത ബുദ്ധിയുടെ ഉപയോഗം. കോയമ്പത്തൂരിനും പാലക്കാടിനുമിടയിൽ 2008 -2022 കാലത്ത് ആറ് അപകടങ്ങളിലായി പതിനൊന്ന് ആനകൾക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. ഇലക്ട്രോണിക് നിരീക്ഷണത്തിനുള്ള പന്ത്രണ്ടോളം ടവറുകളാണ് തമിഴ്നാട് വനംവകുപ്പ് ഈ ഭാഗത്തൊരുക്കുന്നത്. ആനകളുടെ ചലനങ്ങൾ പരിശോധിക്കാനായി ടവറുകളിലെല്ലാം തെർമൽ ഇമേജിങ് ക്യാമറകൾ ഉണ്ടാകും. ഒപ്പം കൺട്രോൾ റൂമുകളും പ്രവർത്തിക്കും. നിർമിത ബുദ്ധിയെ ആശ്രയിക്കുന്ന ഈ സംവിധാനത്തിന്റെ പ്രവർത്തനക്ഷമത പരിശോധിക്കാനുള്ള ട്രയൽ റണ്ണുകൾ നടത്തും. ഏറ്റവും അപകട സാധ്യതയുണ്ടെന്ന് കരുതപ്പെടുന്ന എട്ടിമട - വാളയാർ സെക്‌ഷനിലെ 7.05 കിലോമീറ്റർ ദൂരത്താണ് മുന്നറിയിപ്പു സംവിധാനം ഒരുക്കുന്നത്. കുറ്റിക്കാടുകളിലും മരങ്ങൾ ഇടതൂർന്നു വളരുന്ന സ്ഥലങ്ങളിലുമൊക്കെയുള്ള ആനയുടെ ചലനങ്ങൾ തിരിച്ചറിയാൻ കഴിയുംവിധം മെഷീൻ ലേണിങ് സംവിധാനത്തെ പ്രാപ്തമാക്കും. ആനകളുടെ സാന്നിധ്യം തിരിച്ചറിയുന്ന വാണിങ് സിസ്റ്റം കൃത്യമായ സന്ദേശങ്ങൾ വനം വകുപ്പിനും റെയിൽവേയ്ക്കും നൽകുകയും ചെയ്യും. റെയിൽവേ, വനം വകുപ്പ്, കർഷകർ, പൊതുസമൂഹം തുടങ്ങിയ എല്ലാവരും ഒരുമിച്ച് പ്രവർത്തിച്ചാലേ ഈ വിഷയത്തിൽ കാര്യമായ പുരോഗതി നേടാൻ കഴിയുകയുള്ളു എന്ന തിരിച്ചറിവാണ് പ്രധാനം.
