ADVERTISEMENT

ഓരോ തരി മണ്ണിന്‍റെയും 25% വെള്ളമാണ്. പിന്നെ 25% വായു. അതോടൊപ്പം സൂക്ഷ്മജീവികള്‍, ജൈവാംശം, ധാതുക്കള്‍ എന്നിവയുമുണ്ട്. മഴക്കാലങ്ങളില്‍ മണ്ണില്‍ പ്രകൃതി തന്നെ കരുതിവയ്ക്കുന്ന മഴവെള്ളമാണ് വേനലുകളുടെ വറുതികളെ ഇല്ലാതാക്കുന്നത്. ഇനി കേരളത്തിന്‍റെ മണ്‍തരങ്ങള്‍ കൂടി അറിയുമ്പോഴാണ് കഥ വഴിമാറുന്നത്. മലനാട് പ്രദേശങ്ങളില്‍ ചരിഞ്ഞ ഭൂമി ആയതിനാല്‍ മണ്ണില്‍ ധാരാളം ജലം കരുതാനാവില്ല. തീരപ്രദേശങ്ങളില്‍ നല്ല നീര്‍വാർച്ചയുള്ള മണലിന്‍റെ കൂമ്പാരമാണ്. സമതലങ്ങള്‍ കൂടുതലുള്ള ഇടനാട്ടില്‍ വേണം മണ്ണില്‍ ധാരാളമായി മഴവെള്ളം കരുതേണ്ടത്. അതിനേക്കാളൊക്കെ പ്രധാനം, വെറുതെ മണ്ണില്‍ വെള്ളം നിറയുകയില്ല. മഴവെള്ളം താഴേക്ക് പോയാലും ലംബമായും തിരശ്ചീനമായും കൂടുതല്‍ താഴോട്ടും വശങ്ങളിലൂടെയും ഒഴുകിപ്പോകും. മണ്ണിനെക്കാള്‍ കൂടുതല്‍ മഴവെള്ളം കരുതിവയ്ക്കുന്നത് ഹ്യൂമസ് മേഖലയിലാണ്. കേരളത്തിലെ മേല്‍മണ്ണിന്‍റെ ആഴം ശരാശരി മൂന്നു മീറ്റര്‍ മാത്രമാണ്. അപ്പോള്‍ മേല്‍മണ്ണില്‍ മഴവെള്ളം കരുതുന്നതിന് പരിമിതിയുണ്ട്. 

മണ്ണിര (Credit:kaiooooooooooooo/ Istock)
മണ്ണിര (Credit:kaiooooooooooooo/ Istock)

മരങ്ങളും ചെടികളും ശിശിരകാലത്തു പൊഴിക്കുന്ന ഇലകളും ചില്ലകളും പുതപ്പു പോലെ മണ്ണിനു മുകളിൽ കാണും. അതോടൊപ്പം പഴയ കാലത്ത് പറമ്പുകളില്‍ വ്യാപകമായി പുതയിടലും ഉണ്ടായിരുന്നു. ഈ രീതികളില്‍ മണ്ണ് സസ്യാവശിഷ്ടങ്ങള്‍ കൊണ്ടു പൊതിഞ്ഞിരുന്നു. തുടര്‍ന്നു വരുന്ന വേനല്‍കാലത്ത് മണ്ണില്‍ നേരിട്ട് സൂര്യപ്രകാശം പതിക്കാതെ തടഞ്ഞിരുന്ന ബഫര്‍ സോണുകളാണിവ. അതുകൊണ്ട് മണ്ണിലെ ജലത്തിന്റെ ബാഷ്പീകരണത്തോതും കുറവായിരിക്കും. വേനല്‍ക്കാലത്ത് ഇലകളും മറ്റും ഉണങ്ങിപ്പൊടിയും. മഴക്കാലത്ത്, ഇങ്ങനെ പൊടിഞ്ഞ വസ്തുക്കളും മണ്ണും വെള്ളവും എല്ലാം കൂടിച്ചേര്‍ന്ന് ധാരാളം പശയുള്ള മണ്‍തരികള്‍ ഉണ്ടാകും. അത്തരം മണ്‍കട്ടകളില്‍ ധാരാളം സൂക്ഷ്മ സുഷിരങ്ങളും സൂക്ഷ്മസ്ഥലവും കാണും. കട്ടകള്‍ക്കിടയിലും ആവശ്യത്തിന് സ്ഥലം ഉണ്ടാകും. ഇങ്ങനെ മണ്ണിന്‍റെ മുകളില്‍ രൂപപ്പെടുന്ന ജൈവാംശമുള്ള ബഫര്‍ സോണുകളില്‍ കോടിക്കണക്കിന് ലീറ്റര്‍ മഴവെള്ളം സംഭരിക്കപ്പെടും. മഴ കുറയുമ്പോള്‍, മണ്‍കട്ടകളില്‍ സൂക്ഷിച്ചിട്ടുള്ള വെള്ളം വീണ്ടും ഭൂമിയിലേക്കിറങ്ങും. നൂറ്റാണ്ടുകളായി സ്വാഭാവികമായി ഇതൊക്കെ പ്രകൃതിയില്‍ നടന്നിരുന്നു. മിശ്രിതവിളകളില്‍നിന്ന് ഏകവിളകളിലേക്ക് കൃഷി മാറിയപ്പോ ഇല പൊഴിയലും പുതയിടലുമൊക്കെ കുറഞ്ഞു. മാത്രമല്ല, ഇലകളും ചില്ലകളും വേസ്റ്റ് ആയി കണക്കാക്കി കത്തിക്കുന്ന രീതിയും ഉണ്ട്. മാലിന്യ നിര്‍മാര്‍ജനത്തിന്‍റെ ഭാഗമായി കരിയിലയും ശേഖരിച്ച് ഒഴിവാക്കും. 

(Credit:iiievgeniy/Istock)
(Credit:iiievgeniy/Istock)

മണ്ണില്‍ ചപ്പുചവറുകള്‍ കുറയുമ്പോള്‍ ജൈവാംശവുമില്ലാതാകുന്നു. ജൈവാംശം കുറയുമ്പോള്‍ മണ്ണിര, മറ്റു സൂക്ഷ്മജീവികള്‍ എന്നിവ കുറയുകയും മണ്ണിന്‍റെ ജല ആഗിരണശേഷിയിലും ഉൽപാദന ക്ഷമതയിലും മാറ്റങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു. കാടുകളിലും കാവുകളിലും വ്യാപകമായി ജൈവാംശ ബഫര്‍ സോണുകള്‍ രൂപപ്പെടാറുണ്ട്. എന്നാല്‍ കാടുകളും കാവുകളും മിശ്രിത പുരയിടങ്ങളും ഇല്ലാതാകുമ്പോള്‍ മണ്ണിന്‍റെ ജല അറകള്‍ കൂടിയാണ് നശിക്കുന്നത്. ചിറാപുഞ്ചിയിലും മൗസിന്റാമിലും ഒക്കെയാണ് ലോകത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്നത്. എന്നാല്‍, മഴ കഴിഞ്ഞാല്‍ കുടിവെള്ളത്തിനായി ടാങ്കര്‍ ലോറികളില്‍ വെള്ളമെത്തിക്കേണ്ടിവരുന്ന അവസ്ഥയും ചില വർഷങ്ങളിൽ ഉണ്ടാകാറുണ്ട്.

കരിയിലകൾ (Credit:Larisa Stefanuyk/Istock)
കരിയിലകൾ (Credit:Larisa Stefanuyk/Istock)

ഒരു പ്രദേശത്ത് എത്ര മഴ ലഭിക്കുന്നു എന്നതിനപ്പുറം, എത്ര മഴവെള്ളം സംഭരിച്ചും സംരക്ഷിച്ചും നിലനിര്‍ത്തുന്നു എന്നതാണ് പ്രധാനം. കേരളത്തില്‍ മേല്‍മണ്ണിന് ആഴം കുറവായതു കൊണ്ടും സ്വാഭാവികമായും കൃത്രിമമായയും കൂടുതല്‍ ജൈവാംശ ബഫര്‍ സോണുകള്‍ രൂപപ്പെടാത്തതു കൊണ്ടും കൂടിയാണ് വലിയ ജലപ്രതിസന്ധി നേരിടുന്നത്.

ആഗോളതാപനം, കാലാവസ്ഥാമാറ്റം എന്നിവയെ സ്ഥായിയായി പ്രതിരോധിക്കുവാന്‍ ജൈവാംശ ഹ്യൂമസ് സോണുകള്‍ കൂടുതലായി സഹായകമാണ് എന്ന കാര്യം സാര്‍വദേശീയമായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.

വെസ്റ്റ് എളേരി പരപ്പച്ചാലിലെ തൊഴിലുറപ്പ് തൊഴിലാളികൾ റോഡരികിലെ കാടുകൾ വൃത്തിയാക്കുന്നു.
വെസ്റ്റ് എളേരി പരപ്പച്ചാലിലെ തൊഴിലുറപ്പ് തൊഴിലാളികൾ റോഡരികിലെ കാടുകൾ വൃത്തിയാക്കുന്നു.

തൊഴിലുറപ്പു പദ്ധതിയുടെ പ്രധാന വിഷയമാണ് പരിസ്ഥിതി പുനരുജ്ജീവനം. എന്നാല്‍ കേരളത്തില്‍ വ്യാപകമായി, നല്ല പുല്ലിനങ്ങള്‍ വെട്ടിക്കളയുന്ന രീതി കാണാം. ഈ ലേഖകന്‍ തന്നെ ഈ വിഷയം മുന്‍പ് സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ കൊണ്ടുവന്നപ്പോള്‍ ചില നിര്‍ദ്ദേശങ്ങള്‍ ഉണ്ടായെങ്കിലും ഇപ്പോഴും വെട്ടിക്കളയൽ തുടരുന്നു. ഇനി കേരളത്തില്‍ ഒരു സാഹചര്യത്തിലും പുല്‍മേടുകള്‍, പുല്‍ച്ചെടികള്‍, പുല്ലിടങ്ങള്‍ എന്നിവ നശിപ്പിക്കരുത്. ജനവാസമുള്ള ഇടങ്ങളില്‍ കാട് പോലെ വളരുകയാണെങ്കില്‍ കത്രിക ഉപയോഗിച്ച് കട്ട് ചെയ്തു വിടുക. അല്ലാതെ മണ്ണിളക്കി മൊത്തം പച്ചപ്പും ഇല്ലായ്മ ചെയ്യരുത്. പരമാവധി പച്ചപ്പ് രൂപപ്പെടുത്തുവാനും വേനലുകള്‍ക്കു മുന്‍പ് മണ്ണിനെ പുതപ്പിക്കുവാനും കഴിയണം. ശിശിരകാലങ്ങളില്‍ പൊഴിയുന്ന ഇലകള്‍ കത്തിക്കുവാന്‍ പാടില്ല. നഗരങ്ങളിലും മറ്റും മണ്ണ് കുറവാണെങ്കില്‍, കരിയിലകള്‍ ഉള്‍പ്പെടെ ശേഖരിക്കുകയാണെങ്കില്‍ അവ ഗ്രാമങ്ങളിലെ കൃഷിയിടങ്ങളിലെത്തിക്കാൻ പദ്ധതിയുണ്ടാക്കണം.

കോളിഫ്ലവർ ചെടികൾ നടുന്ന തൊഴിലാളികൾ (Credit:pixelfusion3d/ Istock)
കോളിഫ്ലവർ ചെടികൾ നടുന്ന തൊഴിലാളികൾ (Credit:pixelfusion3d/ Istock)

ചെമ്പരത്തി, സുബാബുള്‍, ശീമക്കൊന്ന, പയറുവര്‍ഗ്ഗ ചെടികള്‍, രാമച്ചം, പുല്‍ച്ചെടികള്‍ തുടങ്ങിയവ വ്യാപകമായി നടുന്നത് തൊഴിലുറപ്പു പദ്ധതികളുടെയടക്കം ഭാഗമാക്കണം. ഇവയെ മണ്ണിനെ പുതപ്പിക്കുന്നതിനായി പ്രയോജനപ്പെടുത്താം. പറമ്പുകളില്‍ പരമാവധി മിശ്രിത വിളകള്‍ കൂടി പ്രോത്സാഹിപ്പിക്കണം. റബര്‍ത്തോട്ടങ്ങളിൽ കലപ്പഗോണിയ പോലുള്ള പയര്‍ച്ചെടികള്‍ നടാം. കേരളത്തിലെ കാലാവസ്ഥയില്‍ മഴയുടെ രീതികളും മാറുകയാണ്. ചെറിയ പ്രദേശത്ത് കുറഞ്ഞ കാലയളവിൽ കനത്ത മഴയെന്ന രീതിയിലേക്ക് അതു മാറുന്നു. അതുകൊണ്ടുതന്നെ ‘വീഴുന്നിടത്ത് താഴട്ടെ മഴ’ എന്ന തത്വത്തിന്‍റെ അടിസ്ഥാനത്തില്‍ മണ്ണ്, ജല, ജൈവസംരക്ഷണ പരിപാടികള്‍ ഒരു യജ്ഞം പോലെ ആവശ്യമാണ്. മഴയോടൊപ്പം മണ്ണിനെയും പരിപാലിക്കേണ്ടത് അത്യാവശ്യമാണ്. കൃഷിയിടങ്ങള്‍, വനപ്രദേശങ്ങള്‍, പറമ്പുകള്‍ എന്നിവിടങ്ങളില്‍ പരമാവധി ഹ്യൂമസ് ബഫര്‍ സോണുകള്‍ സൃഷ്ടിച്ചു മാത്രമേ വരള്‍ച്ചകാലങ്ങളിലേക്കാവശ്യമായ ജലം കരുതാനാവൂ. കൃത്രിമ മഴവെള്ള ഭൂജലപരിപോഷണ മാര്‍ഗങ്ങള്‍ ആവശ്യമാണ്. എന്നാല്‍ കോടാനുകോടി ലീറ്റര്‍ മഴവെള്ളം കരുതിവയ്ക്കുന്ന മണ്ണാണ് ഏറ്റവും വലിയ ജലകുംഭം. മഴവെള്ളം സൂക്ഷിക്കാനും വരള്‍ച്ചയുടെ കടുപ്പം കുറയ്ക്കുവാനും ഇനി പ്രധാനമായും ഏറ്റെടുക്കേണ്ടത് സോയില്‍ ചലഞ്ച് കൂടിയാണ്. മണ്ണ് ഒരുക്കാം, കരുതാം ഓരോ തുള്ളിയും. പലതുള്ളി പെരുവെള്ളം.

English Summary:

Unlocking Nature’s Inherent Rainwater Storage System in Kerala’s Soil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com