ADVERTISEMENT

കിഴക്കും പടിഞ്ഞാറും തമ്മിലുള്ള കടൽപ്പാതകളെ നിയന്ത്രിച്ചിരുന്ന ഇന്തൊനീഷ്യയിലെ കരുത്തുറ്റ രാജ്യമായിരുന്ന ശ്രീവിജയ. ഇന്നത്തെ പ്രശസ്ത കപ്പൽറൂട്ടായ മലാക്ക കടലിടുക്ക് പണ്ട് എഡി 600 മുതൽ എഡി 1025 വരെയുള്ള കാലയളവിൽ ഇവരുടെ നിയന്ത്രണത്തിലായിരുന്നു. പ്രാചീന ഇന്ത്യയും ചൈനയുമായി ശ്രീവിജയ സാമ്രാജ്യത്തിനു ബൃഹത്തായ വ്യാപാരബന്ധങ്ങളുണ്ടായിരുന്നു. മഹായാന ബുദ്ധിസത്തിന്റെ ശക്തമായ കേന്ദ്രം കൂടിയായിരുന്നു ശ്രീവിജയ. ഇന്ദ്രവർമൻ, രുദ്രവിക്രമൻ, ബലപുത്രദേവ തുടങ്ങിയ പ്രശസ്തരായ രാജാക്കൻമാർ വിവിധ കാലങ്ങളിൽ സാമ്രാജ്യം ഭരിച്ചു.

പിൽക്കാലത്ത് വിവിധ യുദ്ധങ്ങളിൽ രാജ്യത്തിന്റെ പ്രഭാവം മങ്ങി. എങ്കിലും മേഖലയിൽ കടൽവ്യാപാരം ശക്തമായി നിലനിന്നു. അവസാന ശ്രീവിജയൻ രാജാവായ പരമേശ്വര 1390ൽ വീണ്ടും സാമ്രാജ്യത്തെ ഉയർത്താൻ ശ്രമം നടത്തിയെങ്കിലും അടുത്തുള്ള ജാവാ സാമ്രാജ്യം ഇദ്ദേഹത്തെ പരാജയപ്പെടുത്തി. തുടർന്ന് ശ്രീവിജയ സാമ്രാജ്യം വിസ്മൃതിയിൽ മറയുകയും മേഖല ചൈനീസ് കടൽക്കൊള്ളക്കാരുടെ താവളമായി മാറുകയും ചെയ്തു. അക്കാലത്ത് ശ്രീവിജയയുടെ സമകാലികരായ മജപാഹിത് സാമ്രാജ്യം ഇന്തൊനീഷ്യയിലെ ഏറ്റവും പ്രബലശക്തിയായി ഉയർന്നു.

പിൽക്കാലത്ത് ശ്രീവിജയൻ സാമ്രാജ്യം തികച്ചും വിസ്മൃതിയിലായി. ഇതു സംബന്ധിക്കുന്ന പുരാവസ്തുപരമായ തെളിവുകളൊന്നും കാര്യമായി കണ്ടെത്തിയിട്ടില്ല.1918ൽ ഫ്രഞ്ച് ചരിത്രകാരനായ ജോർജ് സീഡസാണ് ശ്രീവിജയയെക്കുറിച്ചുള്ള ചിന്തകൾക്കു വീണ്ടും ചരിത്രകാരന്മാർക്കിടയിൽ തുടക്കമിട്ടത്.

ശ്രീവിജയ സാമ്രാജ്യത്തിന്റെ ആസ്ഥാനമായ ദ്വീപ് ഇടക്കാലത്ത് വെളിപ്പെടുന്നതായി വാർത്തകളുണ്ടായിരുന്നു. ഇന്തൊനീഷ്യയിലെ സുമാത്രയിൽ സ്ഥിതി ചെയ്യുന്ന പലെംബാംഗിലുള്ള മൂസി നദിയുടെ അടിത്തട്ടിൽ നിന്ന് ഒട്ടേറെ അമൂല്യവസ്തുക്കൾ കണ്ടെത്തിയിരുന്നു. നൂറുകണക്കിനു പ്രതിമകൾ, ബുദ്ധവിഗ്രഹങ്ങൾ, ക്ഷേത്രമണികൾ, ഉപകരണങ്ങൾ, കണ്ണാടികൾ, സ്വർണനാണയങ്ങൾ, സിറാമിക് പാത്രങ്ങൾ, സ്വർണപ്പിടിയുള്ള വാളുകൾ, തങ്കത്തിലും പവിഴത്തിലും തീർത്ത റിങ്ങുകൾ, ജാറുകൾ തുടങ്ങിയവയെല്ലാം ഇവിടെ നിന്നു കണ്ടെത്തി വെളിയിലെത്തിച്ചു. മൺമറഞ്ഞ ശ്രീവിജയ സാമ്രാജ്യത്തിന്റെ അവശേഷിപ്പുകളാണ് ഇവ.

അതീവ സമ്പന്നമായിരുന്നു ഈ സാമ്രാജ്യം. ചൈനയിലേക്കൊക്കെ സൗജന്യമായി ആനക്കൊമ്പുകളും പ്രതിമകളും പെർഫ്യൂമുകളും മുത്തുകളും പവിഴങ്ങളും കാണ്ടാമൃഗക്കൊമ്പുകളുമൊക്കെ ശ്രീവിജയൻ ചക്രവർത്തിമാർ കൊടുത്തിരുന്നത് അവരുടെ ഉന്നതമായ സാമ്പത്തികനിലയുടെ തെളിവാണ്. വിപുലമായ ധാതുനിക്ഷേപവും ചന്ദനമരത്തോട്ടങ്ങളും ഇവിടെയുണ്ടായിരുന്നു. മ്യൂസി നദിയിലൂടെ വരുന്ന സ്വർണവും സാമ്രാജ്യത്തിന്റെ ധനസ്ഥിതി കൂട്ടി.

എങ്ങനെയാകാം ശ്രീവിജയൻ സാമ്രാജ്യം ഒരു തെളിവു പോലും അസ്തമിക്കാതെ പെട്ടെന്നു പോയ്മറഞ്ഞത്. പല കാരണങ്ങൾ ഗവേഷകർ നിരത്തുന്നു. തെക്കുകിഴക്കൻ ഏഷ്യയിൽ ഇന്നും പ്രചാരത്തിലുള്ളതു പോലെ, ജലാശയങ്ങൾക്കു മുകളിൽ തടികൊണ്ട് നിർമിച്ച പൊങ്ങിക്കിടക്കുന്ന വീടുകളാകാം നഗരത്തിലുണ്ടായിരുന്നതെന്ന് അവർ പറയുന്നു. ഇതു കാലക്രമേണ നശിച്ചിരിക്കാം. അല്ലെങ്കിൽ അഗ്നിപർവത വിസ്ഫോടനമാകാം കാരണം. ഏതായാലും തുടർപര്യവേക്ഷണങ്ങൾ കൂടുതൽ രഹസ്യങ്ങളിലേക്കു വെളിച്ചം വീശുമെന്ന പ്രതീക്ഷയിലാണു ഗവേഷകർ.

English Summary:

Unveiling the Untold Story of the Powerful Sriwijaya Kingdom - The Rulers of the Seas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com