ലോകത്തിലെ ഏറ്റവും വിലയുള്ള മീൻ! ഒറ്റ മീനിനു ലഭിക്കുക 23 കോടി രൂപ
Mail This Article
കഴിഞ്ഞ ദിവസം അറബിക്കടലിൽ നിന്നു ലഭിച്ച അപൂർവ സോവ മത്സ്യം പാക്കിസ്ഥാൻകാരനായ ഹാജി ബലോചിന് 7 കോടി രൂപ നേടിക്കൊടുത്ത വാർത്തകൾ നാം വായിച്ചു, സോവ മത്സ്യത്തിന്റെ വയറ്റിൽ നിന്നുള്ള ഭാഗങ്ങളും നൂലുപോലെയുള്ള ഒരു ഘടനയുമാണ് ഉപയോഗിക്കപ്പെടുന്നത്. പരമ്പരാഗത വൈദ്യത്തിലാണ് ഇതിനേറെ ആവശ്യം. ചില പ്രാദേശിക വിഭവങ്ങൾ തയാറാക്കാനും ഉപയോഗിക്കാറുണ്ട്. 1.5 മീറ്റർ വരെ നീളം വയ്ക്കുന്ന മത്സ്യത്തിന് 20 മുതൽ 40 കിലോ വരെ ഭാരവുമുണ്ട്. സ്വർണമത്സ്യമെന്നും അറിയപ്പെടുന്ന സോവ അപൂർവമായി മാത്രം കാണപ്പെടുന്ന മീനാണ്. അതിനാലാണ് ഇത്ര വില.
എന്നാൽ ലോകത്തിലെ ഏറ്റവും വിലകൂടിയ മീൻ സോവയല്ല. ലോകത്തിലെ വൻ വിലക്കാരൻ മീനായി കണക്കാക്കപ്പെടുന്നത് മറ്റൊരു മീനാണ്. അതിന്റെ പേരാണ് അറ്റ്ലാന്റിക് ബ്ലൂഫിൻ ട്യൂണ. 23 കോടി രൂപയാണ് ഈ മത്സ്യത്തിന്റെ വില. ട്യൂണ വിഭാഗത്തിലുള്ള മീനുകളിൽ ഏറ്റവും വലുതാണ് അറ്റ്ലാന്റിക് ബ്ലൂഫിൻ ട്യൂണ. ഒരു ടോർപിഡോ ബോംബിനെ അനുസ്മരിപ്പിക്കുന്ന ഘടനയാണ് ഇതിന്റേത്.
ഈ വ്യത്യസ്തമായ രൂപം കാരണം വളരെ വേഗത്തിൽ കടലിലൂടെ പോകാൻ ഇവയ്ക്കു കഴിയും. 3 മീറ്റർ നീളം വയ്ക്കുന്ന ഈ മീനിന് 250 കിലോ വരെ ഭാരവും വരും. ചെറിയ മത്സ്യങ്ങളാണ് ഇവയുടെ ആഹാരം. ഇവ മനുഷ്യനെ ആക്രമിക്കില്ല. ജപ്പാനിലാണ് ഇവയ്ക്ക് ഡിമാൻഡ് കൂടുതൽ. അനധികൃത മത്സ്യവേട്ടയ്ക്കും ഇവ ഇരയാകാറുണ്ട്.
∙ഘോൽ മത്സ്യം
പാക്കിസ്ഥാനിൽ മുൻപും വലിയ വിലയ്ക്ക് മീൻകച്ചവടം നടന്നിരുന്നു. 2021 ബലോചിസ്ഥാനിൽ ഗ്വദർ തീരത്തിനു സമീപം മത്സ്യബന്ധനത്തിനായി ബോട്ടിറക്കിയ സാജിദ് അബൂബക്കറിന്റെ വലയിൽ കുടുങ്ങിയത് അധികമൊന്നും പിടിതരാത്ത അപൂർവ ബ്ലാക്ക്സ്പോട്ടഡ് ക്രോക്കർ മത്സ്യമായിരുന്നു. ഇതുമായി തിരികെയെത്തിയ സാജിദ് കരയിൽ വച്ചു ലേലം നടത്തി 72 ലക്ഷം രൂപയ്ക്കു സാജിദ് മീനിനെ വിറ്റു. വൈദ്യശാസ്ത്ര മേഖലയിൽ ഈ മീനിനുള്ള ഉപയോഗമാണ് ഇത്ര വലിയ വിലയ്ക്കു കാരണമായത്. യൂറോപ്പിലും ചൈനയിലുമൊക്കെ വലിയ ഡിമാൻഡാണ് ഈ മീനിന്. എന്നാൽ ഇതിനെ പിടിക്കുന്നത് വളരെ ശ്രമകരമായ ദൗത്യമാണു താനും.
ക്രോക്കർ എന്ന പേരുവഹിക്കുന്ന കുറേയേറെ മീനുകളുണ്ട്. ഇതിൽ വലുപ്പം കൊണ്ട് ശ്രദ്ധേയനാണ് ബ്ലാക്ക് സ്പോട്ടഡ് ക്രോക്കർ. പ്രോട്ടോണിബിയ ഡിസ്കാന്തസ് എന്ന ശാസ്ത്രീയനാമമുള്ള ഇത്, ഘോൽ എന്ന പേരിലാണ് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ അറിയപ്പെടുന്നത്. പേർഷ്യൻ ഗൾഫ് മുതൽ തെക്കൻ ചൈന വരെയുള്ള സമുദ്രമേഖലയിൽ ഇവയുണ്ട്.
മീനിന്റെ വലുപ്പം കൂടുന്നതിനനുസരിച്ച് വിലയും കുതിച്ചുയരും. ഈ മീനിന്റെ ബ്ലാഡർ ഉണക്കിയെടുത്താൽ കിലോയ്ക്ക് 50,000 രൂപ മുതൽ ലക്ഷങ്ങൾ വില വരും. വൈൻ, ബീയർ വ്യവസായങ്ങളിൽ ഉത്പന്നങ്ങളുടെ നിലവാരം കൂട്ടാനാണ് ഇതുപയോഗിക്കുന്നത്. ഇവിടെയും വലുപ്പം നിർണായകമാണ്. വലുപ്പം കൂടിയ മീനിന്റെ ബ്ലാഡറിനു വില കൂടും.
ബ്ലാക്ക് സ്പോട്ടഡ് ക്രോക്കറുകളുെട ഹൃദയത്തിനെ കടൽസ്വർണം എന്നാണു വിശേഷിപ്പിക്കുന്നത്.