ADVERTISEMENT

ലോകത്ത് നിന്നും പൂർണമായും അപ്രത്യക്ഷമായെന്ന് കരുതിയ പല്ലി വർഗത്തിൽപ്പെട്ട ജീവിയെ 42 വർഷത്തിനുശേഷം കണ്ടെത്തി. ലിയോൺസ് ഗ്രാസ്‌ലാൻഡ് സ്ട്രൈപ്പ് സ്കിൻക് (Lyon's grassland striped skink) എന്ന് പേരിട്ടിരിക്കുന്ന ഈ ഇനം അരണയുടെ ഉപവിഭാഗമാണ്. സാധാരണ അരണകളേക്കാൾ നീളം കൂടുതലുള്ള ഇവയുടെ രൂപം പാമ്പിനോട് സാമ്യമുള്ളതാണ്. മണ്ണിലൂടെ ഇഴഞ്ഞുനീങ്ങാനുള്ള കൈകാലുകൾ പ്രത്യേകരീതിയിൽ ചുരുട്ടിവയ്ക്കാൻ ഇവയ്ക്കാകും. 

1981ലായിരുന്നു അവസാനമായി ഈ ഉരഗവർഗത്തെ കണ്ടെത്തുന്നത്. പിന്നീടുള്ള വർഷങ്ങളിൽ ഇവയെ കാണാതെയായി. ഈ ഇനത്തിന് വംശനാശം സംഭവിച്ചിരിക്കാമെന്ന് ഗവേഷകർ കരുതി. തുടർന്ന് നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ വംശനാശം സംഭവിച്ച ജീവികളുടെ പട്ടികയിൽ ഓസ്ട്രേലിയൻ സർക്കാർ ഇവയെ ഉൾപ്പെടുത്തി. എന്നാൽ കഴിഞ്ഞ ഏപ്രിലിൽ ജെയിംസ് കുക്ക് യൂണിവേഴ്സിറ്റിയിലെയും ക്വീൻസ്‌‌ലാൻഡ് മ്യൂസിയത്തിലെയും ഗവേഷകർ ഇതിനായുള്ള തിരച്ചിൽ ആരംഭിച്ചു. ഓസ്ട്രേലിയയിലെ മൗണ്ട് സർപ്രൈസിനടുത്തുള്ള 5 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള കൃഷിയിടത്തില്‍ കെണികള്‍ സ്ഥാപിച്ചായിരുന്നു തിരച്ചിൽ. അവസാനഘട്ടമായപ്പോഴാണ് മൂന്ന് ലിയോൺസ് ഗ്രാസ്‌ലാൻഡ് സ്ട്രൈപ് സ്കിന്‍ക് കെണിയില്‍ കുടുങ്ങിയത്.

ലിയോൺസ് ഗ്രാസ്‌ലാൻഡ് സ്ട്രൈപ്പ് സ്കിൻക് (Photo: Twitter/@mikage__akari)
ലിയോൺസ് ഗ്രാസ്‌ലാൻഡ് സ്ട്രൈപ്പ് സ്കിൻക് (Photo: Twitter/@mikage__akari)

ഓസ്ട്രേലിയയിൽ മാത്രമാണ് ഈ ഉരഗവർഗത്തെ കണ്ടെത്തിയിട്ടുള്ളൂ. ഇവയുടെ വ്യാപനത്തിലൂടെ കാട്ടുതീ, വരൾച്ച, രോഗങ്ങൾ, കളകൾ എന്നിവയെ തടയാനാകുമെന്ന് പറയുന്നു. കർഷകരുടെ ഉറ്റമിത്രമാണ് ഇവർ. ഇവ കൂടുതലായി കാണപ്പെടുന്നത് എവിടെയാണെന്നും വംശനാശ ഭീഷണികൾ എന്താണെന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് ഗവേഷകർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com