‘ദീപാവലിക്ക് പടക്കം പൊട്ടിയത് നെഞ്ചത്ത്; ഡൽഹി വെന്റിലേറ്ററിൽ’
Mail This Article
നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടും ഒരു കൂസലുമില്ലാതെ ആളുകൾ ദീപാവലിക്ക് പടക്കം പൊട്ടിച്ചത് ഡൽഹിയെ ഗുരുതരാവസ്ഥയിലേക്ക് നയിച്ചിരിക്കുകയാണ്. ദീപാവലി ആഘോഷം കഴിഞ്ഞ് തിങ്കളാഴ്ച വായുഗുണനിലവാര സൂചിക 500ന് മുകളിൽ എത്തിയിരുന്നു. ചെറിയ മഴ പെയ്തതിന്റെ ആശ്വാസത്തിലായിരുന്ന ഡൽഹി ദീപാവലി പഴയതിനേക്കാൾ രൂക്ഷനായ നിലയിലേക്ക് മാറുകയായിരുന്നു. ഇപ്പോൾ 400ന് മുകളിലാണ് ഗുണനിലവാര സൂചിക. ഗാസിയാബാദ്, ഗുരുഗ്രാം, ഗ്രേറ്റർ നോയിഡ, നോയിഡ, ഫരീദാബാദ് എന്നിവിടങ്ങളിലും വായുമലിനീകരണം രൂക്ഷമാണ്.
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് വ്യാഴാഴ്ച രാവിലെ 7ന് പുറത്തുവിട്ട വായുഗുണനിലവാര സൂചികയിൽ നിന്നുള്ള വിവരങ്ങൾ
- ബവാന– 442
- ആർകെ പുരം– 418
- ദ്വാരക – 416
- അലിപുർ– 415
- ആനന്ദ് വിഹാർ– 412
- ഐടിഒ– 412
- ഡൽഹി എയർപോട്ട്– 401
മലിനീകരണം രൂക്ഷമായ സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങളിലേക്ക് കടക്കാനാണ് ഡൽഹി സർക്കാരിന്റെ തീരുമാനം. സിഎൻജി, ഇലക്ട്രിക്, ബിഎസ്–6 ഡീസൽ എൻജിൻ എന്നിവയിൽ അല്ലാതെ ഓടുന്ന ബസുകളെ ഡൽഹിയിൽ പ്രവേശനം നൽകില്ലെന്നാണ് വിവരം. ഡൽഹിയിൽ കാറ്റിന്റെ വേഗത കുറയുകയും താപനില വർധിക്കുകയും ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിൽ, വായുമലിനീകരണ തോത് കുറയാൻ സാധ്യത കുറവാണ്. കൂടുതൽ മലിനമാകാതിരിക്കാൻ വേണ്ട നടപടികൾ സ്വീകരിച്ചുവരുന്നതായി ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായ് പറഞ്ഞു. വായു മലിനീകരണം ഇതേനിലയിൽ തന്നെ തുടർന്നാൽ കൃത്രിമ മഴ പെയ്യിക്കുന്നതും വാഹന നിയന്ത്രണം ഏർപ്പെടുത്തുന്നതും ഉൾപ്പെടെയുള്ള കടുത്ത നിയന്ത്രണങ്ങളിലേക്ക് നീങ്ങുമെന്നും മന്ത്രി പറഞ്ഞു.
മലിനീകരണം രൂക്ഷമായ ഇടങ്ങളിൽ അഗ്നിരക്ഷാ സേനയുടെ ടാങ്കറുകൾ വെള്ളം തളിക്കുന്നുണ്ട്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളം സ്പ്രേ ചെയ്ത് പൊടിശല്യം കുറയ്ക്കാൻ 215 ആന്റി സ്മോഗ് ഗണ്ണുകളും വിന്യസിച്ചിട്ടുണ്ട്.
സുപ്രീംകോടതിയെ കേൾക്കാതെ പഞ്ചാബ്, റെഡ് അലർട്ട്
മലിനീകരണം മൂലം ജനങ്ങൾ മരിക്കാൻ പാടില്ലെന്നും, വയ്ക്കോൽ കത്തിക്കുന്നത് ഉടൻ നിർത്തലാക്കണമെന്നും പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളോട് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ അക്കാര്യം ചെവികൊള്ളാതെ സംസ്ഥാനങ്ങൾ കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുകയായിരുന്നു. പടക്കത്തിന്റെ പുകയും വയ്‌ക്കോൽ പുകയും കൂടിയായപ്പോൾ ഡൽഹി വീർപ്പുമുട്ടി. ഹരിയാനയും സമാന അവസ്ഥയിലേക്ക് കടന്നിരിക്കുകയാണ്. നിലവിൽ വയ്‌ക്കോൽ കത്തിക്കുന്നതിന് പഞ്ചാബിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
പഞ്ചാബിൽ രണ്ട് മാസത്തിനുള്ളിൽ (സെപ്റ്റംബർ 15 മുതൽ നവംബർ 15 വരെ) 30,000 ലധികം പാടത്ത് തീയിട്ട കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
2021, 2022 വർഷങ്ങളിൽ ഇതേ കാലയളവിൽ യഥാക്രമം 67,020, 45,464 സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
പഞ്ചാബിൽ പാടത്ത് തീയിട്ട സംഭവങ്ങൾ (7 ദിവസത്തെ കണക്ക്)
- നവംബർ 9– 639
- നവംബർ 10- ആറ്
- നവംബർ 11- 104
- നവംബർ 12– 987
- നവംബർ 13-1,624
- നവംബർ 14-1,776
- നവംബർ–15– 2,544