ADVERTISEMENT

‘‘സ്വന്തം കുഞ്ഞിനെപ്പോലെയാണ് അവളെ നോക്കിയത്. പെട്ടെന്നൊരു ദിവസം ഇല്ലാതായപ്പോൾ അത് അംഗീകരിക്കാൻ മനസ്സിനു കഴിയുന്നില്ല. ഇപ്പോഴും ഞാൻ ആ വേദനയിൽനിന്നു മോചിതനായിട്ടില്ല. അവള്‍ക്കൊപ്പമുള്ള നിമിഷങ്ങൾ അത്ര പെട്ടെന്നു മറക്കാനാവുകയുമില്ല.’’– പൊലീസിലെ  സ്‌നിഫര്‍ ഡോഗ് കല്യാണിയുടെ അപ്രതീക്ഷിത വിയോഗത്തിൽ നെഞ്ചുതകർന്ന് അവളുടെ ഹാൻഡ്‌ലർ രഞ്ജിത്തിന്റെ വാക്കുകൾ. എട്ടര വര്‍ഷത്തെ സേവനത്തിനു ശേഷമാണ് പൊലീസ് സേനയിലെ പ്രിയപ്പെട്ടവരെ വിട്ട് എക്‌സ്‌പ്ലോസീവ് വിഭാഗത്തിലെ സ്‌നിഫര്‍ ഡോഗ് കല്യാണി വിടപറഞ്ഞത്.

കല്യാണിയുടെ ഭൗതികശരീരം സംസ്കരിച്ചപ്പോൾ
കല്യാണിയുടെ ഭൗതികശരീരം സംസ്കരിച്ചപ്പോൾ

കല്യാണിയുടെ വയറ്റിൽ ഒരു ട്യൂമര്‍ കണ്ടെത്തിയിരുന്നു. അതു നീക്കം ചെയ്യാൻ ശാസ്ത്രക്രിയയും നടത്തി. പക്ഷേ പ്രതീക്ഷകള്‍ തകര്‍ത്ത് അവൾ മരണത്തിനു കീഴടങ്ങുകയായിരുന്നു. നിരവധി കേസുകള്‍ തെളിയിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച കല്യാണി കേരള പൊലീസിന്റെ അഭിമാനമായിരുന്നുവെന്ന് എഎസ്ഐ ശ്രീകുമാർ പറയുന്നു.

‘‘കല്യാണി കേരള പൊലീസിന്റെ ഡോഗ്സ്ക്വാഡ് ടീമിൽ വന്നിട്ട് എട്ടു വർഷവും എട്ടു മാസവുമായിരുന്നു. ജനിച്ച് 45 ദിവസമായപ്പോഴാണ് നായയെ കൊണ്ടുവരുന്നത്. പൊലീസ് അക്കാദമിയിലായിരുന്നു ട്രെയിനിങ്. സ്നിഫർ ഡോഗുകളിൽ മിടുക്കിയായിരുന്നു അവൾ. തിരുവനന്തപുരത്ത് മുഖ്യമന്ത്രി, ഗവർണർ, പ്രധാനമന്ത്രി തുടങ്ങിയ പ്രമുഖരെത്തുന്ന വേദികളിലെല്ലാം ബോംബ് പരിശോധനയ്ക്ക് കല്യാണി ഉണ്ടാകും. വളരെ ശാന്ത സ്വഭാവമായിരുന്നു. ആരെയും ഉപദ്രവിക്കില്ല. ലീഷ് ഇല്ലാതെ തന്നെ ജനങ്ങൾക്കിടയിൽ ധൈര്യമായി അവളെ വിടാം. ധാരാളം ആരാധകർ അവൾക്കുണ്ടായിരുന്നു.’’– ശ്രീകുമാർ മനോരമ ഓണ്‍ലൈനോട് പറഞ്ഞു.

കല്യാണിക്ക് ഗാർഡ് ഓഫ് ഓണർ നൽകുന്നു.
കല്യാണിക്ക് ഗാർഡ് ഓഫ് ഓണർ നൽകുന്നു.

കല്യാണിയുടെ അന്ത്യയാത്രയിൽ നെഞ്ചുപൊട്ടി കരയുന്ന  ഡോഗ് ഹാൻഡ്‌ലർ രഞ്ജിത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. മകളെപ്പോലെയാണ് താനും ഷാബുവും അവളെ നോക്കിയതെന്നും ആ സ്നേഹം അവള്‍ക്കും ഉണ്ടായിരുന്നുവെന്നും രഞ്ജിത്ത് മനോരമ ഓൺലൈനോട് പറഞ്ഞു.

രഞ്ജിത്ത് സംസാരിക്കുന്നു:

ഒരു ഡോഗിന് രണ്ട് ഹാൻഡ്‌ലർമാർ ഉണ്ടാകും. കല്യാണിയുടെ കാര്യങ്ങൾ നോക്കിയിരുന്നത് ഞാനും ഷാബുവും ആണ്. 2015 ൽ, ജനിച്ച് 45–ാം ദിവസമാണ് കല്യാണിയെ ഞങ്ങൾക്ക് കിട്ടുന്നത്. നിഷ എന്നാണ് ഔദ്യോഗിക നാമം. എന്നാൽ ഞങ്ങൾ അവളെ കല്യാണി എന്ന് വിളിക്കുകയായിരുന്നു. കേരള പൊലീസ് അക്കാദമിയിൽ 9 മാസത്തെ പരിശീലനം ഉണ്ടായിരുന്നു. അവിടെയെത്തിയ 19 നായകളിൽ ഏറ്റവും മിടുക്കി കല്യാണിയായിരുന്നു. 2016ലാണ് ട്രെയിനിങ് പൂർത്തിയാക്കി ഡ്യൂട്ടി തുടങ്ങിയത്.

കല്യാണി രഞ്ജിത്തിനും ഷാബുവിനുമൊപ്പം
കല്യാണി രഞ്ജിത്തിനും ഷാബുവിനുമൊപ്പം

വളരെ ശാന്തസ്വഭാവമാണ്. കഴുത്തിൽ ലീഷ് ഇല്ലെങ്കിലും അവൾ നമുക്കൊപ്പം തന്നെ നിൽക്കുമായിരുന്നു. പൊതുസ്ഥലങ്ങളിൽ അവളെ വിശ്വസിച്ച് വിടാം. ആരെയും ഉപദ്രവിക്കില്ല, ആരെയും നോക്കി കുരയ്ക്കാറില്ല. തന്റെ ജോലി കൃത്യമായി ചെയ്യും. ക്യൂട്ട് മുഖമായതിനാൽ എല്ലാവർക്കും വേഗം അവളെ ഇഷ്ടപ്പെടും. കൊച്ചുകുട്ടികൾ ഉൾപ്പെടെയുള്ളവർ കല്യാണിയുടെ അടുത്തെത്തുകയും അവൾക്കൊപ്പം ഫോട്ടോയെടുക്കുകയും തലോടുകയും ചെയ്യുമായിരുന്നു. 

കല്യാണിയെ തലോടുന്ന കുഞ്ഞ് (വലത്)
കല്യാണിയെ തലോടുന്ന കുഞ്ഞ് (വലത്)

കല്യാണിയെ കണ്ണടച്ച് വിശ്വസിക്കാം

പ്രധാനമന്ത്രി, രാഷ്ട്രപതി, ഗവർണർ, മുഖ്യമന്ത്രി എന്നിങ്ങനെ, തിരുവനന്തപുരത്ത് എത്തുന്ന എല്ലാ വിഐപികളുടെയും പരിപാടികൾക്ക് പരിശോധനയ്ക്ക് എത്തുന്നത് കല്യാണിയായിരുന്നു. സിഎസ്എഫുകാർക്കു വരെ കല്യാണിയെ വലിയ വിശ്വാസമാണ്. ജോലിയിലെ മികച്ച പ്രകടനത്തിന് 10 ലധികം അഭിനന്ദനങ്ങൾ അവളെ തേടിയെത്തിയിട്ടുണ്ട്.

രഞ്ജിത്തിനും ഷാബുവിനുമൊപ്പം കല്യാണി
എക്‌സലൻസ് പുരസ്കാരം നേടിയ കല്യാണി തന്റെ ഹാൻഡ്‌ലർമാർക്കൊപ്പം

തുമ്പ, ശ്രീകാര്യം, കഴക്കൂട്ടം എന്നീ സ്റ്റേഷനുകളിൽ അവൾ നാടൻബോംബ് കണ്ടെത്തിയിട്ടുണ്ട്. 2020–21  സംസ്ഥാന പൊലീസ് മേധാവിയുടെ എക്‌സലന്‍സ് പുരസ്‌കാരം കല്യാണിക്കായിരുന്നു. കേരള പൊലീസിന്റെ നാലു ഡ്യൂട്ടി മീറ്റുകളില്‍ പങ്കെടുത്ത് മികച്ച പ്രകടനം കാഴ്ചവച്ച കല്യാണി ഐഎസ്ആർഒ, വിഎസ്എസ്‌സി തുടങ്ങി നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ മോക് ഡ്രില്ലുകളില്‍ പങ്കെടുക്കുകയും നിരവധി ബഹുമതികള്‍ നേടുകയും ചെയ്തിട്ടുണ്ട്. 

കൃത്യമായ പരിപാലനം, എന്നിട്ടും...

വെറ്ററിനറി ഡോക്ടറുടെ നിർദേശം അനുസരിച്ച് കൃത്യമായ അളവിലാണ് കല്യാണിക്ക് ഭക്ഷണം നൽകിയിരുന്നത്. ഓരോ നായയ്ക്കും അതിന്റെ പ്രായവും ഭാരവും അനുസരിച്ചാണ് ഭക്ഷണം നിർദേശിക്കുന്നത്. കല്യാണിക്ക് 400 ഗ്രാം ഭക്ഷണമാണ് നൽകേണ്ടത്. രാവിലെ അര ലീറ്റർ പാൽ തിളപ്പിച്ച് കൊടുക്കും. പിന്നീട് നായകൾക്കായുള്ള സ്പെഷൽ ഭക്ഷണവും നൽകിയിരുന്നു.

കല്യാണി
കല്യാണി

നവംബർ 11 വൈകുന്നേരമാണ് കല്യാണിയുടെ വയറ്റിൽ ചെറിയ മുഴ കണ്ടത്. പിറ്റേദിവസം അതിന്റെ വലുപ്പം കൂടി. ഡോക്ടറെ വിവരം അറിയിച്ചു. 13ന് പിഎംജിയിലും 14ന്  കുടപ്പനക്കുന്നിലെ മൃഗാശുപത്രിയിലും പരിശോധനകൾ നടത്തി. 16ന് ഓപ്പറേഷൻ വിജയകരമായി പൂർത്തിയാക്കി. പിന്നീട് 7 ദിവസം ആന്റിബയോട്ടിക് എടുക്കണമെന്ന് പറഞ്ഞു. അതനുസരിച്ച് രണ്ട് ദിവസം കൊണ്ടുപോയി. എന്നാൽ 18–ാം തിയതി വൈകുന്നേരം കല്യാണി അസ്വസ്ഥതകൾ കാണിച്ചതോടെ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് അവൾ എന്നന്നേക്കുമായി വിടപറയുകയായിരുന്നു.

കല്യാണിക്കൊപ്പം ലക്കി, കല്യാണിക്ക് അന്തിമോപചാരം അർപ്പിക്കുന്ന ഹാൻഡ്‌ലർമാർ
കല്യാണിക്കൊപ്പം ലക്കി, കല്യാണിക്ക് അന്തിമോപചാരം അർപ്പിക്കുന്ന ഹാൻഡ്‌ലർമാർ

കണ്ണേ, കരളേ, പൊന്നേ എന്ന് പറഞ്ഞാണ് കല്യാണിയെ ഞാനും ഷാബുവും നോക്കിയത്. ഞങ്ങളോടും അവൾക്ക് വലിയ സ്നേഹമാണ്. കൂട്ടിൽ കിടക്കുകയാണെങ്കിൽ ഞങ്ങളെത്തിയാൽ പിന്നെ തുള്ളിച്ചാട്ടമാണ്. തിരിച്ചുവരുമെന്നു പ്രതീക്ഷിച്ച ഞങ്ങളെ ഞെട്ടിച്ചുകൊണ്ടാണ് അവൾ മരണത്തിന് കീഴടങ്ങിയത്. കല്യാണിയെ പോലെ ഇനിയൊരു നായയെ പരിശീലിപ്പിക്കാനുള്ള അവസരം ലഭിക്കുമോയെന്ന് അറിയില്ല. എല്ലാം ഓഫിസർമാരുടെ തീരുമാനങ്ങളാണ്. കിട്ടുകയാണെങ്കിൽ, അതിനെ കല്യാണിയെന്ന് വിളിക്കും. പുതിയ കല്യാണിയായി അവളെ മാറ്റും.

English Summary:

Beloved Police Sniffer Dog Kalyani Passes Away, Leaving Kerala Force in Mourning

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com