ADVERTISEMENT

സമൂഹത്തിന്റെ പുരോഗതിക്ക് വികസനം അനിവാര്യമാണ്. ആദിമ മനുഷ്യർ പ്രകൃതിയോടിണങ്ങിയാണ് ജീവിച്ചിരുന്നതെങ്കിൽ കാലക്രമേണ പ്രകൃതി ഘടകങ്ങളെ വ്യാപകമായി ചൂഷണം ചെയ്യുന്ന രീതികളിലേക്ക് കാര്യങ്ങൾ മാറി. മണ്ണ്, ജലം, ജൈവസമ്പത്ത് തുടങ്ങിയ അടിസ്ഥാന വിഭവങ്ങളുടെ ലഭ്യതയിലും ഗുണത്തിലും മാറ്റങ്ങൾ ഉണ്ടായി. വിവിധ വികസന കാഴ്ചപ്പാടുകളും വികസന സൂചികകളും രൂപപ്പെട്ടു.

ഒരു വശത്ത് വികസന മുന്നേറ്റം നടക്കുമ്പോൾ മറുവശത്ത് പ്രകൃതിവിഭവങ്ങളിൽ കുറവുണ്ടാവുകയും മലിനീകരണം ഉൾപ്പെടെ വ്യാപകമാവുകയും ചെയ്തുകൊണ്ടിരുന്നു. ജനസംഖ്യാ വർധന, വികലമായ വികസന കാഴ്ചപ്പാടുകൾ, സമ്പത്ത് ഒരു ന്യൂനപക്ഷത്തിലേക്ക് കേന്ദ്രീകരിക്കപ്പെടുന്ന വികസന നയങ്ങൾ എന്നിവയെല്ലാം കൊണ്ട് ലോകത്താകെ വികസന പ്രതിസന്ധികളും രൂപപ്പെട്ടു.

ഉൽപാദന വർധനവിനായി രാസവളങ്ങളും കീടനാശിനികളും പ്രയോഗിച്ചു തുടങ്ങി. വനങ്ങൾ, തണ്ണീർത്തടങ്ങൾ, മറ്റ് വിവിധ പാരിസ്ഥിതിക ആവാസവ്യവസ്ഥകൾ എന്നിവയുടെ ഘടനകൾ മാറ്റി വ്യാപകമായി കൃഷി ആരംഭിച്ചു. പ്രകൃതിയുടെ സ്വാഭാവിക താളവും രീതികളും മാറ്റപ്പെട്ടു. ആഗോള താപനം പോലുള്ളവ കാരണം കാലാവസ്ഥ മാറി. മണ്ണിന്റെ ഉൽപാദനക്ഷമത കുറഞ്ഞു. ജലക്ഷാമം രൂക്ഷമായി. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം, പ്രളയം, വരൾച്ച തുടങ്ങിയവയുണ്ടാകുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ, സുസ്ഥിര വികസനത്തിനുള്ള വഴികൾ അന്വേഷണ വിധേയമായപ്പോഴാണ് നീർത്തടാധിഷ്ഠിത വികസനമെന്ന കാഴ്ചപ്പാടിന് വലിയ പ്രാധാന്യം ലഭിച്ചത്.

(Credit:DSLucas/ Istock)
(Credit:DSLucas/ Istock)

എന്തുകൊണ്ട് നീർത്തടാധിഷ്ഠിതം

മണ്ണ്, ജലം, ജൈവസമ്പത്ത് എന്നിവയാണ് പ്രധാനപ്പെട്ട അടിസ്ഥാന വിഭവങ്ങൾ. ഇവയിൽ മണ്ണും സസ്യസമ്പത്തും സ്ഥിരമായി കാണുന്നവയാണ്. അതേസമയം ജലം ചലനാത്മകമാണ്. കടൽ, അന്തരീക്ഷം, മേഘങ്ങൾ എന്നിവയെല്ലാം ചേർത്തുള്ള ജലചക്ര (Water cycle) വ്യവസ്ഥയിലൂടെയാണ് ഭൂമിയിൽ ജലം ലഭിക്കുന്നത്. ജലത്തിന് ചലനാത്മക സ്വഭാവം ഉള്ളതുകൊണ്ട് ഒരു പ്രദേശത്ത് മാത്രമായി നിലനിർത്തുവാൻ കഴിയില്ല. അതിനാൽ ജലസമ്പത്തിനെ ശാസ്ത്രീയമായി കൈകാര്യം ചെയ്യണം.

നിലവിൽ വികസന യൂണിറ്റുകൾ രാജ്യം, സംസ്ഥാനം, ജില്ല, ബ്ലോക്ക്, പഞ്ചായത്ത്, വാർഡ് എന്നിവയാണ് റവന്യൂ യൂണിറ്റുകളായ സംസ്ഥാനം, ജില്ല, താലൂക്ക്, വില്ലേജ് എന്നിവയും നിലവിലുണ്ട്. ഇവയുടെയെല്ലാം അതിർത്തി നിർണയിച്ചിരിക്കുന്നത് പ്രധാനമായും ജനസംഖ്യയുടെ അടിസ്ഥാനത്തിൽ ആണ്. പ്രകൃതി ഘടകങ്ങളായ തോടുകൾ, നദികൾ, മനുഷ്യനിർമ്മിതമായ റോഡുകൾ, കനാലുകൾ എന്നിവയുടെ അടിസ്ഥാനത്തിൽ കൂടി വേണം വാർഡുകളുടെ അതിർത്തികൾ നീക്കണമെന്ന നിർദ്ദേശം പലപ്പോഴും പാലിക്കപ്പെടാറില്ല. വോട്ട്, മറ്റു രാഷ്ട്രീയ, സാമുദായിക, സാമൂഹിക പരിഗണനകൾ എന്നിവയെല്ലാം വാർഡ് നിർണയത്തെ സ്വാധീനിക്കാറുണ്ട്. അവ പലപ്പോഴും ജലത്തിന്റെ ഒഴുക്കുരീതികളെയും വിന്യാസ സംവിധാനങ്ങളെയും കണക്കിലെടുക്കാതെയുമായിരിക്കും. വികസന പ്രതിസന്ധികളെ മറികടക്കാൻ ജലത്തെ പ്രകൃതിയിലെ രീതികൾക്കനുസരിച്ച് കൈകാര്യം ചെയ്യണം. 

കൊക്കുകൾ നീർത്തടത്തിൽ പാറിനടക്കുന്നു (Credit:natbits / Istock)
കൊക്കുകൾ നീർത്തടത്തിൽ പാറിനടക്കുന്നു (Credit:natbits / Istock)

താഴെപ്പറയുന്ന വിവിധ ഘടകങ്ങൾ കൂടി പരിഗണിച്ചാൽ മാത്രമേ സുസ്ഥിര വികസനം നേടാൻ കഴിയുകയുള്ളൂ എന്നതും പ്രധാനമാണ്.

1. സസ്യ ജന്തുജാല സമ്പത്ത് സംരക്ഷിക്കുവാൻ വർധിച്ച തോതിൽ എല്ലായ്പ്പോഴും ജലം നിലനിർത്തുക.

2.  ജലാംശവും ജൈവാംശവും കൂടുതലായി സംരക്ഷിക്കുക.

3. മണ്ണൊലിപ്പ്, മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ എന്നിവയുടെ തോത് പരമാവധി കുറയ്ക്കുക.

4. മണ്ണിന്റെ അമ്ല ക്ഷാര സ്വഭാവത്തിലെ സന്തുലനാവസ്ഥ ഉറപ്പാക്കുക.

5. വരൾച്ച പ്രളയം വെള്ളപ്പൊക്കം എന്നിവ നിയന്ത്രിക്കുക.

6. ഉപരിതല നീരൊഴുക്കിന്റെ വേഗം കുറയ്ക്കുക.

7. ഭൂജലസമ്പത്തിന്റെ തോത് വർദ്ധിപ്പിക്കുക. 

8. കുടിവെള്ളം, കൃഷി, ജലസേചനം, വ്യവസായം, ആരോഗ്യം, പരിസ്ഥിതി സംരക്ഷണം, എന്നിവയ്ക്കാവശ്യമായ ജലം എല്ലാകാലവും ഉറപ്പുവരുത്തുക.

9. മണ്ണിന്റെ സ്വാഭാവിക ഉൽപ്പാദനക്ഷമതയും തുടർവളർച്ച സാധ്യതകളും പരിപോഷിപ്പിക്കുക.

10. പ്രകൃതി വിഭവ പരിപാലനം, ആവാസ വ്യവസ്ഥകളുടെ സംരക്ഷണം, എന്നിവ നടപ്പിലാക്കുക

11.  വികസനത്തിന് തുടർ വളർച്ച സാധ്യത, (സുസ്ഥിരത, Sustainability)  ഉണ്ടാക്കുക.

12. പ്രാദേശിക വരുമാന തൊഴിൽ  സാധ്യതകൾ പരമാവധി ഉയർത്തുക

13.  പ്രകൃതിക്കനുയോജ്യമായ സാങ്കേതിക രീതികൾ പരമാവധി പ്രയോജനപ്പെടുത്തുക.

മുകളിൽ സൂചിപ്പിച്ച കാര്യങ്ങൾ പരിഗണിക്കുമ്പോൾ വികസനപ്രവർത്തനങ്ങൾക്ക് ചില അടിസ്ഥാന തത്വങ്ങളും ആവശ്യമാണ്

സുസ്ഥിരത

ഏതൊരു പ്രദേശത്തിന്റെയം വികസനത്തെ രണ്ടായി കാണാം. രാസവളം, കീടനാശിനി, യന്ത്രവൽക്കരണം തുടങ്ങിവ ഉപയോഗിച്ച്, കുറഞ്ഞ കാലം കൊണ്ട് കൂടുതൽ ഉൽപാദനം എന്നതാണ് ഒരു രീതി. രണ്ടാമത്തെ രീതിയിൽ, മണ്ണിന്റെ സ്വാഭാവിക ഉൽപാദനക്ഷമത നിലനിർത്തുകയും എല്ലാ കാലത്തേക്കുമുള്ള തുടർവളർച്ച സാധ്യത ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് പ്രധാനം. താൽക്കാലിക നേട്ടത്തിനു പകരം സുസ്ഥിര നിലനിൽപ്പാണ് ഇവിടെ കണക്കിലെടുക്കുന്നത്. 

അതേസമയം, എല്ലായ്പോഴും ഉൽപാദനക്ഷമതയും തുടർവളർച്ചാ സാധ്യതയും കൊണ്ടുവന്നു സുസ്ഥിരത നേടുകയെന്ന തത്വമാണ് നീർത്തടാധിഷ്ഠിത പരിപാടികളിലൂടെ ഉദ്ദേശിക്കുന്നത്. അപ്പോൾ ഓരോ പ്രദേശത്തേക്കുമുള്ള സാങ്കേതിക രീതികൾ, വിത്തിനങ്ങൾ, കീടനാശിനികൾ, വളപ്രയോഗ ഘടകങ്ങൾ രീതികൾ എന്നിവയെല്ലാം പരിഗണിക്കേണ്ടിവരും. അവ അനുയോജ്യമായ രീതിയിൽ മാത്രം എന്നതാണ് അടിസ്ഥാന തത്വം.

(ASHWIN JOSEPH PALLATH JOSEPHMARTIN/ Istock)
(ASHWIN JOSEPH PALLATH JOSEPHMARTIN/ Istock)

തുല്യതയും നീതിപൂർവകതയും

ഓരോ പ്രദേശത്തെയും ജനങ്ങൾക്ക് അതാതിടങ്ങളിലെ വിഭവങ്ങളുടെയും വികസന ഫലങ്ങളുടെയും മുകളിൽ തുല്യമായ അവകാശമുണ്ട്. അവ നടക്കണമെങ്കിൽ നീതിപൂർവകമായ ലഭ്യതാ സംവിധാനമാവശ്യമാണ്. ഭൂമിയിൽ ഓരോ പ്രദേശവും മറ്റൊന്നിന്റെ തുടർച്ചയായതിനാൽ വിവിധ പ്രദേശങ്ങളിൽ നടക്കുന്ന ഇടപെടലുകളുടെ ഗുണദോഷഫലങ്ങൾ ആ പ്രദേശത്തെ ഒന്നാകെ സ്വാധീനിക്കും. പക്ഷേ നിലവിൽ വാർഡ് അടിസ്ഥാനത്തിലൊക്കെ കാര്യങ്ങൾ നടക്കുമ്പോൾ അത്തരം തുല്യതയും നീതിയും ഉറപ്പാക്കണമെന്നില്ല. കുന്നിൻ പ്രദേശങ്ങളിൽ നടക്കുന്ന മണ്ണ്, ജല ജൈവസംരക്ഷണപരിപാടികളുടെ ഗുണഫലം കൂടുതൽ ലഭിക്കുന്നത് ചരിവുകളിലും താഴ്‌വരകളിലുമായിരിക്കും. മുകൾ പ്രദേശങ്ങളിലെ പ്രവർത്തനഫലമായി താഴെ ഭാഗങ്ങളിലെ കിണറുകൾ, കുളങ്ങൾ, നദികൾ, തോടുകൾ എന്നിവയിൽ ജലത്തിന്റെ അളവ് വർദ്ധിച്ചാൽ അവയൊന്നും ഇല്ലാത്ത ഉയർന്ന പ്രദേശങ്ങളിലുള്ളവർക്കും അതിൽ അവകാശമുണ്ടാകുമ്പോഴാണ് തുല്യതയും നീതിയും നടപ്പിലാകുന്നത്. ചരിവ് ഇടങ്ങളിൽ മണ്ണ് സംരക്ഷിക്കപ്പെടുമ്പോൾ, താഴ്‌വരകളിൽ അതിന്റെ ഗുണം ലഭിക്കും. ദോഷങ്ങൾ ഉണ്ടെങ്കിൽ അവയുടെ ഫലവും ഉണ്ടാകും. ഇവയെല്ലാം കൃത്യമായി കണക്കാക്കപ്പെടണമെങ്കിൽ പ്രകൃതിദത്ത വികസന യൂണിറ്റുകളായ നീർത്തടങ്ങളെത്തന്നെ അടിസ്ഥാനമാക്കണം. തലക്കുളം ഒരു വാർഡിലും തോടുകളും വയലുകളും പല വാർഡുകളിലും ആയിരിക്കുകയും വാർഡുകൾക്ക് വ്യത്യസ്ത പരിപാടികൾ ആവുകയും ചെയ്താൽ  വിചാരിക്കുന്ന ഫലം ഉണ്ടാവുകയില്ല.

ഓരോ പ്രദേശത്തെയും വായു, കാറ്റ്, സൂര്യപ്രകാശം, മണ്ണ്, വെള്ളം, മൺതരങ്ങൾ, ചരിവ്, ഭൂമിയുടെ കിടപ്പ്, പാറയുടെ ഘടന എന്നിവയെല്ലാം അനുസരിച്ചാണ് ഉൽപാദനക്ഷമത നിർണയിക്കുന്നത്. ഇവയൊന്നും വാർഡ് അടിസ്ഥാനത്തിൽ ഒതുക്കാവുന്നതോ നിയന്ത്രിക്കാവുന്നതോ അല്ല. ആയതിനാൽ ഇവയുടെ സ്വാഭാവിക പ്രകൃതി അതിരുകൾ പരിഗണിച്ചുകൊണ്ടുള്ള വികസനത്തിനു മാത്രമേ നീതിയും തുല്യതയും ഉറപ്പാക്കാനാവുകയുള്ളൂ.

ജനങ്ങളുടെ നേതൃത്വം

ജന പങ്കാളിത്തവും നേതൃത്വവും വളരെ പ്രധാനമാണ്. ജലക്ഷാമമുണ്ടായാലും  രാഷ്ട്രീയ, നിയമപ്രശ്നങ്ങളുമുണ്ടാകാം. വാർഡ് അതിരുകൾ പോലുള്ള നിയന്ത്രണങ്ങളില്ലാതെ, എല്ലായിടത്തെയും ജനങ്ങളുടെ പങ്കാളിത്തം ഒരുപോലെയുണ്ടായാലേ സമഗ്ര വിഭവസംരക്ഷണം സാധ്യമാകൂ. 

അനുയോജ്യമായ സാങ്കേതികവിദ്യ

സൂക്ഷ്മതലത്തിൽ പോലും വലിയ വ്യത്യാസമുള്ള ഭൂപ്രദേശങ്ങളായതിനാൽ ഓരോ പ്രദേശത്തേക്കുള്ള സാങ്കേതികവിദ്യകളുടെ തിരഞ്ഞെടുപ്പും പ്രയോഗവും പ്രധാനമാണ്. പരമ്പരാഗത അറിവുകൾ, സാങ്കേതിക രീതികൾ, പ്രാദേശിക രീതികൾ, ആധുനിക സാങ്കേതിക വിദ്യകൾ, എന്നിവയെല്ലാം നിലവിലുണ്ട്. ഇവയിൽ ഏതൊക്കെ വേണമെന്നും സംയോജിത രീതികൾ ആകാമോ എന്നും തീരുമാനിക്കേണ്ടത് പ്രധാനമാണ്. അവ വാർഡ് അടിസ്ഥാനത്തിൽ ആകുമ്പോൾ പ്രകൃതിഘടകങ്ങൾക്ക് വേണ്ടത്ര പരിഗണന ലഭിക്കണമെന്നില്ല.

സ്ത്രീ സുരക്ഷ

പ്രകൃതി വിഭവങ്ങളിലുണ്ടാകുന്ന കുറവ് ബാധിക്കുന്നത് നിലവിലെ സാഹചര്യത്തിൽ സ്ത്രീകളെയാണ്. പോഷകാഹാരക്കുറവ്, ജലക്ഷാമം, ഭക്ഷ്യധാന്യങ്ങളുടെ ക്ഷാമം എന്നിവയെല്ലാം ആദ്യം ബാധിക്കുന്നത് സ്ത്രീകളെത്തന്നെയാണ്. ധാരാളം പച്ചക്കറികൾ, മറ്റ് ഭക്ഷ്യസാധനങ്ങൾ എന്നിവ സുലഭമാക്കിയാൽ മാത്രമേ സ്ത്രീകളുടെ സുരക്ഷ കൂടുതൽ ഉറപ്പാക്കുവാൻ കഴിയുകയുള്ളൂ.

പ്രകൃതി വിഭവ പരിപാലനം

ഒരിഞ്ചു കനത്തിൽ സ്വാഭാവികമായി മണ്ണുണ്ടാകുവാൻ ആയിരം വർഷം വേണം. അവ മണ്ണൊലിപ്പിലൂടെ നഷ്ടമാവാൻ ശരാശരി നാലുവർഷം മതി. ഒരു ഹെക്ടർ വന ആവാസവ്യവസ്ഥ 32,000 ഘന കിലോമീറ്ററും 10 സെന്റ് വയൽ 1,60,000 ലീറ്ററും മഴവെള്ളത്തെ ഉൾക്കൊള്ളും. അന്തരീക്ഷത്തിലെ വർധിച്ച കാർബൺഡയോക്സൈഡ് കരുതിവയ്ക്കാൻ ധാരാളം സസ്യസമ്പത്തും മണ്ണും ആവശ്യമാണ്. ജൈവാംശമുള്ള മണ്ണിൽ മാത്രമേ ധാരാളമായി വെള്ളം വേനൽക്കാലങ്ങളിലേക്കും കരുതി വയ്ക്കുവാൻ കഴിയുകയുള്ളൂ. നദികളിൽ വേനൽക്കാലങ്ങളിൽ മിനിമം നീരൊഴുക്കിനുള്ള ജലം ആവശ്യമാണ്. ഇല്ലെങ്കിൽ നദി വറ്റിപ്പോകാനും സാധ്യതയുണ്ട്. ജലസംഭരണികളും അന്തരീക്ഷവായുവിന്റെ ശുദ്ധിയും സന്തുലിതാവസ്ഥയും നിലനിർത്തുന്നവയുമാണ് കാവുകൾ. പ്രകൃതിയിലെ ഓരോ വിഭവങ്ങളെയും സമഗ്രമായി സംരക്ഷിക്കുവാൻ വാർഡ് തലത്തിൽ മാത്രം കഴിയില്ല.

കേരളത്തിന്റെ സവിശേഷതകൾ

1. ഭൂപ്രകൃതിയുടെ കിടപ്പ് സൂക്ഷ്മതലത്തിൽ പോലും സമതുലിതമല്ല.

2. ചരിവിന് വലിയ പ്രാധാന്യമാണുള്ളത്. വിശാലമായ ഭൂപ്രദേശങ്ങൾ കുറവാണ്.

3. ഭൂവിഭാഗങ്ങൾ തുണ്ടുകളായി കിടക്കുന്നു.

4. വർഷത്തിൽ 120 ദിവസം മാത്രമേ മഴ ലഭിക്കൂ. പക്ഷേ 365 ദിവസവും ജലം ആവശ്യമാണ്.

5. മഴ ദിനങ്ങളിൽ ഏതാനും മണിക്കൂർ മാത്രമേ മഴ ലഭിക്കുന്നുള്ളൂ. വർഷത്തിൽ തുടർച്ചയായി പെയ്യുന്നു എന്ന കണക്കിൽ നോക്കുമ്പോൾ, 30-40 മണിക്കൂർ കൊണ്ട് മഴയുടെ മൊത്തം അളവു ലഭിക്കുന്നുവെന്നും വേണമെങ്കിൽ പറയാവുന്നതാണ്. 

6. മണ്ണിന്റെ ആഴം കുറവായതിനാൽ ശക്തമായ മഴ പെയ്താലും ഒരു പരിധിയിലധികം മണ്ണിനടിയിൽ കരുതിവയ്ക്കാനാവില്ല. ഉപരിതല നീരൊഴുക്ക് വർധിക്കുന്നതിനാൽ ഉരുൾപൊട്ടൽ, മണ്ണൊലിപ്പ്, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം, പ്രളയം എന്നിവ സംഭവിക്കാം.

7. മഴ സീസൺ, മഴ ദിനങ്ങൾ, മഴ മണിക്കൂർ എന്നിവയിൽ വലിയ മാറ്റം ഉണ്ടാകുന്നു. കുറഞ്ഞ സ്ഥലത്ത് കുറഞ്ഞ കാലയളവിൽ വർധിച്ച മഴ എന്നതാണ് പുതിയ രീതിയായി കാണുന്നത്.

8. സ്വാഭാവിക വനങ്ങൾ, കാവുകൾ, മലകൾ, കുന്നുകൾ, വയലുകൾ തണ്ണീർതടങ്ങൾ എന്നിവ കുറയുന്നു, അവശേഷിക്കുന്നവയിൽ‌ മലിനീകരണവുണ്ടാകുന്നു.

9. ഭൂവിനിയോഗം വളരെ ചലനാത്മകമാണ്.

10. ഭൂമിയെ നിരപ്പാക്കി മാത്രമുള്ള നിർമാണരീതികൾ.

11.  മഴത്തുള്ളികളുടെ കനത്തിൽ ഉണ്ടാകുന്ന വർധന.

12. മഴവെള്ള സംഭരണം, കൃത്രിമ ഭൂജല പരിപാലനം, മണ്ണ്, ജല, ജൈവപരിസ്ഥിതി സംരക്ഷണം എന്നിവയിലുണ്ടാകുന്ന കുറവ്.

13. ബഹുവിളകളിൽ നിന്ന് ഏകവിളകളിലേക്കുള്ള മാറ്റം.

14. ഭക്ഷ്യവിളകളെക്കാൾ നാണ്യവിളകൾക്കുള്ള പ്രാധാന്യം.

15.  അമിതമായ രാസവള, കീടനാശിനി പ്രയോഗം

16. ഭൂ സാക്ഷരത, നീർത്തട സാക്ഷരത എന്നിവയുടെ അഭാവം.

സമഗ്രവും ശാസ്ത്രീയവുമായ പ്രകൃതിവിഭവ പരിപാലനവും മണ്ണ്, ജല, ജൈവസംരക്ഷണ പരിപാടികളും വഴി മാത്രമേ നിലവിലെ വെല്ലുവിളികളെ മറികടക്കാനാവൂ. ഒഴുകുന്ന വെള്ളത്തിനും ജലസ്രോതസ്സുകൾക്കും വാർഡതിരുകൾ ബാധകമല്ല. ജലം ഒഴുകുവാൻ സാഹചര്യമുണ്ടെങ്കിൽ ഒഴുകും. കെട്ടിക്കിടന്നാൽ ബാഷ്പീകരിച്ചും നീർവാഴ്ചയിലൂടെയും നഷ്ടമാകും. അവിടെയാണ് ഒഴുകുന്ന നീരിന്റെ അടിസ്ഥാനത്തിൽ വികസനം വേണമെന്ന കാഴ്ചപ്പാട് പ്രശസ്തമാകുന്നത്. ഓടുന്ന വെള്ളത്തെ നടത്തണം, നടക്കുന്നവയെ നിർത്തണം, നിൽക്കുന്നവയെ  ഇരുത്തണം, ഇരിക്കുന്നവയെ കിടത്തണം,  കിടക്കുന്നവയെ പരമാവധി മണ്ണിലും ഭൂമിക്കടിയിലും കടത്തിവിടണം. അതിനു പറ്റിയ ഏറ്റവും നല്ല വികസന യൂണിറ്റുകളാണ് ചെറുതും വലുതുമായ നീർത്തടങ്ങൾ.

എന്താണ് നീർത്തടം (Water Sheds)

ഭൂമിയെ കര, കടൽ എന്നിങ്ങനെ രണ്ടായി തിരിക്കാം. കരയെ പർവതങ്ങൾ, പീഠഭൂമികൾ, മരുഭൂമികൾ എന്നിങ്ങനെയും തിരിക്കാം. കുന്നുകൾ, മലകൾ, ചരിവ് ഇവയുമുണ്ട്. വെള്ളത്തെ അടിസ്ഥാനമാക്കിയും കരഭാഗത്തെ രണ്ടായി തിരിക്കാം. വർഷത്തിൽ നല്ല ഭാഗവും വെള്ളമുള്ളവയാണ് തണ്ണീർത്തടങ്ങൾ. കായലുകൾ, കുളങ്ങൾ, തടാകങ്ങൾ, വയലുകൾ, എന്നിവയെല്ലാം ഈ വിഭാഗത്തിൽപെടുന്നു. ഇതെല്ലാം കഴിഞ്ഞാലും മഴപെയ്യുമ്പോൾ വീഴുന്ന വെള്ളത്തിന്റെ നീരൊഴുക്ക് വിന്യാസ രീതികൾക്കനുസരിച്ചും കര ഭാഗങ്ങളെ വിവിധ പ്രദേശങ്ങളായി  മനസ്സിലാക്കാവുന്നതാണ്.

Pookode-Lake
പൂക്കോട് തടാകം (ഫയൽചിത്രം)

ഭൂമി പരന്ന് വിശാലമായി കിടന്നിരുന്നുവെങ്കിൽ വെള്ളം വീഴുന്നതിന്റെയും ഒഴുകുന്നതിന്റെയും അതിരുകൾ വേർതിരിക്കുവാൻ കഴിയില്ലായിരുന്നു. എന്നാൽ ഉയർച്ചതാഴ്ചകളുള്ളതിനാൽ കേരളം പോലുള്ള സ്ഥലങ്ങളിൽ ധാരാളം നദികളും തോടുകളും ചെറുചാലുകളും ഒക്കെ ഉണ്ടായി. അവയെയൊക്കെ പൊതുവായി നീരൊഴുക്ക് എന്ന് പറയാം. ഉയർച്ചതാഴ്ചകൾ ഉള്ള പ്രദേശങ്ങളിെല നീരൊഴുക്കുകളിലേക്ക് മഴവെള്ളം നൽകുകയും അവയിൽ നിന്നുള്ള ജലം ലഭിക്കുകയും ചെയ്യുന്ന ഒരു ഭൂഭാഗമുണ്ടാകും. അത്തരം പ്രദേശത്തെ നീർത്തടം എന്ന് പറയാം.  നീരൊഴുക്കിന് ചുറ്റുമുള്ള മഴയിടമാണ് നീർത്തടം. ഒരു നദിക്കു ചുറ്റും, അതിലേക്ക് വെള്ളം നൽകുന്ന ചെറുതോടുകളും നീർചാലുകളും കാണും. നിരവധി ചെറുതോടുകളും ചാലുകളും ചേരുന്ന നദിയുടെ ചുറ്റുമുള്ള പ്രദേശത്തെ നദീതടം എന്നാണ് വിളിക്കുന്നത്. അമ്പതിനായിരം ഹെക്ടറിലധികം ഭൂപ്രദേശങ്ങൾ നദിക്കു ചുറ്റുമുണ്ടെങ്കിൽ അതിനെ വൻ നീർത്തടം (Macro watershed) അഥവാ എന്നും നദീതടം (river bank)  പറയുന്നു. വേറൊരു തരത്തിൽ പറഞ്ഞാൽ, 50,000 ഹെക്ടർ പ്രദേശത്തെ മഴവെള്ളമാണ് ആ നദിയിലൂടെ ഒഴുകി കടലിലോ കായലിലോ ചേരുന്നത്.

നിരവധി ചെറു തോടുകൾ ചേർന്നാണ് ഒരു നദീവ്യവസ്ഥ ഉണ്ടാകുന്നത്. മിക്കവാറും തോടുകൾ ഉയർന്ന ഭാഗങ്ങളിൽ നിന്നായിരിക്കും ആരംഭിക്കുന്നത്. അത്തരം തോടുകളുടെ പ്രധാന ധർമ്മം അടുത്ത നീരൊഴുക്കിലേക്ക് ജലം നൽകുകയെന്നതാണ്. ആദ്യമായി ഒരു തോടോ നീർച്ചാലോ രൂപപ്പെടുത്തുന്നതിന് ഒന്നാംനിരച്ചാൽ (Ist order Stream) എന്നാണ് പറയുന്നത്. രണ്ടിടങ്ങളിലായി കരയിൽ രൂപപ്പെട്ട രണ്ട് ഒന്നാം നിരചാൽ അനുകൂലമായ ഏതോ സ്ഥലത്ത് വച്ച് സംഗമിച്ച് ഒന്നായി ഒഴുകും. സ്വാഭാവികമായും 2 ഒന്നാം നിരച്ചാലുകളിലെ മഴവെള്ളം ഒന്നിച്ചു വന്നതിനാൽ ചാലിന്റെ നീളവും വീതിയും ആഴവും വെള്ളത്തിന്റെ അളവും കൂടുതലായിരിക്കും. ഇവയെ രണ്ടാം നിരച്ചാൽ (IInd order Stream) എന്നാണ് വിളിക്കുന്നത്. ഇതുപോലെ രണ്ടിടങ്ങളിൽ ഉണ്ടായ രണ്ടാം നിരചാലുകൾ രണ്ടെണ്ണം ചേർന്ന് മൂന്നാം നിരയായും (IIIrd order Stream) രണ്ട് മൂന്നാം നിരകൾ ചേർന്ന് നാലാം നിരയായും (IVth order Stream) നാലാം നിരചാലുകൾ ചേർന്ന് അഞ്ചാം നിരയായും (Vth order Stream)  തുടർന്ന് ആറും (VIth order Stream) ഏഴും (VII th order Stream) നീരകളുമൊക്കെ കാണാവുന്നതാണ്. 

Neerthadams

*എല്ലാ നദികളിലും 50,000 ഹെക്ടറിനുമുകളിൽ നീർത്തടമില്ലെങ്കിലും വൻ നീർത്തടത്തിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

ഓരോ നീർത്തടത്തിനും മൂന്ന് ഭാഗങ്ങൾ ഉണ്ടാകാം. ജലാഗിരണ മേഖല, ജല വ്യാപനമേഖല, ജലപതനമേഖല എന്നിവയാണവ. ഒരു നീരൊഴുക്കു മുതൽ അടുത്ത നീരൊഴുക്കുവരെയുള്ള പ്രദേശങ്ങൾ മനസ്സിലാക്കി നീർത്തട അതിരുകൾ വേർതിരിക്കാം. ഉയർന്ന ഭാഗങ്ങളിൽ വീഴുന്ന മഴവെള്ളം പല ഭാഗങ്ങളിലേക്ക് പോകുമ്പോൾ അവയുടെ അതിരുകൾ മനസ്സിലാക്കി, അത്തരത്തിൽ നീരൊഴുക്കുകളെ  വേർതിരിക്കുന്നതിനായുള്ള രേഖകളേ നീർമറി രേഖകൾ (water divide) അല്ലെങ്കിൽ നീർവിഭാജികകൾ എന്ന് പറയാം. നീർമറിരേഖ മുതൽ തുടങ്ങി മഴവെള്ളം ഒഴുകുന്ന സ്ഥലങ്ങളെല്ലാം കണക്കാക്കി അവസാനം നീരിന്റെ ഒരു ഭാഗമെങ്കിലും പതിക്കുന്ന സ്ഥലം വരെയാണ് നീർത്തടം എന്നു കണക്കാക്കുന്നത്. ഇവ പല വാർഡുകൾ, പഞ്ചായത്തുകൾ, ജില്ലകൾ എന്നിവയിലൂടെയൊക്കെ ഒഴുകാം. 

നീർത്തടാധിഷ്ഠിത പ്രവർത്തനങ്ങളിൽ താഴെപ്പറയുന്ന മേഖലകൾ പ്രധാനമാണ്.

1. മണ്ണ്, ജലം, ജൈവസംരക്ഷണപരിപാടികൾ

2. പ്രകൃതി വിഭവ പരിപാലന പ്രവർത്തനങ്ങൾ

3. പരിസ്ഥിതി സംരക്ഷണ പദ്ധതികൾ

4.  ആവാസവ്യവസ്ഥയുടെ പുനർ യൗവന പ്രവർത്തനങ്ങൾ.

5.  വരുമാന വർധക പരിപാടികൾ

6.  തൊഴിൽദായക പ്രവർത്തനങ്ങൾ.

7.  സ്ത്രീസുരക്ഷാ പരിപാടികൾ.

8.  പങ്കാളിത്ത പഠനപ്രവർത്തനങ്ങൾ

9.  പങ്കാളിത്ത വിഭവ പരിപാലനം.

10.  ജനങ്ങളുടെ നേതൃത്വം

ലോകത്തിലെയും ഭാരതത്തിലെയും മാതൃകാ പദ്ധതികൾ

മെക്സിക്കോയിലെ ടൊണോ മെക്കോ കാച്ച്മെന്റ് പദ്ധതി, ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ പരിപാടികൾ, ഫിലിപ്പീൻസിലെ മാഗാറ്റ് നീർത്തട പ്രോജക്റ്റ്, ബുർക്കിനഫാസോയിലെ പ്രോജറ്റും, ചൈനയിലെ വുഹുവ പദ്ധതി തുടങ്ങിയവ പ്രധാനപ്പെട്ടവയാണ്.

ഇന്ത്യയിൽ മഹാരാഷ്ട്രയിലെ റലെഗൺസിദ്ധി, മധ്യപ്രദേശിലെ ജബുവ, രാജസ്ഥാനിലെ ആർവാർ, കർണാടകയിലെ മൈറാഡ പ്രോജക്ടുകൾ എന്നിവ പ്രാധാനമാണ്. ജാർഖണ്ഡ്, ബിഹാർ എന്നീ സംസ്ഥാനങ്ങളിലുൾപ്പെട്ട ദാമോദർ താഴ്‌വരയിലെ തുടർച്ചയായ പ്രളയത്തിനു പരിഹാരമായി 1944 -ൽ അമേരിക്കൻ ടെന്നിസ് വാലി അതോറിറ്റിയിൽ (1933-ൽ)  ഉണ്ടായിരുന്ന ഡബ്ലിയു.എൽ.വ്യൂർഡ്യൂൺ ഒരു പദ്ധതിക്കു രൂപം നൽകി. 1948 ജൂൺ ഏഴിനാണ് ദാമോദർവാലി കോർപ്പറേഷൻ രൂപീകരിച്ചത്. അന്നുമുതൽ നദീതട കാഴ്ചപ്പാടിൽ പ്രവർത്തനങ്ങൾ രാജ്യത്ത് ആരംഭിച്ചുവെങ്കിലും 1962-ലെ റിവർ വാലി പ്രോജക്ടുളോടുകൂടിയാണ് പ്രാധാന്യം ലഭിച്ചു തുടങ്ങിയത്. 1971-72 ൽ, അതുവരെയുണ്ടായിരുന്ന ഗ്രാമീണപ്രവൃത്തികളെല്ലാം ചേർത്ത് നാലാം പഞ്ചവത്സര പദ്ധതി കാലയളവിൽ (1969-74) തരിശു ബാധിത പ്രദേശങ്ങൾക്കുള്ള പദ്ധതി രാജ്യത്ത് ആരംഭിച്ചു  (Desert Prone Area Programme). 1973- 74 ൽ ആരംഭിച്ച പ്രൊജക്റ്റിന്റെ 50 ശതമാനം കേന്ദ്രവിഹിതമായിരുന്നു. അതോടൊപ്പം തന്നെ നദീതാഴ്‍വര പ്രോജക്ടുകളും (River Valley Projects) തുടങ്ങിയിരുന്നു. 

protect-the-vellayani-backwater-04
ഫയൽചിത്രം ∙ മനോരമ

1974-75 കാലയളവിൽ പശ്ചിമഘട്ട വികസന പരിപാടികൾക്ക് തുടക്കം കുറിച്ചു. 1977-78 തരിശുഭൂമി വികസനപദ്ധതി (Desert Development Programme) 1980 ൽ സംയോജിത നീർത്തടപരിപാലനം, 1982 ജലസംഭരണ പദ്ധതി, 1987 ൽ വരൾച്ചബാധിത വികസനപദ്ധതി, 1989 ൽ  സംയോജിത നീർത്തട പരിപാടി (ദേശീയ തരിശു ഭൂമി വികസന ബോർഡ്), 1990-91 ൽ മഴയെ ആശ്രയിച്ചു കൃഷിചെയ്യുന്ന പ്രദേശങ്ങൾക്കുള്ള ദേശീയ നീർത്തട പരിപാടി. 1992 ൽ സംയോജിത തരിശുഭൂമി വികസന പരിപാടി. 1995 ൽ വിവിധപദ്ധതികൾ സംയോജിപ്പിച്ച് ഹരിയാലി പ്രോജക്ട്, തുടർന്ന് ഹരിയാലിയും മറ്റ് പ്രോജക്ടുകളും സംയോജിപ്പിച്ചുകൊണ്ടുള്ള സംയോജിത നീർത്തട പരിപാലന പദ്ധതി എന്നിവയെല്ലാം നിലവിൽവന്നു.

കേരളത്തിൽ നടന്ന പദ്ധതികൾ

1963 മണ്ണ് സംരക്ഷണ വകുപ്പിന്റെ ആരംഭത്തോടു കൂടിയാണ് കേരളത്തിലും ഇത്തരം പ്രവർത്തനങ്ങളാരംഭിച്ചത്. കേരള ലാൻഡ് ഡവലപ്മെന്റ് ആക്ട് പ്രകാരമാണ് ഇവ നിലവിൽ വന്നത്. പാലക്കാട് ജില്ലയിലെ കുന്താ നദിയുടെ നീർത്തട പരിപാലന പദ്ധതി കേരളവും തമിഴ്നാടും അന്തർസംസ്ഥാന നദീതാഴ്‌വരാ സംരക്ഷണ പ്രൊജക്റ്റ് പ്രകാരം 1969 ൽ നടപ്പിലാക്കിയതോടെയാണ് കേരളത്തിൽ നീർത്തടാധിഷ്ഠിത വികസന പരിപാടികൾ ആരംഭിച്ചത്. തുടർന്ന് വിവിധ വർഷങ്ങളിലായി നീർത്തടാധിഷ്ഠിത കേന്ദ്രാവിഷ്കൃത പദ്ധതികളെല്ലാം കേരളത്തിൽ പലയിടങ്ങളിലായി നടക്കുകയുണ്ടായി. പശ്ചിമഘട്ട വികസന പരിപാടികളിലുൾപ്പെടുത്തി നിരവധി മാതൃകാ പദ്ധതികൾക്കുള്ള ശ്രമങ്ങളും നടന്നിട്ടുണ്ട്. ഇവകൂടാതെ അഹാഡ്സ് (അട്ടപ്പാടി ഹിൽ ഏരിയ ഡവലപ്മെന്റ് സൊസൈറ്റി), നബാർഡ്, വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ നേതൃത്വത്തിൽ നീർത്തടാധിഷ്ഠിത വികസന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. മണ്ണ്, ജല, ജൈവ സംരക്ഷണ പ്രവർത്തനങ്ങൾ എന്നതിനപ്പുറം നീർത്തടാധിഷ്ഠിത വികസനം എന്ന കാഴ്ചപ്പാടിൽ ഇനിയും പദ്ധതികൾ കൂടുതലായി ഉണ്ടാകേണ്ടിയിരിക്കുന്നു. കാട്ടാക്കട, തളിപ്പറമ്പ് എന്നീ നിയോജക മണ്ഡലങ്ങളിൽ എംഎൽഎ മാരുടെ നേതൃത്വത്തിൽ ജലസംരക്ഷണ പരിപാടികൾ നടന്നുവരുന്നുണ്ട്.

കേരളത്തിൽ നീർത്തടാധിഷ്ഠിത വികസന കാഴ്ചപ്പാടിൽ പദ്ധതികൾ ആരംഭിച്ചെങ്കിലും വേണ്ടത്ര മുന്നോട്ടു പോയിട്ടില്ല. അതേസമയം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കുറേ മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ട്. ഗ്രാമ പഞ്ചായത്ത് തല വിഭവഭൂപട നിർമാണം, ബ്ലോക്ക്തല നീർത്തട മാസ്റ്റർ പ്ലാനുകളുടെ രൂപീകരണം, ജില്ലാപദ്ധതികൾ എന്നിവയിലെല്ലാം തന്നെ നിരവധി ഘടകങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. 

സംസ്ഥാനത്ത് നീർത്തടാധിഷ്ഠിത വികസനപരിപാടികൾ വേണ്ടത്ര മുന്നോട്ട് പോകാത്തതിന് രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, സാങ്കേതിക പ്രശ്നങ്ങളും നയപരവും നിയമപരവുമായ പ്രശ്നങ്ങളും ഉണ്ട്. എന്നാൽ കാലാവസ്ഥ വ്യതിയാനം ഉൾപ്പെടെ നിരന്തരം സംഭവിച്ചുകൊണ്ടിരിക്കുന്ന സംസ്ഥാനത്ത് പ്രകൃതി വിഭവ പരിപാലനവും പരിസ്ഥിതി സംരക്ഷണവും, ആവാസവ്യവസ്ഥ പുനർയൗവന പരിപാടികൾക്കും വലിയ പ്രാധാന്യമാണുള്ളത്. പ്രകൃതിയെയും പരിസ്ഥിതി ഘടകങ്ങകങ്ങളെയും പരിഗണിച്ചുകൊണ്ടുള്ള വികസന കാഴ്ചപ്പാടും, നയപരിപാടികളും കൊണ്ട് മാത്രമേ മുന്നിലുള്ള വെല്ലുവിളികളെ നേരിടാൻ ആവുകയുള്ളൂ. അത്തരം വികസനപ്രവർത്തനങ്ങളുടെ മൂന്നുപാധിയാണ് നീർത്തടാധിഷ്ഠിത വികസന കാഴ്ചപ്പാടും വിവിധ പ്രവർത്തനങ്ങളുമെന്നതും പ്രധാനമാണ്. 50 വർഷം കടന്നു പോയെങ്കിലും ഇനിയും കാത്തിരുന്നാൽ പ്രതിസന്ധികൾ വർദ്ധിക്കുകയേയുള്ളൂ.

English Summary:

Unlocking Nature's Blueprint: How Proper Water Resource Management Can Revolutionize Development

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com