തിമിംഗലസ്രാവുകളുടെ സംരക്ഷണത്തിനായി ഡബ്ല്യുടിഐയുടെ മാരത്തൺ; ഫോർട്ട് കൊച്ചി ഹെറിറ്റേജ് റണ്ണിൽ പങ്കെടുത്തത് നിരവധിപ്പേർ
Mail This Article
ലോകത്തെ ഏറ്റവും വലിയ ജീവിയായ തിമിംഗലത്തിന്റെ സംരക്ഷണത്തിനും അവയെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിനുമായി വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ (ഡബ്ല്യുടിഐ) കൊച്ചിൻ കളക്ടീവുമായി സഹകരിച്ച് മാരത്തൺ സംഘടിപ്പിച്ചു. ഫോർട്ട് കൊച്ചി ഹെറിറ്റേജ് റണ്ണിന്റെ രണ്ടാം പതിപ്പിന്റെ ഭാഗമായാണ് 10K, 5K മാരത്തൺ സംഘടിപ്പിച്ചത്. ഡിഐജി എൻ. രവിയും പൂങ്കുഴലി ഐപിഎസും ചേർന്നാണ് മാരത്തൺ ഫ്ലാഗ് ഓഫ് ചെയ്തത്. 1300ലധികം പേരാണ് പരിപാടിയുടെ ഭാഗമായത്. നവംബർ 26നായിരുന്നു പരിപാടി.
2018 മുതൽ വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ (ഡബ്ല്യുടിഐ) കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിലെ തിമിംഗലങ്ങളെ സംരക്ഷിക്കുന്നത് സംബന്ധിച്ച പ്രചരണങ്ങളിൽ സജീവമാണ്. വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിൽ ഉൾപ്പെട്ട തിമിംഗലങ്ങള്‍ ലോകത്ത് പലയിടത്തും വേട്ടയാടപ്പെടുന്നുണ്ട്. ആവാസവ്യവസ്ഥയിൽ പ്രധാന പങ്കുവഹിക്കുന്ന ജീവികളെ സംരക്ഷിക്കാൻ നമുക്ക് കഴിയാവുന്നവയെല്ലാം ചെയ്യണമെന്ന് വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ മറൈൻ സ്‌പെഷ്യലിസ്റ്റ് സാജൻ ജോൺ ആവശ്യപ്പെട്ടു.
1998 ലാണ് വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ (ഡബ്ല്യുടിഐ) സ്ഥാപിതമായത്. വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളെയും ആവാസ വ്യവസ്ഥകളെയും സംരക്ഷിക്കുകയാണ് സംഘടനയുടെ ലക്ഷ്യം. ഇതുവരെ 42,000 ലധികം മൃഗങ്ങളുടെ ജീവൻ രക്ഷിക്കുകയും 20,000 മുൻനിര ഫോറസ്റ്റ് സ്റ്റാഫിനെ പരിശീലിപ്പിക്കുകയും സർക്കാരിനെ സഹായിക്കുകയും ചെയ്തു. കണ്ടൽക്കാടുകളും പവിഴപ്പുറ്റുകളും ഉൾപ്പെടെ ഏകദേശം 1200 ചതുരശ്ര കിലോമീറ്റർ പ്രകൃതിദത്ത ആവാസവ്യവസ്ഥയെ സംരക്ഷിച്ചിട്ടുണ്ട്.