ADVERTISEMENT

പടിഞ്ഞാറൻ യൂറേഷ്യൻ പുൽമേടുകളിൽ കാണപ്പെടുന്ന സവിശേഷ രൂപമുള്ള മാനാണ് സൈഗ. അവസാനം നടന്ന ഹിമയുഗം മുതൽ തന്നെ ഭൂമിയിലുണ്ടായിരുന്ന ഈ മാൻ കുറച്ചുകാലമായി ഗുരുതര വംശനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയായിരുന്നു. എന്നാൽ ഈ ഡിസംബറിൽ ഇന്റർനാഷനൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ ഈ മാനിന്‌റെ ഭീഷണി നില കുറച്ചുകൂടി കുറച്ചു. ക്രിട്ടിക്കലി എൻഡേഞ്ചേഡ് എന്ന നിലയിൽനിന്നും നിയർ ത്രെറ്റൻഡ് എന്ന തൊട്ടടുത്ത കുറഞ്ഞ നിലയിലേക്ക് ഭീഷണി സ്ഥിതി അധികൃതർ കുറച്ചു.

ശക്തമായ സംരക്ഷണ പരിപാടികളാണ് സൈഗയെ രക്ഷിച്ചതെന്നും ഇതില്ലായിരുന്നെങ്കിൽ ഈ മൃഗം വംശനാശം സംഭവിച്ച് നശിച്ചേനേയെന്നുമാണ് ഇന്റനാഷനൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ വ്യക്തമാക്കുന്നത്.

എന്നാൽ ഈ സംരക്ഷണ പ്രവർത്തനങ്ങൾക്ക് തിരിച്ചടിയായി കുറേ അസുഖങ്ങൾ ഈ മാൻവർഗത്തിനു സംഭവിച്ചത് പ്രതിസന്ധി സൃഷ്ടിച്ചു. ഇല്ലായിരുന്നെങ്കിൽ ഇതിലും കൂടുതൽ അഭിവൃദ്ധി പ്രാപിച്ച നിലയിലേക്ക് ഈ മാൻ എത്തിയേനെയെന്നും ഇന്‌റർനാഷനൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ അറിയിച്ചു.

സൈഗ (Photo: X/@katiemoonshoes)
സൈഗ (Photo: X/@katiemoonshoes)

സൈഗ ടാട്ടാറിക്ക ടാട്ടാറിക്ക എന്നും സൈഗ ടാട്ടാറിക്ക മംഗോളിക്ക എന്നീ രണ്ട് ഉപവിഭാഗങ്ങളിലാണ് ഈ മാനുകളുള്ളത്. രണ്ടാമത്തെ വിഭാഗം പേരു സൂചിപ്പിക്കുന്നതു പോലെ മംഗോളിയയിൽ മാത്രമാണുള്ളത്.

ഇന്ന് ഈ മാനുകൾ കസഖ്സ്ഥാൻ, മംഗോളിയ, റഷ്യ, ഉസ്‌ബെക്കിസ്ഥാൻ എന്നിവിടങ്ങളിൽ ചിതറിയ നിലയിലാണു കാണപ്പെടുന്നതെന്ന് സൈഗ കൺസർവേഷൻ അലയൻസ് റിപ്പോർട്ട് ചെയ്യുന്നു. ഈ മാനുകളുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്നതാണ് ഈ സംഘടന. തൊണ്ണൂറുകളുടെ തുടക്കത്തിൽ 10 ലക്ഷം സൈഗകൾ ഉണ്ടായിരുന്നതാണ്. എന്നാൽ 2003 ആയപ്പോഴേക്കും ഇവയുടെ എണ്ണം അറുപതിനായിരം എന്ന നിലയിലേക്കു ചുരുങ്ങിപ്പോയി. ഇപ്പോൾ വീണ്ടും ഇവയുടെ എണ്ണം 19 ലക്ഷം എന്ന താരതമ്യേന സുരക്ഷിതമായ നിലയിലേക്കുയർന്നിട്ടുണ്ട്. ക്രിട്ടിക്കലി എൻഡേഞ്ചേഡ് എന്ന ചുവന്ന പട്ടികയിൽ നിന്നും ഒരു മൃഗവംശം തിരികെയെത്തുന്നത് അപൂർവമാണ്. ലോകമെമ്പാടുമുള്ള മൃഗസംരക്ഷണ പ്രവർത്തനങ്ങൾക്ക് ഊർജവും പ്രചോദനവുമേകുന്നതാണ് ഈ തിരിച്ചെത്തൽ.

കസഖ്സ്ഥാൻ സർക്കാരാണ് ഈ പ്രവർത്തനത്തിൽ ശ്രദ്ധേയമായ പങ്കുവഹിച്ചത്. അനധികൃത വേട്ട നിരോധനം, ശക്തമായ നിയമനിർവഹണം, സംരക്ഷിത മേഖലകൾ സ്ഥാപിക്കൽ എന്നിവ സർക്കാർ നടപ്പിൽവരുത്തി. ഇക്കാര്യത്തിനായി പൊതുജനങ്ങളുമായും പരിസ്ഥിതി മൃഗസംരക്ഷണ പ്രവർത്തകരുമായും സർക്കാർ ശക്തമായി സഹകരിച്ചു.

English Summary:

From the Brink of Extinction: Saiga Antelope's Remarkable Recovery Story Shocks Scientists

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com