ADVERTISEMENT

പ്രണയത്തിന്റെ പ്രതീകമായി മനുഷ്യർ നിർമിച്ച ധാരാളം കെട്ടിടങ്ങൾ ലോകത്തിന്റെ പലഭാഗത്തും കാണാം. ലക്ഷങ്ങളും കോടികളും മുടക്കി നിർമിക്കുന്ന ഈ നിർമിതികളേക്കാൾ അതിമനോഹരമായി പ്രണയക്കൂടുകൾ ഒരുക്കുന്ന ഒരു പക്ഷിയുണ്ട്. ഓസ്ട്രേലിയയിലും ന്യൂസിലൻഡിലുമായി കാണപ്പെടുന്ന സാറ്റിൻ ബോവർബേർഡാണ് കൂടു നിർമാണത്തിലെ വൈദഗ്‌ധ്യംകൊണ്ട് ആരെയും അത്ഭുതപ്പെടുത്തുന്നത്. സാധാരണ പക്ഷികളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ഇവയുടെ കൂടൊരുക്കലും ഇണയെ ആകർഷിക്കാനുള്ള വിദ്യകളും. 

കാക്കകളെപ്പോലെ ഉടലാകെ കറുത്ത നിറത്തിലാണ് സാറ്റിൻ ബോവർബേർഡുകളിലെ ആൺ വർഗം കാണപ്പെടുന്നത്. എന്നാൽ പ്രായപൂർത്തിയാകുന്നതോടെ കണ്ണുകൾ ഭംഗിയുള്ള നീല നിറത്തിലായി മാറും. ഈ പക്ഷികൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട നിറവും നീലയാണെന്നതാണ് രസകരമായ കാര്യം. തീറ്റ തേടാത്ത സമയങ്ങളിൽ ആൺ പക്ഷികൾ പ്രത്യേക രീതിയിൽ കൂടുകൾ ഉണ്ടാക്കും. എന്നാൽ അതൊരു സാധാരണ പക്ഷിക്കൂടല്ല. മരച്ചില്ലകളും പൂക്കളും തൂവലുകളും എന്തിനേറെ ചെറുപഴങ്ങൾ വരെ കൊത്തിയെടുത്തു കൊണ്ടുവന്ന് സങ്കീർണമായ രൂപങ്ങളിൽ നിലത്ത് കൂടുകൾ നിർമിക്കുന്നു.

സാറ്റിൻ ബോവർബേർഡ് (Photo Contributor: Ken Griffiths / Shutterstock)
സാറ്റിൻ ബോവർബേർഡ് (Photo Contributor: Ken Griffiths / Shutterstock)

ഉമിനീര് കൊണ്ടാണ് ഇവയെല്ലാം ചേർത്ത് ഒട്ടിക്കുന്നത്. സാധാരണ തരത്തിലുള്ള കൂടുകൾ മുതൽ മനുഷ്യർ നിർമിക്കുന്ന കുടിലുകളുടെ വലുപ്പത്തിലുള്ള കൂടാരങ്ങൾ വരെ ഇവർക്ക് നിർമിക്കാനറിയാം. വള്ളിക്കുടിലുകളോട് സാമ്യമുള്ളതിനാൽ തന്നെയാണ് ഈ പക്ഷികൾക്ക് ബോവർ ബേർഡ് എന്ന പേര് ലഭിച്ചതും. ഇണചേരാനായി പെൺ പക്ഷിയെ ആകർഷിക്കാനാണ് ഈ പെടാപ്പാട് മുഴുവൻ. ആൺ പക്ഷിക്കൂട്ടത്തിലെ ബലവാന്മാർ മാത്രമാണ് ഇത്തരത്തിൽ കൂടുകൾ ഒരുക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. കൂടു നിർമിക്കുന്ന പക്ഷി ഇല്ലാത്ത സമയങ്ങളിൽ സമീപത്തുള്ള മറ്റ് ആൺ പക്ഷികൾ ഈ കൂടുകളുടെ സംരക്ഷണം ഏറ്റെടുക്കും. എന്നാൽ അവ സ്വന്തം കാര്യങ്ങൾക്കായി ഈ കൂട് ഉപയോഗിക്കാറുമില്ല.

bowerbirdnest

കഷ്ടപ്പെട്ട് കൂട് ഉണ്ടാക്കിയതുകൊണ്ട് മാത്രം പെൺപക്ഷി ഇവയ്ക്കരികിലേക്ക് എത്തില്ല. അതിനും ഒരു മാർഗ്ഗം ആൺ പക്ഷികൾ കണ്ടെത്തിയിട്ടുണ്ട്. കണ്ണിൽപ്പെടുന്ന നീല നിറത്തിലുള്ള വസ്തുക്കൾ എല്ലാം കൊണ്ടുവന്ന് അവ കൂടുകൾ അലങ്കരിക്കും. എന്നാൽ ഈ അലങ്കാരങ്ങളുടെ പാറ്റേൺ മനുഷ്യർക്ക് പെട്ടെന്ന് തിരിച്ചറിയാനും പ്രയാസമാണ്. കുപ്പികളുടെ അടപ്പുകൾ, ബ്രഷ്, തുണി കഷ്ണങ്ങൾ, സ്ട്രോകൾ അങ്ങനെ നീല നിറം പ്രതിഫലിപ്പിക്കുന്ന എന്തു കിട്ടിയാലും അവ ശേഖരിച്ച് കൂട്ടിലെത്തിക്കും. കൂടൊരുക്കലിൽ പൂർണ തൃപ്തി കിട്ടുന്നതുവരെ അവ ഈ അലങ്കാരങ്ങൾ തുടർന്നുകൊണ്ടിരിക്കും. അതിനുശേഷം പെൺ പക്ഷിയുടെ വരവിനായുള്ള കാത്തിരിപ്പാണ്.

bowernest

ഇണയെ ആകർഷിക്കാനായി കൂടിനു ചുറ്റും ഇവ പ്രത്യേക രീതിയിൽ വട്ടംചുറ്റി നടക്കും. പെൺപക്ഷി സമീപത്ത് എവിടെയെങ്കിലും എത്തിയാൽ പ്രത്യേക ശബ്ദമുണ്ടാക്കിക്കൊണ്ട് താൻ കരുതിവച്ചിരുന്ന നീലവസ്തുക്കൾ ഓരോന്നായി ഇണയ്ക്കുനേരെ നീട്ടും. കൂടും തനിക്ക് നൽകുന്ന വസ്തുക്കളുമൊക്കെ ഇഷ്ടപെട്ടാൽ ഇണചേരാൻ സമ്മതിച്ചുകൊണ്ട് പെൺപക്ഷി കൂട്ടിലേക്ക് എത്തുകയും ചെയ്യും. പിന്നീട് മുട്ടയിടാനുള്ള കൂടുകൾ പെൺ പക്ഷികൾ തന്നെയാണ് നിർമിക്കുന്നത്.

bowernestnew

തറയിൽ നിന്നും 10 മുതൽ 15 മീറ്റർ വരെ ഉയരത്തിൽ മരച്ചില്ലകളിലാണ് ഈ കൂടുകൾ നിർമിക്കുന്നത്. ചെറു കമ്പുകളും ഉണക്ക ഇലകളും ഉപയോഗിച്ച് നിർമിക്കുന്ന ഈ കൂടുകൾക്ക് അധികം കുഴിവില്ലാത്ത ആകൃതിയാണ്. ഒന്നു മുതൽ മൂന്നു മുട്ടകൾ വരെ പെൺപക്ഷികൾ ഇടും. മുട്ട വിരിയിക്കുന്നതും കുഞ്ഞുങ്ങളെ പരിപാലിക്കുന്നതുമെല്ലാം പെൺ പക്ഷികളുടെ ചുമതലയാണ്. അതേസമയം ആൺ പക്ഷികൾ മറ്റൊരു ഇണയെ ആകർഷിക്കാനായി പ്രണയക്കൂടുകൾ നിർമിക്കുന്ന തിരക്കിലുമാവും

English Summary:

Discover the Satin Bowerbird: Master Architect of Love Nests Surpassing Human Ingenuity

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com