ADVERTISEMENT

ആരെങ്കിലും നിങ്ങളെ  അവിവേകിയെന്ന് വിളിക്കാറുണ്ടോ? അവരോടു പറയുക, അതിന്റെ കാരണങ്ങളിലൊന്ന് ശുദ്ധവായു കിട്ടാത്തതാവാമെന്ന്. തടസ്സങ്ങളില്ലാതെ അന്തരീക്ഷത്തിലെ ഹരിതഗൃഹ വാതകങ്ങളുടെ തോതുയർന്നാൽ അതു മനുഷ്യന്റെ ചിന്തിക്കാനുള്ള കഴിവിനെക്കൂടി ബാധിച്ചേക്കുമെന്ന് പഠനങ്ങളുണ്ട്. പല സ്രോതസ്സുകളിൽനിന്നു പുറത്തുവരുന്ന കാർബൺ ഡയോക്സൈഡ് ഭൂഗോളത്തിനു മാത്രമല്ല, മനുഷ്യന്റെ തലച്ചോറിനും ഹാനികരമാകുമെന്നാണ് ഗവേഷകർ പറയുന്നത്.

പഠനശേഷിയും കാർബൺ ഡയോക്സൈഡും

ശ്വസിക്കുന്ന വായുവിലെ ഉയർന്ന കാർബൺ ഡയോക്സൈഡ് (CO2) നില മനുഷ്യന്റെ ഗ്രഹണ ശേഷിയെ ബാധിക്കുന്നതായി ശാസ്ത്രലോകം ബോധവാൻമാരാണ്. അമേരിക്കയിലെ കോളറാഡോ ബോൾഡറിലെ ക്രിസ്റ്റഫർ കർണോസ്കാസ് എന്ന ശാസ്ത്രജ്ഞന്റെ നേതൃത്വത്തിലുള്ള സംഘമാണ് പുതിയ പഠനത്തിനു പിന്നിൽ. വീടിനകത്തുള്ള കാർബൺ ഡയോക്സൈസിന്റെ നില എങ്ങനെ വ്യത്യാസപ്പെടുന്നു എന്നതായിരുന്നു അവരുടെ മുഖ്യ പഠന വിഷയം. അന്തരീക്ഷത്തിലെ ഹരിതഗൃഹ വാതകങ്ങളുടെ അളവ് നിയന്ത്രണമില്ലാതെ കൂടിക്കൊണ്ടിരുന്നാൽ 2100 ഓടെ അന്തരീക്ഷ കാർബൺ ഡയോക്സൈഡിന്റെ അളവ് നിലവിലെ 410 പിപിഎം (parts per million) എന്നതിൽ നിന്ന് ഏകദേശം 930 പിപിഎമ്മിൽ എത്തിയേക്കാം.

പുറത്തെ അന്തരീക്ഷത്തിലെ അളവ്  കൂടുമ്പോൾ സ്വാഭാവികമായും ക്ലാസ് മുറികളിലെ വായുവിലും കാർബൺ ഡയോക്സൈഡ് അളവ് ഉയർന്ന നിലയിലായിരിക്കും. ക്ലാസിലെ വിദ്യാർഥികളുടെ നിശ്വാസവായുവിലെ കാർബൺ ഡയോക്സൈഡ് കൂടി ചേരുമ്പോൾ ഉളളിലെ CO2 ന്റെ അളവ് 1400 പിപിഎം വരെയാകാം. കാർബൺ ഡയോക്സൈസ് ഈ അളവിൽ അന്തരീക്ഷത്തിലുള്ള ഒരു ക്ലാസ് മുറിയിൽ നടത്തുന്ന, അടിസ്ഥാന തീരുമാനമെടുക്കൽ അളക്കുന്ന ഒരു ടെസ്റ്റിൽ വിദ്യാർഥികൾക്ക് ഇപ്പോൾ കിട്ടുന്നതിനേക്കാൾ 25 ശതമാനം കുറവു മാർക്കായിരിക്കും ലഭിക്കുകയെന്ന് ഇതുമായി ബന്ധപ്പെട്ട മറ്റു പഠനങ്ങൾ ചൂണ്ടി കാണിച്ചിട്ടുണ്ട്.

ഇനി കുറച്ചുകൂടി സങ്കീർണ്ണമായ, കൗശലത്തോടെ തീരുമാനമെടുക്കേണ്ട ടെസ്റ്റാണ് നടത്തുന്നതെങ്കിൽ കുട്ടികൾക്ക് പകുതി മാർക്കേ കിട്ടാൻ വഴിയുള്ളൂ. പുറത്തെ അന്തരീക്ഷത്തിലെ CO2 നില ഉയർന്നു തന്നെ നിൽക്കുന്നതിനാൽ നല്ല വായു സഞ്ചാരമുള്ള ക്ലാസ് മുറികൾ ഒരുക്കിയാലും പ്രയോജനമുണ്ടാകില്ല. ഹരിതഗൃഹ വാതകങ്ങളുടെ ബഹിർഗമനം കുറയ്ക്കുക മാത്രമാണ് നമ്മുടെ കുട്ടികൾ ഭാവിയിൽ അൽപ ബുദ്ധിയുള്ളവരായി മാറുന്ന അവസ്ഥ ഒഴിവാക്കാനുള്ള ഒരേയൊരു മാർഗമെന്ന് ചുരുക്കം.

ഹരിതഗൃഹ വാതകങ്ങളുടെ ശക്തി

ഹരിതഗൃഹ പ്രഭാവം സൃഷ്ടിക്കുന്ന വാതകങ്ങളാണ് ഹരിതഗൃഹ വാതകങ്ങള്‍. കാര്‍ബണ്‍ഡയോക്‌സൈഡ് (CO2), മീഥേന്‍ (CH4), നൈട്രസ് ഓക്‌സൈഡ് (N2O), ക്ലോറോഫ്‌ളൂറോ കാര്‍ബണുകള്‍ (CCl2F2, CHClF2), പെര്‍ഫ്‌ളൂറോ മീഥേന്‍ (CF4), സള്‍ഫര്‍ ഹെക്‌സാ ഫ്‌ളൂറൈഡ് (SF6) എന്നിവയാണ് ഇവയില്‍ പ്രധാനം. കൂടാതെ അന്തരീക്ഷത്തിലെ നീരാവി, എയ്‌റോസോളുകള്‍ എന്നിവയും ഹരിതഗൃഹപ്രഭാവത്തിനിടയാക്കും. ഗ്രീന്‍ ഹൗസ് വാതകങ്ങളുടെ തനതായ ഘടനയാണ്, ചൂടിനു കാരണമാകുന്ന ഇന്‍ഫ്രാറെഡ് രശ്മികളെ ആഗിരണം ചെയ്ത് അന്തരീക്ഷതാപനില നിലനിര്‍ത്തുത്താൻ അവയെ സഹായിക്കുന്നത്. എന്നാൽ അളവിൽ കൂടിയാൽ ആഗോള താപനമാവും ഫലം.

രാസഘടനയനുസരിച്ച് ഓരോ ഹരിതഗൃഹ വാതകത്തിനും താപനശക്തിയില്‍ ആനുപാതികമായ വ്യത്യാസമുണ്ട്. കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ ആനുപാതിക താപനശക്തി ഒന്ന് എന്നു കണക്കാക്കിയാല്‍ മറ്റുള്ളവയുടേത് മീഥേന്‍ –21, ക്ലോറോഫ്‌ളൂറോ കാര്‍ബണ്‍ –310, ഹൈഡ്രോഫ്‌ളൂറോ കാര്‍ബണ്‍ –1300-1400, പെര്‍ഫ്‌ളൂറോ മീഥേന്‍ –6500, സള്‍ഫര്‍ ഹെക്‌സാ ഫ്‌ളൂറൈഡ് – 23900 എന്നിങ്ങനെയാണ്. എന്നാല്‍ അളവില്‍ കൂടുതല്‍ കാര്‍ബണ്‍ഡയോക്സൈഡ് ആയതിനാല്‍ ആഗോളതാപനത്തിന്റെ മുഖ്യ കാരണം ഈ വാതകമാണെന്നു കരുതുന്നു.

ഫോസില്‍ ഇന്ധനങ്ങള്‍, വിറക്, വനനശീകരണം എന്നിവയാണ് ഈ വാതകത്തിന്റെ അളവിലുള്ള വർധനവിന്റെ മുഖ്യ കാരണം. അന്തരീക്ഷത്തിലെ കാര്‍ബണ്‍ഡയോക്‌സൈഡിന്റെ അളവ് കണക്കാക്കാന്‍ ഉപയോഗിക്കുന്ന ആധികാരിക ഗ്രാഫാണ് കീലിങ് കര്‍വ് (Keeling Curve) പാര്‍ട്‌സ് പെര്‍ മില്യണ്‍ (പിപിഎം) എന്ന കണക്കിലാണ് അന്തരീക്ഷത്തില്‍ CO2-ന്റെ അളവ് കണക്കാക്കുന്നത്. വ്യവസായ വിപ്ലവത്തിന്റെ തുടക്കത്തില്‍ ഇത് 278 പിപിഎം ആയിരുന്നെങ്കില്‍ ഇന്നത് 410 പിപിഎമ്മിൽ കൂടുതലാണ്. 

നേരിടുന്നതെങ്ങനെ?

ആഗോള താപനത്തെ ചെറുക്കാനുള്ള നടപടികളുമായി ഐക്യരാഷ്ട്ര സംഘടന മുന്നില്‍ത്തന്നെയുണ്ട്. 1988-ല്‍ ഐക്യരാഷ്ട്ര സംഘടനയുടെ പരിസ്ഥിതി വിഭാഗമായ യുഎൻഇപി, വേള്‍ഡ് മെറ്റിയറോളജിക്കല്‍ അസോസിയേഷന്‍ എന്നിവയുടെ നേതൃത്വത്തില്‍ ഇന്റർ ഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച് (ഐപിസിസി) സ്ഥാപിക്കപ്പെട്ടു. ഇതിനെത്തുടര്‍ന്ന് 1992 ല്‍ യുണൈറ്റഡ‍് നേഷൻസ് ഫ്രെയിംവർക്ക് കൺവൻഷൻ ഓൺ ക്ലൈമറ്റ് ചേഞ്ച് (യുഎൻഎഫ്സിസിസി) സ്ഥാപിതമായി. പിന്നീട് 1997 ല്‍ ജപ്പാനിലെ ക്യോട്ടോയില്‍ വച്ച് 192 രാജ്യങ്ങള്‍ ഒപ്പുവച്ച ക്യോട്ടോ പ്രോട്ടോകോള്‍ ഉണ്ടാക്കി. ഇതിനു തുടർച്ചയായി 2016 ൽ പാരിസ് ഉടമ്പടിയും നിലവിൽ വന്നു.

Image Credit: Josfor/ Istock
Image Credit: Josfor/ Istock

ഹരിതഗൃഹ വാതകങ്ങള്‍ അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്ന അളവില്‍ രാജ്യങ്ങള്‍ തമ്മില്‍ വ്യത്യാമുണ്ടായാലും ആഗോളതാപനത്തിന്റെ ഫലങ്ങള്‍ക്ക് രാജ്യാതിര്‍ത്തികളുടെ വ്യത്യാസമില്ല. അതിനാല്‍ ഇതൊരു കൂട്ടുത്തരവാദിത്തമാണ്. ചൈന, അമേരിക്ക, ഇന്ത്യ എന്നിവരാണ് ഏറ്റവും കൂടുതല്‍ CO2 പുറത്തുവിടുന്ന ആദ്യത്തെ മൂന്നു രാജ്യങ്ങള്‍, ഊര്‍ജ സംരക്ഷണം, ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗക്രമീകരണം, ഉൽപാദന കാര്യക്ഷമത, ജീവിതശൈലീമാറ്റം, ജനസംഖ്യാ നിയന്ത്രണം, വനനശീകരണം തടയാന്‍ പുതിയ വികസന പരിപ്രേക്ഷ്യങ്ങള്‍ എന്നിവ ഏറെ ആവശ്യം.

English Summary:

Exposed: How Rising CO2 Levels Might Be Dimming Your Cognitive Abilities

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com