ADVERTISEMENT

യൂറോഫസ് ജാവാനിക്കസ് എന്നു ശാസ്ത്രനാമമുള്ള ജാവ സ്റ്റിംഗാരി വംശനാശം വന്ന് ഭൂമിയിൽ നിന്ന് അപ്രത്യക്ഷമായതായി ശാസ്ത്രജ്ഞർ അറിയിച്ചിട്ടുണ്ട്. ഇതോടെ മനുഷ്യപ്രവർത്തികൾ മൂലം ഭൂമിയിൽ നിന്ന് അപ്രത്യക്ഷമായി മാറിയ ആദ്യ കടൽമത്സ്യമായി സ്റ്റിംഗാരി മാറി. തിരണ്ടി വിഭാഗത്തിൽപെടുന്ന ജാവ സ്റ്റിംഗാരിയെക്കുറിച്ച് ശാസ്ത്രജ്ഞർക്ക് കുറച്ചുമാത്രമാണ് അറിവുള്ളത്. 

1862ൽ ഇന്തൊനീഷ്യൻ തലസ്ഥാനം ജക്കാർത്തയിലെ സീഫുഡ്‌സ് മാർക്കറ്റിലെത്തിയ ജർമൻ ശാസ്ത്രജ്ഞനായ എഡ്വേർഡ് വോൺ മാർട്ടെൻസാണ് ഈ മീനിനെ ആദ്യമായും അവസാനമായും കണ്ട ശാസ്ത്രജ്ഞൻ. അക്കാലത്ത് ഡച്ച് നിയന്ത്രണത്തിലായിരുന്ന ഇന്തൊനീഷ്യയിലെ ആളുകൾ ഈ മത്സ്യം ധാരാളമായി ഭക്ഷിച്ചിരുന്നെന്ന് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഇതിനു പേരും ശാസ്ത്രനാമവും നൽകിയതും എഡ്വേർഡാണ്.

എന്നാൽ പിന്നീട് 161 വർഷങ്ങൾ കഴിച്ചിട്ടും ഈ മത്സ്യത്തിനെ കാണാൻ സാധിക്കാതിരുന്നതോടെ ഇതു വംശനാശം വന്നുപോയതായി സ്ഥിരീകരിക്കുകയായിരുന്നു. നിരവധി മാനദണ്ഡങ്ങൾ ഉപയോഗിച്ചുള്ള പഠനത്തിനു ശേഷം ഓസ്‌ട്രേലിയയിലെ ചാൾസ് ഡാർവിൻ സർവകലാശാലയിലെ ശാസ്ത്രജ്ഞരാണ് ഇതറിയിച്ചത്.

(Photo: X/@spottedcatshark)
·
(Photo: X/@spottedcatshark) ·

എന്നാൽ ഇതുപോലെ വേറെയും അപൂർവമത്സ്യങ്ങൾ മനുഷ്യപ്രവർത്തനങ്ങളാൽ പോയിമറഞ്ഞിരിക്കാമെന്നും നമുക്ക് അറിവില്ലാത്തതിനാൽ സ്ഥിരീകരണം പാടാണെന്നും ശാസ്ത്രജ്ഞർ പറയുന്നു.

എന്താണ് ജാവ സ്റ്റിംഗാരിയുടെ വംശനാശത്തിനു വഴിവച്ചത്. പത്തൊൻപതാം നൂറ്റാണ്ടിൽ ഇന്തൊനീഷ്യൻ തീരങ്ങളിലുണ്ടായ വ്യാപകവും ഉയർന്നതോതിലുള്ളതും നിയമവിരുദ്ധവുമായ മീൻപിടിത്തമാണ് ഈ മീനിനെ പ്രധാനമായും ബാധിച്ചത്. അതോടൊപ്പം തന്നെ ജാവയുടെ വടക്കൻ തീരങ്ങളിൽ അക്കാലത്ത് വലിയ വ്യവസായങ്ങൾ ഉയർന്നുവന്നു. ഇതുവഴിയുണ്ടായ പരിസ്ഥിതി പ്രശ്‌നങ്ങളും ഈ മീനിനെ ബാധിച്ചു.

ജാവ സ്റ്റിംഗാരിയുടെ കദനകഥ സമുദ്ര ജൈവവ്യവസ്ഥിതിയെ ലോകം കാര്യമായി എടുക്കേണ്ടതിന്റെ ആവശ്യകതയാണു ചൂണ്ടിക്കാട്ടുന്നതെന്ന് വിദഗ്ധർ പറയുന്നു. ഇന്ന് 120 സ്പീഷീസുകളിലധികം മത്സ്യങ്ങൾ വംശനാശ ഭീഷണി നേരിടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com