ADVERTISEMENT

സംഘർഷഭരിതമായ കാലത്തിലൂടെ കടന്നുപോകുകയാണ് ലോകം.യുദ്ധങ്ങളും യുദ്ധസാഹചര്യങ്ങളും പലയിടത്തും നിലനിൽക്കുന്നു. മനുഷ്യരാശി ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും നശീകരണശേഷിയുള്ള ആയുധങ്ങളാണ് ആണവായുധങ്ങൾ. ഏതെങ്കിലും ഒരു യുദ്ധം ആണവയുദ്ധമായി പരിണമിച്ചാൽ അതിന്റെ പരിണതഫലങ്ങൾ  ലോകമെമ്പാടുമുള്ളവർ അനുഭവിക്കേണ്ടി വരും. മനുഷ്യരോടൊപ്പം ധാരാളം മൃഗങ്ങളും ചത്തൊടുങ്ങും. ലോകമെങ്ങും താപനില കുതിച്ചുയരും, കൃഷിയിടങ്ങൾ നശിക്കും. 

ആ ആക്രമണത്തെ അതിജീവിക്കുന്ന മനുഷ്യർക്ക് കഴിക്കാനുള്ള ഭക്ഷണം എവിടെനിന്നു ലഭിക്കും?. കാലങ്ങളോളം ശാസ്ത്രജ്ഞരെ അലട്ടിയിരുന്ന ചോദ്യമാണിത്.

എന്നാൽ ഇപ്പോഴതിന് ഒരു ഉത്തരം ലഭിച്ചിരിക്കുകയാണ്. സീവീഡ് എന്നറിയപ്പെടുന്ന കടൽപ്പായലായിരിക്കും അന്ന് മനുഷ്യരെ സഹായിക്കുക. വൻതോതിൽ വളർത്തപ്പെടുന്ന കടൽപ്പായൽ 140 കോടി ആളുകൾക്ക് ഭക്ഷണസ്രോതസ്സായി മാറും. ഇതിനൊപ്പം തന്നെ ജൈവ ഇന്ധനം, കാലിത്തീറ്റ എന്നിവയായും അന്ന് കടൽപ്പായൽ ഉപയോഗിക്കാമെന്ന് ഗവേഷകർ പറയുന്നു. എർത്ത്സ് ഫ്യൂച്ചർ എന്ന ശാസ്ത്രജേണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്.

മാക്രോ ആൽഗെ എന്ന ഗണത്തിലാണ് സീവീഡ് അഥവാ കടൽപ്പായൽ ഉൾപ്പെടുന്നത്. ചുവപ്പും ബ്രൗണും പച്ചയും നിറത്തിലുള്ള കടൽപ്പായലുകളുണ്ട്. കാർബൺ ആഗിരണവും ഭൂമിയിലെ ഓക്‌സിജൻ ഉൽപാദനത്തിന്റെ നല്ലൊരുപങ്കും ഇവയിൽനിന്നാണ്. മത്സ്യങ്ങൾക്കും മറ്റു കടൽജീവികൾക്കും സമ്പുഷ്ടമായ ഭക്ഷണസ്രോതസ്സ് ഒരുക്കുന്നു.

കന്നുകാലികൾക്കുള്ള തീറ്റയായും ചില കെമിക്കലുകൾക്കുള്ള ഉത്പാദന വസ്തുക്കളായും വളമായുമൊക്കെ ഇവ ഉപയോഗിക്കപ്പെടുന്നു. കാലാവസ്ഥാ വ്യതിയാനം ചെറുക്കാനായി വലിയ തോതിൽ കടൽപ്പായൽകൃഷി പ്രോത്സാഹിപ്പിക്കണമെന്ന് ചില വിദഗ്ധർ വാദിക്കുന്നു.

ചില കടൽപ്പായലുകളിൽ വിഷാംശം അടങ്ങിയിട്ടുമുണ്ട്. ചില കടൽപ്പായലുകൾ ചീയുമ്പോൾ ഹൈഡ്രജൻ സൾഫൈഡ് പോലുള്ള വിഷവാതകങ്ങൾ പുറത്തുവരുന്നുണ്ട്.

English Summary:

Seaweed as Humanity's Lifeline in a Nuclear Aftermath

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com