ADVERTISEMENT

ആണവ വിസ്ഫോടനം നടന്ന സ്ഥലമായ യുക്രെയ്നിലെ ചെർണോബിലിൽ വികിരണമേഖലയിലുള്ള ചില ചെന്നായ്ക്കൾക്ക് കാൻസറിനോട് പ്രതിരോധം ഉടലെടുത്തെന്ന് പുതിയ പഠനം. യുഎസിലെ പ്രശസ്ത സർവകലാശാലയായ പ്രിൻസ്റ്റൺ സർവകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്. റേഡിയേഷൻ ചികിത്സയ്ക്ക് വിധേയരായ കാൻസർ രോഗികൾക്ക് ലഭിക്കുന്ന നിലയിലുള്ള പ്രതിരോധമാണ് ചെന്നായ്ക്കൾക്ക് സംഭവിച്ചതെന്ന് ശാസ്ത്രജ്ഞർ പറയുന്നു. കോളറുകളും വികിരണമാപിനികളും ചെന്നായ്ക്കളിൽ സ്ഥാപിച്ച ശേഷം ഗവേഷണം നടത്തിയാണ് ശാസ്ത്രജ്ഞർ ഈ അനുമാനത്തിൽ എത്തിച്ചേർന്നത്. ചെർണോബിൽ വികിരണമേഖലയിൽ, നിയമപ്രകാരം അനുവദനീയമായതിനേക്കാൾ ആറ് മടങ്ങ് വികിരണം ഉണ്ടെന്നാണ് കണക്ക്. 

ലോകത്തെ ഏറ്റവും വലിയ ആണവ ദുരന്ത സ്മരണകൾ നിലനിൽക്കുന്നതാണ് യുക്രെയ്‌നിലെ ചെർണോബിൽ ആണവ നിലയം. 37 വർഷം മുൻപ് സംഭവിച്ച, ലോകത്തിലെ ഏറ്റവും വലിയ ആണവദുരന്തത്തിന്‌റെ അപകടകരമായ വിഷവസ്തുക്കൾ ഇന്നും വഹിക്കുന്ന സ്ഥലമാണ് ചെർണോബിൽ.

ചെർണോബിൽ. ഡ്രോൺ ദൃശ്യം (Photo: X/@barstoolsports)
ചെർണോബിൽ. ഡ്രോൺ ദൃശ്യം (Photo: X/@barstoolsports)

യുക്രെയ്ൻ സോവിയറ്റ് യൂണിയന്‌റെ ഭാഗമായ റിപ്പബ്ലിക്കായി നിന്ന 1986ലാണു ചെർണോബിൽ വിസ്‌ഫോടനം നടന്നത്. നിരവധി പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ നിന്നുയർന്ന ആണവ അവശിഷ്ടങ്ങളും വികിരണങ്ങളും തലമുറകളുടെ ആരോഗ്യത്തെ ബാധിച്ചു. ചെർണോബിൽ മേഖലയിലെ ഭൂമി പോലും ആണവവസ്തുക്കളാൽ മലീമസമായി. ഇന്നും നൂറു ടണ്ണോളം ഭാരമുള്ള ആണവ അവശിഷ്ടങ്ങൾ റിയാക്ടർ നിലനിന്ന മേഖലയിലുണ്ടെന്നാണു റിപ്പോർട്ട്. ചെർണോബിലിലെ നാലാം റിയാക്ടറിന്റെ ഘടനാപരമായ പാളിച്ചകളും മോശമായ പ്രവർത്തന സംവിധാനങ്ങളുമാണു ദുരന്തത്തിനു വഴിവച്ചത്. തുടർന്ന് ചുറ്റും തഴച്ചുവളർന്ന മരങ്ങളുടെ ഇലകൾ ചുവന്നു. അങ്ങനെയാണു റെഡ് ഫോറസ്റ്റ് എന്ന പേര് ഈ മരക്കൂട്ടത്തിന് ഉണ്ടായത്. അന്ന് രൂപമെടുത്ത വികിരണസ്വഭാവമുള്ള പുകമേഘം യൂറോപ്പിനെ ഒട്ടേറെ ആഴ്ചകളാണ് ഭീതിയിലാഴ്ത്തിയത്.

(Photo: X/@TOPXNews)
(Photo: X/@TOPXNews)

ആണവവികിരണശേഷിയുള്ള വസ്തുക്കൾ പടരുന്നത് തടയാനായി ചെർണോബിലിൽ സുരക്ഷിതമായ ഘടന ഒരുക്കിയിരുന്നു. പത്തുവർഷങ്ങൾക്കു ശേഷം സ്റ്റീലിൽ  ഒരു വമ്പൻ കൺഫൈൻമെന്‌റ് ആർക്കിന്‌റെയും പണി തുടങ്ങി. 2017ലാണ് ഈ ഘടന പൂർത്തിയാക്കിയത്. 170 കോടി ഡോളർ മുടക്കിയാണ് നിർമാണം. ഘട്ടം ഘട്ടമായി ആണവമാലിന്യം നീക്കം ചെയ്യാനും വികിരണഭീഷണി ഒഴിവാക്കാനും ലക്ഷ്യമിട്ടുള്ളതായിരുന്നു ഈ ആർക്ക്. ചുഴലിക്കാറ്റ് ഉണ്ടായാൽ പോലും അതിനെ ചെറുക്കാൻ ശേഷിയുള്ള കരുത്തുറ്റുള്ളതായിരുന്നു ആർക്ക്.  നിലയത്തിൽ പണ്ട് ഉപയോഗിച്ചിരുന്ന ആണവ ഇന്ധന റോഡുകൾ പ്രത്യേകം നിർമിച്ച കൂളന്‌റ് ടാങ്കുകളിലാണു സൂക്ഷിച്ചിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com