ADVERTISEMENT

പൂക്കളും പച്ചപ്പും നിറഞ്ഞ പൂന്തോട്ടങ്ങൾ ആർക്കാണ് സന്തോഷം നൽകാത്തത്. എന്നാൽ ഇതിനു വിപരീതമായി അങ്ങേയറ്റം പേടിയോടെ മാത്രം കടന്നു ചെല്ലേണ്ട ഒരു പൂന്തോട്ടമുണ്ട് ഭൂമിയിൽ. യുകെയിലെ നോർത്തംബർലാൻഡിലുള്ള അനക് ഗാർഡനാണ് (Alnwick Garden) അത്. ഡെയ്ഞ്ചർ സൈൻ പതിപ്പിച്ച ഇരുണ്ട ഗേറ്റിനു പിന്നിലായി വിഷ ലോകമാണ് ഇവിടെ കാത്തിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും അപകടകരമായ പൂന്തോട്ടം എന്ന വിശേഷണവും അനക് ഗാർഡന് ലഭിച്ചിട്ടുണ്ട്.

2005 ൽ സ്ഥാപിതമായ അനക് ഗാർഡനിൽ ലഹരിയും വിഷവും നിറഞ്ഞ സസ്യങ്ങൾ മാത്രമാണുള്ളത്. ഈ ചെടികൾ നിങ്ങളെ കൊന്നേക്കാമെന്ന മുന്നറിയിപ്പോടെയാണ് പൂന്തോട്ടത്തിന്റെ പ്രവേശന കവാടം അതിഥികളെ സ്വാഗതം ചെയ്യുന്നത്. പൂന്തോട്ടത്തിലേക്കു കയറും മുൻപ് എന്തൊക്കെ ശ്രദ്ധിക്കണമെന്ന വ്യക്തമായ നിർദേശങ്ങൾ സന്ദർശകർക്ക് നൽകും. പൂക്കളിലോ ചെടികളിലോ തൊടാനോ  മണപ്പിക്കാനോ രുചിച്ചു നോക്കാനോ പാടില്ലെന്നത് കർശനമാണ്. ലംഘിക്കുന്നവർക്ക് ചിലപ്പോൾ പൂന്തോട്ടത്തിൽനിന്നു ജീവനോടെ പുറത്തേക്കു വരാനാകില്ല.

(Photo: X/@Bandja)
(Photo: X/@Bandja)

നാഡികളെയും ഹൃദയത്തെയും ബാധിക്കുന്ന അക്കോണിറ്റൈൻ എന്ന വിഷമടങ്ങിയ മോങ്ക്സ്‌ഹുഡ് അഥവാ വുൾഫ്‌സ് ബെയ്നാണ് ഇവിടെ നട്ടുവളർത്തിയിരിക്കുന്ന മാരകമായ സസ്യങ്ങളിലൊന്ന്. എന്നാൽ ഇവിടുത്തെ ഏറ്റവും മാരകമായ സസ്യം ഇതല്ല. കാസ്റ്റർ ബീൻ, കാസ്റ്റർ ഓയിൽ പ്ലാന്റ് എന്നീ പേരുകളിൽ അറിയപ്പെടുന്ന റിസിൻ ആണ്. വളരെ ചെറിയ അളവിൽ പോലും മനുഷ്യനെ കൊല്ലാനുള്ള ശേഷി ഉണ്ടെന്നതാണ് ഇതിനെ ഏറ്റവും അപകടകരമാക്കുന്നത്. അതിനാൽ റിസിൻ ലോകത്തിലെ ഏറ്റവും മാരകമായ വിഷച്ചെടിയാണെന്ന് ഗിന്നസ്ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സും സ്ഥിരീകരിച്ചിട്ടുണ്ട്. 

എന്നാൽ അപൂർവ ചെടികൾ മാത്രമല്ല ഈ പൂന്തോട്ടത്തിലുള്ളത്. യുകെയിലെ വനപ്രദേശങ്ങളിൽ സർവസാധാരണമായ പലതും പൂന്തോട്ടത്തിലുണ്ട്. അവയിൽ ഏറിയ പങ്കും വളരെ എളുപ്പം നട്ടു പിടിപ്പിക്കാവുന്നവയുമാണ്. അക്കൂട്ടത്തിൽ തന്നെ റോഡോഡെൻഡ്രോണുകൾ പോലെയുള്ളവ ആളുകൾ വീട്ടുമുറ്റങ്ങളിൽ വളർത്താറുണ്ട്. എന്നാൽ വിഷത്തിന്റെ കാര്യത്തിൽ ഇവ പിന്നിലല്ല. ഏതെങ്കിലും തരത്തിൽ ഇതിന്റെ ഭാഗങ്ങൾ അകത്തു ചെന്നാൽ നാഡീവ്യവസ്ഥ താറുമാറാകും. വിഷത്തിന്റെ കാര്യത്തിൽ യുകെയിൽ രണ്ടാം സ്ഥാനത്തുള്ള ലാബർണം, ഹൃദയം നിലയ്ക്കത്തക്കവിധം മാരകമായ വിഷം വേരുകളിൽ സൂക്ഷിക്കുന്ന ഹെല്ലെബോർ എന്ന ചെടി തുടങ്ങിയവയൊക്കെ ഇവിടെ കാണാം. വെട്ടിയൊതുക്കുന്ന സമയത്ത് സയനൈഡ് വാതകം പുറന്തള്ളുന്ന ഇംഗ്ലിഷ് ലോറൽ എന്ന വിഷച്ചെടിയാണ് മറ്റൊരു കാഴ്ച.

വിഷത്തിന്റെ പേരിലാണ് ഇവിടുത്തെ സസ്യങ്ങൾ അറിയപ്പെടുന്നതെങ്കിലും അവയിൽ ചിലത് മനുഷ്യന്റെ ജീവൻ രക്ഷിക്കത്തക്ക ഔഷധഗുണമുള്ളവ കൂടിയാണ്. സ്തനാർബുദത്തിനുള്ള മരുന്നായി ഉപയോഗിക്കുന്ന യു ചെടിയും ഔഷധ മൂല്യമുള്ള പെരിവിങ്കൾ ചെടിയും ഉദാഹരണമായി എടുക്കാം. ഇവയിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങൾ മാരകമാണെങ്കിലും അവ വേർതിരിച്ചെടുത്ത് കൃത്യമായി കൈകാര്യം ചെയ്താൽ മരുന്നുകളായി ഉപയോഗിക്കാം. ഈ കാരണങ്ങൾകൊണ്ട് അനക് ഗാർഡൻ ഡ്രഗ്സ് എജ്യുക്കേഷൻ പ്രോഗ്രാമിന്റെ ഭാഗമായും പ്രവർത്തിക്കുന്നുണ്ട്. 

(Photo: X/@Bandja)
(Photo: X/@Bandja)

പ്രത്യേക ശ്രദ്ധയോടെയാണ് പൂന്തോട്ടത്തിലെ ജീവനക്കാർ വിഷച്ചെടികളെ പരിപാലിക്കുന്നത്. ചെടികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നതും ശ്രദ്ധാപൂർവം കൈകാര്യം ചെയ്യുന്നതും അവയുടെ എണ്ണം തിട്ടപ്പെടുത്തി റിപ്പോർട്ട് സമർപ്പിക്കുന്നതും ജീവനക്കാരുടെ ചുമതലയാണ്. കൂടാതെ എല്ലാ സീസണുകളുടെയും അവസാനത്തിൽ ചെടികൾ നശിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com