ADVERTISEMENT

ഈനാംപേച്ചി, ഈനാംപേച്ചി എന്ന പേര് കേട്ടിട്ടുണ്ടോ?

ഈനാംപേച്ചിയെന്ന പേര് കേൾക്കാത്തവർ അപൂർവമാണ്, പലപ്പോഴും സംസാരഭാഷയിലും ഈ പേര് കടന്നുവരാറുണ്ട്. എന്നാൽ അപൂർവമായി മാത്രമാണ് ഇവ കേരളത്തിൽ കാണപ്പെടുന്നത്. കേരളത്തിൽ മാത്രമല്ല പലയിടങ്ങളിലും ഇതുതന്നെ സ്ഥിതി. വളരെ അപൂർവമായി മാത്രം അറിയപ്പെടുന്ന ജീവിയാണ് ഈനാംപേച്ചി. എന്നാൽ ഇതേ സമയം തന്നെ ലോകത്ത് ഏറ്റവും ചൂഷണം ചെയ്യപ്പെടുന്ന ജീവിയും ഈനാംപേച്ചിയാണ്. അനധികൃത വേട്ട, കള്ളക്കടത്ത്, കരിഞ്ചന്ത മാഫിയകളുടെയൊക്കെ ഇരയാണ് Manis Crassicaudata എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന ഈനാംപേച്ചി.

കഴിഞ്ഞ ഒരു പതിറ്റാണ്ടിൽ പത്തുലക്ഷത്തിലേറെ ഈനാംപേച്ചികൾ മാഫിയകളുടെ ദുഷ്പ്രവൃത്തികളുടെ ഫലമായി കൊല്ലപ്പെട്ടെന്നു കണക്കുണ്ട്. ആഫ്രിക്കയിലും ഏഷ്യയിലും കാണപ്പെടുന്ന എട്ടിനം ഈനാംപേച്ചികളിൽ എല്ലാം തന്നെ വംശനാശഭീഷണി നേരിടുന്നു. ഇതിൽ ചൈനീസ് ഈനാംപേച്ചിയും സുന്ദ  ഈനാംപേച്ചിയും ‘ഗുരുതര ഭീഷണി’ നേരിടുന്നുണ്ട്. 

ഏഷ്യയിലും ആഫ്രിക്കയിലും മാത്രം കാണുന്ന ഉറുമ്പുതീനിയെന്നും അളുങ്ക് എന്നും അറിയപ്പെടുന്ന ഈ ജീവി ദക്ഷിണേന്ത്യൻ കാടുകളിൽ ഒട്ടേറെ കണ്ടുവന്നിരുന്നു.പല്ലില്ലാത്ത ജീവിയായതിനാൽ നാക്കുപയോഗിച്ചാണു ഭക്ഷണം കഴിക്കുന്നത്. നീറ് എന്നറിയപ്പെടുന്ന പുളിയുറുമ്പാണ് ഇഷ്‌ടഭക്ഷണം. കുഴിയുണ്ടാക്കി ഭൂനിരപ്പിൽനിന്ന് നാലടി മുതൽ എട്ടടി വരെ ആഴത്തിലാണ് ഈനാംപേച്ചി താമസിക്കുന്നത്. 2014ൽ ഫുട്ബോൾ വേൾഡ്കപ്പ് നോർമൻ എന്ന ഈനാംപേച്ചി പ്രവചിച്ചത് വളരെ ശ്രദ്ധനേടിയിരുന്നു. ഇംഗ്ലിഷിൽ പാംഗൊലിൻ എന്ന് ഇവ അറിയപ്പെടുന്നു.

അകമല അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി ഓഫിസ് കം ക്ലിനിക്കിൽ വെറ്ററിനറി അധികൃതരുടെ പരിചരണത്തിൽ കഴിയുന്ന ഈനാംപേച്ചി.
അകമല അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി ഓഫിസ് കം ക്ലിനിക്കിൽ വെറ്ററിനറി അധികൃതരുടെ പരിചരണത്തിൽ കഴിയുന്ന ഈനാംപേച്ചി.

ഈനാംപേച്ചികളിൽ ഒരിനമൊഴിച്ച് ബാക്കിയെല്ലാം രാത്രിയിലാണ് ഇര തേടാൻ ഇറങ്ങുക. ശത്രുക്കൾ ആക്രമിക്കുമ്പോൾ പ്രതിരോധത്തിനായി  ഇവ ചുരുണ്ടുകൂടാറുണ്ട്. ഇന്ത്യയിലുള്ള ഈനാംപേച്ചികൾ ഇന്ത്യൻ പാംഗൊലിൻ എന്നറിയപ്പെടുന്നു. ഉറുമ്പുതീനി, ആർമഡില്ലോ തുടങ്ങിയ ജീവികളുമായി ഇവയ്ക്ക് ആകാരപരമായി സാമ്യമുണ്ടെങ്കിലും കീരിയാണ് ഇവയുമായി അടുത്ത ജനിതകബന്ധം പുലർത്തുന്ന ജീവി.

ഏറ്റവുമധികം ഈനാംപേച്ചികളുള്ള ഭൂഖണ്ഡം ആഫ്രിക്കയാണ്. ഇവയെ തദ്ദേശീയ മരുന്നുകൾക്കായി വിയറ്റ്നാം, ചൈന രാജ്യങ്ങളിൽ ഉപയോഗിക്കുന്നു. അതിനാൽ തന്നെ കാണ്ടാമൃഗങ്ങളുടെ കാര്യത്തിലുള്ളതു പോലെ ഒരു വലിയ കള്ളക്കടത്ത് ശൃംഖല ആഗോളതലത്തിലുണ്ട്. ഈനാംപേച്ചിയുടെ ശൽക്കങ്ങൾ അനധികൃതമായി വിൽക്കുന്നവരുണ്ട്. മരുന്നിനാണ് ഇത് ഉപയോഗിക്കുന്നതെന്നാണ് ഇവർ പറയുന്നത്. 

Read Also: അഞ്ച് നൂറ്റാണ്ട് ജീവിച്ച അദ്ഭുതജീവി! കണ്ടെത്തിയത് ഉത്തരധ്രുവ മേഖലയിൽ നിന്ന്

കാഴ്ചശക്തി കുറഞ്ഞ ഈ ജീവികൾക്ക് കേൾവിശക്തിയും മണം പിടിക്കാനുള്ള കഴിവും അപാരമായുണ്ട്. ശരീരമാകെ മൂടുന്ന ശൽക്കങ്ങളുള്ള ഒരേയൊരു സസ്തനിയാണ് ഈനാംപേച്ചി. ഇവയുടെ മാംസം വിയറ്റ്നാമിൽ ഭക്ഷിക്കുന്നവരുണ്ട്. പക്ഷേ രാജ്യാന്തരതലത്തിൽ വിപണനം നിരോധിച്ചിട്ടുള്ളതിനാൽ രഹസ്യമായാണു വിൽപന. ഈനാംപേച്ചിയുടെ ശൽ‌ക്കങ്ങൾ ഉപയോഗിച്ച് തയാർ ചെയ്യുന്ന മരുന്നുകൾ മട്ടി, ജൂജു തുടങ്ങിയ പേരുകളിലാണ് വിൽക്കുന്നത്. എന്നാൽ പലജീവികളെയും പൊതിഞ്ഞുനിൽക്കുന്ന അന്ധവിശ്വാസം എന്നതിനപ്പുറം ഈ ഔഷധങ്ങളുടെയൊന്നും ഫലപ്രാപ്തി ഇതുവരെ ശാസ്ത്രീയമായി തെളിയിച്ചിട്ടില്ല.

Illegal trade in pangolins keeps growing

പാംഗൊലിനുകൾ വൻതോതിൽ നശീകരണം നേരിടുകയാണ്. കൃത്യമായ കണക്കും മറ്റും ശേഖരിക്കാൻ പോലും ഗവേഷകർ പ്രതിസന്ധി നേരിടുന്നുണ്ട്. ഇവയുടെ ശൽക്കങ്ങൾക്കും ശരീരഭാഗങ്ങൾക്കും വിപണിയിലുള്ള ഉയർന്ന വിലയാണ് ഈ വേട്ടയാടലിനു പിന്നിലുള്ള പ്രധാന കാരണങ്ങളിലൊന്ന്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com