ADVERTISEMENT

നീരാളിയെ പലരും നേരിട്ടു കണ്ടിട്ടില്ലെങ്കിലും കഥകളിലൂടെയും സിനിമകളിലൂടെയുമൊക്കെ ഇവ വളരെ പ്രശസ്തമാണ്. പല പേടിപ്പിക്കുന്ന കഥകളിലെ സാന്നിധ്യമാണ് എട്ടു കൈകളുള്ള ഈ വിചിത്രജീവികൾ. ഇക്കൂട്ടത്തിൽ കണ്ണാടി പോലെ ശരീരമുള്ള നീരാളികളുണ്ട്. ഗ്ലാസ് നീരാളി എന്നറിയപ്പെടുന്ന ഇത്തരത്തിലൊന്നിന്റെ ആഴക്കടലിൽ നിന്നുള്ള വിഡിയോ ദിവസങ്ങൾക്ക് മുൻപ് സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുകയും വൈറലാകുകയും ചെയ്തു.

ഇതിനു മുൻപ് പസിഫിക് സമുദ്രത്തിൽ നിന്ന്  പ്രശസ്തമായ ഷ്മിറ്റ് ഓഷ്യൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകർ ഗ്ലാസ് നീരാളിയെ കണ്ടെത്തിയിരുന്നു. പസിഫിക് മഹാസമുദ്രത്തിൽ കിരിബാറ്റിക്കു കിഴക്കായുള്ള ജനവാസമില്ലാത്ത ഫീനിക്‌സ് ദ്വീപുകൾക്കു സമീപം സുബാസ്റ്റ്യൻ എന്നു പേരുള്ള തങ്ങളുടെ റോബട്ടിക് ക്യാമറ ഇറക്കിയാണ് ഇൻസ്റ്റിറ്റ്യൂട്ട് പരീക്ഷണം നടത്തിയത്. എന്നാൽ റോബട്ടിൽ നിന്നുള്ള വിഡിയോ ഫീഡ് പരിശോധിച്ച ശാസ്ത്രജ്ഞർ ഞെട്ടിപ്പോയി. ആ വിഡിയോയിൽ സമുദ്രത്തിലെ അത്യപൂർവ കാഴ്ചയായ ഗ്ലാസ് നീരാളി തെന്നിത്തെന്നി നീന്തുന്നതായി അവർ അറിഞ്ഞു.

സുതാര്യമായ ശരീരമുള്ള ഗ്ലാസ് നീരാളികളെപ്പറ്റി 1918 മുതൽ തന്നെ ശാസ്ത്രലോകത്തിന് അറിയാം. വിട്രെലി ഡോണെല്ല റിച്ചാർഡി എന്നാണ് ഇവയുടെ ശാസ്ത്രീയനാമം. എന്നാൽ സമുദ്രത്തിന്റെ ആഴങ്ങളിൽ ജീവിക്കുന്നതിനാൽ ഇവയെ ജീവനോടെ കണ്ടെത്തുന്നതും പഠനങ്ങൾ നടത്തുന്നതും വളരെ ശ്രമകരമാണ്. ചില സ്രാവുകളുടെയും തിമിംഗലങ്ങളുടെയുമൊക്കെ വയറ്റിൽ നിന്നാണ് ഇവയുടെ ശരീരഭാഗങ്ങൾ ലഭിച്ചിട്ടുള്ളത്.

Read Also: കണവയുടെ വയറ്റിൽനിന്നു ബോംബ്! 1000 നാണയങ്ങൾ വിഴുങ്ങിയ ആമ.

കണ്ണുകളും ദഹനവ്യവസ്ഥയിലെ അവയവങ്ങളുമൊഴിച്ചാൽ തീർത്തും സുതാര്യമാണ് ഇവയുടെ ദേഹം. തീർത്തും സുതാര്യമായ ഒരു ഗ്ലാസ് പാത്രം വെള്ളത്തിലൂടെ പോകുന്നതുപോലെ തോന്നും ഇവയുടെ യാത്ര കണ്ടാൽ. 

സമുദ്രനിരപ്പിൽ നിന്ന് 3280 മുതൽ 9800 അടി വരെ താഴെയായിട്ടാണ് ഇവ അധിവസിക്കുന്നത്. അര മീറ്റർ വരെ നീളം ഇവയ്ക്കു വരാം. മറ്റു നീരാളികളെ പോലെ തന്നെ ആറു കൈകൾ ഇവയ്ക്കുണ്ട്. സുതാര്യമായ ശരീരം വേട്ടക്കാരായ സ്രാവുകളുടെയും മറ്റു വലിയ മത്സ്യങ്ങളുടെയും തിമിംഗലത്തിന്റെയും ശ്രദ്ധയിൽ നിന്ന് ഇവയെ രക്ഷിക്കും. കൊഞ്ചുകൾ, വിരകൾ, ചില കക്കകൾ എന്നിവയൊക്കെയാണ് ഇവയുടെ ആഹാരം, പ്രജനനം മുട്ടയിട്ടും.

ജന്തുലോകത്തിൽ സുതാര്യമായ അദ്ഭുത ജീവികളുണ്ട്. സമുദ്രങ്ങളിലും ആകാശത്തും കരയിലും നമുക്കിവയെ കാണാം. ഗ്ലാസ് വിങ്ഡ് ബട്ടർഫ്ലൈ എന്ന പൂമ്പാറ്റയുടെ ചിറകുകൾ ഏകദേശം ഗ്ലാസ് പോലെ സുതാര്യമാണ്. മധ്യ അമേരിക്കയിലാണ് ഇവ കാണപ്പെടുന്നത്. സമുദ്രത്തിൽ വേറെയും സുതാര്യ മത്സ്യങ്ങൾ ധാരാളമായുണ്ട്. യൂറോപ്യൻ ഈലിന്റെ ലാർവ, ചിലയിനം ഒച്ചുകൾ, ജെല്ലിഫിഷ്, ഗോസ്റ്റ് ഷ്രിംപ് എന്ന കൊഞ്ച് തുടങ്ങിയവയൊക്കെ സുതാര്യ ദേഹമുള്ളവരാണ്. ആഴക്കടലിലെ ഭീകരൻ മത്സ്യമായ ആംഗ്ലർഫിഷിനും സുതാര്യമായ ദേഹത്തോടെ ഒരു വകഭേദമുണ്ട്.

English Summary:

A ghostly vision: Scientists capture rare footage of the Glass Octopus

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com