ADVERTISEMENT

ഇന്ന് ലോകജലദിനം. സമാധാനത്തിനു വേണ്ടി ജലത്തെ ഉപയോഗിക്കുകയെന്നതാണ് ദിനാചരണ വിഷയം. ഒരിക്കൽ ലോകം എണ്ണയ്ക്കും പിന്നെ സ്വർണത്തിനും വേണ്ടി ഒക്കെയും കലഹിക്കുകയും പരസ്പരം പോരാടുകയും ചെയ്തിരുന്നുവെങ്കിൽ അടുത്ത യുദ്ധം ജലത്തിന്റെ പേരിൽ ആകുമോ? വർഷങ്ങൾക്ക് മുൻപ്, 1995 ൽ ലോക ബാങ്ക് വൈസ് പ്രസിഡന്റ് ഡോ. ഇസ്മെയിൽ സെറഡിൽ ഇങ്ങനെ ഒരു ആശങ്ക പ്രകടിപ്പിച്ചത് നമ്മുടെ മുന്നിലുണ്ട്. വെള്ളത്തിൽനിന്ന് ഹൈഡ്രജനെ വേർതിരിച്ചെടുത്ത് ഇന്ധനമായി ഉപയോഗിക്കുന്ന സാങ്കേതികവിദ്യ വികസിപ്പിച്ചു കഴിഞ്ഞു. പെട്രോളിയം ഉൽപന്നങ്ങളുടെ കാലം കഴിയാറായി. വെള്ളമാകുമോ അടുത്ത വ്യാപാരവസ്തു? കടലിലെ ജലം ശുദ്ധീകരിക്കുവാനുള്ള ചെലവ‌ു കുറഞ്ഞ സാങ്കേതിക രീതികളും കണ്ടുപിടിച്ചു വരികയാണ്. ഇതെല്ലാം യാഥാർഥ്യമാകുമ്പോൾ ജലാധിഷ്ഠിത വ്യവസായത്തിന്റെ കാലമായിരിക്കും വരുന്നത്. നിലവിൽ സംസ്ഥാനത്തുതന്നെ 250 അധികം കുപ്പിവെള്ള കമ്പനികൾ കുടിവെള്ള വിതരണം ചെയ്യുന്നുണ്ട്.

ലോകമാകെ ജല വ്യവസായം അനുദിനം വർധിച്ചു വരികയാണ്. ഓരോ വസ്തുവും ഉൽപാദിപ്പിക്കുന്നതിനും വിവിധ കാർഷിക വിളകൾക്കും എത്ര വെള്ളം വേണമെന്ന് കണക്കാക്കാവുന്ന കൽപിതജല (Virtual Water) കാഴ്ചപ്പാട് ശാസ്ത്രീയമായി വികസിപ്പിച്ചെടുത്തിട്ടുണ്ട്. കൽപിതജല വ്യവസായവും ഇറക്കുമതി കയറ്റുമതി നയങ്ങളും മാറുകയാണ്. ഓരോ രാജ്യവും കൽപിതജല സൂചിക തയ്യാറാക്കി അതിന് അനുസരിച്ചുള്ള വ്യവസായിക കാർഷിക പരിപാടികൾ നടപ്പിലാക്കണമെന്നാണ് പുതിയ കാഴ്ചപ്പാട്. ഇതിനനുസരിച്ചുള്ള വ്യാപാര കരാറുകളും ചട്ടങ്ങളും രൂപപ്പെടുത്തുന്നുണ്ട്.

ernakulam-drinking-water-tank

ഇതുവരെ നാം മനസ്സിലാക്കിയിരുന്നത് ജലം ഒരു പുനരുജ്ജീവന (Renewable) സ്രോതസ്സ് ആണെന്നാണ്. 2010 ൽ പീറ്റർ ഗ്ലൈയ്ക്ക്, മീനാ പളനിയപ്പൻ എന്നിവർ‌ നടത്തിയ പഠനം അനുസരിച്ച് മൂർദ്ധന്യജലം (PeakWater) എന്നൊരു രീതിയിലേക്ക് ജലസ്രോതസ്സിനെ കാണേണ്ടതാണ്. അമിതമായ ഭൂജല ചൂഷണമുൾപ്പെടെ നടത്തുന്നതുകൊണ്ട് ഒരോ പ്രദേശത്തെയും ജല ധൃതങ്ങളിൽ (Water Aquifer) വെള്ളം ഇല്ലാതായാൽ പിന്നെ ജല പുനരുജ്ജീവനം സാധ്യമാകില്ല. പുനരുജീവിപ്പിക്കുവാൻ കഴിയുന്നതും കഴിയാത്തതുമായ ജലസ്രോതസ്സ് ഉണ്ടെന്നാണ് പുതിയ നിഗമനം. അങ്ങനെ വന്നാൽ ഭൂമിയിൽ സമ്പൂർണമായി ജലം ഇല്ലാത്ത സ്ഥലങ്ങളും രൂപപ്പെട്ടേക്കാം.

ജലകരാർ ലംഘനങ്ങളും സംഘർഷങ്ങളും ലോകമാകെ നടക്കുകയാണ്. യൂഫ്രട്ടീസ്, ടൈഗ്രീസ് നദികളിലെ ജലം പങ്കിടുന്നതിന് വേണ്ടി നടന്ന പോരാട്ടങ്ങൾ അനവധിയാണ്. തമിഴ്നാട്, കർണാടകം, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിൽ കാവേരി, പെരിയാർ നദികളിലെ ജല തർക്കങ്ങളും മുന്നിലുണ്ട്. മുല്ലപ്പെരിയാർ ഡാം രണ്ട് സംസ്ഥാനങ്ങളുടെ ഉറക്കം കെടുത്തിയിട്ട് വർഷങ്ങളായി.

Representative image. Photo Credits:: : Phichaklim1/ istock.com
Representative image. Photo Credits:: : Phichaklim1/ istock.com

ലോകത്ത് മൂന്നിൽ ഒന്നു ജനവിഭാഗങ്ങൾക്ക് ശുദ്ധജലം കിട്ടാക്കനിയാണ്. ആഫ്രിക്കൻ രാജ്യങ്ങൾ, ഏഷ്യയിലെ വിവിധ രാജ്യങ്ങൾ എന്നിവിടങ്ങളിലെ ബഹുഭൂരിപക്ഷത്തിനും ശുദ്ധജലവും വൃത്തിയുള്ള ശുചിത്വ സൗകര്യങ്ങളും അപ്രാപ്തമാണ്. ജലമലിനീകരണം വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഭൂഗർഭജല ചൂഷണത്തിന്റെ ഫലമായി ഭൂജലവിതാനം ക്രമാതീതമായി കുറയുന്നതും നല്ല ലക്ഷണമല്ല. ഉപരിതല ജലസ്രോതസ്സുകളായ നദികൾ, പുഴകൾ, കുളങ്ങൾ, അരുവികൾ, തോടുകൾ എന്നിവയെല്ലാം നാശത്തിന്റെ വഴിയിലാണ്. ജലസ്രോതസ്സുകൾ വ്യാപകമായി നശിപ്പിക്കപ്പെടുന്നതും മലിനമാക്കുന്നതും വലിയ പ്രതിസന്ധികളാണ് സൃഷ്ടിക്കുന്നത്. 

പാലക്കാട് മലമ്പുഴ ഡാം പരിസരത്തെ കൊല്ലങ്കുന്ന് കോളനിക്കാരുടെ ദുരിതചിത്രമാണിത്. ഡാം അധീന പ്രദേശമായിട്ടും ഇവിടെ ശുദ്ധജലക്ഷാമം രൂക്ഷമാണ്. പുഴയിൽ കുഴികുത്തിയാണ് ഇവിടെയുള്ളവർ ജലം ശേഖരിക്കുന്നത്.          ചിത്രം: സിബു ഭുവനേന്ദ്രൻ ∙ മനോരമ
പാലക്കാട് മലമ്പുഴ ഡാം പരിസരത്തെ കൊല്ലങ്കുന്ന് കോളനിക്കാരുടെ ദുരിതചിത്രമാണിത്. ഡാം അധീന പ്രദേശമായിട്ടും ഇവിടെ ശുദ്ധജലക്ഷാമം രൂക്ഷമാണ്. പുഴയിൽ കുഴികുത്തിയാണ് ഇവിടെയുള്ളവർ ജലം ശേഖരിക്കുന്നത്. ചിത്രം: സിബു ഭുവനേന്ദ്രൻ ∙ മനോരമ

കുടിവെള്ള, ജലസേചന, ജലവിതരണ പദ്ധതികളെല്ലാം സ്വകാര്യവൽക്കരിക്കപ്പെടുകയാണ്. പ്രകൃതിയുടെ ഭാഗമായിരുന്ന ജലത്തെ കാലാന്തരത്തിൽ ഒരു ആസ്തി (Asset ) ആയി കണക്കാക്കി. 1972 അയർലൻഡിലെ ഡബ്ലിനിലെ സമ്മേളനത്തെ തുടർന്ന്, ജലത്തെ ഒരു സാമ്പത്തിക ചരക്കായി (Economic good) കണക്കാക്കണമെന്ന് പ്രഖ്യാപനം ഉണ്ടായി. ജലത്തിന് വിലയിടണമെന്നും സൗജന്യ വിതരണമുൾപ്പെടെ നിർത്തണമെന്നും പ്രസ്തുത സമ്മേളനം ആഹ്വാനം  ചെയ്തു. സർക്കാരുകൾ ജലവിതരണം നടത്തേണ്ട കാര്യമില്ലെന്നും പകരം സർക്കാരുകൾ ഫെസിലിറ്റേറ്റിന്റെ റോളിലേക്ക് മാറുകയും ജനകീയ സമിതികളും സന്നദ്ധ സംഘടനകളും സ്വകാര്യ സംരംഭകരും ജല പദ്ധതികൾ നടപ്പിലാക്കണമെന്നുമുള്ള നിലയിലാണ് കാര്യങ്ങൾ നീങ്ങുന്നത്.

വെള്ളം വെള്ളം സർവത്ര, തുള്ളി കുടിപ്പാൻ ഇല്ലത്രേ എന്ന് ആംഗലേയ കവി സാമുവൽ കോൾറിഡ്ജ് പാടിയത് യാഥാർഥ്യമാകുമോ? ജലാവശ്യങ്ങൾ വർദ്ധിക്കുകയും ജലമേഖലയിൽ കൂടുതൽ സമ്മർദ്ദം ഉണ്ടാവുകയും ചെയ്യുമ്പോൾ കാര്യങ്ങൾ സുഖകരമല്ല. ഒരു വശത്തെ പ്രകൃതിദത്ത ജലസ്രോതസ്സുകളായ കാടുകൾ, കുളങ്ങൾ, കാവുകൾ, നദികൾ, തണ്ണീർത്തടങ്ങൾ എന്നിവ കുറഞ്ഞു വരികയാണ്. വ്യവസായിക, ഇലക്ട്രോണിക് ഘടകങ്ങളുൾപ്പെടെ ധാരാളം ജലം ആവശ്യമായി വരുന്നുണ്ട്.

(Photo by Idrees MOHAMMED / AFP)
(Photo by Idrees MOHAMMED / AFP)

കുടിവെള്ളത്തിനുൾപ്പെടെയുള്ള ജലദാരിദ്ര്യം കൺമുന്നിലെ യാഥാർഥ്യമാണ്. ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണും ബെംഗളൂരുവുമെല്ലാം ജലക്ഷാമത്തിന്റെ കഥ പറയുമ്പോൾ ചെന്നൈ ഉൾപ്പെടെ വെള്ളപ്പൊക്കത്തിന്റെയും പ്രളയത്തിന്റെയും കാര്യങ്ങളാണ് സൂചിപ്പിക്കുന്നത്. ലോകമാകെ ജലപ്രതിസന്ധി വിവിധ രൂപത്തിൽ കാണാവുന്നതാണ്. 2001ൽ, ഐക്യരാഷ്ട്ര സംഘടനയുടെ ജനറല‍ൽ സെക്രട്ടറി കോഫി അന്നൻ പറഞ്ഞതനുസരിച്ച് മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലെ സംഘർഷങ്ങൾ രാഷ്ട്രീയകാരണങ്ങളാൽ ആയിരിക്കില്ല. പകരം ജലമായിരിക്കും യുദ്ധത്തിന്റെ അടിസ്ഥാനം. ജലസംഘർഷങ്ങൾക്ക് 4500 വർഷം മുൻപ് മുതലുള്ള ചരിത്രം പറയാനുണ്ട്.  1960 കളിൽ തുടങ്ങിയ സിറിയ തുർക്കി, ഇറാൻ എന്നിവർ തമ്മിലുള്ള ജല തർക്കങ്ങൾ വളരെ വലുതാണ്.

മണിമലയാറ്റിൽ നിന്ന് കുടിവെള്ളം ശേഖരിക്കുന്ന മങ്കൊമ്പ് അറുപതിൻചിറ കോളനി നിവാസി.
                                                    ചിത്രം∙മനോരമ
മണിമലയാറ്റിൽ നിന്ന് കുടിവെള്ളം ശേഖരിക്കുന്ന മങ്കൊമ്പ് അറുപതിൻചിറ കോളനി നിവാസി. ചിത്രം∙മനോരമ

ജലക്ഷാമം ഏറ്റവും വലിയ തോതിൽ ബാധിക്കുന്നത് സ്ത്രീകളെയും കുട്ടികളെയും പാവങ്ങളെയും ആണ്. ജലജന്യ രോഗങ്ങളും ഭക്ഷ്യക്ഷാമവുമെല്ലാം ജല ദാരിദ്ര്യത്തിന്റെ സന്തതസഹചാരികൾ ആണ്. ജലമാണ് ജീവൻ, ജീവിതവും. ഇല്ലാതാവുകയും മലിനപ്പെടുകയും ചെയ്യുന്ന ജലസ്രോതസ്സുകളുടെ പേരിൽ ഇനിയെത്ര സംഘർഷങ്ങളാണ് വരാനിരിക്കുന്നത്. കിണറുകളുടെയും പൈപ്പിൻ മൂടുകളുടെയും സമീപത്തുനിന്നും തുടങ്ങി ആഗോള സംഘർഷങ്ങളും യുദ്ധങ്ങളും വരെ രൂപപ്പെടാൻ ജലം കാരണമാകുമോ. സംഘർഷത്തിന്റെ പുതിയ ലോകത്ത് ജലസമാധാനത്തിന്റെ നാളുകൾക്ക് വേണ്ടിയുള്ള ശ്രമങ്ങൾ എല്ലാ ഭാഗത്തുനിന്നും ഉണ്ടാകണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com