കരുതും പോലെ എലികൾ അത്ര പ്രശ്നക്കാരല്ല; നിങ്ങൾ അറിയാത്ത ചില കാര്യങ്ങളുണ്ട്
Mail This Article
ഭൂമിയിലെ ജീവജാലങ്ങളിൽ അത്രയധികം ആരാധകരൊന്നുമില്ലാത്തവയാണ് എലികൾ. എന്നുമാത്രമല്ല, ജനവാസ മേഖലകളിൽ അവയെ കണ്ടെത്തിയാൽ എത്രയും വേഗം തുരത്താൻ ഭരണകൂടങ്ങൾ തന്നെ നടപടികളെടുക്കാറുമുണ്ട്. രോഗങ്ങൾ പരത്തുന്നതിന് പേരുകേട്ട എലികളെ പൊതുവേ ഭീകരന്മാരായാണ് മനുഷ്യർ കാണുന്നതെങ്കിലും അവയെക്കുറിച്ചുള്ള ഈ കാഴ്ചപ്പാടുകളിൽ മാറ്റം വരുത്താൻ വർഷത്തിൽ ഒരു ദിവസം എലികൾക്കായി നീക്കിവച്ചിട്ടുണ്ട്. അതാണ് ലോക എലി ദിനം. എലികളുടെ ചീത്തപ്പേരു മാറ്റാനായി എല്ലാവർഷവും ഏപ്രിൽ നാലിനാണ് എലി ദിനം ആചരിക്കപ്പെടുന്നത്.
ഭക്ഷണസാധനങ്ങൾ മോഷ്ടിക്കുന്നതിന്റെയും പ്ലേഗ് പോലെയുള്ള രോഗങ്ങൾ പരത്തുന്നതിന്റെയും പേരിലാണ് അറിയപ്പെടുന്നതെങ്കിലും പല അദ്ഭുതകരമായ കഴിവുകളും ഗുണങ്ങളും ഉള്ളവയാണ് എലികൾ. അവയെ അരുമ മൃഗങ്ങളായി വളർത്തുന്നവർക്കു മാത്രമായിരിക്കും ഒരുപക്ഷേ അവയുടെ ബുദ്ധിസാമർഥ്യത്തെക്കുറിച്ച് തിരിച്ചറിവുള്ളത്. മറ്റു ജീവജാലങ്ങളെപ്പോലെ എലികളും സ്നേഹവും പരിചരണവും അർഹിക്കുന്നുണ്ട് എന്ന തോന്നലിൽ 2002 ലാണ് ഒരുപറ്റം മൃഗസ്നേഹികൾ എലികൾക്കായി ഒരു ദിനം മാറ്റിവയ്ക്കാനുള്ള നീക്കങ്ങൾക്ക് തുടക്കം കുറിച്ചത്.
ഇന്ന് ഭൂമിയിലുള്ള ഏറ്റവും പ്രായം ചെന്ന സസ്തനികളിൽ ഒന്നാണ് എലികൾ. ദിനോസറുകളുടെ കാലം മുതൽ അവ ഇവിടെയുണ്ട്. അതായത് നമുക്കു മുൻപേ ഭൂമിയിൽ ഇടം നേടിയ വർഗമാണ് എലികളുടേത്. മനുഷ്യരാശിയുടെ ഉത്ഭവവും കടന്നുവന്ന നാൾവഴികളും മുതൽ ഇന്നുവരെയുള്ള എല്ലാ കയറ്റിറക്കങ്ങൾക്കും സാക്ഷ്യം വഹിച്ച എലി വർഗ്ഗം ഒരുപക്ഷേ മനുഷ്യൻ ഭൂമിയിൽനിന്ന് അപ്രത്യക്ഷമായാലും ഇവിടെത്തന്നെ ഉണ്ടാവും.
എലികളെക്കുറിച്ച് പൊതുവേ അറിയാത്ത ചില കാര്യങ്ങൾ നോക്കാം:
• ഒരു മുൻ പരിചയവും ഇല്ലെങ്കിലും മറ്റൊരു എലി അപകടത്തിൽപ്പെട്ടതു കണ്ടാൽ ആവുംവിധം സഹായം ചെയ്യുന്ന പരോപകാരികളാണ് ഇവ. സ്വന്തം ഭക്ഷണം പങ്കിടാൻ പോലും എലി തയാറാവും.
• പൊതുവേ എലികളുള്ള ഇടങ്ങൾ വൃത്തിഹീനമാണെന്ന് പറയപ്പെടാറുണ്ടെങ്കിലും സ്വയം വൃത്തിയാക്കുന്ന കാര്യത്തിൽ എലികൾ മുൻപന്മാരാണ്. ദിവസത്തിന്റെ വലിയൊരു ഭാഗം സ്വയം വൃത്തിയാക്കാനായി അവ നീക്കി വയ്ക്കാറുണ്ട്. വലിയ വൃത്തിക്കാരെന്ന് പൂച്ചകളെ വിശേഷിപ്പിക്കുമ്പോൾ അതിനേക്കാൾ കൂടുതൽ വൃത്തിയുള്ളവയാണ് പൂച്ചകളുടെ ബദ്ധ ശത്രുക്കളായ എലികൾ.
• എലികളുടെ ഗന്ധം എന്ന് കേൾക്കുമ്പോൾത്തന്നെ അവ എവിടെയെങ്കിലും ചത്ത് അഴുകിയ നിലയിൽ കിടക്കുന്ന അവസ്ഥയാവും ഓർമ വരുന്നത്. എന്നാൽ ജീവനുള്ള എലികൾക്ക് പൊതുവേ അത്ര ദുർഗന്ധമില്ല എന്നു മാത്രമല്ല വൃത്തഹീനമായ പരിസരത്തല്ല കഴിയുന്നതെങ്കിൽ അവയുടെ ശരീരത്തിൽ സ്വാഭാവിക സുഗന്ധം നിലനിൽക്കുകയും ചെയ്യും.
• കൂട്ടുകൂടി നടക്കാൻ വളരെയധികം ഇഷ്ടപ്പെടുന്നവയാണ് എലികൾ. ഏറെനേരം ഒറ്റയ്ക്കു കഴിയേണ്ട സാഹചര്യമുണ്ടെങ്കിൽ അവയ്ക്ക് ഭയവും ഉത്കണ്ഠയും മാനസിക പിരിമുറുക്കവും ഉണ്ടാകും.
• ഒരിക്കൽ കണ്ട മനുഷ്യരെയും മറ്റ് എലികളെയും ഓർത്തുവയ്ക്കാനുള്ള പ്രത്യേക കഴിവും എലികൾക്കുണ്ട്.
• നായകളെപ്പോലെ എലികൾക്കും മനുഷ്യരുമായി വളരെ ശക്തമായ ബന്ധം സ്ഥാപിക്കാൻ കഴിയും. സ്നേഹിച്ചു വളർത്തിയശേഷം അവയെ മറ്റൊരാൾക്ക് കൈമാറിയാൽ ആദ്യത്തെ കൂട്ടാളിയെ ഓർത്ത് ഏറെ വിഷമിക്കുന്നവയാണ് എലികൾ. ഈ വിഷമം താങ്ങാനാവാതെ അവയുടെ ജീവൻ പോലും നഷ്ടപ്പെട്ടേക്കാം.
• വേഗത്തിൽ ഗന്ധം തിരിച്ചറിയാനുള്ള കഴിവ് എലികൾക്കുണ്ട്. നായകളെപ്പോലെ കുഴി ബോംബുകൾ മണത്ത് കണ്ടുപിടിക്കാൻ ഇവയ്ക്ക് സാധിക്കും. ചില രോഗങ്ങളും ഗന്ധത്തിലൂടെ തിരിച്ചറിയാൻ സവിശേഷമായ കഴിവുള്ളവയാണ് എലികൾ.
എലികൾ എല്ലാ രാജ്യങ്ങളിലും കണ്ടുവന്നിരുന്ന ജീവികളായിരുന്നില്ല. ഷിപ്പിങ് കണ്ടെയ്നറുകൾക്കുള്ളിൽ കടന്നുകൂടിയാണ് അവ പല രാജ്യങ്ങളിലും സാന്നിധ്യമറിയിച്ചത്. കറുത്ത എലികളാവട്ടെ ചെന്നെത്തിയ ഇടങ്ങളിൽ ആധിപത്യം സ്ഥാപിക്കുകയും ചെയ്തു. ഓരോ സംസ്കാരങ്ങളും വ്യത്യസ്ത രീതിയിലാണ് എലികളെ കണക്കാക്കുന്നത്. യൂറോപ്യൻ രാജ്യങ്ങളിൽ അവയ്ക്ക് ചീത്തപ്പേരു മാത്രമേ ലഭിച്ചിട്ടുള്ളൂ. എന്നാൽ ഏഷ്യയിലെ പല സംസ്കാരങ്ങളിലും അവയ്ക്ക് ആരാധകരുണ്ട്. ഹൈന്ദവ സംസ്കാരത്തിൽ എലികളെ ഗണപതിയുടെ വാഹനമായി കണക്കാക്കുന്നതും ചൈനയിൽ രാശി ചിഹ്നങ്ങളിൽ എലികൾ ഇടം നേടിയിരിക്കുന്നതുമെല്ലാം ഇതുമായി ബന്ധപ്പെടുത്തി വായിക്കാം.
എല്ലാ ജീവജാലങ്ങളും ഭൂമിയിൽ ഒരേപോലെ അവകാശമുള്ളവരാണെന്നും ആ ബഹുമാനവും സ്നേഹവും അവ അർഹിക്കുന്നുണ്ടെന്നുമുള്ള സന്ദേശം ലോകത്തിലെ എല്ലാ ജനങ്ങളിലേക്കും എത്തിക്കുന്നതിനാണ് എലി ദിനം ആചരിക്കപ്പെടുന്നത്. ലോകമെമ്പാടുമുള്ള എലി സ്നേഹികളെ ഒരുമിപ്പിക്കാനും അവയ്ക്കെതിരെയുള്ള തെറ്റായ പ്രചരണങ്ങൾക്ക് തടയിടാനും എലികളുടെ നല്ല ഗുണങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്ക് അവബോധം നൽകാനുമുള്ള വിവിധ പ്രവർത്തനങ്ങളും എലി ദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കപ്പെട്ടുവരുന്നു.