ക്രമാതീതമായി ഉയരുന്ന ചൂട് വരാൻപേ‍ാകുന്ന രൂക്ഷമായ വരൾച്ചയുടെ സൂചനയോ?

sun
SHARE

കുംഭത്തിന്റെ തുടക്കത്തിൽ തന്നെ ക്രമാതീതമായി ഉയരുന്ന ചൂട് വരാൻപേ‍ാകുന്ന രൂക്ഷമായ വരൾച്ചയുടെ സൂചനയെന്നു നിഗമനം. സ്ഥിതി മാറ്റമില്ലാതെ തുടർന്നാൽ വരൾച്ച കഠിനമാകുമെന്നാണു കാലാവസ്ഥാ ഗവേഷകരുടെ നിരീക്ഷണം. 

സാഹചര്യം ഉഷ്ണക്കാറ്റിനുവരെ വഴിവയ്ക്കാം. കഴിഞ്ഞ വർഷം ഈ സമയത്തുണ്ടായ ഉഷ്ണത്തിന്റെ ഏതാണ്ട് 3 ഡിഗ്രി സെൽഷ്യസ് വരെ അധികമാണ് ഇപ്പേ‍ാൾ അനുഭവപ്പെടുന്നത്. പാലക്കാട് മുണ്ടൂർ ഐആർടിസിൽ കഴിഞ്ഞ ദിവസം 40 ഡിഗ്രി വരെ രേഖപ്പെടുത്തി. വരും ദിവസം വിവിധ ഇടങ്ങളിൽ ചാറ്റൽമഴ ലഭിക്കാൻ വിദൂര സാധ്യതയുണ്ടെങ്കിലും ചൂടിനു ശമനമാകില്ല. പ്രളയകാലത്തെ പെരുമഴയിൽ മണ്ണിൽ സംഭരിച്ച വെള്ളം വലിച്ചെടുക്കുന്നതു പേ‍ാലെയാണു പലയിടത്തും വറ്റുന്നത്. 

സാധാരണഗതിയിൽ ഇനി 2 മാസത്തിനു ശേഷമേ കാര്യമായ മഴ ലഭിക്കൂ. വേനൽമഴയിലാണു പ്രതീക്ഷയെങ്കിലും അതിനും ദിവസങ്ങൾ കാത്തിരിക്കേണ്ടിവരും. വനത്തിനകത്തു പലയിടത്തും വെള്ളമുണ്ടെങ്കിലും തീയും വരൾച്ചയും തുടർന്നാൽ വന്യജീവികൾ നാട്ടിലിറങ്ങുന്നതും വർധിക്കും.

ദക്ഷിണേന്ത്യയിൽ നിന്നും ഉത്തരേന്ത്യയിൽ നിന്നും ഒരേസമയം ഉഷ്ണവും ഈർപ്പവും കലർന്ന കാറ്റ് തുടർച്ചയായി വൻതേ‍ാതിൽ വരുന്നതാണ് ഈ സമയത്തു ചൂട് ഇത്രയും ഉയരാൻ കാരണമെന്നു കെ‍ാച്ചി സർവകലാശാല റഡാർ ഗവേഷണ കേന്ദ്രം ശാസ്ത്രജ്ഞൻ ഡേ‍ാ.എം.ജി.മനേ‍ാജ് പറഞ്ഞു. ഭൂമധ്യരേഖയ്ക്കു സമീപം 8,000 കിലേ‍ാമീറ്റർ വിസ്തൃതിയിൽ കഴിഞ്ഞദിവസം രൂപംകെ‍ാണ്ട വൻ മേഘപടലത്തിന്റെ ഭാഗമായി കാറ്റ് മുകളിലേക്ക് ഉയർന്ന് വടക്ക്, തെക്കു ഭാഗത്തേക്കു വ്യാപിക്കുന്നു. ഈ സമയത്ത് ഉഷ്ണ പ്രവാഹം ഇത്രയും ശക്തമാകാറില്ല. ഇന്ത്യൻ മഹാസമുദ്രം പ്രക്ഷുബ്ധമാണ്.

അറബിക്കടലും ഇളകിമറിയുന്നു. ഭൂമി ചുടാകുന്നതേ‍ാടെ കാറ്റിലെ ഈർപ്പം പൂർണമായും ഇല്ലാതാകും. കൂറ്റൻ മേഘപടലത്തിന്റെ നീക്കമനുസരിച്ചായിരിക്കും അന്തരീക്ഷത്തിൽ എന്തെങ്കിലും കാര്യമായ മാറ്റവും മഴയും പ്രതീക്ഷിക്കാനാവുകയെന്നും അധികൃതർ പറയുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GLOBAL WARMING
SHOW MORE
FROM ONMANORAMA