വെയിലേറ്റു വാടി തലസ്ഥാന നഗരി

sun
SHARE

വേനൽ കടുക്കുന്നതിനു മുൻപു തന്നെ തലസ്ഥാനം ചൂടേറ്റു പൊരിയുന്നു. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി കാഠിന്യം അൽപം കുറഞ്ഞെങ്കിലും മുൻവർഷങ്ങളേക്കാൾ ചൂടാണ് ഇപ്പോഴും അനുഭവപ്പെടുന്നത്. ഈ സമയത്തു ലഭിക്കേണ്ട മഴ പൂർണമായും വിട്ടുനിൽക്കുന്നതും ചൂടു കൂട്ടുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ 38 ഡിഗ്രിക്കു മുകളിൽ വരെ ചൂട് രേഖപ്പെടുത്തിയ തിരുവനന്തപുരത്ത് ഇന്നലെ 36 ഡിഗ്രിയായിരുന്നു ചൂട്. മുൻ വർഷങ്ങളുടെ ശരാശരിയേക്കാൾ 2.8 ഡിഗ്രി കൂടുതൽ. സാധാരണഗതിയിൽ ഏപ്രിൽ–മേയ് മാസങ്ങളിൽ അനുഭവപ്പെടുന്ന ചൂടാണ് ഫെബ്രുവരി അവസാനവാരം മുതൽ തിരുവനന്തപുരത്ത് അനുഭവപ്പെടുന്നത്.

കുറഞ്ഞ താപനിലയിലും കാര്യമായ വ്യത്യാസമുണ്ട്. 25.7 ഡിഗ്രിയാണ് നഗരത്തിൽ അനുഭവപ്പെട്ട കുറഞ്ഞ ചൂട്. ഇത് ശരാശരിയേക്കാൾ 2.3 ഡിഗ്രി കൂടുതലാണ്. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ 39.7 മില്ലിമീറ്റർ മഴയാണ് തിരുവനന്തപുരത്ത് ലഭിക്കാറുള്ളത്. ഇത്തവണ അത് 11.9 മില്ലിമീറ്ററായി. 70 ശതമാനത്തിന്റെ കുറവ്.

ഇടയ്ക്ക് ചെറിയ തോതിലാണെങ്കിൽപ്പോലും മഴ ലഭിച്ചിരുന്നെങ്കിൽ ചൂടിന്റെ കാഠിന്യം കുറയുമായിരുന്നു. മലയോരമേഖലയിൽ ഇടയ്ക്കു ചെറിയ മഴ ലഭിച്ചെങ്കിലും നഗരം പൊള്ളിനിൽക്കുകയാണ്. മേഘങ്ങളുടെ കുറവാണ് ചൂടിന്റെ കാഠിന്യം കൂടാനുള്ള മറ്റൊരു കാരണം. ഈയാഴ്ചയോടെ ചെറിയ തോതിലാണെങ്കിലും മഴ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് കാലാവസ്ഥാവിദഗ്ധർ പറഞ്ഞു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GLOBAL WARMING
SHOW MORE
FROM ONMANORAMA