കേരളത്തെ കാത്തിരിക്കുന്നത് ഗുരുതരമായ വരൾച്ച; മുന്നറിയിപ്പുമായി ഗവേഷകർ!

HIGHLIGHTS
  • ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണം ഭൂഗര്‍ഭജല വിതാനത്തിലുണ്ടായ കുറവ്
  • 2020 ആകുമ്പോഴേക്കും രാജ്യത്ത് പത്തു കോടി പേര്‍ ജലദൗര്‍ലഭ്യത്തിന്റെ ഇരകളാകും
Drought
SHARE

കനത്ത പ്രളയത്തിനുശേഷവും കേരളത്തെ കാത്തിരിക്കുന്നത് ഗുരുതരമായ ജലക്ഷാമത്തിന്റെ നാളുകളെന്നു കേന്ദ്ര ജലവിഭവ കേന്ദ്രം (സിഡബ്ല്യുആർഡിഎം). ഇടമഴ ലഭിച്ചില്ലെങ്കില്‍ തുലാവര്‍ഷം ദുര്‍ബലമായ തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകള്‍ കടുത്ത വരള്‍ച്ച നേരിടും. ഭൂഗര്‍ഭജല വിതാനത്തിലുണ്ടാകുന്ന കുറവാണു പ്രതിസന്ധിക്കു കാരണം. പ്രളയത്തിനുശേഷം െവള്ളം പിടിച്ചുനിര്‍ത്താനുള്ള മണ്ണിന്റെ ശേഷി കുറഞ്ഞത് സ്ഥിതി ഗുരുതരമാക്കുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു.

ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ നീണ്ടുനില്‍ക്കുന്ന തുലാവര്‍ഷത്തില്‍ ഇത്തവണ മലബാറില്‍ 15 ശതമാനത്തിന്റെ കുറവാണുണ്ടായത്. പ്രളയത്തെ തുടര്‍ന്ന് മേല്‍മണ്ണ് വ്യാപകമായി ഒലിച്ചുപോയതോടെ, പെയ്ത മഴ ആഗിരണം െചയ്യാനുള്ള ഭൂമിയുടെ കഴിവും കുറഞ്ഞു. ഇതോടെ ഭൂഗര്‍ഭജലത്തിന്റെ അളവില്‍ കുറവുണ്ടായി. ഇടമഴയില്ലെങ്കില്‍ ഇതു വീണ്ടും കുറയും. അത് കടുത്ത ജലക്ഷാമത്തിലേക്കും നയിക്കും.

പ്രളയത്തില്‍ നദികളിലെ തടസങ്ങള്‍ നീങ്ങിയോതോടെ ഒഴുക്ക് കൂടിയതും ഭൂമിയിലേക്ക് ആഴ്ന്നിറങ്ങുന്ന വെള്ളത്തിന്റെ അളവ് കുറച്ചു. പ്രളയം കണ്ടുപേടിച്ച് ജലസംഭരണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിയത് സ്ഥിതി ഗുരുതരമാക്കി. കുളങ്ങളും കിണറുകളും വൃത്തിയായി സംരക്ഷിക്കാനും പാറമടകളിലെ വെള്ളം ഉപയോഗപ്പെടുത്താനുള്ള നടപടികളുമാണ് അടിയന്തരമായി വേണ്ടത്. പ്രതിസന്ധി മുന്നില്‍കണ്ടു വെള്ളത്തിന്റെ ഉപയോഗം പരമാവധി കുറയ്ക്കാനാണു വിദഗ്ധരുടെ ഉപദേശം.

മറ്റ് സംസ്ഥാനങ്ങളും വരൾച്ചാ ഭീതിയിൽ

drought

ചരിത്രത്തിലെ ഏറ്റവും വലിയ ജല ദൗര്‍ലഭ്യമാണ് ഇന്ത്യ നേരിടുന്നത്. ഇതേ നില തുടര്‍ന്നാൽ ഡൽഹിയും ചെന്നൈയും ബെംഗളൂരുവും ഉള്‍പ്പടെ ഇന്ത്യയിലെ 21 നഗരങ്ങളില്‍ ഭൂഗര്‍ഭജലം പൂര്‍ണ്ണമായും വറ്റിവരളുമെന്നാണ് നീതി ആയോഗ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. അടിയന്തിരമായി ഇവിടങ്ങളില്‍ ഭൂഗര്‍ഭജലം പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ വലിയ വരള്‍ച്ചയാകും നേരിടേണ്ടിവരികയെന്നും  മുന്നറിയിപ്പ് നല്‍കുന്നു.

മറ്റുചില ഭയപ്പെടുത്തുന്ന നിഗമനങ്ങളും ഈ റിപ്പോര്‍ട്ടിലുണ്ട്. ഇന്ത്യയില്‍ ജീവിക്കുന്ന ആറ് കോടി പേര്‍ കുടിക്കാന്‍ പോലും വെള്ളം ലഭിക്കാതെ കടുത്ത ജലദൗര്‍ലഭ്യം അനുഭവിക്കുന്നവരാണ്. രണ്ട് ലക്ഷത്തോളം പേര്‍ ഒരു വര്‍ഷം ജലദൗര്‍ലഭ്യം മൂലം മരിക്കുന്നുണ്ടെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. 2050 തോടെ ജലത്തിന്റെ ആവശ്യം ലഭ്യതയെ മറികടക്കും. ഇപ്പോള്‍ തന്നെ മഴയിലൂടെ എത്തുന്ന ഉപരിതല ജലത്തിന്റെ നാല്‍പ്പത് ശതമാനത്തോളം ഇന്ത്യക്കാര്‍ ഉപയോഗിക്കുന്നുണ്ട്. ലോകശരാശരിയുമായി താരതമ്യപ്പെടുത്തിയാല്‍ ഇത് ഏറെ കൂടുതലാണ്.

ജലദൗര്‍ലഭ്യം മുന്നില്‍ കണ്ട് എല്ലാവര്‍ക്കും കുടിവെള്ളം പൈപ്പുകളിലൂടെ എത്തിക്കാന്‍ നഗരങ്ങളില്‍ കഴിഞ്ഞാലും അവരുടെ സമീപപ്രദേശങ്ങളെ അപ്പോള്‍ മറ്റൊരു ദുരന്തം കാത്തിരിക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. കൃഷിക്കാവശ്യമായ ജലം ലഭ്യമാകാതെ വരുന്നതോടെ ഭക്ഷ്യസുരക്ഷയ്ക്ക് വലിയ ഭീഷണി ഉയരുമെന്നാണ് കോംപോസിറ്റ് വാട്ടര്‍ മാനേജ്മെന്റ് ഇന്റക്സ് എന്നു പേരിട്ടിരിക്കുന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്.

ആന്ധ്ര, ഛത്തീസ്ഗഢ്, തമിഴ്നാട് എന്നിവയാണ് സംസ്ഥാനങ്ങള്‍ അടിസ്ഥാനമാക്കിയുള്ള കണക്കെടുത്താല്‍ ഭൂഗര്‍ഭജല ക്ഷാമത്തില്‍ മുന്നില്‍ നില്‍ക്കുന്നത്.തൊട്ടുപുറകില്‍ തന്നെ മഹാരാഷ്ട്രയും, മധ്യപ്രദേശും ബീഹാറുമുണ്ട്. അടിയന്തിരമായി ഭൂഗര്‍ഭജലം വീണ്ടും സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ ഈ സംസ്ഥാനങ്ങള്‍ ആരംഭിക്കേണ്ടതുണ്ട്. ഇതേ രീതിയില്‍ ഭൂഗര്‍ഭജലത്തിന്റെ തോത് കുറയുന്നത് തുടര്‍ന്നാൽ 2020 ആകുമ്പോഴേക്കും പത്തു കോടി പേര്‍ ജലദൗര്‍ലഭ്യത്തിന്റെ ഇരകളാകും. 2030 ആകുമ്പോഴേക്കും ഇത് ഇന്ത്യയിലെ ജനസംഖ്യയുടെ നാല്‍പ്പതു ശതമാനമായി ഉയരും

മഴ കുറഞ്ഞതിനൊപ്പം കുഴല്‍ക്കിണറുകളും മറ്റും വഴി ഭൂഗര്‍ഭജലം വന്‍ തോതില്‍ ഊറ്റിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണം. 2002 മുതല്‍ 2016 വരെയുള്ള കാലയളവിലാണ് ഭൂഗര്‍ഭജലത്തില്‍ ഏറ്റവും ഇടിവുണ്ടായത്. ഇടയ്ക്ക് മികച്ച മഴ ലഭിക്കുമ്പോള്‍ ഭൂഗര്‍ഭ ജലത്തിന്റെ തോത് നേരിയ തോതില്‍ ഉയരുമെങ്കിലും ഉപയോഗം സൃഷ്ടിക്കുന്ന കുറവിനെ മറികടക്കാന്‍ ഈ വർധനവ് പര്യാപ്തമല്ല.

ലോകത്ത് ലഭ്യമായ ശുദ്ധജലത്തിന്റെ നാല് ശതമാനമാണ് ഇന്ത്യയിലുള്ളത്. വ്യാപകമായി ജലം ഉപയോഗിക്കുന്ന കാര്‍ഷികരീതിയും വര്‍ധിച്ചു വരുന്ന വ്യക്തിഗത ഉപയോഗവും വ്യാവസായിക ഉപയോഗവും ഭൂഗര്‍ഭജലം കുറയാനുള്ള പ്രധാന കാരണങ്ങളാണ്. വാട്ടര്‍ റീച്ചാര്‍ജിങ് മാത്രമാണ് ഈ പ്രതിസന്ധിക്കു പോംവഴിയെന്നും ഇവർ വ്യക്തമാക്കി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GLOBAL WARMING
SHOW MORE
FROM ONMANORAMA