ADVERTISEMENT

കൊല്ലം ജില്ലയിൽ ഉയർന്ന താപനില ശരാശരിയിൽ നിന്ന് രണ്ടു മുതൽ മൂന്നു ഡിഗ്രിവരെ ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സൂര്യാഘാതം ഒഴിവാക്കാനായി ജനങ്ങൾ ജാഗ്രത പാലിക്കണം. 25, 26 തീയതികളിൽ ജില്ലയിൽ ഉയർന്ന താപനില ശരാശരിയിൽ നിന്നു 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ഉയരാനും സാധ്യതയുണ്ട്. രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞ് 3 വരെ നേരിട്ടു സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം. 

നിർജലീകരണം തടയാൻ കുടിവെള്ളം എപ്പോഴും കൈയിൽ കരുതണം.കാപ്പി, ചായ എന്നിവ പകൽ സമയത്ത് ഒഴിവാക്കുക. അയഞ്ഞ, ലൈറ്റ് കളർ പരുത്തി വസ്ത്രങ്ങൾ ധരിക്കണം. പരീക്ഷാക്കാലം ആയതിനാൽ സ്‌കൂൾ അധികൃതരും രക്ഷിതാക്കളും ശ്രദ്ധ പുലർത്തണം. അവധി പ്രമാണിച്ച് വിനോദ സഞ്ചാരത്തിന് കുട്ടികളെ കൊണ്ടുപോകുന്ന സ്‌കൂളുകൾ രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞ് 3 വരെ കുട്ടികൾക്ക് നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നില്ലെന്ന് ഉറപ്പു വരുത്തണം.

തൊഴിലാളികൾക്ക് സൂര്യാഘാതം ഏൽക്കാനുള്ള സാധ്യത മുൻനിർത്തി ലേബർ കമ്മിഷണർ തൊഴിൽ സമയം പുനഃക്രമീകരിച്ചിട്ടുണ്ട്. ഈ ക്രമീകരണങ്ങൾ തൊഴിൽദാതാക്കൾ പാലിക്കണം. തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന പ്രവർത്തകർ മുന്നറിയിപ്പ് സന്ദേശം ശ്രദ്ധിക്കണം.


സൂര്യാഘാതം

അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയർന്നാൽ മനുഷ്യ ശരീരത്തിലെ താപ നിയന്ത്രണ സംവിധാനങ്ങൾ തകരാറിലാകും. ഇതുമൂലം ശരീരത്തിലുണ്ടാകുന്ന താപം പുറത്തേക്കു കളയുന്നതിനു തടസ്സം നേരിടുകയും ഇതു ശരീരത്തിന്റെ പല നിർണായക പ്രവർത്തനങ്ങളെയും തകരാറിലാക്കുകയും ചെയ്യുന്ന അവസ്ഥയാണു സൂര്യാഘാതം.

ലക്ഷണങ്ങൾ

വളരെ ഉയർന്ന ശരീരതാപം, വറ്റിവരണ്ട ചുവന്ന ചൂടായ ശരീരം, ശക്തമായ തലവേദന, തലകറക്കം, മന്ദഗതിയിലുള്ള നാഡിമിടിപ്പ്, മാനസികാവസ്ഥയിലുള്ള മാറ്റങ്ങൾ.

ഉടൻ ചെയ്യേണ്ടത്

വെയിലുള്ള സ്ഥലത്തുനിന്നു തണലുള്ള സ്ഥലത്തേക്ക് ഉടൻ മാറണം. ധരിച്ചിരിക്കുന്ന കട്ടികൂടിയ വസ്ത്രങ്ങൾ നീക്കം ചെയ്യുക, തണുത്ത വെള്ളം കൊണ്ടു ശരീരം തുടയ്ക്കുക, ഫാൻ, എസി എന്നിവയുടെ സഹായത്താൽ ശരീരം തണുപ്പിക്കുക, ധാരാളം പാനീയങ്ങൾ കുടിക്കുക, ഫലങ്ങളും സാലഡുകളും കഴിക്കുക. ഉടനെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു ചികിത്സ ഉറപ്പാക്കണം.

പ്രതിരോധ മാർഗങ്ങൾ

ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കുക, കുട്ടികളെ വെയിലത്തു കളിക്കാൻ അനുവദിക്കാതിരിക്കുക, ചൂടു പുറത്തു പോകത്തക്ക രീതിയിൽ വീടിന്റെ വാതിലുകളും ജനലുകളും തുറന്നിടുക, കട്ടി കുറഞ്ഞതും വെളുത്തതോ ഇളം നിറത്തിലുള്ളതോ ആയ അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുക, വലിയ വട്ടമുള്ള തൊപ്പി, കണ്ണട എന്നിവയും ധരിക്കണം. വെയിലത്ത് പാർക്ക് ചെയ്യുന്ന കാറുകളിൽ കുട്ടികളെ ഇരുത്തിയിട്ടു പോകരുത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com