ആല്‍പ്സ് പര്‍വതനിരകളിലെ മഞ്ഞും ഇല്ലാതാകും; മുന്നറിയിപ്പുമായി ഗവേഷകർ!

HIGHLIGHTS
  • ആല്‍പ്സ് പര്‍വതനിരകളിലെ മഞ്ഞ് ഈ നൂറ്റാണ്ടിന്‍റെ അവസാനത്തോടെ ഇല്ലാതാകും
  • മഞ്ഞു നഷ്ടമാകുന്നതോടെ ഏറ്റവും വലിയ ഭീഷണി ഇതില്‍ നിന്നുദ്ഭവിക്കുന്ന നദികള്‍ക്ക്
Alps
SHARE

ഭൂമിശാസ്ത്രപരമായും ചരിത്രപരമായും ഏറെ നിര്‍ണായകമാണ് ആല്‍പ്സ് പര്‍വതനിരകള്‍. യൂറോപ്പിനെ ഏഷ്യയില്‍ നിന്ന് ഏതാണ്ട് പൂര്‍ണമായും വേര്‍തിരിക്കുന്നത് ഈ ആല്‍പ്സ് പര്‍വതനിരകളാണ്. ലോകത്ത് ഏറ്റവുമധികം നദികളുടെ ഉറവിടമായ മഞ്ഞുപാളികള്‍ ഉള്ള പര്‍വതനിരയും ആല്‍പ്സാണ്. അതുകൊണ്ട് തന്നെ ആല്‍പ്സിലെ മഞ്ഞു പാളികള്‍ വലിയൊരു വിഭാഗം ജനതയുടെ ജലസ്രോതസ്സു കൂടിയാണ്.

ഏതാണ്ട് 3500 ല്‍ അധികം മഞ്ഞുപാളികള്‍ ആല്‍പ്സില്‍ ഇപ്പോള്‍ ഉണ്ടെന്നാണു കണക്ക്. എന്നാല്‍ കഴിഞ്ഞ 30 വര്‍ഷത്തിനിടെ ഉരുകിയൊലിച്ച് ഇല്ലാതായത് ഇത്രയും തന്നെ മഞ്ഞുപാളികളാണ്. അതായത് മൂന്ന് പതിറ്റാണ്ടു കൊണ്ട് ആല്‍പ്സിന് നഷ്ടമായത് പകുതിയിലേറെ മഞ്ഞുപാളികളാണ്‍. ഇതു മാത്രമല്ല ഈ നൂറ്റാണ്ടിന്‍റെ അവസാനത്തോടെ ആല്‍പ്സിലെ മഞ്ഞുപാളികള്‍ പൂര്‍ണമായും ഇല്ലാതാകുമെന്നാണു ഗവേഷകര്‍ പ്രവചിക്കുന്നത്. ആഗോളതാപനം തന്നെയാണ് ആല്‍പ്സ് പര്‍വതനിരകളിലെയും മഞ്ഞുപാളികള്‍ക്ക് ഭീഷണിയാകുന്നത്.

ആല്‍പ്സിന് മഞ്ഞു നഷ്ടമാകുന്നതോടെ ഏറ്റവും വലിയ ഭീഷണി ഇതില്‍ നിന്നുദ്ഭവിക്കുന്ന നദികള്‍ക്കാണ്. നദികളില്‍ ജലം ഇല്ലാതാകുന്നത് സ്വാഭാവകമായും കുടിവെള്ളവും കൃഷിയും പ്രതിസന്ധിയിലാക്കും. നിരവധി രാജ്യങ്ങളുടെ മുഖ്യ വരുമാന മാര്‍ഗങ്ങളിലൊന്നായ ടൂറിസത്തിന്‍റെ നിലനിൽപിനേയും ഇതു ബാധിക്കും. ജലവിഭവത്തില്‍ നിന്നുള്ള വൈദ്യുതോൽപാദനമാണ് പ്രതിസന്ധിയിലാകുന്ന മറ്റൊന്ന്.

പേരിന് അര്‍ത്ഥം നഷ്ടമാകുന്ന മോണ്ട് ബ്ലാങ്ക്

mont-blanc

വര്‍ഷം മുഴുവന്‍ മഞ്ഞു കാണപ്പെടുന്ന പ്രദേശമെന്ന നിലയിലാണ് മോണ്ട് ബ്ലാങ്കിന് ഈ പേരു ലഭിച്ചത്. എന്നാല്‍ യൂറോപ്പിലെ ശൈത്യത്തിന്‍റെ അളവു കുറഞ്ഞതോടെ മോണ്ട് ബ്ലാങ്കില്‍ ഇപ്പോള്‍ വര്‍ഷത്തില്‍ എല്ലാകാലത്തും മഞ്ഞുണ്ടാകാറില്ല. അതുകൊണ്ട് തന്നെ സ്വന്തം പേരിന്‍റെ അർഥം നഷ്ടപ്പെട്ട പര്‍വത നിരകൂടിയാണ് ഇപ്പോള്‍ മോണ്ട് ബ്ലാങ്ക് എന്ന് ആല്‍പ്സിലെ മഞ്ഞുപാളികളെ കുറിച്ചു പഠനം നടത്തുന്ന പ്രഫസര്‍ ഡാനിയേല്‍ ഫാരിനോട്ടി പറയുന്നു.

ആല്‍പ്സിന്‍റെ ഭാവിയെ സംബന്ധിച്ച മൂന്ന് സാധ്യതകളാണ് ഫാരിനോട്ടി പരിശോധിച്ചത്. ആഗോളതാപനം മൂലം ആല്‍പ്സിനുണ്ടാകുന്ന മാറ്റങ്ങള്‍ കണക്കിലെടുത്തായിരുന്നു ഈ പഠനം. എന്നാല്‍ ഈ മൂന്ന് സാധ്യതാ പഠനങ്ങളിലും ആല്‍പ്സിലെ മഞ്ഞുപാളികള്‍ ഏറെ നാള്‍ കൂടി ശേഷിക്കില്ല എന്ന നിഗമനത്തിലേക്കാണ് ഫാരിനോട്ടി എത്തിയത്. 

ആല്‍പ്സിലെ മഞ്ഞുപാളികളെ സ്വാധീനിക്കുന്ന ഘടകങ്ങള്‍

ആല്‍പ്സിലെ മഞ്ഞുപാളികളുടെ വലുപ്പം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. പലഘടകങ്ങളാണ് ഈ വലുപ്പക്കുറവിലേക്കു മഞ്ഞുപാളികളെ നയിക്കുന്നത്. ഇതില്‍ ഏറ്റവും പ്രധാനം അന്തരീക്ഷ താപനിലയുടെ വർധനവ് തന്നെയാണ്. പ്രദേശത്തു ലഭിക്കുന്ന മഴയാണ് മറ്റൊരു ഘടകം. കൂടാതെ മഞ്ഞുപാളികള്‍ ഉരുകിയൊലിക്കുന്നത് ഒരു പ്രദേശത്തിന്റെ ഭൗമഘടനയെ കൂടി ആശ്രയിച്ചിരിക്കുമെന്നും ഫാരിനോട്ടിപറയുന്നു. 

Alps1

2003 മുതല്‍ 2017 വരെയുള്ള നിരീക്ഷണത്തിന്‍റെ അടിസ്ഥാനത്തിലാണ് ഫെലിനോട്ടി ഇപ്പോഴത്തെ നിഗമനത്തിലെത്തിയത്. തുടര്‍ന്നുള്ള വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തി പഠനം ഇപ്പോഴും തുടരുന്നുണ്ട്.  പലയിടങ്ങളിലും പ്രതീക്ഷിച്ചതിലും വേഗമാണ് മഞ്ഞുപാളികള്‍ ഉരുകുന്നത്. ചിലയിടങ്ങളില്‍  മഞ്ഞുപാളികള്‍ ഉരുകിയൊലിക്കുന്നതിനു വേഗം കുറവാണ്. അതുകൊണ്ട് തന്നെ ഉരുകിയൊലിക്കുന്ന മഞ്ഞുപാളികളുടെ ആകെ തുക കണക്കിലെടുക്കുമ്പോള്‍ ആല്‍പ്സിലെ മഞ്ഞുപാളികള്‍ ഉരുകി തീരുകയാണെന്ന് ഗവേഷകര്‍ പറയുന്നു.

ഇനിയും ആല്‍പ്സിനെ രക്ഷിക്കാന്‍ സമയമുണ്ട്

നിലവിലെ അളവില്‍ അന്തരീക്ഷത്തിൽ കാര്‍ബണ്‍ തുടര്‍ന്നാല്‍ പോലും ആല്‍പ്സിലെ മഞ്ഞുപാളികള്‍ ഉരുകിയൊലിക്കുന്നത് തുടരുമെങ്കിലും, ഈ നൂറ്റാണ്ടിന്‍റെ അവസാനത്തോടെ ആല്‍പ്സിലെ മഞ്ഞുപാളികളുടെ 37 ശതമാനത്തോളം ശേഷിക്കും. എന്നാല്‍ അന്തരീക്ഷത്തിലെ കാര്‍ബണിന്‍റെ അളവ് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോഴത്തെ അളവില്‍ കാര്‍ബണ്‍ ബഹിര്‍ഗമനം തുടര്‍ന്നാൽ ഈ അളവ് അനിയന്ത്രിതമായി ഉയരും. അങ്ങനെ സംഭവിച്ചാല്‍ തുടക്കത്തില്‍ പറഞ്ഞതു പോലെ മഞ്ഞുപാളികളില്ലാത്ത ഒരു ആല്‍പ്സ് ആകും അടുത്ത നൂറ്റാണ്ടില്‍ കാണാനാകുക. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GLOBAL WARMING
SHOW MORE
FROM ONMANORAMA