ADVERTISEMENT

പസിഫിക്കിന്‍റെ മധ്യത്തിലായി വന്‍കരകളില്‍ നിന്നെല്ലാം ഏറെയകന്ന് ഒറ്റപ്പെട്ടു സ്ഥിതി ചെയ്യുന്ന ദ്വീപ സമൂഹമാണ് ഹവായ്. അമേരിക്കയുടെ നിയന്ത്രണത്തിലുള്ള ഈ ദ്വീപ് അതിന്‍റെ പ്രകൃതിഭംഗി കൊണ്ടു തന്നെ ലോകശ്രദ്ധ നേടിയ ഭൂവിഭാഗമാണ്. മറ്റെല്ലാ ദ്വീപസമൂഹങ്ങളെയും എന്ന പോലെ ഹവായ് ദ്വീപസമൂഹത്തെയും ആഗോളതാപനം പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഹവായിയിലെ ഏറ്റവും പ്രശസ്തമായ വൈക്കി ബീച്ചാണ് കൂടുതല്‍ പ്രതിസന്ധി നേരിടുന്നത്. വൈകാതെ കടലെടുക്കുമെന്ന ഭീതിയില്‍ തീരമേഖലയോടു ചേര്‍ന്നുള്ള ആളുകളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള നടപടികള്‍ അധികൃതര്‍ ആരംഭിച്ചിരിക്കുകയാണ്.

കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടെ അരയടിയോളം വർധനവാണ് ഹവായ് മേഖലയിലെ കടല്‍നിരപ്പിലുണ്ടായിരിക്കുന്നത്. ആഗോളതാപനത്തിന്‍റെ തീവ്രത വർധിച്ച സാഹചര്യത്തില്‍ കടല്‍ജലനിരപ്പ് ഉയരുന്ന വേഗതയും ഇതിന് അനുസൃതമായി വർധിക്കുമെന്നുറപ്പാണ്. ഇതനുസരിച്ച് അടുത്ത പതിനഞ്ച് വര്‍ഷത്തിനുള്ളില്‍ ജലനിരപ്പിലെ വർധനവ് ഒരു മീറ്റര്‍ വരെ ആയേക്കാമെന്നാണു കണക്കാക്കുന്നത്. അങ്ങനെ സംഭവിച്ചാല്‍ ഹവായിയിലെ പ്രശസ്തമായ നിരവധി ബീച്ചുകള്‍ കടലിനടിയിലാകും.

കടല്‍ ജലനിരപ്പുയരുന്നത് ഹവായിയില്‍ വ്യാപകമായി കടൽ തീരങ്ങള്‍ ഇടിയുന്നതിനു കാരണമായിട്ടുണ്ട്. ഇത് ഹവായ് ദ്വീപസമൂഹത്തിലെ ഓരോ ദ്വീപുകളിലും വ്യത്യസ്ത തോതുകളിലാണനുഭവപ്പെടുന്നത്. ഉദാഹരണത്തിന് ഒഹാവും എന്ന ഹവായിയിലെ മറ്റൊരു ബീച്ചിന്‍റെ പകുതിയോളം ഇതിനകം ഉയരുന്ന കടല്‍ ജലനിരപ്പു മൂലം നഷ്ടപ്പെട്ടു കഴിഞ്ഞു. വര്‍ഷത്തില്‍ ഏതാണ്ട് 3 സെന്‍റമീറ്റര്‍ എന്ന നിലയിലാണ് ഈ ബീച്ച് കടലെടുക്കുന്നത്. ഇങ്ങനെ വിവിധ ബീച്ചുകള്‍ പല വേഗത്തിലാണ് കടലാക്രമണത്തില്‍ ചുരുങ്ങിക്കൊണ്ടിരിക്കുന്നത്.

Hawaii's Waikiki Beach

ശക്തിയാര്‍ജിക്കുന്ന ചുഴലിക്കാറ്റുകള്‍

കടല്‍ജലനിരപ്പ് ഉയരുന്നതിനൊപ്പം തന്നെ ഹവായ് ദ്വീപസമൂഹം നേരിടുന്ന മറ്റൊരു പ്രതിസന്ധിയാണ് വർധിക്കുന്ന ചുഴലിക്കാറ്റുകള്‍. കഴിഞ്ഞ 25 വര്‍ഷത്തിനിടെ ഹവായില്‍ വീശുന്ന ചുഴലിക്കാറ്റിന്‍റെ എണ്ണം ഏതാണ്ട് മൂന്നിരട്ടിയായി വർധിച്ചിട്ടുണ്ട്. ഇത്തരം ചുഴലിക്കാറ്റുകള്‍ മൂലം കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയില്‍ ഈ കൊച്ചു ദ്വീപ് മേഖലയില്‍ ഏകദേശം 4000 കോടി ഡോളറിന്‍റെ നാശനഷ്ടമുണ്ടായെന്നാണ് കണക്കാക്കുന്നത്.

ഈ പ്രതിസന്ധികള്‍ എല്ലാം കണക്കിലെടുത്താണ് പ്രകൃതിക്ഷോഭം ഏറ്റവുമധികം നാശം വിതയ്ക്കാന്‍ സാധ്യതയുള്ള മേഖലകളില്‍ നിന്ന് ആളുകളെ മാറ്റി താമസിപ്പിക്കാന്‍ അധികൃതര്‍ തീരുമാനമെടുത്തത്. ഇതിനുള്ള നിയമരൂപീകരണം ലക്ഷ്യമിട്ടുള്ള ബില്‍ ഹവായ് നിയമസഭയില്‍ അവതരിപ്പിച്ചു. ആഗോളതാപനം മൂലമുള്ള നാശനഷ്ടങ്ങള്‍ ദ്വീപിനെ വരിഞ്ഞ് മുറുക്കുകയാണെന്നും ഇനിയും ഈ സത്യത്തിന് നേരെ കണ്ണടയ്ക്കുന്നത് ആത്മഹത്യാപരമാണെന്നും ബില്ലില്‍ പറയുന്നു. 

Hawaii's Waikiki Beach

പുനര്‍നിര്‍മാണത്തിനു ഒരു ദശാബ്ദം

ആഗോളതാപനം അതിവേഗത്തില്‍ ദ്വീപിനെ ആക്രമിക്കുകയാണെങ്കില്‍ അത്ര എളുപ്പത്തില്‍ പ്രതിരോധ മാര്‍ഗങ്ങളിലേക്കു കടക്കാന്‍ ഹവായ് ദ്വീപിനു കഴിയില്ല. സാമ്പത്തികവും സ്ഥലപരവുമായ പരിമിതികള്‍ തന്നെയാണു പ്രധാന പ്രശ്നം. കൊടുങ്കാറ്റുകളും കടല്‍നിരപ്പ് വർധനവും മുന്നില്‍ കണ്ട് ന്യൂയോര്‍ക്ക് നഗരം തയാറാക്കിയ നഗരപുനര്‍നിര്‍മാണ പദ്ധതിയെ മാതൃകയാക്കിയാണ് ഹവായ് ദ്വീപും തീരദേശമേഖലകള്‍ പുനര്‍നിര്‍മിക്കാന്‍ തയാറെടുക്കുന്നത്. തീരപ്രദേശത്തെ ജനവാസമേഖലകളെല്ലാം കൂടുതല്‍ ഉള്ളിലേക്കു മാറ്റുക എന്നതാകും പുനര്‍നിര്‍മാണത്തിന്‍റെ ആദ്യപടി.

കൂടാതെ ഭാവിയിലും സമാനമായ രീതിയില്‍ കടല്‍നിരപ്പു വർധിക്കാനുള്ള സാധ്യത മുന്നില്‍ കണ്ട് ഇതില്‍ നിന്നുള്ള ആഘാതം പൂര്‍ണമായും ഒഴിവാക്കാനുള്ള സാധ്യതകളും അധികൃതര്‍ ആരായുന്നുണ്ട്. കടല്‍ജലം അടുത്ത ഒരു നൂറ്റാണ്ടിനിടയില്‍ എത്താവുന്ന പരമാവധി മേഖലകള്‍ ഉള്‍പെടുത്തി മാപ്പ് തയാറാക്കാന്‍ ഒരു കമ്മീഷനെയും ഹവായ് നിയമസഭ നിയോഗിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com