ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഓസ്ട്രേലിയയുടെ ഭരണത്തിനു കീഴിലുള്ള ദ്വീപസമൂഹമാണ് ടോറസ് സ്ട്രെയ്റ്റ് ദ്വീപുകള്‍. 274 ദ്വീപുകള്‍ കൂടി ചേര്‍ന്നതാണ് ഈ ദ്വീപസമൂഹം. ഭൂമധ്യരേഖാപ്രദേശത്തുള്ള മറ്റ് പല ദ്വീപുകളെന്ന പോലെ ഈ ദ്വീപസമൂഹവും കടല്‍പ്പരുപ്പത്തിന്‍റെ ഭീഷണിയിലാണ്. ആഗോളതാപനം മൂലം കടല്‍ജലനിരപ്പുയര്‍ന്നതോടെ ഈ ദ്വീപുകളുടെ വലിയൊരു ഭാഗവും ഇന്നു വെള്ളത്തിനടിയിലാണ്. ഇതോടെയാണ് ഈ ദ്വീപുകളില്‍ നിന്നുള്ള എട്ട് താമസക്കാര്‍ സ്വന്തം ഗവര്‍മെന്‍റിനെതിരെ പരാതിയുമായി ഐക്യരാഷ്ട്രസംഘടനയെ സമീപിച്ചിരിക്കുന്നത്.
ഓസ്ട്രേലിയയ്ക്കും ന്യൂ ഗിനിയയ്ക്കും ഇടയിലാണ് ഈ ദ്വീപസമൂഹമുള്ളത്. ഏതാണ്ട് 4500 പേരാണ് ഇവിടുത്തെ താമസക്കാര്‍. വെള്ളം ഉയര്‍ന്നതോടെ കിടപ്പാടമടക്കം നഷ്ടപ്പെടുന്ന അവസ്ഥയിലാണ് ഈ താമസക്കാരുള്ളത്. ആകെയുള്ള ദ്വീപുകളില്‍ 14 എണ്ണത്തിലാണ് ഇപ്പോള്‍ ആള്‍ത്താമസമുള്ളത്. കാര്യമായ ജനസംഖ്യയില്ലാത്തതിനാല്‍ തന്നെ അത്ര ഗൗരവമായി ഈ പ്രദേശത്തെ ഓസ്ട്രേലിയ പരിഗണിക്കുന്നില്ല. എന്നാൽ ഈ പരിഗണനയില്ലായ്മയല്ല യുഎന്നിലേക്ക് ഈ ദ്വീപുകളിലെ താമസക്കാരെയെത്തിച്ചത്. മറിച്ച് മറ്റു പല ലോകരാജ്യങ്ങളെ പോലെ ആഗോളതാപനം നിയന്ത്രിക്കാനുള്ള ശ്രമങ്ങളില്‍ ഓസ്ട്രേലിയയും പുലര്‍ത്തുന്ന നിസ്സംഗതയാണ് യുഎന്നിലെത്തിയ പരാതിക്കു കാരണം.
ഇതാദ്യമായല്ല ലോകരാജ്യങ്ങള്‍ക്ക് ആഗോളതാപനം നിയന്ത്രിക്കുന്നതിലുള്ള നിസ്സംഗതയെ കുറിച്ച് ഐക്യരാഷ്ട്ര സംഘടനയില്‍ പരാതിയെത്തുന്നത്. പക്ഷേ ഇതുവരെയുള്ള പരാതികളെല്ലാം തന്നെ സ്വതന്ത്ര ദ്വീപ് രാഷ്ട്രങ്ങള്‍ നല്‍കിയതായിരുന്നു. മാലിദ്വീപ്, തുവാലു തുടങ്ങിയ ദ്വീപ് രാഷ്ട്രങ്ങള്‍ ഐക്യരാഷട്ര സംഘടനയെ സമീപിച്ചത് ഇതിനുദാഹരണമാണ്. പക്ഷേ ഇതാദ്യമായാണ് സ്വന്തം രാജ്യത്തെ ഭരണകൂടത്തിനെതിരെ പൗരന്‍മാര്‍ ഐക്യരാഷ്ട്ര സംഘടനയില്‍ ആഗോളതാപനവുമായി ബന്ധപ്പെട്ട പരാതി നല്‍കുന്നത്.
ക്ലയന്‍റ് എര്‍ത് എന്ന പരിസ്ഥിതി സംഘടനയാണ് യുഎന്നില്‍ പരാതി നല്‍കുന്നതിനായി ദ്വീപ് നിവാസികള്‍ക്കു സഹായം നല്‍കിയത്. കാലാവസ്ഥാ വ്യതിയാനം ഫലപ്രദമായി തടയുന്നതിനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതില്‍ ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതായി ഈ പരാതി കുറ്റപ്പെടുത്തുന്നു. ഇത് രാജ്യത്തെ തങ്ങളടക്കമുള്ള ദ്വീപ് നിവാസികളുടെ സ്വത്തിനും ജീവനും ഉപജീവനത്തിനും വരെ ഭീഷണിയായിരിക്കുകയാണ്. ഇനിയെങ്കിലും കാലാവസ്ഥാ വ്യതിയാനത്തിന് ആക്കം കൂട്ടുന്ന നടപടികള്‍ ഓസ്ട്രേലിയ നിര്‍ത്തി വയ്ക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്.
ഇതിനായി പരാതിയില്‍ ഉന്നയിക്കുന്ന പ്രധാന ആവശ്യം ഓസ്ട്രലിയയുടെ കല്‍ക്കരി കയറ്റുമതി കുറയ്ക്കണം എന്നാണ്. ലോകത്ത് താപവൈദ്യുതി ഉൽപാദനത്തിനായുള്ള കല്‍ക്കരി ഏറ്റവുമധികം കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഓസ്ട്രേലിയ. ഈ കല്‍ക്കരി കയറ്റുമതി 2030 നുള്ളില്‍ 65 ശതമാനം കുറയ്ക്കണം എന്നാണ് ദ്വീപ് നിവാസികള്‍ ആവശ്യപ്പെടുന്നത്. ഒപ്പം ദ്വീപിനെ വെള്ളപ്പൊക്കത്തില്‍ നിന്ന് രക്ഷിക്കാനുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആവശ്യമാണെന്നും ഇവര്‍ പറയുന്നു.
കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ആഘാതങ്ങള്‍ ദിവസേനയെന്നവണ്ണം അനുഭവിക്കുന്നവരാണ് തങ്ങളെന്ന് ഐക്യരാഷ്ട്ര സംഘടനയില്‍ പരാതിയുമായെത്തിയവരില്‍ ഒരാളായ കബായ് ടുമു പറയുന്നു. ഉയരുന്ന കടല്‍ജലനിരപ്പും വർധിക്കുന്ന കടലാക്രമണവും മണ്ണിടിച്ചിലും മത്സ്യബന്ധനം ഉള്‍പ്പെടുള്ള പരമ്പരാഗത ഉപജീവന മാര്‍ഗങ്ങള്‍ അപ്രാപ്യമാകുന്നതും ഇതിനുള്ള തെളിവായി കബായ് ടുമു ചൂണ്ടിക്കാട്ടുന്നു. ദ്വീപിനൊപ്പം നൂറ്റാണ്ടുകളായി തുടര്‍ന്നു വന്ന സംസ്കാരവും പാരമ്പര്യവുമാണ് തങ്ങളുടെ സമൂഹത്തിന് നഷ്ടമാകുന്നതെന്നും ടുമുവിന്‍റെ പ്രസ്താവനയിലുണ്ട്.
ഈ പരാതി നിയമപരമായി നിലനില്‍ക്കുമോ എന്നത് വലിയ തര്‍ക്കവിഷയം തന്നെയാണ്. കേസ് പരിഹാരമാകാന്‍ വര്‍ഷങ്ങള്‍ തന്നെയെടുക്കും എന്ന കാര്യത്തിലും സംശയമില്ല. പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത് ഏറെ നിര്‍ണായകമായ വസ്തുതകളാണെങ്കിലും ഈ പരാതിയില്‍ ഐക്യരാഷ്ട്രസംഘടനയ്ക്ക് എന്തെങ്കിലും തീര്‍പ്പു പറയാനുള്ള അധികാരവുമില്ല. എന്നാൽ കാലാവസ്ഥാ വ്യതിയാനം ചെറിയ ദ്വീപസമൂഹങ്ങളിലും താഴ്ന്ന തീരപ്രദേശങ്ങളിലും ഉണ്ടാക്കുന്ന ആഘാതം ലോകശ്രദ്ധയിലെത്തിക്കാനുള്ള മാര്‍ഗങ്ങളിലൊന്നാണ് ടോറസ് സ്ട്രേയ്റ്റ് ദ്വീപ് നിവാസികളുടെ പരാതി.
ആളോഹരി ശതമാനം വച്ചു നോക്കിയാല്‍ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഹരിതഗൃഹവാതക ബഹിര്‍ഗമനം നടത്തുന്ന രാജ്യമാണ് ഓസ്ട്രേലിയ. ഇത് കുറയ്ക്കുന്നതിനായി ഓസ്ട്രേലിയ ഇതുവരെ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടിരുന്നു. മറ്റു രാജ്യങ്ങള്‍ മുന്നോട്ടു വച്ച പ്രഖ്യാപിത ലക്ഷ്യങ്ങളെക്കാള്‍ ഏറെ കുറവാണ് ഓസ്ട്രേലിയ ലക്ഷ്യമിട്ടിരുന്നത്. 2020 നുള്ളില ഹരിതഗൃഹ വാതക ബഹിഷ്കരണത്തില്‍ 28 ശതമാനം വരെ കുറവു വരുത്തുമെന്നായിരുന്നു ഈ പ്രഖ്യാപനം. വികസനത്തിന്‍റെ കാര്യത്തില്‍ ഓസ്ട്രേലിയയ്ക്ക് ഒപ്പം നില്‍ക്കുന്ന പല യൂറോപ്യന്‍ രാജ്യങ്ങളും കാര്‍ബണ്‍ ബഹിര്‍ഗമനത്തില്‍ 100 ശതമാനം കുറവ് വരുത്തുന്നത് ലക്ഷ്യമാക്കിയപ്പോഴായിരുന്നു ഓസ്ട്രേലിയയുടെ ഈ പ്രഖ്യാപനം. എന്നാൽ ഇതു പോലും ഇപ്പോള്‍ ഓസ്ട്രേലിയയ്ക്ക് ഇപ്പോൾ അപ്രാപ്യമാണ്.