കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും ശക്തിയാര്‍ജിക്കുന്നതോടെ മിക്ക ഭൂമധ്യരേഖാ പ്രദേശങ്ങളും ആവാസയോഗ്യമല്ലാതാകുകയാണ്. ഈ നൂറ്റാണ്ടിന്‍റെ അവസാനത്തോടെ ഇപ്പോള്‍ മനുഷ്യാവസത്തിന് ഏറ്റവും അനുയോജ്യമെന്നു കരുതുന്ന ഉഷ്ണമേഖലാ, സമശീതോഷ്ണ മേഖലകളിലെ പലനഗരങ്ങളും ജനവാസ കേന്ദ്രങ്ങളും വൈകാതെ കടലിനടിയിലാകും. ഇത് വരുത്തി വയ്ക്കാന്‍ പോകുന്ന കുടിയേറ്റമുള്‍പ്പടെയുള്ള വലിയ പ്രതിസന്ധികള്‍ക്ക് ചെറിയ തോതിലെങ്കിലും പരിഹാരം കാണാന്‍ സൈബീരിയ പോലുള്ള പ്രദേശങ്ങള്‍ക്കു കഴിയുമെന്നാണ് ഗവേഷകരിപ്പോൾ കണ്ടെത്തിയിരിക്കുന്നത്.
ഫോസിലുകളുടെ മോര്‍ച്ചറി
ഇപ്പോള്‍ മഞ്ഞുപാളികളാലും പല നിറത്തിലുള്ള മഞ്ഞുവീഴ്ചകളാലും ജീര്‍ണിക്കാതെ സൂക്ഷിക്കപ്പെടുന്ന ലക്ഷക്കണക്കിനു ജീവികളുടെ ഫോസിലുകളാലും സമ്പന്നമായ ഈ പ്രദേശം 2080 ആകുമ്പോഴേക്കും പ്രധാനപ്പെട്ട മനുഷ്യവാസ മേഖലകളിലൊന്നായി മാറുമെന്നാണ് ഗവേഷകരുടെ പ്രവചനം. എന്‍വയോണ്‍മെന്‍റ് റിസേര്‍ച്ച് ലെറ്റേഴ്സ് എന്ന ശാസ്ത്ര മാസികയില്‍ പ്രസിധീകരിച്ച പഠനത്തിലാണ് ഈ ശ്രദ്ധേയമായ നിരീക്ഷണമുള്ളത്.
ഏഷ്യാ ഭൂഖണ്ഡത്തില്‍ കാണപ്പെടുന്ന റഷ്യയുടെ പ്രദേശമാണ് പൊതുവെ സൈബീരിയ എന്നറിയപ്പെടുന്നത്. ഈ മേഖലയില്‍ ഇനിയുണ്ടാകുന്ന താപനിലയിലെ നേരിയ വർനവു പോലും വന്‍ തോതില്‍ മഞ്ഞുരുകാന്‍ കാരണമാകും. അങ്ങനെ സംഭവിച്ചാല്‍ ആരംഭത്തില്‍ പുരാതന സസ്യങ്ങളുടേയും ജീവികളുടെയും അവശിഷ്ടങ്ങള്‍ പുറത്തുവന്ന് പ്രതിസന്ധികള്‍ സൃഷ്ടിക്കുമെങ്കിലും വൈകാതെ ഭൂമിയില്‍ അവശേഷിക്കുന്ന ഏറ്റവും ഫലപൂയിഷ്ഠവും വാസയോഗ്യവുമായ മേഖലയായിത്തീരുമെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ക്രാനോയാര്‍സ് ഗവേഷണ കേന്ദ്രത്തിലെ എലന പാര്‍ഫെനോവ പറയുന്നു.
കൃഷിക്കും മനുഷ്യവാസത്തിനും അനുയോജ്യം

താരതമ്യേന ഉയര്‍ന്ന താപനില അനുഭവപ്പെട്ടേക്കാവുന്ന ഭാവിയിലെ കാലാവസ്ഥയില്‍ വിളകള്‍ക്ക് അനുയോജ്യമായ അന്തരീക്ഷം സൈബീരിയന്‍ മേഖലയില്‍ ഉടലെടുക്കും. ഇതും ഭൂമധ്യരേഖ പ്രദേശത്തെ അപേക്ഷിച്ച് അനുഭവപ്പെടുന്ന ചൂടിന്‍റെ കുറവും ഈ മേഖലയില്‍ മനുഷ്യവാസം കുത്തനെ ഉയരുന്നതിക്ക് നയിക്കും. ഉംറാല്‍ കടലിനു കിഴക്കായി, മംഗോളിയയ്ക്ക് മുകളില്‍ പസിഫിക് വരെ വ്യാപിച്ചു കിടക്കുന്ന വലിയൊരു മേഖലയാണ് ഏഷ്യന്‍ ഭൂഖണ്ഡത്തിലെ റഷ്യന്‍ അതിര്‍ത്തി. ഏതാണ്ട് 130 കോടി ചതുരശ്ര കിലോമീറ്റര്‍ വരുന്ന ഈ പ്രദേശം റഷ്യ എന്ന രാജ്യത്തിന്‍റെ 77 ശതമാനവും ഉള്‍ക്കൊള്ളുന്നു.
ഇപ്പോഴത്തെ കാര്‍ബണ്‍ ബഹിര്‍ഗമനവും താപനിലയിലുണ്ടാകുന്ന വർധനവും കണക്കിലെടുത്താല്‍ 2080 ഓടെ റഷ്യയില്‍ അനുഭവപ്പെടുക ഇപ്പോള്‍ സമശീതോഷ്ണ മേഖലയിലുള്ള കാലാവസ്ഥയ്ക്കു തുല്യമായ താപനിലയാകുമെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്. കൃഷിക്കും താമസത്തിനും ഇത് അനുയോജ്യമാണെന്നിരിക്കെ കടല്‍ പെരുപ്പവും വരള്‍ച്ചയും കടുത്ത ചൂടും മൂലം ഭൂമധ്യരേഖാ പ്രദേശത്തു നിന്നും തീരദേശങ്ങളില്‍ നിന്നും കുടിയേറുന്നവര്‍ സ്വാഭാവികമായും ലക്ഷ്യമിടുന്നത് സൈബീരിയ ആയിരിക്കുമെനനാണ് ഗവേഷകരുടെ നിഗമനം.
മാറ്റിവരയ്ക്കപ്പെടുമോ രാജ്യാതിര്‍ത്തികള്‍
മനുഷ്യവംശം നേരിട്ടതില്‍ വച്ച് ഏറ്റവും വലിയ പ്രതിസന്ധിയായി കാലാവസ്ഥാ വ്യതിയാനവും ആഗോള താപനവും മാറുമെന്ന കാര്യം ഉറപ്പാണ്. സമാനതകളില്ലാത്ത ആ ദുരന്തത്തെ നേരിടാന്‍ മനുഷ്യര്‍ പര്യാപ്തരായിട്ടുണ്ടോ എന്നതു മാത്രമാണ് അവശേഷിക്കുന്ന ചോദ്യം. സമീപകാലത്തുള്‍പ്പടെ യുദ്ധസമയത്തുണ്ടാകുന്ന രാജ്യാതിര്‍ത്തികള്‍ കടന്നുള്ള കുടിയേറ്റം എപ്പോഴും രാജ്യാന്തരതലത്തില്‍ തന്നെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് വഴിവച്ചിട്ടുണ്ട്. പല രാജ്യങ്ങളും അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ മടികാട്ടുന്ന സാഹചര്യവുമുണ്ടായി. ആഗോളതാപനം രൂക്ഷമാകുമ്പോള്‍, മനുഷ്യന് അതിജീവിക്കാനുള്ള വഴികള്‍ ചുരുങ്ങുമ്പോള്‍ ഈ രാജ്യാതിര്‍ത്തികള്‍ അവന്‍റെ മുന്നോട്ടുള്ള യാത്രയ്ക്കു തടസ്സമാകുമോ എന്നതാണ് ശാസ്ത്രലോകം ആശങ്കയോടെ ഉറ്റു നോക്കുന്നത്.