ഭൂമി അതിവേഗം ചൂടുപിടിക്കുന്നു; ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന താപനിലയിൽ ഉത്തരാർധം

Hottest Summer on Record
SHARE

ആഗോള താപനിലയുടെ കണക്കുകള്‍ രേഖപ്പെടുത്താന്‍ തുടങ്ങിയ 1880 മുതല്‍ ഇന്നു വരെയുള്ളതില്‍ വച്ച് ഏറ്റവും കഠിനമായ വേനല്‍ക്കാലമാണ് ഇക്കുറി കടന്നു പോയത്. മാര്‍ച്ച് മുതല്‍ ഓഗസ്റ്റ് വരെ നീണ്ടു നിന്ന ഉത്തരാർധഗോളത്തിലെ ഈ  വേനല്‍ക്കാലം ചരിത്രത്തിലെ തന്നെ ഏറ്റവും ചൂടേറിയതായിരുന്നുവെന്നാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. അമേരിക്കയുടെ ദേശീയ കാലാവസ്ഥാ ഏജന്‍സിയായ നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്മോസ്ഫിയറിക് അഡ്മിനിസ്ട്രേഷനാണ് വേനല്‍ക്കാലത്തെ താപനിലയെ സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തു വിട്ടത്.

ആയിരക്കണക്കിനു തെര്‍മോമീറ്ററുകള്‍ ഉപയോഗിച്ചും സെന്‍സറുകളുടെ സഹായത്തോടെയുമാണ് ഭൗമോപരിതലത്തിലെ താപനിലയുടെ ശരാശരി NOAA കണക്കാക്കിയത്. ഇതുവരെ ഒന്നാം സ്ഥാനത്തായിരുന്ന 2016 ലെ താപനിലയ്ക്കു തുല്യമാണ് ഇക്കുറി ഉത്തരാർധ ഗോളത്തില്‍രേഖപ്പെടുത്തിയ താപനിലയെന്ന് ഇതിലൂടെ വ്യക്തമായി. ഇരുപതാം നൂറ്റാണ്ടിന്റെ ശരാശരിയേക്കാള്‍ ഏതാണ്ട് 2.03 ഡിഗ്രി സെല്‍ഷ്യസ് അധികമാണ് ഈ വര്‍ഷത്തെ ഉത്തരാർധത്തിലെ വേനല്‍ക്കാല താപനില.

കൊടും ചൂടിന് എല്‍നിനോ വേണ്ട

കൂടാതെ ചരിത്രത്തിലെ തന്നെ ഏറ്റവും ചൂടേറിയ രണ്ടാമത്തെ ഓഗസ്റ്റും രേഖപ്പെടുത്തിയത് ഇക്കുറിയാണ്. ഇവിടെയും ഒന്നാം സ്ഥാനത്ത് രൂക്ഷമായ എല്‍നിനോ പ്രതിഭാസം നേരിട്ട 2016 ആണ്. 2016 നെ അപേക്ഷിച്ച് 2019 ല്‍ എല്‍നിനോ പോലെ താപനില വർധിപ്പിക്കുന്ന ബാഹ്യഘടകങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ അസാധാരണമായ അന്തരീക്ഷ താപനിലയാണ് ഈ വര്‍ഷം ഇതുവരെ അനുഭവപ്പെട്ടതെന്ന് നാസയും  NOAA യും ഒരേ സ്വരത്തില്‍ പറയുന്നു.

ധ്രുവപ്രദേശങ്ങളില്‍ പോലും ഭൂമധ്യരേഖാ മേഖലയ്ക്ക് സമാനമായ താപനില ചില ദിവസങ്ങളിലെങ്കിലും അനുഭവപ്പെട്ടു എന്നതാണ് മറ്റൊരു ആശങ്കാജനകമായ കാര്യം. ഈ വര്‍ഷത്തിന്‍റെ തുടക്കത്തില്‍ പ്രത്യക്ഷപ്പെട്ട വളരെ ദുര്‍ബലമായ എല്‍നിനോയാകാം ഇതിനു കാരണമെന്ന് കരുതിയിരുന്നുവെങ്കിലും പുതിയ റിപ്പോര്‍ട്ടുകള്‍ ഈ കണ്ടെത്തലും പൂര്‍ണമായി തള്ളിക്കളയുന്നു. സൂര്യതാപവും ഹരിതഗൃഹവാതകങ്ങളും ചേര്‍ന്നു സൃഷ്ടിച്ച ചൂട് തന്നെയാണ് ഇക്കുറിയുണ്ടായ താപനിലയിലുണ്ടായ വർധനവിനു കാരണമെന്ന്  NOAA റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Hottest Summer on Record

2019 ലെ ഈ താപനിലാ വർധനവ് ഭൂമി അതിവേഗം ചൂടുപിടിക്കുന്നു എന്നാണ് സൂചിപ്പിക്കുന്നത്. 2019 ലെ മാത്രമല്ല 2015 മുതല്‍ തുടര്‍ച്ചയായി വന്ന അഞ്ച് വര്‍ഷങ്ങളാണ് ദക്ഷണാർധത്തിലെ ഏറ്റവും കൊടിയ ചൂടുള്ള വേനല്‍ക്കാലങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചത്. യൂറോപ്പില്‍ ഇക്കുറിയുണ്ടായ താപക്കാറ്റാണ് ഇതിന്‍റെ പ്രത്യാഘാതങ്ങളില്‍ ഏറ്റവും രൂക്ഷമായ ഒന്ന്. ശൈത്യമേഖലയില്‍ പോലും സൂര്യാതപമേല്‍ക്കുന്ന സ്ഥിതിയിലേക്ക് ഈ താപവാതം ചൂടുയര്‍ത്തിയിരുന്നു. ഈ ഉഷ്ണക്കാറ്റ് തന്നെയാണ് ചരിത്രത്തിലെ തന്നെ ഏറ്റവും കുറഞ്ഞ വിസ്തൃതികളിലൊന്നിലേക്ക്ആര്‍ട്ടിക്കിലെ മഞ്ഞുപാളികളെ എത്തിച്ചതും.

2016 മാത്രം മുന്നില്‍ 

ഉത്തര ധ്രുവത്തിലെ മാത്രമല്ല 2019 ലെ ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള കണക്കെടുത്താല്‍ ചൂടിന്‍റെ ആഗോള ശരാശരിയിലും ഈ വര്‍ഷം രണ്ടാം സ്ഥാനത്താണ്. ഇരുപതാം നൂറ്റാണ്ടിലെ ശരാശരിയേക്കാള്‍ ഏതാണ്ട് 1.84 ഡിഗ്രി സെല്‍ഷ്യസ് അധികമാണ് 2019 ലെ വേനല്‍ക്കാല മാസങ്ങളിലെ താപനില. ഇവിടെയും 0.4 ഡിഗ്രി സെല്‍ഷ്യസിന്‍റെ അധിക താപനിലയുമായി എല്‍നിനോ വര്‍ഷമായ 2016 മാത്രമാണ് മുന്നിലുള്ളത്. താപനില ഈ വേഗതയിലാണ് ഉയരുന്നതെങ്കില്‍ ഇപ്പോഴത്തെ റെക്കോ‍ഡുകളെല്ലാം വരും വര്‍ഷങ്ങളില്‍ തന്നെ പഴങ്കഥയാകുമെന്ന് ഗവേഷകര്‍ നിസ്സംശയം പറയുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GLOBAL WARMING
SHOW MORE
FROM ONMANORAMA