ADVERTISEMENT

സെപ്റ്റംബർ 25നായിരുന്നു സംഭവം. ചിലെയിലെ ചിലൊ ദ്വീപിനോടു ചേർന്നു താമസിക്കുന്നവർ ആകാശത്ത് ഒരു അസാധാരണ കാഴ്ച കണ്ടു. അതിവേഗത്തിൽ ആകാശത്തിലൂടെ പാഞ്ഞ് ഭൂമിയിലേക്കു പതിക്കുന്ന അഗ്നിഗോളങ്ങളായിരുന്നു അത്. ചിലർ അവയുടെ ചിത്രങ്ങളും പകർത്തി. ഈ തീഗോളങ്ങൾ താഴേക്കു വീണതിനു പിന്നാലെ പലയിടത്തും കുറ്റിക്കാടുകൾക്കു തീപിടിച്ചു. ചെറിയ കുഴികള്‍ രൂപപ്പെട്ടു. അഗ്നിശമന സേനാംഗങ്ങളെത്തി തീയണച്ചെങ്കിലും ഈ അഗ്നിഗോളങ്ങളുയർത്തിയ ആശങ്ക മാത്രം കെട്ടടങ്ങിയില്ല. 

ഭൂമിയിലേക്കു പാഞ്ഞെത്തിയ ഉൽക്കയോ അല്ലെങ്കിൽ ഏതെങ്കിലും ബഹിരാകാശ പേടകത്തിന്റെ അവശിഷ്ടങ്ങളോ ആയിരിക്കാം അതെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ സംഭവം നടന്ന് രണ്ടാഴ്ച കഴിഞ്ഞിട്ടും ആകാശത്തു നിന്നു പറന്നെത്തിയ ‘അജ്ഞാതനെ’ പിടികൂടാനായില്ല. അതിവേഗത്തിലായിരുന്നു ഈ തീഗോളം സഞ്ചരിച്ചിരുന്നത്. തിളങ്ങുന്ന ചുവപ്പുനിറമായിരുന്നു. ഇക്കാരണങ്ങളാലാണു സംഗതി ഉൽക്കയാണെന്ന നിഗമനത്തിലേക്കു ഗവേഷകരെ എത്തിച്ചത്. എന്നാൽ നാഷനൽ സർവീസ് ഓഫ് ജിയോളജി ആൻഡ് മൈനിങ്ങിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തില്‍ അക്കാര്യം തെളിയിക്കാനായില്ല. 

അഗ്നിഗോളം വീണു തീപിടിച്ച പ്രദേശത്തു നിന്നു സാംപിൾ ശേഖരിച്ചായിരുന്നു പരിശോധന. എന്നാൽ എത്ര പരിശോധിച്ചിട്ടും ഉൽക്കയാണെന്നതിനു മാത്രം തെളിവു ലഭിച്ചില്ല. ബഹിരാകാശ അവശിഷ്ടമാണോയെന്ന കാര്യത്തിലും ഇതുവരെ ഉറപ്പു പറയാനായിട്ടില്ല. ഇത്തരം വസ്തുക്കൾ ഏകദേശം 200–400 എണ്ണം ഓരോ വർഷവും ഭൂമിയിലേക്കെത്തുന്നുണ്ട്. എങ്കിലും ചുവന്ന നിറത്തിൽ അതിവേഗം കുതിച്ചെത്തുന്നതല്ല ബഹിരാകാശ അവശിഷ്ടങ്ങളുടെ രീതി. നിലവിലെ സാഹചര്യത്തിൽ കൂടുതൽ തെളിവുകൾക്കായി അഗ്നിഗോളം വന്നുവീണയിടങ്ങളിൽ നിന്നെല്ലാം മണ്ണ് ശേഖരിച്ചിട്ടുണ്ട് ഗവേഷകർ. ഏതാനും ആഴ്ചകൾക്കുള്ളിൽ ഇതിനെക്കുറിച്ചുള്ള സമ്പൂർണ വിവരം ലഭിക്കുമെന്നാണു പ്രതീക്ഷ. 

അതിനിടെ പറക്കുംതളിക തകർന്നു വീണതാണെന്ന മട്ടിലുള്ള പതിവു സംശയങ്ങളും ഉയർന്നിട്ടുണ്ട്. എന്നാൽ സ്പേസ് ജങ്ക് എന്നറിയപ്പെടുന്ന ബഹിരാകാശ അവശിഷ്ടം തന്നെയായിരിക്കും അതെന്നാണ് ഗവേഷകര്‍ ഉറപ്പിച്ചു പറയുന്നത്. ഭൂമിയിലേക്കു പതിക്കുന്ന ഇത്തരം വസ്തുക്കളിൽ 70 ശതമാനവും കടലിനു മുകളിൽ കത്തിത്തീരുകയാണു പതിവ്. സ്പേസ് ജങ്ക് വീണ് ഇന്നേവരെ കാര്യമായ പരുക്കേറ്റിട്ടുള്ളത് അഞ്ച് ജാപ്പനീസ് നാവികർക്കു മാത്രമാണ്. 1969ൽ ഒരു റഷ്യൻ പേടകത്തിന്റെ അവശിഷ്ടം ഭൂമിയിലേക്കു പതിച്ചപ്പോൾ വന്നുവീണത് ഈ നാവികർ സഞ്ചരിച്ച കപ്പലിലായിരുന്നു. 1997ൽ യുഎസിന്റെ ഡെൽറ്റ 2 റോക്കറ്റ് ബൂസ്റ്ററിന്റെ ചെറുകഷ്ണം വന്നിടിച്ച് ഒരു യുവതിക്കും ചെറുതായി പരുക്കേറ്റിരുന്നു. 

മനുഷ്യവാസമില്ലാത്ത പ്രദേശങ്ങളിലാണ് ബഹിരാകാശ അവശിഷ്ടങ്ങൾ ഏറെയും പതിക്കാറുള്ളത്. അതിനാൽത്തന്നെ ഇവ എപ്രകാരമാണ് അന്തരീക്ഷത്തിലൂടെ സഞ്ചരിക്കുകയെന്നതിൽ ഉൾപ്പെടെ ഇപ്പോഴും പൂർണമായ അറിവില്ല ഗവേഷകർക്ക്. എന്തായാലും ചിലെയിലെ സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ ട്രെൻഡായിരുന്നു ഈ അഗ്നിഗോളങ്ങൾ. ഒട്ടേറെ പേര്‍ ഇതിന്റെ ചിത്രങ്ങൾ പങ്കുവച്ചതോടെ രാജ്യാന്തര തലത്തിലും സംഗതി വൈറലായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com