സമുദ്രത്തിന്‍റെ നിറവും മാറുന്നു വില്ലൻ കാലാവസ്ഥാ വ്യതിയാനമോ?

ocean
SHARE

ഈ നൂറ്റാണ്ടിന്‍റെ അവസാനത്തോടെയോ ഒരു പക്ഷേ അതിനു മുന്‍പോ ഭൂമിയിലെ സമുദ്രങ്ങളുടെ നിറത്തില്‍ മാറ്റങ്ങളുണ്ടാകുമെന്നാണു ഗവേഷകര്‍ പറയുന്നത്. സമുദ്രങ്ങള്‍ കടുത്ത പച്ച നിറത്തിലേക്കും കടും നീല നിറത്തിലേക്കും മാറുമെന്നാണ് ഇവര്‍ വിലയിരുത്തുന്നത്. നിറം മാറുക എന്നത് മനുഷ്യന്‍റെ കാഴ്ചയില്‍ മാത്രം സംഭവിക്കുന്നതാണെന്നിരിക്കെ കാഴ്ചയിലുണ്ടാകുന്ന ഈ മാറ്റത്തിനു യഥാർഥത്തില്‍ കാരണമാകുന്നതു സമുദ്രത്തിലെ രാസപ്രവര്‍ത്തനങ്ങളില്‍ വരുന്ന വ്യതിയാനങ്ങളാണ്. ഈ വ്യതിയാനങ്ങള്‍ സമുദ്രജീവികളുടെ ആവാസ വ്യവസ്ഥയില്‍ സാരമായ മാറ്റമുണ്ടാക്കാന്‍ പോന്നവയാണ്.

സമുദ്രത്തിലെ ജീവന്‍റെ അടിസ്ഥാനമായ ഫൈറ്റോപ്ലാങ്ക്തണ്‍ എന്ന വസ്തു തന്നെയാണ് സമുദ്രത്തില്‍ ദൃശ്യമാകാന്‍ പോകുന്ന നിറം മാറ്റത്തിന്‍റെയും കേന്ദ്രബിന്ദു. ഉയരുന്ന സമുദ്രതാപനിലയോട് ഇവ പ്രതികരിക്കുന്ന രീതിയാണ് സമുദ്രത്തിലെ രാസമാറ്റങ്ങള്‍ക്കും നിറം മാറ്റത്തിനും വഴിവയ്ക്കുന്നത്. താപനിലയിലുണ്ടാകുന്ന ഈ വ്യതിയാനം ചിലയിടങ്ങളില്‍ ഫൈറ്റോപ്ലാങ്ക്തണിന്‍റെ അളവു വർധിപ്പിക്കുകയും ചിലയിടങ്ങളില്‍ കുറയ്ക്കുകയും ചെയ്യും.

ഫൈറ്റോപ്ലാങ്ക്തണിന്‍റെ സാന്നിധ്യമാണ് മേഖലയിലെ സമുദ്രത്തിന്‍റെ നിറം നിര്‍ണയിക്കുന്നത്. സമുദ്രഭാഗത്തിന്‍റെ നിറം നീലയാണെങ്കില്‍ അവിടെ ഫൈറ്റോപ്ലാങ്ക്തണിന്‍റെ അളവ് കുറവാണെന്നാണ് അര്‍ത്ഥം. അതേസമയം ഫൈറ്റോപ്ലാങ്ക്തണ്‍ നിറയെ ഉള്ള സമുദ്രഭാഗമാണെങ്കില്‍ നിറം പച്ചയായിരിക്കും. അതുകൊണ്ട് തന്നെ ഒരു സമുദ്രമേഖലയുടെ നിറം നോക്കി തന്നെ ആ പ്രദേശത്തെ താപനില നിര്‍ണയിക്കാനാകുന്ന അവസ്ഥയിലേക്കു വൈകാതെ ആഗോളതാപനം ഭൂമിയെ എത്തിക്കുമെന്ന് ഗവേഷകര്‍ പറയുന്നു

ചൂടു കൂടുതലുള്ള പ്രദേശത്ത് ഫൈറ്റോപ്ലാങ്ക്തണിന്‍റെ എണ്ണം കുറയുകയും അവിടെ നീല നിറത്തില്‍ കാണപ്പെടുകയും ചെയ്യും. അതേസമയം സമുദ്ര താപനില കുറവുള്ള പ്രദേശത്ത് ഫൈറ്റോപ്ലാങ്ക്തണ്‍ നന്നായി വളരുകയും ഇവിടം പച്ച നിറത്തില്‍ ദൃശ്യമാകുകയും ചെയ്യും. നിലവിലെ സാഹചര്യത്തില്‍ ഈ നൂറ്റാണ്ട് അവസാനിക്കുന്നതോടെ ധ്രുവപ്രദേശത്തു മാത്രമാകും പച്ച നിറമുള്ള സമുദ്രങ്ങള്‍ അവശേഷിക്കാന്‍ സാധ്യതയെന്നാണു ഗവേഷകര്‍ കണക്കു കൂട്ടുന്നത്.

ഇങ്ങനെ നിറം മാറ്റത്തിനനുസരിച്ച് സമുദ്രജീവികളുടെ അളവിലും വ്യത്യാസം വരും. സമുദ്രത്തിലെ ആഹാര ശൃംഖലയിൽ ആദ്യത്തെ കണ്ണിയാണ് ഫൈറ്റോപ്ലാങ്ക്തണുകൾ‍. അതിനാല്‍ തന്നെ ഇവയുള്ള പ്രദേശത്തെ കേന്ദ്രീകരിച്ചാകും മറ്റു ജീവികളുടെയും നിലനില്‍പ്പ് സാധ്യമാകുക. ഈ സാഹചര്യത്തില്‍ 2100 ആകുമ്പോഴേക്കും ഭൂമിയുടെ മത്സ്യ സമ്പത്തിന്‍റെ വലിയൊരു ഭാഗം ധ്രുവപ്രദേശങ്ങളിലേക്കായി ചുരുങ്ങുമെന്നു ഗവേഷകര്‍ വിലയിരുത്തുന്നു.

കരയില ജീവന്‍റെ അടിസ്ഥാനം സസ്യങ്ങള്‍ നടത്തുന്ന പ്രകാശ സംശ്ലേഷണമാണ്. ഇതു തന്നെയാണ് കടലില്‍ ഫൈറ്റോപ്ലാങ്ക്തണുകളും ചെയ്യുന്നത്. സൂര്യപ്രകാശവും കാര്‍ബണ്‍ ഡയോക്സൈഡും സ്വാംശീകരിച്ചാണ് ഇവ ഊര്‍ജം നിര്‍മ്മിക്കുന്നത്. ഇവയെ ആശ്രയിച്ചു കഴിയുന്ന ചെറുമത്സ്യങ്ങളെ തിന്നുന്നവയില്‍ മറ്റു ചെറുമത്സ്യങ്ങള്‍ മുതല്‍ നീല തിമിംഗലങ്ങള്‍ വരെ ഉള്‍പ്പെടുന്നു. അതുകൊണ്ടു തന്നെയാണ് ഈ ഭക്ഷ്യശൃംഖലയില്‍ ഫൈറ്റോപ്ലാങ്ക്തണിനുണ്ടാകുന്ന മാറ്റങ്ങള്‍ ആ മേഖലയിലെ ജൈവവൈവസ്ഥയെ തന്നെ ബാധിക്കുമെന്നു പറയാന്‍ കാരണവും.

സമുദ്രതാപനിലയിലുണ്ടാകുന്ന മാറ്റം കാലക്രമേണ ഫൈറ്റോപ്ലാങ്ക്തണിന്‍റെ അളവു കുറയാന്‍ ഇടയാക്കുമെന്നും നാസയുടെ ഗവേഷക സംഘം പറയുന്നു. ഇപ്പോഴത്തെ ഗതിയില്‍ ആഗോളതാപനം മുന്നോട്ടു പോയാല്‍ 2100 ഓടെ 3 ഡിഗ്രി സെല്‍ഷ്യസിന്‍റെയെങ്കിലും വർധനവുണ്ടാകുമമെന്നാണു പ്രതീക്ഷിക്കുന്നത്. അങ്ങനെ സംഭവിച്ചാല്‍ സമുദ്രത്തിലെ ജൈവവ്യവസ്ഥ അപ്പാടെ മാറി മറിയും. ഇപ്പോള്‍ ഭൂമധ്യരേഖാ പ്രദേശത്തു കാണപ്പെടുന്ന ജീവികള്‍ ഉള്‍പ്പടെ ഭാവിയില്‍ ധ്രുവപ്രദേശത്തേക്കെത്തുമമെന്നും ഈ പഠനത്തിനു നേതൃത്വം നല്‍കിയ നാസയിലെ ആഗോള താപന പഠന വിഭാഗം ഗവേഷക സ്റ്റെഫാനി ഡറ്റ്കിവിസ് ചൂണ്ടിക്കാട്ടുന്നു.

English Summary: Climate change will alter the color of the oceans

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GLOBAL WARMING
SHOW MORE
FROM ONMANORAMA