ചത്ത് തീരത്തടിഞ്ഞത് അഞ്ച് ലക്ഷത്തോളം കക്കകള്‍; കാരണം ഞെട്ടിക്കുന്നത്?

mussels
SHARE

സമുദ്രത്തില്‍ കാണപ്പെടുന്ന കട്ടിയുള്ള തോടോടു കൂടിയ ജീവികളാണ് കക്കകള്‍. കടുക്ക എന്നും മുത്തുച്ചിപ്പിയെന്നും ഇവ ഉള്‍പ്പടെയുള്ള വലിയ ജീവിവര്‍ഗത്തെ വിളിക്കാറുണ്ട്. ഇവ തീന്‍മേശയിലെ വിലയേറിയ വിഭവങ്ങളില്‍ ഒന്നുകൂടിയാണ്. പാതി വേവിച്ചും, ചൂടാക്കിയും, പുഴുങ്ങിയുമെല്ലാം ഇവയെ ഭക്ഷിക്കാറുണ്ട്. എന്നാല്‍ ന്യൂസീലന്‍ഡിലെ തീരത്ത് അഞ്ച് ലക്ഷത്തോളം കക്കകള്‍ ചത്ത് കതീരത്തടിഞ്ഞത് കടല്‍ജലത്തിന്റെ ചൂടു കൂടിയതു കാരണമാണെന്നതാണ് ഇപ്പോള്‍ ഭയമുളവാക്കുന്ന വസ്തുത.

ന്യൂസീലന്‍ഡിലെ മോഗാനുയി ബ്ലഫ് തീരത്താണ് കൂട്ടത്തോടെ കക്കകള്‍ ചത്തടിഞ്ഞതായി കണ്ടെത്തിയത്. പ്രദേശവാസികളാണ് ഈ ദുരന്തം ആദ്യം ശ്രദ്ധിച്ചതും സാമൂഹ മാധ്യമങ്ങളിലൂടെ ലോകത്തെ അറിയച്ചതും. മോഗാനുയി തീരം സ്ഥിതി ചെയ്യുന്ന ദ്വീപിന് ചുറ്റും സമാനമായ രീതിയില്‍ കക്കകള്‍ ചത്തടിയുന്നതായി വൈകാതെ കണ്ടെത്തി. ഇവയുടെ എണ്ണം അഞ്ച് ലക്ഷത്തോളം വരുമെന്നാണ് ഏകദേശ കണക്ക്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിലാണ് ഇവ കരയിലേക്ക് ചത്തടിയാൻ തുടങ്ങിയത്.

മരണകാരണം

ഗ്രീന്‍ ലിപ്പിഡ് എന്നറിയപ്പെടുന്ന കക്കകളാണ് പ്രധാനമായി കരയ്ക്കടിഞ്ഞത്. തീരത്തും, തീരപ്രദേശത്തെ പാറകള്‍ക്കിടയിലുമായി ചത്ത കടുക്കകള്‍ കെട്ടി കിടക്കുകയായിരുന്നു എന്ന് പ്രദേശവാസികള്‍ പറയുന്നു. കടല്‍ജീവികള്‍ ചത്തടിഞ്ഞ് ചീയുമ്പോഴുള്ള അതേ ഗന്ധമായിരുന്നു ആ പ്രദേശം മുഴുവനും വ്യാപിച്ചിരുന്നതെന്നും ഇവര്‍ വ്യക്തമാക്കി. ചില കക്കകളുടെ ഉള്‍വശം ശൂന്യമായിരുന്നു. മറ്റ് ചിലതിന്‍റെ ഉള്ളില്‍ ജീവി ചത്തു ചീഞ്ഞു തുടങ്ങിയിരുന്നു. ചിലത് കടലില്‍ ഒഴുകി നടക്കുകയായിരുന്നു.

ഇതാദ്യമായല്ല കക്കകള്‍ ഇത്തരത്തില്‍ കൂട്ടത്തോടെ തീരത്ത് ചത്തടിയുന്നതെന്ന് പ്രദേശവാസികളില്‍ ഒരാളായ ബ്രാൻഡൺ ഫര്‍ഗൂസണ്‍ പറയുന്നു. എന്നാല്‍ ഇത്ര വലിയ അളവില്‍ ആദ്യമായാണ് കാണുന്നത്. കടുക്കകള്‍ കൂട്ടത്തോടെ ചത്തടിയുകയെന്നത് തന്നെ സ്വാഭാവികമായ കാര്യമല്ല. ഇത്രയധികം അളവില്‍ ഇവ കൂട്ടത്തോടെ തീരത്തടിയുന്നത് ഭയപ്പെടുത്തുന്നുണ്ടെന്നും ഫര്‍ഗൂസണ്‍ പറയുന്നു. ഉയരുന്ന കടലിലെ താപനില തന്നെയാണ് ഇതിനു കാരണമെന്നാണ് ഫര്‍ഗൂസണും പ്രദേശവാസികളില്‍ ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നത്..

2019 ല്‍ ന്യൂസീലന്‍ഡ് സര്‍ക്കാര്‍ പുറത്തിറക്കിയ സമുദ്രജല റിപ്പോര്‍ട്ടും ഫെര്‍ഗൂസന്‍റെ ഈ നിരീക്ഷണം ശരിവയ്ക്കുന്നതാണ്. കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും പ്രദേശിക സമുദ്രജല ജീവികള്‍ക്ക് വലിയ ഭീഷണിയാകുന്നു എന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.കൂടാതെ ഈ റിപ്പോര്‍ട്ടനുസരിച്ച് ന്യൂസീലന്‍ഡിന് ചുറ്റുമുള്ള സമുദ്രമേഖലകളിലെ താപനില കഴിഞ്ഞ നാല് പതിറ്റാണ്ടിനുള്ളില്‍ 0.5 മുതല്‍ 0.7 ഡിഗ്രി സെല്‍ഷ്യസ് വരെ വർധിച്ചിട്ടുണ്ട്. അതായത് ദശാബ്ദത്തില്‍ 0.1 മുതല്‍ 0.2 ഡിഗ്രി സെല്‍ഷ്യസിന്‍റെ വരെ വർധനവ്.

സമുദ്രതാപവും ആഗോളതാപനവും

സമുദ്രതാപനില വർധിക്കുന്നത് ജൈവവ്യവസ്ഥയ്ക്ക് വലിയ ഭീഷണിയാണുയര്‍ത്തുന്നത്. എന്നാല്‍ ഇത് മാത്രമല്ല സമുദ്രത്തിലെ താപനില വർധിക്കുന്നതിലൂടെ സംഭവിക്കുന്നതെന്നും ഗവേഷകര്‍ വിശദീകരിക്കുന്നു. സമുദ്രത്തിലെ താപനില വർധിക്കുന്നതോടെ അവയ്ക്ക് കാര്‍ബണ്‍ ഡയോക്സൈഡ് പോലുള്ള ഹരിതഗൃഹ വാതകങ്ങള്‍ വലിച്ചെടുക്കാനുള്ള ശേഷി നഷ്ടപ്പെടുന്നു. ഇതോടെ ഈ കാര്‍ബണ്‍ ഉള്‍പ്പടെയുള്ള വാതകങ്ങള്‍ അന്തരീക്ഷത്തില്‍ തന്നെ തുടരുകയും ആഗോളതാപനം വർധിക്കുകയും ചെയ്യുമെന്ന് ഗവേഷകനും ന്യൂസീലന്‍ഡിലെ പരിസ്ഥിതി വിഭാഗം സെക്രട്ടറിയും ആയ വിക്കി പാറ്റേഴ്സണ്‍ പറയുന്നു.

ഡിസംബറിലും ജനുവരിയിയിലും ദക്ഷിണധ്രുവത്തിലെ വേനല്‍ക്കാലത്ത് ന്യൂസീലന്‍ഡിലെ പല സമുദ്രമേഖലകളിലും 10 ഫാരന്‍ഹീറ്റ് വരെ താപനില ഉയര്‍ന്നതായി ഗവേഷകര്‍ കണ്ടെത്തിയിരുന്നു. ഇത് ഈ മേഖലകളിലെ സമുദ്ര ജീവികളെ സാരമായി ബാധിച്ചിരിക്കാന്‍ ഇടയുണ്ടെന്നാണു കണക്കാക്കുന്നത്. ഈ പ്രതിസന്ധി വര്‍ഷം തോറും വർധിച്ച് വരികയാണെന്ന് ഓക്‌ലന്‍ഡ് സര്‍വകലാശാല ഗവേഷകനായ ജെഫ് ആൻഡേഴ്സണും ചൂണ്ടിക്കാട്ടുന്നു. 

English Summary: Half a million mussels cooked to death at a New Zealand beach

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ