സമുദ്രോപരിതലത്തില്‍ താപനില ഉയരുന്നു; രൂപമെടുക്കുന്നത് അസാധാരണ ചുഴലിക്കാറ്റുകൾ

ocean
SHARE

സമുദ്രോപരിതലത്തിലെ ചൂട് ഇരട്ടിയായി വർധിച്ചുവെന്ന് പഠന റിപ്പോർട്ടുകൾ. ഇതെത്തുടർന്ന് അസാധാരണമായ ചുഴലിക്കാറ്റുകളും രൂപമെടുക്കുന്നു. ഓഖി മുതൽ നിസർഗ വരെ അടുത്തകാലത്തു കണ്ട ചുഴലിക്കാറ്റുകൾ സമുദ്രോപരിതല താപനില ക്രമാതീതമായതിന്റെ പ്രതികരണമാണെന്ന് ശാസ്ത്രജ്ഞർ. ഇതുൾപ്പെടെ കാലാവസ്ഥാ വ്യതിയാനം കടലിലെ ആവാസ വ്യവസ്ഥയിലുണ്ടാക്കുന്ന ഗുരുതരമായ മാറ്റങ്ങളാണ് ലോകം ഇന്നു ഗൗരവത്തോടെ ചർച്ച ചെയ്യുന്നത്. സമുദ്ര ജലപ്രവാഹത്തിലുണ്ടാകുന്ന മാറ്റങ്ങൾ മത്സ്യസമ്പത്ത് ഉൾപ്പെടെ ജൈവവൈവിധ്യങ്ങളെയും ദോഷകരമായി ബാധിക്കുന്നു.

സമുദ്രോപരിതലത്തിലെ ചൂട് 25 ഡിഗ്രി സെൽഷ്യസിൽ കൂടുമ്പോൾ ചുഴലിക്കാറ്റിനു സാധ്യത തെളിയുമെന്നു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുൻ അംഗം ഡോ. കെ.ജി താര പറയുന്നു. കാർബൺ ഡയോക്സൈഡിന്റെ അളവ് അമിതമാകുമ്പോൾ കടൽവെള്ളവുമായി ചേർന്നു കാർബോണിക് ആസിഡ് രൂപപ്പെടും. ഇങ്ങനെ കടൽ അമ്ലമയമാകുന്നതു മത്സ്യസമ്പത്തിനെ ഗുരുതരമായി ബാധിക്കും. കടലിൽ 100 വർഷത്തിനുള്ളിൽ 0.6 ഡിഗ്രി സെൽഷ്യസ് ചൂട് കൂടിയെങ്കിൽ കഴിഞ്ഞ 50 വർഷം കൊണ്ട് അത് ഇരട്ടിയായെന്നു നാഷണൽ സെന്റർ ഫോർ എർത് സയൻസ് സ്റ്റഡീസ് മുൻ വകുപ്പു മേധാവി ഡോ. കെ.വി തോമസ് പറയുന്നു.

കാറ്റിന്റെ ഗതിയിലും തിരമാലയുടെ ഉയരത്തിലും ശക്തിയിലുമുണ്ടാകുന്ന മാറ്റങ്ങൾ മത്സ്യസമ്പത്തിനെ മാത്രമല്ല, തീരസുരക്ഷയെയും ബാധിക്കുന്നു. 50 വർഷത്തിനിടയിൽ കടലിൽ ലവണാംശം 4 ശതമാനം കൂടിയപ്പോൾ പിഎച്ച് മൂല്യം 0.1 കുറഞ്ഞു. ഓക്സിജന്റെ അഭാവം മത്സ്യസമ്പത്തിനു ദോഷമാണ്.

സ്രാവും ചാളയും കുറയുന്നു

കയറ്റുമതിയിൽ (ലോക്ഡൗൺ കാലം ഒഴിച്ച്) വർധന രേഖപ്പെടുത്തുന്നുണ്ടെങ്കിലും സമുദ്ര മത്സ്യോപാൽപാദനത്തിൽ കേരളത്തിന്റെ കണക്കുകൾ ആശാവഹമല്ല. 2016-17 ൽ 4,88,336 ടൺ ആയിരുന്നു ഉൽപാദനമെങ്കിൽ 2017-18 ൽ 48,36,86 ടൺ ആയി കുറഞ്ഞു. 133 ഇനം മത്സ്യങ്ങളെക്കുറിച്ചു സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (സിഎംഎഫ്ആർഐ) നടത്തിയ പഠനത്തിൽ ചുറ്റികത്തലയൻ ഇനത്തിൽപ്പെട്ട സ്രാവ്, ചീലാവ്, ഏട്ട, പാമ്പാട, ശംഖ് തുടങ്ങിയവയുടെ നിലനിൽപ് ഭീഷണിയിലാണെന്നു കണ്ടെത്തിയതായി പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. സുനിൽ മുഹമ്മദ് പറയുന്നു. 2017 നെ അപേക്ഷിച്ച് 2018 ൽ ചാളയുടെ ഉൽപാദനത്തിൽ കേരളത്തിൽ 39 % ഇടിവു രേഖപ്പെടുത്തിയപ്പോൾ രാജ്യത്ത് അത് 54 ശതമാനമാണ്. നദികളും മറ്റും നികന്നതോടെ നീരൊഴുക്കു കുറഞ്ഞു. പ്ലാസ്റ്റിക് മാലിന്യങ്ങൾ അടിഞ്ഞു കൂടുന്നതും മറ്റൊരു ഭീഷണി.

English Summary: Ocean Warming Is Accelerating Faster Than Thought

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.