ADVERTISEMENT

ആഗോളതാപനത്തിന്റെ ആഘാതങ്ങൾ ഇന്ത്യൻ ഉപഭൂഖണ്ഡ പ്രദേശങ്ങളിൽ വരും നൂറ്റാണ്ടിൽ എങ്ങനെയായിരിക്കും  അനുഭവവേദ്യമാകുന്നതെന്ന് പ്രവചിക്കുന്ന സമഗ്രമായ ആദ്യ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നു. വാർഷിക മഴലഭ്യതയിലുള്ള വർധനയും അതിതീവ്ര ചുഴലിക്കാറ്റുകളും പ്രവചിക്കുന്നതിനൊപ്പം കടുത്ത വരൾച്ചാക്കാലങ്ങളും റിപ്പോർട്ട് മുന്നിൽക്കാണുന്നു. പൂനെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റിയരോളജി (IITM) യാണ് കാലാവസ്ഥാമാറ്റം ഇന്ത്യയെ ബാധിക്കുന്നതെങ്ങനെയെന്ന് പ്രതിപാദിക്കുന്ന ഇദംപ്രഥമമായ ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ  എർത്ത് സയൻസസ്  മന്ത്രാലയത്തിനു കീഴിലുള്ള IITM - ലെ സെൻ്റർ ഫോർ ക്ലൈമറ്റ് ചേഞ്ച് റിസർച്ചിലെ ഗവേഷകരാണ് 'Assessment of Climate change over the Indian Region' എന്ന ശീർഷകത്തിലുള്ള റിപ്പോർട്ട് എഡിറ്റ് ചെയ്തു തയ്യാറാക്കിയത്.ഇൻസ്റ്റിറ്റ്യൂട്ടിൽ തന്നെ വികസിപ്പിച്ചെടുത്ത കാലാവസ്ഥാ പ്രവചന മാതൃകയുടെ അടിസ്ഥാനത്തിൽ നടത്തിയിരിക്കുന്ന  മുന്നറിയിപ്പുകൾ 2022-ൽ ഇന്റർ ഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച് (IPCC) പ്രസിദ്ധീകരിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ആഗോള കാലാവസ്ഥാമാറ്റ റിപ്പോർട്ടിന്റെ ഭാഗമാകും.

ഇന്ത്യക്കു വേണ്ടിയുള്ള ആദ്യ റിപ്പോർട്ട്

Climate change making cyclones fierce, frequent too, find researchers.
Scientists have observed an increasing trend of post-monsoon tropical cyclones over the Arabian Sea. Representative image: IANS

ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ മനുഷ്യകുലം നേരിടുന്ന സുപ്രധാന വെല്ലുവിളികളിലൊന്ന് മനുഷ്യപ്രേരിത കാലാവസ്ഥാമാറ്റത്തിന്റെ പ്രത്യാഘാതങ്ങളായിരിക്കും. മനുഷ്യന്റെ വൈവിധ്യമാർന്ന പ്രവൃത്തികളാൽ ഉൽപാദിപ്പിക്കപ്പെടുകയും അന്തരീക്ഷത്തിലേക്ക് പടരുകയും ചെയ്യുന്ന കാർബൺ ഡയോക്സൈഡ്, മീഥേൻ തുടങ്ങിയ ഹരിതഗൃഹ വാതകങ്ങളാൽ ഭൂമിയുടെ ശരാശരി അന്തരീക്ഷ താപനില ഉയരുകയും കാലാവസ്ഥയിൽ മാറ്റമുണ്ടാകുകയും ചെയ്യുന്നു. ഭൗമാന്തരീക്ഷത്തിന്റെ നെറുക മുതൽ ആഴിയുടെ ആഴങ്ങളിൽ വരെ ആഗോളതാപനവും അനന്തരഫലങ്ങളും സുവിദിതമായിക്കഴിഞ്ഞിട്ടുമുണ്ട് മനുഷ്യന്റെ ആരോഗ്യത്തിനും ജീവന്റെ സുരക്ഷിതത്വത്തിനും ഗുണമേന്മയ്ക്കും രാജ്യങ്ങളുടെ സമ്പദ്ഘടനയ്ക്കും ഭീഷണിയുയർത്തുകയാണ് കാലാവസ്ഥാമാറ്റമെന്ന പ്രതിഭാസം. കാലാവസ്ഥാ മാറ്റമെന്നത് ആഗോള പ്രതിഭാസമാണെങ്കിലും കാലവസ്ഥയുണ്ടാകുന്ന മാറ്റങ്ങൾ ഭൂഗോളത്തെല്ലായിടത്തും ഒരുപോലെ ആയിരിക്കുമെന്ന് പ്രതീക്ഷിക്കാനാവില്ല. മനുഷ്യനിർമ്മിതമായ ഹരിതഗൃഹവാതകങ്ങൾ കാലാവസ്ഥയിലുണ്ടാക്കുന്ന മാറ്റങ്ങൾ ദശാബ്ദങ്ങളും നൂറ്റാണ്ടാകളും കടന്നു പോകുന്നവയായിരിക്കും. ഹരിത ഗൃഹ വാതകങ്ങളുടെ ബഹിർഗമനം കുറയ്ക്കാനും, കാലാവസ്ഥാമാറ്റത്തോട് അനുരൂപപ്പെടാനും മനുഷ്യർ സ്വീകരിക്കുന്ന നടപടികളാണ് ഭാവിയെ സംബന്ധിച്ചിടത്തോളം പ്രധാനം.കാലാവസ്ഥാമാറ്റം ഭാവിയിലുണ്ടാക്കാൻ പോകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള സമഗ്രവും വ്യക്തവുമായ ധാരണകൾ കൽപ്പിച്ചെടുക്കേണ്ടത് നയരൂപീകരണത്തിൽ ഏർപ്പെട്ടിരിക്കുന്നവരെ സംബന്ധിച്ച് ഏറെ പ്രധാനമാണ്. കാലാവസ്ഥാമാറ്റം ഭാവിയിൽ ഭൂമിയെ ഏതു നിലയിലെത്തിക്കുമെന്നറിയാനും പഠിക്കാനും കാലാവസ്ഥാ മാതൃകകളാണ് (Climate models) ഉപയോഗിക്കാറുള്ളത്. ആഗോള കാലാവസ്ഥാ മാതൃകകൾ പ്രകാരം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും തുടർന്നും മനുഷ്യനിർമിത കാലാവസ്ഥാമാറ്റം തുടരുമെന്നാണ് അനുമാനിച്ചിരിക്കുന്നത്. പക്ഷേ കാലാവസ്ഥാമാറ്റ മാതൃകകൾ കൽപിക്കുന്ന ഭാവിപ്രവചനങ്ങൾക്ക് കൂട്ടായി അനിശ്ചിതത്വങ്ങളുമുണ്ട്. കാലാവസ്ഥാ മാറ്റത്തിന്റെ ഭാവി ഫലങ്ങളേക്കുറിച്ചുള്ള പ്രവചനത്തിലെ ഏറ്റവും പ്രധാന അനിശ്ചിതത്വം ഭാവിയിലെ ഹരിതഗൃഹ വാതക ബഹിർഗമനത്തിന്റെ നിരക്കിനെ സംബന്ധിച്ചുള്ളതായിരിക്കും. ആഗോളതാപനത്തിന്റെ കാരണക്കാർ  ഹരിത ഗൃഹ വാതകങ്ങളെന്നു പറയുമ്പോഴും, പ്രദേശികമായ കാലാവസ്ഥാ മാറ്റങ്ങളുടെ കാര്യ കാരണങ്ങൾ അൽപം കൂടി സങ്കീർണ്ണമാണ്. ഹരിത ഗൃഹ വാതകങ്ങളുടെ വർദ്ധനനവിനൊപ്പം വായു മലിനീകരണം, ഭൂമിയുടെ ഉപയോഗത്തിലുള്ള  പ്രാദേശിക വ്യതിയാനങ്ങൾ എന്നിവയും കാലാവസ്ഥയിൽ മാറ്റങ്ങൾക്ക് കാരണമാകാം. അതിനാൽ ഓരോ പ്രദേശത്തുമുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചറിയാൻ കാലാവസ്ഥയിലെ പ്രാദേശിക മാറ്റങ്ങൾക്ക് കാരണമാകുന്ന ഘടകങ്ങളേക്കുറിച്ചുള്ള കൂടുതൽ നിരീക്ഷണങ്ങളും വിശകലനവും ആവശ്യമായി വരുന്നു. വ്യത്യസ്ത കാലാവസ്ഥാ മേഖലകളെ ഉൾക്കൊള്ളുന്ന ഇന്ത്യ പോലുള്ള ഒരു അതി വിസ്തൃത ഭൂവിഭാഗത്തിലെ പ്രദേശിക കാലാവസ്ഥാ മാറ്റങ്ങളേക്കുറിച്ചും കാരണങ്ങളേക്കുറിച്ചും പഠിക്കുന്നത് വിഷമകരമാണെന്നത് അവിതർക്കിതമാണ്. അതിനാൽ  ഇന്ത്യയിലെ വ്യത്യസ്തമായ ഭൂപ്രദേശങ്ങളിലെ കാലാവസ്ഥാമാറ്റവുമായി ബന്ധപ്പെട്ട ഒരു സമഗ്ര അവലോകന റിപ്പോർട്ട് ഏറെക്കാലമായുള്ള ഒരു ആവശ്യമായിരുന്നു.അതു നിറവേറ്റിക്കൊണ്ടാണ് ഇന്ത്യക്കുവേണ്ടിയുള്ള  ആദ്യത്തെ കാലാവസ്ഥാ മാറ്റ അവലോകന റിപ്പോർട്ട് ഒരു പുസ്തക രൂപത്തിൽ പുറത്തിറങ്ങുന്നത്. നയ രൂപകർത്താക്കൾ, ഗവേഷകർ, സാമൂഹ്യശാസ്ത്രഞ്ജർ, സാമ്പത്തിക വിദഗ്ദർ, വിദ്യാർത്ഥികൾ തുടങ്ങി കാലാവസ്ഥാ മാറ്റവുമായി ബന്ധപ്പെട്ടു പ്രവർത്തികുന്നവർക്ക് ഏറെ പ്രയോജനകരമാകുന്ന റിപ്പോർട്ടാണിതെന്നു നിസംശയം പറയാവുന്നതാണ്.

ആഗോള കാലാവസ്ഥാമാറ്റം ആഘാതം മുതൽ ലഘൂകരണം വരെ

Climate Crisis

പന്ത്രണ്ടു അധ്യായങ്ങളിലായാണ് ഭൂമിയും അതിന്റെ അവകാശികളും നേരിടുന്ന കാലാവസ്ഥാ മാറ്റമെന്ന വിപത്തിനെക്കറിച്ച് പ്രതിപാദിക്കുന്നത്. ആഗോള, പ്രാദേശിക കാലാവസ്ഥാമാറ്റത്തേക്കുറിച്ചും, ഇന്ത്യയിലെ മൺസൂണിന്റെ ഏറ്റക്കുറച്ചിലുകളേക്കുറിച്ചും ,ഇന്ത്യയിലെ ആദ്യത്തെ എർത്ത് സിസ്റ്റം മാതൃകാ വികസനത്തേക്കുറിച്ചുമാണ് പ്രഥമ അധ്യായം. തുടർന്നുവരുന്ന അധ്യായത്തിൽ ശരാശരി അന്തരീക്ഷ താപനിലയിലെ മാറ്റങ്ങൾ, കൂടിയതും കുറഞ്ഞതുമായ താപനില കളേക്കുറിച്ചും പറയുന്നു. വർഷപാതത്തിലെ മാറ്റങ്ങൾ, കാലാവസ്ഥാമാറ്റവും മഴയും, ഭാവിയിലെ വർഷകാലത്തേ ക്കുറിച്ചുള്ള പ്രവചനങ്ങൾ എന്നിവയാണ് മൂന്നാമത്തെ അധ്യായത്തിലെ പ്രതിപാദ്യവിഷയം. ഇരുപതാം നൂറ്റാണ്ടിലെ ഹരിതഗൃഹ വാതകങ്ങളുടെ ബഹിർഗമന നിരക്ക്, അന്തരീക്ഷത്തിലെ അളവ് എന്നിവയോടൊപ്പം ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ പ്രതീക്ഷിക്കുന്ന അളവുകളും നാലാം അധ്യായത്തിൽ വിശദീകരിക്കപ്പെടുന്നു.ഇന്ത്യയുടെ അന്തരീക്ഷത്തിൽ വർധിച്ചു വരുന്ന എയ്റോസോളിന്റെ അളവാണ് അഞ്ചാം അധ്യായം പരിശോധിക്കുന്നത്. അടുത്ത രണ്ട് അധ്യായങ്ങളിൽ പ്രളയവും വരൾച്ചയും കൊടുങ്കാറ്റുകളും അവലോകനം ചെയ്യപ്പെടുകയാണ്. ദീർഘമായ സമുദ്രതീരപ്രദേശം സ്വന്തമായുള്ള ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഉയരുന്ന സമുദ്രനിരപ്പ് ആശങ്കയുളവാക്കുന്ന വിഷയമാണ്. പ്രാദേശികമായി സമുദ്രനിരപ്പിൽ ഉയർച്ചയുണ്ടാക്കുന്ന സമുദ്രതാപനവും മഞ്ഞുപാളികളുടെ ഉരുകലും ചർച്ച ചെയ്യാനാണ് എട്ടാമത്തെ അധ്യായം മാറ്റി വച്ചിരിക്കുന്നത്.പത്താമത്തെ അധ്യായമാകട്ടെ ,ഇന്ത്യൻ മഹാസമുദ്രത്തിന്റെ താപനവും പ്രത്യാഘാതങ്ങളും വിശകലനം ചെയ്യുന്നു.കാലാവസ്ഥാമാറ്റം ഹിമാലയത്തോട് ചെയ്യുന്നതെന്തെന്നറിയാൻ പതിനൊന്നാമത്തെ അധ്യായം സഹായിക്കും. ഗ്രീൻഹൗസ് വാതകങ്ങളുടെയും എയ്റോസോളുകളുടെയും ഉദ്വമനം കുറച്ചുകൊണ്ട് കാലാവസ്ഥാ മാറ്റത്തിന്റെ അനന്തരഫലങ്ങൾ ലഘൂകരിക്കുന്നതിന്റെ പ്രയോജനങ്ങളേക്കുറിച്ച് വിശദീകരിച്ചാണ് റിപ്പോർട്ട് പൂർണ്ണമാകുന്നത്. ഇന്ത്യയുടെ ദൃഷ്ടിയിൽ കൂടി  പ്രാദേശിക കാലാവസ്ഥാമാറ്റത്തെ വിശകലനം ചെയ്യുന്ന ഈ റിപ്പോർട്ടിൽ പ്രധാനപ്പെട്ട വിവരങ്ങൾ പങ്കുവെയ്ക്കുന്നതിനാൽ ഈ റിപ്പോർട്ട്  ഭാവിയിലേക്കുള്ള മികച്ച ഒരു റഫറൻസ് രേഖയാകുമെന്നുറപ്പിക്കാം

റിപ്പോർട്ടിന്റെ കാതൽ

പത്തൊമ്പതാം നൂറ്റാണ്ടു മുതൽ മനുഷ്യൻ കൈയയച്ചു നൽകിയ സംഭാവനയാൽ അന്തരീക്ഷത്തിലെ താപ വാഹിനികളായ കാർബൺ ഡയോക്സൈഡ്, മീഥേൻ, നൈട്രസ് ഓക്സൈഡ്, ഫ്ളൂറ്റിനേറ്റഡ് വാതകങ്ങ ൾ തുടങ്ങിയ ഹരിത ഗൃഹവാതകങ്ങളുടെ  അളവിൽ ക്രമാനുഗതമായ വർധനവുണ്ടായി. 1850-കളിൽ അന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡിന്റെ  അളവ് 280 ppm ആയിരുന്നത് ,2020 ഫെബ്രുവരിയിൽ 416 ppm ആയി കുതിച്ചുയർന്നു.കഴിഞ്ഞ 150 വർഷക്കാലയളവിൽ മനുഷ്യപ്രേരിതമായ പ്രവർത്തനങ്ങൾ കാരണം  ഭൗമോപരിതല താപനില ഏകദേശം ഒരു ഡിഗ്രി സെൽഷ്യസായി വർധിച്ചുവെന്ന് ഐക്യ രാഷ്ട്രസഭയുടെ ഇൻ്റർ ഗവൺമെൻ്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച് (IPCC ) ,അവരുടെ വിശകലന റിപ്പോർട്ടുകളുടെ പരമ്പരയിലൂടെ അർത്ഥശങ്കയ്ക്കിടയില്ലാത്ത വിധം വ്യക്തമാക്കിയിട്ടുണ്ട്.മേൽ പറഞ്ഞ താപനത്തിന്റെ ഫലങ്ങൾ ഉരുകുന്ന മഞ്ഞുപാളികളായും, ഉയരുന്ന സമുദ്രനിരപ്പായും, വർഷപാതത്തിലെ ഏറ്റക്കുറച്ചിലുകളായും അതിതീവ്ര കാലാവസ്ഥാ വിക്ഷോഭങ്ങളായും നമുക്കിന്ന് അനുഭവവേദ്യവുമാണ്. ഹരിതഗൃഹ വാതകങ്ങളുടെ അളവിൽ കാര്യമായ കുറവുണ്ടാകുന്നില്ലെങ്കിൽ മേൽപറഞ്ഞ തരം പ്രത്യാഘാതങ്ങൾ വരും കാലങ്ങളിൽ തുടരുകയും ചെയ്യും.ഇന്ത്യയുടെ പ്രാദേശിക കാലാവസ്ഥാമാറ്റം സംബന്ധിച്ച് പുറത്തിറങ്ങുന്ന പ്രഥമവും സമഗ്രവുമായ ഈ പുസ്തകത്തിന്റെ രത്നച്ചുരുക്കം വിരൽ ചൂണ്ടുന്നത് ആഗോള, ഇന്ത്യൻ കാലാവസ്ഥയുടെ ഭൂതവർത്തമാനഭാവിയിലേക്കാണ്.വ്യവസായ വിപ്ലവത്തിന് മുൻപുള്ള സമയവുമായി താരതമ്യപ്പെടുത്തുമ്പോൾ ആഗോള അന്തരീക്ഷ താപനില  ഒരു ഡിഗ്രി സെൽഷ്യസ് ഉയർന്നിട്ടുണ്ട്. പ്രകൃത്യാലുള്ള കാരണങ്ങളേക്കാൾ മനുഷ്യപ്രേരിതമെന്ന് കണക്കാക്കാവുന്ന  ആഗോളതാപനഫലമായി 1950 മുതൽ കാലാവസ്ഥാ ഘടകങ്ങൾ അതിന്റെ തീവ്രതലത്തിൽ പ്രത്യക്ഷപ്പെടുന്നു. താപ വാതങ്ങൾ, വരൾച്ച,അതിവർഷം, തീവ്ര ചുഴലിക്കാറ്റുകൾ എന്നിവയുടെ രൂപത്തിൽ അവ നമ്മുടെ മുൻപിലുണ്ട്.മഴയുടെയും കാറ്റിൻ്റേയും (മൺസൂൺ ഉൾപ്പടെയുള്ള ) മാതൃകകളിലുണ്ടാകുന്ന വ്യതിയാനങ്ങൾ, ആഗോള സമുദ്രതാപനവും അമ്ലവൽക്കരണവും ,ഹിമാനികളുടെ ഉരുകൽ, ഉയരുന്ന സമുദ്രനിരപ്പ് തുടങ്ങി കരയിലെയും കടലിലെയും ആവാസ വ്യവസ്ഥകളിലെ മാറ്റം വരെ അനന്തരഫലങ്ങളായി വന്നു കഴിഞ്ഞിരിക്കുന്നു. ആഗോള കാലാവസ്ഥാ മാതൃകകൾ നൽകുന്ന സൂചനകളനുസരിച്ച് ഇരുപത്തിയൊന്നാം നൂ റ്റാണ്ടിനപ്പുറവും മനുഷ്യനിർമ്മിത കാലാവസ്ഥാമാറ്റം അതിന്റെ യാത്ര തുടരുന്നതാണ്. ഹരിത ഗൃഹ വാതകങ്ങളുടെ ഉദ്വമനം നിലവിലുള്ള നിരക്കിൽ നിലനിൽക്കുകയാണെങ്കിൽ, ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ആഗോള അന്തരീക്ഷ താപനിലയിൽ 5 ഡിഗ്രിയോ അതിലധികമോ വർധനയുണ്ടാകാം. 2015-ലെ പാരിസ് ഉടമ്പടിയിൽ വ്യവസ്ഥ ചെയ്യപ്പെട്ടിരിക്കുന്ന ലക്ഷ്യങ്ങൾ പാലിക്കപ്പെട്ടാൽ പോലും താപനിലയിൽ 3 ഡിഗ്രി വർധനവുണ്ടാകുമെന്ന് പ്രവചിക്കപ്പെടുന്നു.എന്നാൽ താപനത്തിന്റെ തോത് ഭൂഗോളത്തിലെല്ലായിടത്തും ഒരുപോലെയാവില്ലായെന്നു മാത്രം കരുതാം. മഴയുടെയും അന്തരീക്ഷ താപത്തിന്റെയും വാർപ്പു മാതൃകകൾ പൊളിച്ചെഴുതി കാലാവസ്ഥ അതിന്റെ ഉഗ്രരസങ്ങളെ  പ്രദർശിപ്പിച്ചു കൊണ്ടേയിരിക്കും.

ഇന്ത്യയുടെ കാലാവസ്ഥ: കാണ്മതും കാണാനിരിക്കുന്നതും.

1901 മുതൽ 2018 വരെയുള്ള കാലഘട്ടത്തിൽ ഇന്ത്യയുടെ ശരാശരി അന്തരീക്ഷ താപനിലയിൽ 0.7 ഡിഗ്രി സെൽഷ്യസിന്റെ ഉയർച്ചയാണ് കണ്ടിരിക്കുന്നത്.ഹരിത ഗൃഹ വാതക വിസർജ്ജനത്തോടൊപ്പം മനുഷ്യ പ്രേരിത എയ്റോസോളുകളും ,ഭൂമിയുടെ ഉപയോഗത്തിലും പുതപ്പിലും ( LULC-Land Use Land Cover ) വന്ന മാറ്റങ്ങളും താപനത്തിന് കാരണങ്ങളായിട്ടുണ്ട്. 

1976 മുതൽ 2005 വരെയുള്ള കാലയളവുമായി ബന്ധപ്പെടുത്തി പറഞ്ഞാൽ ഇരുപത്തിയൊന്നാം നൂ റ്റാണ്ടിന്റെ അവസാനത്തോടെ ഇന്ത്യ 4.4 ഡിഗ്രി അധികമായി ചൂടാകുമെന്ന് അനുമാനിക്കപ്പെടുന്നു.1986 - 2015 കാലയളവിനുള്ളിൽ  ഏററവും ചൂടു കൂടിയ ദിവസവും, ഏറ്റവും തണുപ്പുള്ള രാത്രിയും യഥാക്രമം 0.63 ,0.4ഡിഗ്രി സെൽഷ്യസ് അധികം ചൂടുള്ളതായിരുന്നുവത്രേ. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ അവസാനമാകുമ്പോഴേക്കും,  1976 - 2005 കാലഘട്ടത്തിലെ താപനിലയുമായി താരതമ്യപ്പെടുത്തുമ്പോൾയഥാക്രമം 4.7,5.5 ഡിഗ്രി സെൽഷ്യസ് എന്ന അധിക നിലയിലാവും ചൂടു കൂടിയ പകലും, ശൈത്യമേറിയ രാത്രിയും എത്തി നിൽക്കുകയെന്നും റിപ്പോർട്ട് അനുമാനിക്കുന്നു. RCP8.5 എന്നു വിളിക്കപ്പെടുന്ന ഒരു സാങ്കൽപിക സ്ഥിതിവിശേഷത്തെ അടിസ്ഥാനമാക്കിയാണ് ഈ പ്രവചനം നടത്തിയിരിക്കുന്നത്. അതായത് ഹരിതഗൃഹ വാതകങ്ങളുടെ ആഗോളബഹിർഗമനം കുറയ്ക്കാനുള്ള നടപടികളൊന്നും സ്വീകരിക്കാത്ത അവസ്ഥയിലാണ് മേൽപറഞ്ഞ  നിരക്കിലുള്ള താപ വർദ്ധനവ് പ്രതീക്ഷിക്കുന്നത്.1976-- 2005 കാലഘട്ടത്തെ പരാമർശ സമയമായി കണക്കിലെടുത്താൽ ഭാവിയിൽ ഉഷ്ണമേറിയ ദിനങ്ങളുടെയും രാത്രികളുടെയും ആ വൃത്തികൾ യഥാക്രമം 55,70 ശതമാനമായി വർധിക്കുമെന്നാണ് കൽപ്പിക്കപ്പെടുന്നത്.ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഇന്ത്യയിൽ വേനൽക്കാലതാപവാതങ്ങൾ 3-4 ഇരട്ടിയായി കൂടുമെന്നും റിപ്പോർട്ട് പറയുന്നുണ്ട്. 1951-2015 കാലയളവിൽ 1 ഡിഗ്രി സെൽഷ്യസായി വർധിച്ച ഇന്ത്യൻ മഹാസമുദ്രത്തിലെ ഉപരിതല താപനില  (SST )  ആഗോള സമുദ്രോപരിതല താപനിലയിലെ വർധനവായ 0.7 ഡിഗ്രിയേക്കാൾ മുന്നിലായിരുന്നു. ഈ പ്രവണത വരും കാലങ്ങളിലും നിലനിൽക്കുമെന്നും റിപ്പോർട്ട് പറയുന്നു.ഇൻഡോ-ഗംഗാ സമതലങ്ങളിൽ മുതൽ പശ്ചിമഘട്ടങ്ങൾ  വരെയുള്ള പ്രദേശങ്ങളിൽ സമ്മർ മൺസൂൺ മഴയുടെ അളവിൽ 1951-2015 കാലയളവിൽ 6 ശതമാനത്തോളം കുറവുണ്ടായതായി നിരീക്ഷിക്കപ്പെടുന്നു.എന്നിരുന്നാലും മഴയുടെ തീവ്രഭാവങ്ങളിലുള്ള പെയ്തൊഴിയൽ രീതികൾ കൂടുതലായി കാണപ്പെടുകയും ചെയ്യുന്നു. ഒറ്റ ദിവസം കൊണ്ടു പെയ്യുന്ന മഴയുടെ അളവിലൊക്കെയുള്ള വർധനവാണ് നമ്മെ കാത്തിരിക്കുന്നതെന്നതോർക്കുക.1950-2015-ൽ മധ്യ ഇന്ത്യയിൽ പ്രതിദിനം 150 മില്ലിമീറ്ററിലികം മഴ പെയ്യുന്ന സാഹചര്യത്തിൽ 75 ശതമാനമുണ്ടായ വർധന ഭാവിയിലേക്കുള്ള വിരൽ ചൂണ്ടലാണ്.വരൾച്ചയുടെ ആവൃത്തിയും വരൾച്ചാ പ്രദേശങ്ങളുടെ ഭൂവിസ്തൃതിയും 1951-2016 കാലയളവിൽ വർധിക്കുകയുണ്ടായി. വരൾചയാവുന്ന വേനൽക്കാലങ്ങളുടെ തനിയാവർത്തനങ്ങൾ ഭാവിയിൽ പ്രതീക്ഷിക്കാമെന്നു തന്നെയാണ് റിപ്പോർട്ടിലെ പ്രവചനം.സമുദ്രനിരപ്പിലെ വ്യതിയാനം, അതിതീവ്ര ചുഴലിക്കാറ്റുകളുടെ സംഹാര താണ്ഡവം, ഹിമാലയത്തെ മാറ്റി മറിക്കുന്ന താപനം എന്നിവയൊക്കെയാണ് വരും കാല കാലാവസ്ഥാമാറ്റം നമുക്കായി കരുതി വയ്ക്കുന്നതെന്നാണ് റിപ്പോർട്ടിലെ പ്രവചനം.

ഇരുപതാം നൂറ്റാണ്ടിന്റെ മധ്യം മുതൽ തല നീട്ടി തുടങ്ങിയ മാറുന്ന എന്നാൽ പ്രവചനാതീതമായ കാലാവസ്ഥയുടെ അതിതീവ്രമുഖങ്ങൾ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും കൂടുതൽ തീവ്രതയോടെ  പ്രതീക്ഷിക്കാമെന്നാണ് ഇന്ത്യയെ സംബന്ധിച്ച പ്രഥമ കാലാവസ്ഥാ അവലോകന റിപ്പോർട്ട് പ്രവചിക്കുന്നത്. റിപ്പോർട്ടിന്റെ പൂർണ്ണരൂപം ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെറ്റിയരോളജിയുടെ വെബ്സൈറ്റിൽ ലഭ്യമാണ്.

കാലാവസ്ഥയിലുണ്ടാകുമെന്ന് കൽപിക്കപ്പെടുന്ന അതിദ്രുത മാറ്റങ്ങൾ ദൂരവ്യാപക ഫലങ്ങളാവും കൊണ്ടുവരുന്നത്.രാജ്യത്തിന്റെ സ്വാഭാവിക ആവാസവ്യവസ്ഥകൾ,, കാർഷികോത്പാദനം, ശുദ്ധജല വിഭവങ്ങൾ എന്നിവയെല്ലാം കടുത്ത സമ്മർദ്ദത്തെ നേരിടേണ്ടി വരും.ഇന്ത്യയുടെ ശരാശരി താപനിലയിൽ നിലവിൽ കാണുന്ന 0.7 ഡിഗ്രിയുടെ വർദ്ധനവുമൂലം ഇപ്പോൾ തന്നെ കാലാവസ്ഥയുടെ തീവ്രഭാവങ്ങൾ വെളിപ്പെടുന്ന സംഭവങ്ങൾ കൂടുതലായി സംഭവിച്ചുകൊണ്ടിരിക്കുന്നു. ഉദാഹരണത്തിന് മഴ പ്രളയമാകുന്നതും വേനൽ വരൾച്ചയാകുന്നുമായ സ്ഥിതിവിശേഷം കൂടുതലായി ആവർത്തിക്കപ്പെടുന്നു.

Email: drsabingeorge10@gmail.com

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com