ADVERTISEMENT

നാസ പുറത്തുവിട്ട ആര്‍ട്ടിക്കിന്‍റെ സാറ്റ്‌ലെറ്റ് ദൃശ്യങ്ങളില്‍ ആഗോളതാപനം എങ്ങനെ മേഖലയെ ബാധിക്കുന്നു എന്നതിന് വ്യക്തമായ തെളിവുകള്‍ വീണ്ടും ഉള്‍പ്പെട്ടിട്ടുണ്ട്. ആര്‍ട്ടിക് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന കാനഡ അതിര്‍ത്തിയിലെ രണ്ട് പര്‍വത ശിഖരങ്ങളിലെ മഞ്ഞുപാളികളാണ് ഈ ചിത്രത്തില്‍ നിന്ന് അപ്രത്യക്ഷമായിരിക്കുന്നത്. ഈ രണ്ട് പര്‍വത ശിഖരങ്ങളില്‍ മഞ്ഞുപാളികള്‍ ഉണ്ടായിരുന്നോ എന്ന് സംശയിക്കത്തക്ക വിധം അവിടെ പാറക്കെട്ടുകള്‍ മാത്രമായാണ് ദൃശ്യത്തില്‍ കാണാന്‍ സാധിക്കുക.

കാനഡയുടെ അതിര്‍ത്തിയിലെ നനാവട്ട് മേഖലയിലെ രണ്ട് പര്‍വത ശിഖരങ്ങളില്‍ നിന്നായാണ് കൂറ്റന്‍ മഞ്ഞുപാളികള്‍ അപ്രത്യക്ഷമായത്. സെയിന്‍റ്പാട്രിക് ബേ എന്ന പര്‍വതത്തിന്‍റേതാണ് ഈ രണ്ട് ശിഖരങ്ങളും. രണ്ട് പതിറ്റാണ്ടുകളായി ശോഷിച്ചു വരുന്നു എന്ന് ഗവേഷകര്‍ ശ്രദ്ധിച്ചിട്ടുള്ളതാണ് സെന്‍റ് പാട്രിക് ബേയിലെ എല്ലാ മഞ്ഞുപാളികളും. ജൂലൈ പതിനാലിന് നടത്തിയ ഉപഗ്രഹ നിരീക്ഷണത്തിലാണ് ഇവയില്‍ നിന്ന് രണ്ട് മഞ്ഞുപാളികള്‍ അപ്രത്യക്ഷമായതായി ഗവേഷകര്‍ കണ്ടെത്തിയത്.

ഇല്ലാതായത് പ്രതീക്ഷിച്ചതിലും ഇരട്ടിയിലധികം വേഗത്തില്‍

ചുറ്റുമുള്ള മറ്റ് മഞ്ഞുപാളികളുമായി താരതമ്യപ്പെടുത്തിയാല്‍ അതിവേഗത്തില്‍ ഉരുകി ഒലിക്കാന്‍ തുടങ്ങിയ സെന്‍റ് പാട്രിക് ബേയിലെ ഈ രണ്ട് മഞ്ഞുപാളികള്‍ 2017 മുതലാണ് ഗവേഷകര്‍ തുടര്‍ച്ചയായി നിരീക്ഷിക്കാന്‍ തുടങ്ങിയത്. അന്ന് തന്നെ അടുത്ത പത്തി വര്‍ഷത്തിനുള്ള ഇവ പൂര്‍ണമായും ഇല്ലാതാകുമെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ അത് മൂന്ന് വര്‍ഷത്തിനുള്ളില്‍ തന്നെ സംഭവിച്ചതാണ് ശാസ്ത്രലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. പ്രതീക്ഷിച്ചതിലും ഇരട്ടിയിലധികം വേഗത്തിലാണ് ആഗോളതാപനം മൂലമുള്ള മാറ്റങ്ങള്‍ ഭൂമിയില്‍ സംഭവിക്കുന്നത് എന്നതിന് തെളിവു കൂടിയാണ് ഈ സംഭവ വികാസം.

1959 ല്‍ രണ്ട് മഞ്ഞുപാളികളില്‍ ഒന്നിന്‍റെ വലിപ്പം ഏകദേശം 8 ചതുരശ്ര കിലോമീറ്ററായിരുന്നു . മറ്റൊന്നിന്‍റെ വലിപ്പം 2.5 ചതുരശ്ര കിലോമീറ്ററും. എന്നാല്‍ 2015 ല്‍ ഇത് വെറും അഞ്ച ശതമാനമായി ചുരുങ്ങിയിരുന്നു. സംഭവിച്ചത് അപ്രതീക്ഷിതമായ ഒരു കാര്യമല്ലെന്ന് മഞ്ഞുപാളികളുടെ തിരോധാനത്തെ കുറിച്ച് കാനഡയിലെ നാഷണല്‍ സ്നോ ആന്‍ഡ് ഐസ് ഡേറ്റാ സെന്‍റര്‍ തലവന്‍ മാര്‍ക്ക് സെറസ് പറഞ്ഞു. എന്നാല്‍ പ്രതീക്ഷിച്ചതിലും വേഗത്തിലാണ് ഈ മാറ്റങ്ങള്‍ സംഭവിക്കുന്നത് എന്നതാണ് ആശങ്കപ്പെടുത്തുന്നതെന്നും മാര്‍ക്ക് ചൂണ്ടിക്കാട്ടി.

മെറുറി, സിമ്മണ്‍ പര്‍വത മഞ്ഞുപാളികള്‍

സെന്‍റ് പാട്രിക് ബേയിലെ പര്‍വത ശിഖരങ്ങളിലെ മഞ്ഞുപാളികളുടെ ഉരുകി ഒലിക്കലും അപ്രത്യക്ഷമാകലും തുടക്കം മാത്രമാണ്. വൈകാതെ സെന്‍റ് പാട്രിക് ബേ സ്ഥിതി ചെയ്യുന്ന ഹസേന്‍ പീഢഭൂമിയിലെ രണ്ട് പര്‍വത മഞ്ഞുപാളികള്‍ കൂടി ഉരുകി ഒലിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. മെറുറി, സിമ്മണ്‍ എന്നീ മഞ്ഞുപാളികളാണ് ഈ ദുരന്തം മുന്നില്‍ കാണുന്നവ. 

പ്രതി ആഗോളതാപനം തന്നെ

സെന്റ് പാട്രിക് ബേയിലെ ഈ മഞ്ഞുപാളികളുടെ തിരോധനാത്തിന് പിന്നിലെ പ്രതി ആഗോള താപനം തന്നെയാണെന്ന് ആര്‍ക്കും സംശയമില്ല. ഉയരുന്ന ഭൗ താപനില ധ്രുവപ്രദേശങ്ങളെ ദുര്‍ബലമാക്കിക്കൊണ്ടിരിക്കുകയാാണ്. ഇതിന്‍റെ പ്രതിഫലനം തന്നെയാണ് സെന്‍റ് പാട്രിക് ബേയിലും കാണാനാകുന്നത്. മനുഷ്യ നിർമിതമായ ഈ ആഗോളതാപനം മൂലം ആര്‍ട്ടിക്കിലെ താപനില വർധനവിന്‍റെ തോത് ഭൂമിയിലെ മറ്റിടങ്ങളേക്കാളും ഇരട്ടി വേഗത്തിലാണ്. സമീപകാലത്തെ ഏറ്റവും കൊടിയ വേനല്‍ അനുഭവപ്പെട്ട 2015 ന് ശേഷമാണ് ആര്‍ട്ടിക്കിലെ കാലാവസ്ഥയില്‍ അസാധാരണ മാറ്റങ്ങള്‍ വന്നതെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. ആര്‍ട്ടിക്കില്‍ മാത്രമല്ല ലോകമെമ്പാടും ഇത്തരം അസാധാരണ മാറ്റങ്ങള്‍ നേരിയ തോതിലെങ്കിലും ദൃശ്യമാണെന്നും ഇവര്‍ പറയുന്നു. 

English Summary: Two Canadian ice caps have completely vanished from the Arctic, NASA imagery shows

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com