ഉഷ്ണക്കാറ്റ്, കനത്ത ചൂടിൽ ചുട്ടുപൊള്ളി രാജ്യതലസ്ഥാനം; കൂടിയ താപനില 44 ഡിഗ്രി!
Mail This Article
കനത്ത ചൂടിൽ പൊള്ളി ഡൽഹി നഗരം. ഉഷ്ണക്കാറ്റ് വീശിയ നഗരത്തിൽ ഇന്നലെ കൂടിയ താപനില 44 ഡിഗ്രിയാണു രേഖപ്പെടുത്തിയത്. വടക്കു പടിഞ്ഞാറൻ മൺസൂൺ ഇതുവരെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ എത്താതതും ചുടുകൂടാൻ കാരണമായിട്ടുണ്ട്. ഈ സീസണിലെ ആദ്യ ചൂടുകാറ്റ് തിങ്കളാഴ്ചയായിരുന്നു. പിന്നാലെയാണ് ഇന്നലെ വീണ്ടും ചൂടുകാറ്റ് രൂപപ്പെട്ടത്. താപനില 44 ഡിഗ്രിയാണു രേഖപ്പെടുത്തിയതെങ്കിലും 48 ഡിഗ്രിയാണ് അനുഭവപ്പെടുന്നതെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വിശദീകരിച്ചു.
ഡൽഹിയിൽ കാലവർഷമെത്താൻ കുറച്ചുകൂടി കാത്തിരിക്കേണ്ടി വരുമെന്നാണു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. പശ്ചിമ രാജസ്ഥാനിൽ കാലവർഷം പെയ്യുന്നുണ്ടെങ്കിലും ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കാലവർഷമെത്താൻ വൈകുമെന്നാണ് സൂചന. കാറ്റിന്റെ ഗതിമാറിയതാണു മൺസൂൺ ഡൽഹിയിലെത്താൻ വൈകുന്നതിനു കാരണമെന്നാണ് അധികൃതർ പറയുന്നത്. ജൂൺ 27നാണ് സാധാരണ ഡൽഹിയിൽ കാലവർഷത്തിനു തുടക്കമാവുന്നത്. കഴിഞ്ഞ വർഷം ജൂൺ 25നു ഡൽഹിയിൽ കാലവർഷം പെയ്തു തുടങ്ങിയിരുന്നു.
നഗരത്തിലെ ശരാശരി താപനിലയേക്കാൾ 4.5 ഡിഗ്രി കൂടുതലാണു ഇപ്പോഴെന്ന് അധികൃതർ പറഞ്ഞു. കൂടിയ താപനില 40 ഡിഗ്രിക്കു മുകളിലും സാധാരണ നിലയെക്കാൾ 4 ഡിഗ്രി കൂടുതലും രേഖപ്പെടുത്തുമ്പോഴാണു ചൂടുകാറ്റ് അവസ്ഥയാണെന്നു വിശേഷിപ്പിക്കുന്നത്. താപനില സാധാരണ നിലയേക്കാൾ 6.5 ഡിഗ്രി കൂടുതലാണെങ്കിൽ ശക്തമായ ചുടുകാറ്റെന്ന അവസ്ഥയാണ്.
വിവിധ സ്ഥലങ്ങളിലെ കൂടിയ താപനില
∙ നജഫ്ഗഡ്– 44.4 ഡിഗ്രി
∙ പിതംപുര– 44.3 ഡിഗ്രി
∙ മുഗേഷ്പുർ–44.3 ഡിഗ്രി
∙ ലോധി റോഡ്– 42.6 ഡിഗ്രി
∙ പുസാ മേഖല– 43.4 ഡിഗ്രി
English Summary: Severe Heat Wave In Delhi, Maximum Temperature 7 Degrees Above Normal