മൂന്ന് ദിവസം കൊണ്ട് അപ്രത്യക്ഷമായത് കൂറ്റൻ തടാകം; അന്റാർട്ടിക്കിൽ വിചിത്ര പ്രതിഭാസം!
Mail This Article
കാലാവസ്ഥാ വ്യതിയാനം ഏറ്റവുമധികം ബാധിച്ച മേഖലകളില്‍ ഒന്നാണ് അന്‍റാര്‍ട്ടിക് ഭൂഖണ്ഡം. എല്ലാ വര്‍ഷവും വലിയ അളവിലുള്ള ഭീമാകാരന്‍മാരായ മഞ്ഞുപാളികളാണ് ഈ മേഖലയില്‍ നിന്ന വേര്‍പെട്ട് ഒഴുകി സമുദ്രത്തിക്കെത്തുന്നത്. ഇതിനു പുറമേ മഞ്ഞുപാളിയുടെ അഗ്രങ്ങള്‍ ഇടിഞ്ഞ് വീണ് പ്രദേശത്തിന്റെ വിസ്തൃതി കുറയുന്ന പ്രതിഭാസം ദിവസേനയെന്ന പോലെയാണ് അന്‍റാര്‍ട്ടിക്കില്‍ സംഭവിക്കുന്നത്. പുറമെയാണ് ഹൈഡ്രോഫ്രാക്ചര്‍ എന്നു വിളിക്കാവുന്ന ആഗോളതാപനത്തോട് ചേര്‍ത്തു വയ്ക്കാന്‍ സാധിക്കുന്ന പ്രതിഭാസം കൂടി ഇവിടെ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
മൂന്ന് ദിവസം കൊണ്ട് ഇല്ലാതായ തടാകം
അന്‍റാര്‍ട്ടിക്കിലെ അമേറി മഞ്ഞുപാളിക്ക് മുകളിലുണ്ടായിരുന്ന തടാകമാണ് ഏതാനും ദിവസങ്ങള്‍ കൊണ്ട് ഇല്ലാതായത്. 2019 ലാണ് ഈ സംഭവം ഉണ്ടായതെങ്കിലും ഏറെ വൈകിയാണ് ഗവേഷകര്‍ ഇക്കാര്യം തിരിച്ചറിഞ്ഞത്. 2021ല്‍ ഉപഗ്രഹചിത്രങ്ങള്‍ പരിശോധിക്കുന്നതിനിടെ അമേരിക്കന്‍ കാലാവസ്ഥാ ഏജന്‍സി വിഭാഗമാണ് അമേറി മഞ്ഞുപാളിയിലെ തടാകത്തിനുണ്ടായ മാറ്റങ്ങള്‍ ശ്രദ്ധിക്കുന്നത്. തുടര്‍ന്ന് നടത്തിയ വിശദമായ പഠനത്തിലാണ് ഉപഗ്രഹ ചിത്രങ്ങളിലൂടെ തന്നെ ഒരു തടാകം അപ്രത്യക്ഷമായ വിവരം ശാസ്ത്രലോകമറിയുന്നത്.
മഞ്ഞുപാളിയിലുണ്ടായ വിള്ളലായിരിക്കാം ഈ തടാകം വറ്റിപ്പോകാന്‍ കാരണമായതെന്ന് ഗവേഷകര്‍ കരുതുന്നു. 2019 ന്‍റെ അവസാനത്തില്‍ ശൈത്യകാലത്താണ് ഈ സംഭവമുണ്ടായത്. തടാകത്തിലെ വെള്ളത്തിന് മുകളില്‍ കൂറ്റന്‍ മഞ്ഞുപാളികള്‍ രൂപപ്പെട്ടതോടെ ഈ ഭാരം താങ്ങാനാകാതെ അടിയിലെ മഞ്ഞുപാളിയില്‍ വിള്ളല്‍ വീണുവെന്നാണ് ഗവേഷകരുടെ കണക്കുകൂട്ടല്‍. അങ്ങനെ മഞ്ഞുരുകിയുണ്ടായ ഈ ശുദ്ധജലതടാകം അടിയിലൂടെ കടലിലേക്ക് ചോര്‍ന്ന് പോയി. ഈ പ്രതിഭാസത്തെയാണ് ഗവേഷകര്‍ ഹൈഡ്രോഫ്രാക്ചര്‍ എന്നു വിളിക്കുന്നത്.
75 കോടി ക്യൂബിക് മീറ്റര്‍വെള്ളം
ഈ താടകം അത്ര ചെറുതായിരുന്നില്ലെന്നും ഗവേഷകര്‍ വിശദീകരിക്കുന്നു. ഈ തടാകത്തിനെക്കുറിച്ച് മുന്‍പ് നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ അക്കാലത്ത് 75 കോടി ക്യൂബിക് മീറ്റര്‍ വെള്ളം ഉള്‍ക്കൊള്ളാനുള്ള ശേഷിയുണ്ടായിരുന്നു. സിഡ്നി തുറമുഖത്തെ വെള്ളത്തിന്‍റെ രണ്ടിരട്ടിയോളം വരും ഈ വെള്ളത്തിന്‍റെ അളവെന്ന് കൂടി ഉദാഹരണം കാട്ടിയാണ് ഒഴുകിപ്പോയ വെള്ളത്തിന്‍റെ വലിയ അളവ് ഗവേഷകര്‍ ബോധ്യപ്പെടുത്തുന്നത്. അതേസമയം മഞ്ഞുപാളി തകര്‍ന്നു ചോര്‍ച്ചയുണ്ടായ സമയത്ത് ഇതിലും കൂടുതല്‍ വെള്ളം തടാകത്തില്‍ ഉണ്ടായിരുന്നുവെന്നും ഗവേഷകര്‍ സംശയിക്കുന്നു. ഒരു പക്ഷേ ഇതായിരിക്കാം കനം കൂടി മഞ്ഞുപാളി തകരാന്‍ കാരണമായതെന്നും അവര്‍ പറയുന്നു.
ആഗോളതാപനം
രണ്ട് വിധത്തിലാണ് ഈ തടാകത്തിന്‍റെ തകര്‍ച്ചയെ ആഗോളതാപനവുമായി ഗവേഷകര്‍ ബന്ധപ്പെടുത്തുന്നത്. ഒന്ന് ആഗോളതാപനത്തെ തുടര്‍ന്ന് സമുദ്രതാപനിലാ ശരാശരിയില്‍ മാറ്റമുണ്ടായിട്ടുണ്ട്. ഇത് അന്‍റാര്‍ട്ടിക്കിലും പ്രകടമാണ്. ഈ മാറ്റം അടിയില്‍ നിന്ന് മഞ്ഞുപാളിയെ ദുര്‍ബലമാക്കിയിട്ടുണ്ടാകാമെന്ന് ഗവേഷകര്‍ പറയുന്നു. മറ്റൊന്ന് ഉയര്‍ന്ന താപനില നിമിത്തം പതിവിലും വലിയ അളവില്‍ മഞ്ഞുരുകി കൂടുതല്‍ വെള്ളം ഈ തടാകത്തിലേക്ക് ഒഴുകിയെത്തിയിട്ടുണ്ടാകാം. ഇതിന്‍റെ ഭാരം കൂടിയായതോടെ സമുദ്രതാപനില നിമിത്തം ദുര്‍ബലമായ മഞ്ഞുപാളിയില്‍ കൂടുതല്‍ സമ്മര്‍ദം വന്ന് ചേര്‍ന്നു. തുടര്‍ന്ന് ശൈത്യകാലത്ത് തടാകത്തിന്‍റെ മേല്‍ത്തട്ടില്‍ മഞ്ഞുപാളി കൂടി രൂപപ്പെട്ടതോടെ ഭാരം വീണ്ടും വർധിക്കുകയും മഞ്ഞുപാളി തകര്‍ന്ന് വെള്ളം ചോര്‍ന്നു പോവുകയും ചെയ്തു.
നയാഗ്ര വെള്ളച്ചാട്ടത്തിന് തുല്യമായ തോതിലാണ് ഈ വിള്ളല്‍ വീണ് ആദ്യ കുറേ മണിക്കൂറുകളില്‍ വെള്ളം പ്രവഹിച്ചിട്ടുണ്ടാവുകയെന്നും ഗവേഷകര്‍ പറയുന്നു. ഇത്തരത്തില്‍ മഞ്ഞുപാളിക്ക് മുകളിലുണ്ടായ വെള്ളം അപ്രത്യക്ഷമായാല്‍ ഈ മേഖലയുടെ ഉയരം അല്‍പം വർധിക്കുക പതിവാണ്. ഈ സംഭവത്തില്‍ തടാകം നിലനിന്നിരുന്ന പ്രദേശത്ത് 2020 ന്‍റെ തുടക്കത്തില്‍ ഉയരം ഏതാണ്ട് 36 മീറ്റർ വരെ ഉയര്‍ന്നതായാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
പുതിയ തടാകം
അതേസമയം തന്നെ 2020 വേനല്‍ക്കാലത്ത് ഇതേ മേഖലയില്‍ പുതിയ തടാകം രൂപപ്പെട്ടുവെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഇത് സ്വാഭാവികമാണെന്നും അവര്‍ പറയുന്നു. വേനല്‍ക്കാലത്ത് മഞ്ഞുപാളികള്‍ ഉരുകിയെത്തുന്ന വെള്ളം ഏറ്റവും താണ പ്രതലത്തിലേക്കാണെത്തുക. ഇതാണ് വീണ്ടും തടാകം രൂപപ്പെടാന്‍ കാരണമെന്ന് ഗവേഷകര്‍ പറയുന്നു. വെള്ളം ചോര്‍ന്നു പോയ ശേഷം അതേ ശൈത്യകാലത്ത് തന്നെ ഈ വിള്ളല്‍ മഞ്ഞ് കൊണ്ട് മൂടപ്പെട്ടിട്ടുണ്ടാകുമെന്നും ഗവേഷകര്‍ കണക്കു കൂട്ടുന്നു. ഇതോടൊപ്പം പുതിയ തടാകത്തിന് എത്ര നാള്‍ ആയുസ്സുണ്ടാകും എന്നറിയാനുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ഗവേഷകർ.
English Summary: Gigantic Antarctic Lake Suddenly Disappears in Monumental Vanishing Act