ADVERTISEMENT

പച്ചപ്പ് നിറഞ്ഞ മലകളും മനോഹരമായ താഴ്‍വകരകളും വൈവിധ്യമാര്‍ന്ന ജീവജാലങ്ങളും നിറ‍ഞ്ഞ മഡഗാസ്കര്‍ ദ്വീപിലെ ഇന്നത്തെ കാഴ്ചകള്‍ കണ്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ് ലോകം. വെറും മൂന്നു വര്‍ഷം കൊണ്ട് വരണ്ടുണങ്ങിയ മഡഗാസ്കറില്‍ ഒന്നര ലക്ഷത്തോളം വരുന്ന ജനങ്ങള്‍ ഇന്ന് ഒരിറ്റ് കുടിവെള്ളത്തിനായി അലയുകയാണ്. പതിനായിരങ്ങള്‍ പട്ടിണികിടന്ന് മരിക്കാന്‍ സാധ്യതയുണ്ടെന്ന് ഐക്യരാഷ്ട്ര സംഘടനയും മുന്നറിയിപ്പ് നല്‍കുന്നു. ഇന്ത്യന്‍ മഹാസമുദ്രത്തിലെ മരതകമായിരുന്നു മഡഗാസ്കര്‍. ഭൂമിയുടെ മറ്റ് പ്രദേശങ്ങള്‍ക്ക് അന്യമായിരുന്ന പ്രകൃതി സമ്പത്തായിരുന്നു മഡഗാസ്കറിന്‍റെ പ്രത്യേകത. ജീവജാലങ്ങളും മരങ്ങളും ചെടികളും കൊടുംവനവുമെല്ലാം കാരണം മഡഗാസ്കറിനെ എട്ടാമത്തെ ഭൂഖണ്ഡം എന്നാണ് വിശേഷിപ്പിച്ചിരുന്നത്.

എന്നാല്‍ വസന്തം നിറഞ്ഞ ആ നല്ല നാളുകള്‍ മഡഗാസ്കറിന് ഇന്ന് ഓര്‍മയായിരിക്കുന്നു. വരണ്ടു കീറിയ മണ്ണിലൂടെ ജനങ്ങള്‍ ഭക്ഷണവും വെള്ളവും തേടിയുള്ള പലായനത്തിലാണ്. ലോകത്തിലെ പല രാജ്യങ്ങളും പട്ടിണിയും പരിവട്ടത്തിലേക്കും നീങ്ങുന്നതിന് യുദ്ധവും രോഗവുമെല്ലാമായിരുന്നു കാരണമെങ്കില്‍ മഡഗാസ്കറില്‍ അത് കാലാവസ്ഥയാണ്. കാലവസ്ഥാ വ്യതിയാനം എന്ന ദുരന്തത്തിന്‍റെ പിടിയിലാണ് മഡഗാസ്കര്‍. തെക്കന്‍ മഡഗാസ്കറിനെയാണ് ദുരന്തം ഏറ്റവും കൂടുതല്‍ ബാധിച്ചത്. 1981 ന് ശേഷമുള്ള ഏറ്റവും വലിയ വരള്‍ച്ചയാണ് തെക്കന്‍ മഡഗാസ്കറിലെ ജനജീവിതം തകിടംമറിച്ചത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇവിടെ മഴ പെയ്തിട്ടില്ല.

ചൂടുകാറ്റ് കാരണം മണ്ണും വിളകളും നശിച്ചതോടെ ജനങ്ങളുടെ അന്നം മുട്ടി. ഒന്നര ലക്ഷത്തോളം പേര്‍ കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ പട്ടിണിയിലാണ്. വേള്‍ഡ് ഫുഡ് പ്രോഗാമിന്‍റെ കണക്കനുസരിച്ച് അടിയന്തര സഹായം മഡഗാസ്കറിലെത്തിയില്ലെങ്കില്‍ ദുരിതബാധിതരുടെ എണ്ണം വരുന്ന ഒക്ടോബറോടെ ഇരട്ടിയാകും. ചില വ്യാപാര സ്ഥാപനങ്ങളില്‍ വില്‍പനയ്ക്ക് വച്ചിരിക്കുന്ന ഭക്ഷ്യവസ്തുക്കള്‍ വാങ്ങാന്‍ ആളുകളുടെ കയ്യില്‍ പണവുമില്ല. വിലപിടിപ്പുള്ളവയെല്ലാം വിറ്റാണ് ഇതുവരെ ഭക്ഷണസാധനങ്ങള്‍ വാങ്ങിയിരുന്നത്. ശുദ്ധജലം ലഭ്യമല്ലാത്തതിനാല്‍ ഭക്ഷണം പാകം ചെയ്ത് കഴിക്കാനും വഴിയില്ല. പോഷകാഹാരകുറവ് കാരണം കുട്ടികളുടെ ആരോഗ്യനില അനുദിനം വഷളാവുകയാണ്.

ഇവിടുത്തെ ജനസംഖ്യയുടെ 43 ശതമാനം പേരും 15 വയസിന് താഴെയുള്ളവരാണെന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ മഡഗാസ്കറിലെ കാലാവസ്ഥയിലെ വലിയ വ്യതിയാനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നു. രാജ്യത്തിന്‍റെ ചില ഭാഗങ്ങള്‍ കനത്ത മഴയും വെള്ളപ്പൊക്കവും ചിലയിടങ്ങളില്‍ മഴ കുറവുമായിരുന്നു. വെള്ളപ്പൊക്കം കാരണം മേല്‍മണ്ണ് നഷ്ടമായത് ആ പ്രദേശങ്ങളിലെ കൃഷിയെ ബാധിച്ചു.ആഗോള താപനമാണ് കാലവസ്ഥാവ്യതിയാനങ്ങള്‍ക്ക് കാരണം. ഇതാകട്ടെ ഏറ്റവും കൂടുതല്‍ ബാധിക്കുക തീരപ്രദേശങ്ങളെയും.ആഫ്രിക്കയില്‍ ഏറ്റവും കൂടുതല്‍ തീരപ്രദേശമുളള രാജ്യമാണ് മഡഗാസ്കര്‍. കടല്‍നിരപ്പ് ഉയര്‍ന്നത് രാജ്യത്തിന്‍റെ തീരദേശ ആവാസ വ്യവസ്ഥയെ ഗുരുതരമായി ബാധിച്ചതായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ആഗോള താപനം നിയന്ത്രിച്ചില്ലെങ്കില്‍ അതുണ്ടാക്കാവുന്ന ദുരന്തത്തിന്‍റെ നേര്‍ചിത്രമാണ് മഡഗാസ്കര്‍. അവിടെയുണ്ടായ വെള്ളപ്പൊക്കങ്ങള്‍, ചുഴലിക്കാറ്റുകള്‍, പിന്നീടുണ്ടായ മഴയിലെ കുറവ്, വരള്‍ച്ച..കേരളത്തില്‍ അടുത്തിടെയുണ്ടായ കാലാവസ്ഥയിലെ വ്യതിയാനങ്ങള്‍ക്ക് ഇതുമായി സാമ്യം തോന്നുണ്ടെങ്കില്‍ അത് വെറും തോന്നലല്ല, യാഥാര്‍ഥ്യം മാത്രമാണ്.

English Summary: Madagascar in the grip of drought and famine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com