ADVERTISEMENT

വടക്കുപടിഞ്ഞാറൻ പസിഫിക് മേഖലയിൽ താപതരംഗത്തെ തുടർന്ന് കൊളംബിയ നദിയിലെ ജലത്തിന്റെ ചൂട് വർധിച്ചതോടെ ജീവനോടെ വെന്ത നിലയിൽ കഴിയുകയാണ് നദിയിലെ സാൽമൺ മത്സ്യങ്ങൾ. ദേഹമാസകലം പൊള്ളിയടർന്ന് ദുരവസ്ഥയിൽ കഴിയുന്ന സാൽമൺ മത്സ്യങ്ങളുടെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്. കൊളംബിയ റിവർകീപ്പർ എന്ന സന്നദ്ധസംഘടനയാണ് ദൃശ്യങ്ങൾ പകർത്തിയത്. 

സോക്ക് ഐ സാൽമൺ ഇനത്തിൽപ്പെട്ട മത്സ്യങ്ങളാണ് ദൃശ്യത്തിലുള്ളത്. ഇവയുടെ പൊള്ളിയടർന്ന മാംസത്തിൽ വൈറ്റ് ഫംഗസും ബാധിച്ചിട്ടുണ്ട്. താപതരംഗത്തെ തുടർന്ന് നദിയിലെ ജലത്തിന്റെ ചൂട് 21 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. ചൂട് അധികമായതിനാൽ എങ്ങനെയും രക്ഷനേടാനായി അവ ദിശ തെറ്റി ലിറ്റിൽ വൈറ്റ് സാൽമൺ റിവർ എന്ന ഉപനദിയിലൂടെ സഞ്ചരിക്കുന്നതിനിടെയാണ് സംഘടന ദൃശ്യം പകർത്തിയത്.

21 ഡിഗ്രി സെൽഷ്യസ് താപനിലയിൽ സാൽമൺ മത്സ്യങ്ങൾക്ക് അതിജീവിക്കാനാവില്ല. അന്തരീക്ഷ താപനില 38 ഡിഗ്രി സെൽഷ്യസ് ഉള്ള സമയത്ത് ദാരുണമായ അവസ്ഥയിലൂടെയാവും സാൽമൺ മത്സ്യങ്ങൾ കടന്നു പോകുന്നതെന്ന് കൊളംബിയ റിവർ കീപ്പറിന്റെ  എക്സിക്യൂട്ടീവ് ഡയറക്ടറായ ബ്രെറ്റ് വാൻഡെൻഹ്യൂവൽ വ്യക്തമാക്കി. ഉപനദിയിൽ എത്തിപ്പെട്ട സാൽമൺ മത്സ്യങ്ങളുടെ അവസ്ഥ തീർത്തും  മോശമാണെന്നും അവയ്ക്ക് പ്രജനനം നടത്താനോ ജീവൻ നിലനിർത്താനോ ഉള്ള സാധ്യത തീരെയില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

വടക്കുകിഴക്കൻ പസിഫിക് മേഖലയിലും കാനഡയിലും അനുഭവപ്പെട്ട താപതരംഗത്തെ തുടർന്ന് ഒരു ബില്യണിൽ പരം സമുദ്രജീവികൾ ചത്തതായാണ്  കണക്കുകൾ . ഇതിനോടകം എത്ര സാൽമൺ മത്സ്യങ്ങൾ ചത്തിട്ടുണ്ടാവുമെന്ന് പറയാനാകില്ല. കൊളംബിയ നദിയിലും ലോവർ സ്നേക്ക് നദിയിലുമായി പതിനായിരക്കണക്കിന് സാൽമൺ മത്സ്യങ്ങളാണ് ഇപ്പോഴുള്ളത്. ചൂട് അധികമായി തുടർന്നാൽ  ഇവയെല്ലാം അപകടത്തിലാകും. മനുഷ്യരുടെ പ്രവർത്തികൾ മൂലമുണ്ടായ കാലാവസ്ഥാ വ്യതിയാനത്തിന്റെ പരിണിതഫലമായി ജീവജാലങ്ങൾ ഇത്തരത്തിൽ അസ്വാഭാവികമായി ചത്തൊടുങ്ങുന്നത് ഏറെ ദുഃഖകരമായ സംഭവമാണെന്ന് പരിസ്ഥിതി സംരക്ഷണ പ്രവർത്തകർ പറയുന്നു.

English Summary: Video shows salmon injured by unlivable water temperatures after heatwave

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com