ADVERTISEMENT

ഭൂമി ആവാസകേന്ദ്രമാണെങ്കിലും ശാസ്ത്രീയമായി അതൊരു ഗ്രഹം തന്നെയാണ്. മറ്റെല്ലാ ഗ്രഹങ്ങളെയും പോലെ വിവിധ മൂലകങ്ങള്‍ ചേര്‍ന്നുണ്ടായിട്ടുള്ള എരിയുന്ന അകക്കാമ്പുള്ള ഗ്രഹം. അതുകൊണ്ട് തന്നെ ഭാവിയില്‍ ഭൂമി മറ്റേതൊരു ഗ്രഹത്തെയും പോലെ എരിഞ്ഞുതീരും. ഉള്ളിലെ തീ എരിഞ്ഞില്ലാതാകുന്നതോടെ ഭൂമിയുടെ ഘടനയാകെ മാറും. അങ്ങനെ ഒരിക്കല്‍ ഭൂമി ഇന്നുള്ള ജീവന്‍റെ സമ്പത്തെല്ലാം നഷ്ടപ്പെട്ട് ജീവനറ്റ ഗ്രഹമായി മാറും. പക്ഷേ ഇത് എന്നു സംഭവിക്കും എന്നതിന് കൃത്യമായ ഉത്തരം നല്‍കാന്‍ ഇന്നുള്ള സാങ്കേതിക വിദ്യകളും പഠനങ്ങളും പര്യാപ്തമല്ല. അതേസമയം ഈ വിഷയത്തില്‍ നടത്തിയ ഏറ്റവും പുതിയ പഠനങ്ങള്‍ മറ്റൊരു നിര്‍ണായക വിവരം പങ്കുവയ്ക്കുന്നുണ്ട്. ഭൂമിയുടെ ഒരു ഭാഗം അതിവേഗത്തില്‍ തണുക്കുന്നു എന്നതാണ് ആ കണ്ടെത്തല്‍.

 

കഴിഞ്ഞ 400 മില്യണ്‍ വര്‍ഷത്തിനിടയില്‍ ഭൂമിയില്‍ സംഭവിച്ച മാറ്റങ്ങളിലൂടെ ഉണ്ടായ അസന്തുലിതാവസ്ഥയാണ് ഇപ്പോഴത്തെ ഒരു ഭൂഭാഗത്തിന്‍റെ താപനിലയിലുണ്ടായ കുറവിനു കാരണം. ഭൂമിയുടെ പുറം മേഖലയിലുണ്ടായ മാറ്റത്തില്‍ ഒട്ടേറെ തവണ വിവിധ കരമേഖലകള്‍ രൂപപ്പെടുകയും സമുദ്രങ്ങള്‍ രൂപപ്പെടുകയും ചെയ്തു. ഇവയുടെ രൂപവും സ്ഥാനവും മാറി. ഈ മാറ്റങ്ങളെല്ലാം ഭൂമിയിലെ ഒരു ഹെമിസ്ഫിയറിന്‍റെ ഇന്‍സുലേഷന്‍ അഥവാ താപം പിടിച്ചുനിര്‍ത്താനുള്ള ശേഷി വർധിപ്പിച്ചപ്പോള്‍ മറ്റൊരു ഭാഗത്തിന്‍റെ താപ ശോഷണത്തിലേക്കാണ് നയിച്ചതെന്ന് ഗവേഷകര്‍ പറയുന്നു.

 

എരിഞ്ഞുകൊണ്ടിരിക്കുന്ന ഭൂമിയുടെ അന്തര്‍ഭാഗം അഥവാ ക്രസ്റ്റില്‍ നിന്ന് റേഡിയോ ആക്ടീവ് വികിരണങ്ങളായാണ് ചൂട് ഭൂമിയുടെ മേല്‍ത്തട്ടിലേക്കെത്തുന്നത്. ഈ താപവികിരണം നിരന്തരം സംഭവിച്ചു കൊണ്ടിരിക്കുന്ന ഒന്നാണ്. ഇതില്‍ ഉള്ളിലൂടെ താപത്തേക്കാള്‍ ഉയര്‍ന്ന താപം മുകള്‍തട്ടിലേക്കെത്തിത്തുടങ്ങിയാല്‍ അതിനര്‍ത്ഥം ഭൂമി തണുക്കാന്‍ തുടങ്ങി എന്നാണ്. അതായത് ഭൂമിയടെ ചൂട് നഷ്ടപ്പെടുകയും അത് മറ്റ് പല ഗ്രഹങ്ങളെയും പോലെ തണുത്തുറഞ്ഞ ഒരു ജീവനില്ലാത്ത ഗ്രഹമായി മാറുകയും ചെയ്യും.

 

ഇത്തരത്തിലുള്ള താപശോഷണത്തിലെ വ്യതിയാനമാണ് മുകളില്‍ സൂചിപ്പിച്ച ഒരു ഭൂവിഭാഗം മാത്രം കൂടുതല്‍ തണുക്കുന്ന അവസ്ഥയിലേക്കു നയിക്കുന്നത്. ഈ വ്യത്യാസം ഭൂമിയിലെ കരമേഖലകളും സമുദ്രമേഖലകളും തമ്മിലാണ്. കട്ടിയേറിയ കരമേഖലകളിലുള്ള പ്രദേശത്താണ് ഭൂമിയുടെ ഉള്ളില്‍ നിന്ന് മുകളിലേക്ക് വരുന്ന ചൂടിന് കൂടുതല്‍ ഇന്‍സുലേഷന്‍ ലഭ്യമാകുന്നത്. കരമേഖലയുമായി താരതമ്യം ചെയ്യുമ്പോള്‍ സമുദ്ര പാളിക്ക് കട്ടി കുറവാണ്. അതിനാല്‍ തന്നെ സമുദ്രപാളികളുള്ള മേഖലകളില്‍ കൂടുതല്‍ ചൂട് പുറത്തേക്ക് പോവുകയും ചെയ്യും. 

 

സമുദ്രപാളികളുടെ മാതൃകകള്‍ ഉപയോഗിച്ച് നടത്തിയ പഠനത്തിലൂടെയാണ് ഇപ്പോഴത്തെ കണ്ടെത്തല്‍ ഗവേഷകര്‍ നടത്തിയത്. രണ്ട് അർധങ്ങളായാണ് ഭൂമിയെ ശാസ്ത്രം വിഭജിച്ചിരിക്കുന്നത്, ദക്ഷിണാർധവും ഉത്തരാർധവും . ഇതില്‍ ഉത്തരാർധത്തില്‍ കരമേഖലയാണ് കൂടുതല്‍. ദക്ഷിണാർധത്തില്‍ സമുദ്രമേഖലയും. അതുകൊണ്ട് തന്നെ ഭൂമിയുടെ ക്രസ്റ്റില്‍ നിന്ന് പുറത്തേക്കു വരുന്ന ചൂടിനെ തടഞ്ഞ് നിര്‍ത്തുന്നതില്‍ ഉത്താര്‍ധമാണ് ഒരു പടി മുന്നില്‍.  സ്വാഭാവികമായി സമുദ്രമേഖല കൂടുതലുള്ള ഉത്തരാർധത്തില്‍ ചൂട് കൂടുതല്‍ പുറത്തേക്ക് പോവകുയും ക്രമേണ ഈ മേഖലയിലെ ഉള്ളിലെ ചൂടിന്‍റെ അളവ് താരതമ്യേന കുറഞ്ഞു വരികയും ചെയ്തു.

 

ഗവേഷകര്‍ ഈ രണ്ട് അർധങ്ങള്‍ക്കു പുറമെ ചെറിയ വിഭാഗങ്ങളായി തിരിച്ചും ഭൂമിയുടെ ഇന്‍സുലേഷനെ കുറിച്ച് പഠനം നടത്തുകയുണ്ടായി. ഇതില്‍ പസിഫിക് മേഖലയാണ് ഏറ്റവും കൂടുതല്‍ ഉള്ളില്‍ നിന്നുള്ള ചൂട് പുറത്തേക്ക് പോകാന്‍ അനുവദിക്കുന്നതെന്ന് കണ്ടെത്തി. സ്വാഭാവികമായും ഏറ്റവും വിപുലമായി വ്യാപിച്ചു കിടക്കുന്ന ആഫ്രിക്കന്‍ പ്ലേറ്റ് മേഖലയാണ് ഏറ്റവും ഉയര്‍ന്ന ഇന്‍സുലേഷന്‍ സ്വഭാവം കാണിക്കുന്നതെന്നും ഗവേഷകര്‍ നിരീക്ഷിച്ചു. 

 

English Summary: Why One Side of Earth Is Rapidly Getting Colder Than the Other

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com