ADVERTISEMENT

ആഗോളതാപനത്തിന്‍റെ ആശങ്ക ലോകത്ത് പിടിമുറുക്കുന്നതിന് മുന്‍പ് പരിസ്ഥിതി ലോകത്തെ ഏറ്റവും വലിയ ചര്‍ച്ചാ വിഷയമായിരുന്നു ഓസോണ്‍ പാളിയിലെ വിള്ളലുകള്‍. ക്ലോറോഫൂറോ കാര്‍ബണ്‍, ഹാലോന്‍ എന്നീ വാതകങ്ങളാണ് ഓസോണ്‍പാളിയിലെ വിള്ളലിന് വലിയ തോതില്‍ കാരണമായിരുന്നത്. റഫ്രിജറേറ്ററുകളിലും എസികളിലുമായിരുന്നു ഒരു കാലത്ത് ഈ വാതകങ്ങള്‍ ഏറ്റവുമധികം ഉപയോഗിച്ചിരുന്നത്. തുടര്‍ന്ന് ഈ പ്രതിസന്ധി പരിഹരിക്കുന്നതിന്‍റെ ഭാഗമായാണ് ലോകമെമ്പാടും ഈ ഉപകരണങ്ങളില്‍ തണുപ്പിനായി പുതിയ വാതകങ്ങള്‍ ഉപയോഗിച്ചു തുടങ്ങി. 1994 ലെ വിയന്ന ഉച്ചകോടിയിലാണ് ഈ തീരുമാനം ലോകരാജ്യങ്ങള്‍ കൈക്കൊണ്ടത്. തുടര്‍ന്നങ്ങോട്ട് നടത്തിയ ശ്രമത്തിന്‍റെ ഫലമായി ആശങ്ക വിതച്ചിരുന്ന വിള്ളലുകള്‍ പലതും അപ്രത്യക്ഷമായി തുടങ്ങുകയും ചെയ്തു. അതുകൊണ്ട് തന്നെ ഇന്നും ലോകരാജ്യങ്ങള്‍ തമ്മില്‍ ഉണ്ടാക്കിയ വിജയകരമായ ഏക പാരിസ്ഥിതിക ഉടമ്പടിയെന്ന് കണക്കാക്കുന്നത് ഈ വിയന്ന ഉടമ്പടിയാണ്.

ഓസോണ്‍ വിള്ളലുകളുടെ തിരിച്ചുവരവ്

എന്നാല്‍ വിജയകരമായ വിയന്ന ഉച്ചകോടിക്ക് ശേഷം മറ്റൊരു വിധത്തിലാണ് ഓസോണ്‍ പാളികള്‍ ഭീഷണി നേരിട്ടത്. ഇത് ഹരിതഗൃഹവാതകങ്ങളുടെ രൂപത്തിലായിരുന്നു. ആഗോളതാപനതത്തിന് കൂടി കാരണമാകുന്ന ഹരിതഗൃഹ വാതകങ്ങള്‍ ഓസോണ്‍ പാളിക്കും ഭീഷണിയാണെന്ന് അല്‍പം വൈകിയാണ് ശാസ്ത്രലോകം തിരിച്ചറിഞ്ഞത്. ഇതിനകം തന്നെ ഹരിതഗൃഹവാതകങ്ങള്‍ മൂലം ഏറ്റവുമധികം താപനിലവർധനവ് നേരിടുന്ന ധ്രുവപ്രദേശങ്ങളില്‍ ഓസോണ്‍ പാളികളില്‍ വിള്ളലുകള്‍ വീഴാനും തുടങ്ങിയിരുന്നു.

ഹരിതഗൃഹവാതകങ്ങളുടെ നേരിട്ടുള്ള പ്രവര്‍ത്തനം മൂലവും അവ സൃഷ്ടിക്കുന്ന താപനില കാരണവും ഓസോണ്‍ പാളിയില്‍ വിള്ളല്‍ ഉണ്ടാകുന്നുണ്ടെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്. ഇതുകൊണ്ട് തന്നെയാണ് ഹരിതഗൃഹവാതകങ്ങള്‍ ഏറ്റവുമധികം എത്തിച്ചേരുന്ന ധ്രുവപ്രദേശങ്ങളില്‍ ഓസോണ്‍ വിള്ളല്‍ പ്രതിഭാസം വലിയ തോതില്‍ കാണുന്നതെന്നും ഗവേഷകര്‍ വിലയിരുത്തുന്നു. എന്നാല്‍ ഈ ധാരണയ്ക്ക് പുറമെയാണ് ഇപ്പോള്‍ ഭൂമിയുട ഉഷ്ണമേഖലാ പ്രദേശത്തും ഓസോണ്‍ വിള്ളലുകള്‍ കണ്ടെത്തിയിരിക്കുന്നത്.

അന്‍റാര്‍ട്ടിക് വിള്ളലിനേക്കാള്‍ പലമടങ്ങ് വലുപ്പം

ഉഷ്ണമേഖലാ പ്രദേശം അഥവാ ഭൂമധ്യരേഖയ്ക്ക് സമീപമുള്ള ട്രോപിക് മേഖലയിലാണ് ഇപ്പോഴത്തെ വിള്ളലുകള്‍ കണ്ടെത്തിയത്. ഈ വിള്ളലിന്‍റെ വലുപ്പം ആര്‍ട്ടിക്കിലെ വിള്ളലിനേക്കാള്‍ വലുതാണ് ഗവേഷകര്‍ തിരിച്ചറിഞ്ഞിരിക്കുന്നത്. അതേസമയം ഈ വിള്ളലിന്‍റെ രൂപപ്പെടലിന് ആഗോളതാപനവുമായി നേരിട്ട് ബന്ധമുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. എന്നാല്‍ സമീപകാലത്താണ് ഈ വിള്ളല്‍ ശാസ്ത്രലോകത്തിന്‍റെ ശ്രദ്ധ ആകര്‍ഷിക്കാന്‍ തക്കവിധം വലുതായത് . അതിനാൽ ഓസോണ്‍ ദ്വാരം വലുതാക്കുന്നതില്‍ ആഗോളതാപനത്തിന് പങ്കുണ്ടെന്നും ഗവേഷകര്‍ വിശ്വസിക്കുന്നു.

1980 കളിലാണ് ഈ ഓസോണ്‍ വിള്ളല്‍ രൂപപ്പെട്ടതെന്ന് ഗവേഷകര്‍ പറയുന്നു. എന്നാല്‍ കഴിഞ്ഞ 3 പതിറ്റാണ്ടുകളായി ഈ വിള്ളല്‍ ഗവേഷകരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. എന്നാല്‍ ഇന്ന് ഈ വിള്ളലിന്‍റെ വലുപ്പം ഏതാണ്ട് അന്‍റാര്‍ട്ടിക് വിള്ളലിന്‍റെ 7 ഇരട്ടിയോളം വരും. ഭൂമധ്യരേഖാ മേഖലയുടെ നേരെ മുകളില്‍ സ്ഥിതി ചെയ്യുന്നതുകൊണ്ട് തന്നെ ഈ വിള്ളലിന് ഒട്ടനവധി ആളുകളുടെ ജീവിതം അപകടത്തിലാക്കാനും വ്യാധികള്‍ വിതയ്ക്കാനും കഴിയുമെന്നാണ് ഗവേഷകര്‍ ഭയപ്പെടുന്നത്.

കോസ്മിക് റേ ഡ്രിവണ്‍ ഇലക്ട്രോണിക് തരംഗങ്ങള്‍ ഉയോഗിച്ചാണ് ഇപ്പോള്‍ ഗവേഷകര്‍ ഈ വിള്ളല്‍ കണ്ടെത്തിയത്. ചുറ്റുമുള്ള അന്തരീക്ഷത്തേക്കാളും 25 ശതമാനത്തില്‍ കുറവ് ഓക്സിജന്‍ ഒരു പ്രദേശത്ത് കണ്ടെത്തുമ്പോഴാണ് അതിനെ വിള്ളലായി കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ഓക്സിജന്‍ കുറഞ്ഞ ഈ പ്രദേശത്തുകൂടി അള്‍ട്രാവയലറ്റ് രശ്മികള്‍ വലിയ തോതില്‍കടന്നു വരും. ഇത് വലിയ തോതില്‍ ത്വക് രോഗങ്ങൾക്കും മറ്റ് അസ്വസ്ഥതകള്‍ക്കും കാരണമാകും. മനുഷ്യരില്‍ മാത്രമല്ല സസ്യങ്ങള്‍ ഉള്‍പ്പടെയുള്ള മറ്റു ജീവജാലങ്ങള്‍ക്കും ഇതേ പ്രതിസന്ധികളുണ്ടാകും.

അന്‍റാര്‍ട്ടിക് ദ്വാരത്തേക്കാള്‍ അപകടകാരി

അന്‍റാര്‍ട്ടിക്കിലെയും ആര്‍ട്ടിക്കിലെയും ഓസോണ്‍ ദ്വാരങ്ങളേക്കാള്‍ അപകടകാരിയാണ് ഭൂമധ്യരേഖാപ്രദേശത്തുള്ള ഓസോണ്‍ പാളിയെന്ന് ഗവേഷകര്‍ പറയുന്നു. ഇത് വലുപ്പം കൊണ്ട് മാത്രമല്ല, മറിച്ച് സൂര്യതാപ വിതരണത്തിലെ വ്യത്യാസം കൊണ്ട് കൂടിയാണ്. ധ്രുവപ്രദേശങ്ങളില്‍ സൂര്യതാപമെത്തുന്നത് ഒരു നിശ്ചിത സമയത്തേക്ക് മാത്രമാണ്. അതുകൊണ്ട് തന്നെ ഇവിടങ്ങളിലെ ദ്വാരങ്ങളിലൂടെ കടന്നുവരുന്ന അള്‍ട്രാവയലറ്റ് രശ്മികളുടെ ആഘാതം നിയന്ത്രിതമാണ്.

എന്നാല്‍ ഭൂമധ്യരേഖയില്‍ ഇതല്ല സ്ഥിതി. ധ്രുവപ്രദേശങ്ങളിൽ നേരിട്ട് സൂര്യരശ്മികള്‍ എത്തുന്നത് 3 -4 മാസം മാത്രമാണെങ്കില്‍ ഭൂമധ്യരേഖയില്‍ വര്‍ഷത്തില്‍ എല്ലാ ദിവസവും സൂര്യകിരണങ്ങള്‍ നേരിട്ടെത്തുന്നുണ്ട്. അതുകൊണ്ട് തന്നെ ഇവിടെ അള്‍ട്രാവയലറ്റ് രശ്മികള്‍ ഏൽപിക്കുന്ന ആഘാതം വളരെ വലുതായിരിക്കും. ഇക്കാരണം കൊണ്ട് തന്നെയാണ് ട്രോപ്പിക്കില്‍ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന ഓസോണ്‍ ദ്വാരം ഗവേഷകരെ ഭയപ്പെടുത്തുന്നതും.

English Summary: Study Finds Large Area Of Depleted Ozone Over Tropics, But Scientists Disagree On Its Significance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com