ADVERTISEMENT

മനോഹരമായ ഭൂപ്രകൃതിയാൽ സമ്പന്നമാണ് വടക്കൻ ധ്രുവപ്രദേശം.കണ്ണെത്താദൂരത്തോളും മ‍ഞ്ഞുമൂടിക്കിടക്കുന്ന ഇവിടെ കൗതുകകരമായ പല കാഴ്ചകളുമുണ്ട്.വടക്കൻ ആകാശത്ത് പ്രഭാപൂരം സൃഷ്ടിക്കുന്ന നോർത്തേൺ ലൈറ്റ്സ് എന്ന പ്രതിഭാസം, ധ്രുവക്കരടികളും , വെള്ളച്ചെന്നായ്ക്കളും ,റെയിൻഡീറുകളും തുടങ്ങി സമ്പന്നവും വ്യത്യസ്തവുമായ ജീവിവർഗങ്ങൾ.എന്നാൽ ഈ നല്ലകാര്യങ്ങൾക്കൊപ്പം മനുഷ്യരാശിയെ ആകെ ആശങ്കപ്പെടുത്തുന്ന ചില ഭീകരസംഗതികളുമുണ്ട്. പെർമഫ്രോസ്റ്റ് എന്നറിയപ്പെടുന്ന മഞ്ഞുപാളികൾക്കു താഴെ ചരിത്രാതീത കാലത്തെ  വൈറസുകളും ബാക്ടീരിയകളും നല്ല ഉറക്കത്തിലാണ്, മനുഷ്യരാശിയെ പാടെ തകിടം മറിച്ചിടാനുള്ള കരുത്തുമായി.

 

∙യമാലിലെ ആന്ത്രാക്സ്

2016ൽ ധ്രുവപ്രദേശത്തിന്റെ ഭാഗമായുള്ള സൈബീരിയയിലെ യമാൽ പ്രദേശത്ത് വമ്പിച്ച ആന്ത്രാക്സ് ബാധ പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ഒട്ടേറെപ്പേർ ആശുപത്രിയിലായി. വർഷങ്ങൾക്കു മുൻപ് മഞ്ഞിലാണ്ടു പോയ ആന്ത്രാക്സ് ബാധിച്ച ഒരു മാനിന്റെ ശരീരമാണ് അന്ന് വില്ലനായത്. അടുത്തിടെയായി തുടരുന്ന മഞ്ഞുരുക്കത്തിൽ മറഞ്ഞിരുന്ന ഈ ശരീരം പുറത്തു വന്നു. അതിനുള്ളിൽ കാലങ്ങളായി ഉറക്കത്തിലായിരുന്ന ആന്ത്രാക്സ് പരത്തുന്ന സൂക്ഷ്മാണുക്കൾ ഉണർന്നെണീക്കുകയും വായുവിലും വെള്ളത്തിലും കലരുകയും ചെയ്തു. ഇതാണു ബാധയ്ക്കു വഴി വച്ചത്. പെർമഫ്രോസ്റ്റിലെ സൂക്ഷ്മാണുക്കളെപ്പറ്റി ലോകം ആഴത്തിൽ ചിന്തിക്കാൻ ഇടവരുത്തിയ സംഭവമായിരുന്നു ഇത്.

 

could the melting Arctic release a deadly disease?
Image Credit: Sander van der Werf/ Shutterstock

∙മഞ്ഞുകൂടിന്റെ സുരക്ഷിതത്വം

പെർമഫ്രോസ്റ്റിനുള്ളിൽ അകപ്പെടുന്ന ജീവികളുടെ ശരീരം അഴുകി നശിക്കില്ല. ഇന്നും ധ്രുവപ്രദേശങ്ങളിൽ നിന്ന് മാമത്ത് പോലെ ഇപ്പോൾ ജീവിച്ചിരിപ്പില്ലാത്ത ജീവികളുടെ ശവശരീരങ്ങൾ ലഭിക്കാറുണ്ട്. പറയത്തക്ക യാതൊരു നാശവും ഇവയ്ക്ക് സംഭവിച്ചിട്ടുണ്ടാകില്ല. ഇതു പോലെ തന്നെ സൂക്ഷ്മകോശജീവികളെയും പെർമഫ്രോസ്റ്റ് സംരക്ഷിക്കും. 2005ൽ നാസാ ഗവേഷകർ 32000 വർഷം പഴക്കമുള്ള ചില സൂക്ഷ്മകോശജീവികളെ പെർമഫ്രോസ്റ്റിൽ നിന്നു കണ്ടെടുത്തു .മഞ്ഞിൽ നിന്നു മുക്തരായ നിമിഷം തന്നെ ഇവ സജീവമായി. 2014ൽ പിതോവൈറസ്, മോളിവൈറസ് തുടങ്ങിയ വലുപ്പമേറിയ വൈറസുകളെയും ശാസ്ത്രജ്ഞർ ഇതിൽ നിന്നു വേർതിരിച്ചു. ഇവയും സജീവമായി. പക്ഷേ ഇവ മനുഷ്യരെ ആക്രമിക്കുന്നവയല്ല.  

 

പെർമഫ്രോസ്റ്റിൽ ആദിമമനുഷ്യരായ നിയാണ്ടർത്താലുകൾ വരെ പുതഞ്ഞു കിടപ്പുണ്ടെന്നാണു ശാസ്ത്രജ്ഞരുടെ അനുമാനം. പല നൂറ്റാണ്ടുകളിൽ വൈറസ് ബാധ മൂലം മരിച്ചവരുടെയൊക്കെ ശരീരങ്ങൾ ഇങ്ങനെ കിടപ്പുണ്ടാകാം. ഇവയൊരിക്കൽ പുറത്തു വന്നാൽ? മനുഷ്യരാശിക്ക് തീർത്തും അപരിചിതരായ, ഭീകര സൂക്ഷ്മകോശജീവികൾ ഭൂമിയെങ്ങും പരന്നാൽ? ഇത്തരം സാധ്യതൾ പൂർണമായും തള്ളിക്കളയാൻ പാടില്ലെന്നാണ് ഒരുകൂട്ടം ശാസ്ത്രജ്ഞരുടെ വാദം. പെർമഫ്രോസ്റ്റിൽ അകപ്പെട്ടിരിക്കുന്ന കാർബണിന്റെ അളവും കൂടുതലാണ്. ഐസ് ഉരുകിമാറുന്നത് കാർബണിനെ അന്തരീക്ഷത്തിലേക്കു വിടാനുള്ള മാർഗമാകും. ഇത് ആഗോളതാപനവും മറ്റും കൂട്ടും.

 

∙ഉരുകുന്ന ഉത്തരധ്രുവം

റഷ്യൻ ജനതയിലെ ഇരുപതുലക്ഷത്തോളം ആർട്ടിക് പ്രദേശത്തു താമസിക്കുന്നവരാണ്. റഷ്യ എന്ന രാജ്യത്തിന്റെ നല്ലൊരു ശതമാനം ഭൂപ്രകൃതിയും മഞ്ഞുമൂടിയ നിലയിലാണ്. ഈ പ്രദേശങ്ങളിലെ തുറമുഖങ്ങളിൽ കപ്പലടുക്കണമെങ്കിൽ ഉറഞ്ഞു കിടക്കുന്ന കടലിലെ ഐസ് പൊട്ടിച്ചുകളയണം. ആഗോളതാപനം മൂലം ധ്രുവപ്രദേശങ്ങളിലെ ചൂടു കൂടുകയാണ്. ഇതിനാൽ മഞ്ഞുമൂടിയ ആർട്ടിക് പതിയെ ഉരുകിത്തുടങ്ങുന്നു. ഈ ഭാഗങ്ങൾ ഐസ്ബ്രേക്കർ ഉപയോഗിച്ച് പൊട്ടിച്ചുകഴിഞ്ഞാൽ സമുദ്രമേഖലയിൽ റഷ്യയ്ക്ക് കൂടുതൽ സ്വാധീനം ചെലുത്താം. കൂടുതൽ കപ്പലുകളോടിക്കാം. ഇത്തരം നീക്കങ്ങൾ വ്യാവസായികമായി നല്ലതാണെങ്കിലും ഉത്തരധ്രുവത്തിനു കനത്ത പരിസ്ഥിതി നാശമാണുണ്ടാക്കുന്നത്. മേഖലയിൽ ഇപ്പോൾ വ്യാവസായികമായ പ്രവർത്തനങ്ങൾ കൂടുതലാണ്. എണ്ണ, പ്രകൃതി വാതകം, സ്വർണം മറ്റു പദാർഥങ്ങൾ എന്നിവയുടെ ഖനനം തിരക്കിട്ടു നടക്കുന്നു. ഗാസ്പ്രോം തുടങ്ങിയ റഷ്യൻ കുത്തക എണ്ണക്കമ്പനികൾ അവിടെ നിലയുറപ്പിച്ചിട്ടുണ്ട്. ആഗോളതാപനത്തിനു പുറകേ ഇത്തരം പ്രവർത്തനങ്ങൾ കൂടി കടുക്കുന്നതോടെ ഉത്തരധ്രുവം അസന്തുലിതാവസ്ഥയിലെത്തുകയും മഞ്ഞുരുക്കം കൂടുകയും ചെയ്യും.ഫലം ചിലപ്പോൾ നമുക്ക് ചിന്തിക്കാവുന്നതിനും അപ്പുറമുള്ള വിനാശമായിരിക്കുമെന്ന് ചില ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു.

 

English Summary: could the melting Arctic release a deadly disease?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com