ലോകം കാലാവാസ്ഥാ ദുരന്തത്തിന്റെ വക്കിലെന്ന് രാജ്യാന്തര ഏജന്‍സിയുടെ റിപ്പോര്‍ട്ട്. നിലവിലെ സാഹചര്യത്തില്‍ ആഗോള താപനം 1.5 ഡിഗ്രി സെല്‍സ്യസില്‍ നിര്‍ത്തുക എന്ന ലക്ഷ്യം കൈവരിക്കുക പ്രയാസമാണെന്നും റിപ്പോര്‍ട്ട് പറയുന്നു. 10 വര്‍ഷത്തിനുള്ളില്‍ കാര്‍ബണ്‍ ബഹിര്‍ഗമനം നെറ്റ് സീറോയില്‍ എത്തിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കാത്തിരിക്കുന്നത് മഹാ ദുരന്തമാണെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടെറസും മുന്നറിയിപ്പ് നല്‍കി .
കാലാവസ്ഥാ വ്യതിയാനവും അതിന്റെ ദുരന്തങ്ങളും തടയാന്‍ ആഗോളതാപനം 1.5 ഡിഗ്രി സെല്‍സ്യസില്‍ താഴെ നിര്‍ത്തണമെന്നാണ് യു.എന്നിന്റെ പ്രഖ്യാപിത ലക്ഷ്യം. എന്നാല്‍ കാര്‍ബണ്‍ ബഹിര്‍ഗമനം നിലവിലെ രീതിയില്‍ തുടര്‍ന്നാല്‍ 2030 ആവുമ്പോഴേക്കും തന്നെ 1.5 ഡിഗ്രി സെല്‍സ്യ കടക്കുമെന്ന് ഇന്റര്‍ ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച് പുറത്തുവിട്ട റിപ്പോര്‍ട്ട് പറയുന്നു. ഇപ്പോള്‍തന്നെ താപനില 1.1 ഡിഗ്രി എത്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്നുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങള്‍ വന്‍തോതില്‍ വര്‍ധിക്കും. നൂറ്റാണ്ടിലൊരിക്കല്‍ മാത്രം തീരദേശങ്ങളിലുണ്ടാകുന്ന മഹാപ്രളയം 2100 ആവുമ്പോഴേക്കും വര്‍ഷത്തിലൊരിക്കല്‍ എന്ന രീതിയിലേക്ക് മാറും.
അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്സൈഡിന്റെ അളവ് 20 ലക്ഷം വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് ഇപ്പോള്‍. താപനിലയാവട്ടെ ഒരുലക്ഷം വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലും എത്തിയെന്നും റിപ്പോര്‍ട്ട് പറയുന്നു. ഈ സാഹചര്യത്തിലാണ് കാര്‍ബണ്‍ ബഹിര്‍ഗമനം നെറ്റ് സീറോയില്‍ എത്തിക്കാനുള്ള പദ്ധതി ലോകരാജ്യങ്ങള്‍ 10 വര്‍ഷത്തിനുള്ളില്‍ തയാറാക്കണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ ആവശ്യപ്പെട്ടത്. അതോടൊപ്പം അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്സൈഡ് നീക്കം ചെയ്യാനുള്ള സാങ്കേതിക വിദ്യകള്‍ കണ്ടെത്തേണ്ടതുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധരും പറയുന്നു.
English Summary: World is on brink of catastrophic warming, climate change report says