ജൂലൈ മൂന്നാം വാരത്തിലെ ഞായറാഴ്ച മുതലാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ താപക്കാറ്റുകൾ സ്വാധീനം ചെലുത്താൻ തുടങ്ങിയത്. ഈ ആഴ്ചയോടെ വിവിധയിടങ്ങളിൽ ചൂട് കൂടിവരുകയാണ്. വരും ദിവസങ്ങളിൽ ഇത് കൂടുതൽ രൂക്ഷമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രത്യേകിച്ചും ഏഷ്യയുടെ കിഴക്കൻ ഭാഗങ്ങളിലും, അമേരിക്കയിലും, യൂറോപ്പിലും. താപക്കാറ്റ് മൂലം വലിയ തോതിലുള്ള താപനിലാ വർധനവും, കൃഷിനാശവും, കാട്ടുതീയും ഉണ്ടാകുമെന്നാണ് കണക്ക് കൂട്ടുന്നത്.
ജപ്പാൻ
താപക്കാറ്റിന്റെ ആരംഭത്തിൽ തന്നെ ജപ്പാനിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന താപനിലയാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 40 ഡിഗ്രി സെൽഷ്യസാണ് ജപ്പാനിൽ രേഖപ്പെടുത്തിയ താപനില. 2018 ൽ രേഖപ്പെടുത്തിയ 41.1 എന്ന താപനിലയാണ് ജപ്പാനിലെ ഏറ്റവും ഉയർന്ന താപനില. എന്നാൽ ഇക്കുറി ഈ റെക്കോർഡ് ഭേദിക്കപ്പെടുമെന്ന് തന്നെയാണ് കാലാവസ്ഥാ ഗവേഷകർ ഉറച്ച് വിശ്വസിക്കുന്നത്. അതേസമയം ജപ്പാനിലെ ഫുക്കുഷിമാ ഉൾപ്പെടെയുള്ള നാല് സ്ഥലങ്ങളിൽ ഇതിനകം തന്നെ താപനില ഈ നഗരങ്ങളുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന അളവിലാണ്. 37.4 ഡിഗ്രി സെൽഷ്യസാണ് ഇവിടങ്ങളിൽ രേഖപ്പെടുത്തിയ താപനില.

യൂറോപ്പ്
ശൈത്യകാലത്ത് പോലും താപക്കാറ്റുകൾ ദുരിതം വിതയ്ക്കാൻ ആരംഭിച്ച യൂറോപ്പിനെ വേനൽക്കാലത്തും രക്ഷയില്ലെന്നാണ് പുതിയ സംഭവ വികാസങ്ങൾ തെളിയിക്കുന്നത്. യൂറോപ്പിൽ വിവിധ നഗരങ്ങളിൽ ഇപ്പോൾ തന്നെ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിലാണ്. യൂറോപ്പിലെ പ്രധാനപ്പെട്ട 27 നഗരങ്ങളിൽ 23 ലും ഇതിനകം തന്നെ ചൂട് കാറ്റ് മൂലമുള്ള ഉയർന്ന താപനില അനുഭവപ്പെടുന്നുണ്ട്. യൂറോപ്പിൽ 2021 ലും 2022ലും കഴിഞ്ഞ 90 വർഷത്തെ താപനിലാ റെക്കോർഡുകൾ തകർന്നിരുന്നു. ഇക്കുറി എൽ നിനോ പ്രതിഭാസത്തിന്റെ കൂടി പശ്ചാത്തലത്തിൽ താപനില വീണ്ടും ഉയരാൻ ഇടയുണ്ടെന്നാണ് മുന്നറിയിപ്പുകൾ. യൂറോപ്പിൽ വിവിധയിടങ്ങളിൽ ഇതിനകം കാട്ടുതീയും പടർന്ന് പിടിക്കുന്നുണ്ട്.

റോമിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തി. 2007 ൽ അനുഭവപ്പെട്ട 40.5 ഡിഗ്രി സെൽഷ്യസ് എന്ന താപനിലാ റെക്കോർഡിനെ മറികടന്ന് ഇക്കുറി അനുഭവപ്പെട്ടത് 42-43 ഡിഗ്രി സെൽഷ്യസ് ചൂടാണ്. ഗ്രീസ്, റൊമാനിയ, സ്പെയിൻ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളെല്ലാം തന്നെ താപക്കാറ്റിനെക്കുറിച്ച് ഉയർന്ന താപനിലയെക്കുറിച്ചും ഉള്ള മുന്നറിയിപ്പുകൾ പുറത്തിറക്കി കഴിഞ്ഞു.

അമേരിക്ക
ലോകത്തെ ഏറ്റവും ഉയർന്ന താപനില അനുഭവപ്പെടുന്ന പ്രദേശമാണ് കലിഫോർണിയയിലെ മരണതാഴ്‌വര എന്നറിയപ്പെടുന്ന മരുപ്രദേശം. ഇക്കുറി 54 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നിട്ടുണ്ട്. 1913 ൽ റിപ്പോർട്ട് ചെയ്ത 57.3 ഡിഗ്രി സെൽഷ്യസാണ് ഇവിടെ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും ഉയർന്ന താപനില.

അമേരിക്കയാകട്ടെ ഒരേസമയം വ്യത്യസ്ത പ്രകൃതി ദുരന്തങ്ങളോടാണ് പോരാടുന്നത്. പടിഞ്ഞാറൻ മേഖലയിലും, തെക്കൻ മേഖലയിലും കൊടുംചൂടാണ് അമേരിക്കയെ ഉലയ്ക്കുന്നതെങ്കിൽ വടക്ക് കിഴക്കൻ മേഖലയിൽ കൊടും മഴയും വെള്ളപ്പൊക്കവുമാണ് നാശം വിതയ്ക്കുന്നത്. അമേരിക്കയിലെ ഫോണിക്സ് മേഖലയാണ് കലിഫോർണിയ കഴിഞ്ഞാൽ ഏറ്റവുമധികം താപനിലാ പ്രതിസന്ധി നേരിടുന്നത്. 47.3 ഡിഗ്രി സെൽഷ്യസാണ് ഇവിടെ രേഖപ്പെടുത്തിയിട്ടുള്ള താപനില.

ചൈന
ചൈനയും കൊടുംചൂടിനെ പ്രതിരോധിക്കാനുള്ള മാർഗങ്ങൾക്ക് തിരയുകയാണ്. ചൈനയിലെ വടക്ക് പടിഞ്ഞാറൻ ഗ്രാമങ്ങളിൽ ഒന്നായ സാൻബാവോയിൽ 52.3 ഡിഗ്രി സെൽഷ്യസാണ് താപനില രേഖപ്പെടുത്തിയത്. ഇതിനകം തന്നെ നിരവധി തവണയാണ് ചൈനയിൽ ഉയർന്ന താപനിലയെ സംബന്ധിച്ച് മുന്നറിയിപ്പുകൾ പുറത്തുവിടുന്നത്. ശരാശരി 40 -45 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന താപനില എല്ലാ മേഖലയിലും അനുഭവപ്പെടാം എന്നാണ് മുന്നറിയിപ്പുകളിൽ പറയുന്നത്. എന്നാൽ ഇതിനും മുകളിൽ താപനില പലയിടങ്ങളിലും അനുഭവപ്പെടുന്നു എന്നതാണ് സത്യം.

ചൈന അമേരിക്ക ഉച്ചകോടി
ചൂട് പ്രതിരോധിക്കാനുള്ള മാർഗങ്ങൾ തിരഞ്ഞ് ചൈനയും അമേരിക്കയും സംയുക്ത ഉച്ചകോടിക്ക് തയ്യാറെടുക്കുകയാണ്. നിലവിൽ ലോകത്ത് ഏറ്റവുമധികം ഹരിതഗ്രഹവാതകങ്ങൾ പുറന്തള്ളുന്ന രാജ്യങ്ങളാണ് ചൈനയും അമേരിക്കയും. താപനില ക്രമാതീതമായി ഉയർന്ന ജനജീവിതത്തെ ഗണ്യമായി ബാധിക്കാൻ തുടങ്ങിയതോടെയാണ് ഇരു രാജ്യങ്ങളിലും കാലാവസ്ഥാ ചർച്ചകളിൽ വീണ്ടും സജീവമാകാൻ തീരുമാനിച്ചത്. ആഗോളതാപനം നിയന്ത്രിക്കാൻ ആവശ്യമായ മാറ്റങ്ങളെ പറ്റി തന്നെയാണ് ഇരു രാജ്യങ്ങളും പ്രധാനമായും ചർച്ച ചെയ്യുക.

എൽ - നിനോ
ഏതാനും വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഭൂമിയിൽ അനുഭവപ്പെടുന്ന സവിശേഷ കാലാവസ്ഥയാണ് എൽ നിനോ. ഈ വർഷത്തിൽ ജൂലൈ മാസത്തോടെ ആരംഭിച്ച് സെപ്തംബർ മാസത്തോടെ എൽ നിനോ അവസാനിയ്ക്കാൻ 60 ശതമാനം സാധ്യതയുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. ഭൂമിയിൽ നിലവിലുള്ള മഴുടേയും, ചൂടിന്റേയും കാറ്റിന്റെയും ഒക്കെ ഗതിയും, ദിശയും, കാലവും മാറ്റുന്നതാണ് ഈ പ്രതിഭാസം. വരും മാസങ്ങളിൽ വരാനിരിക്കുന്ന ഈ എൽ നിനോ പ്രതിഭാസം ലോകതാപനിലയെ തന്നെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുമെന്നാണ് ഇപ്പോൾ ഐക്യരാഷ്ട്രസഭ പുറത്തിറക്കിയിരിക്കുന്ന മുന്നറിയിപ്പ്. ലോക കാലാവസ്ഥാ ഗവേഷണ കേന്ദ്രം തയ്യാറാക്കിയ കണക്കിന്റെ അടിസ്ഥാനത്തിലാണ് ഈ പുതിയ മുന്നറിയിപ്പ് ഐക്യരാഷ്ട്രസഭ പുറത്തിറക്കിയിരിക്കുന്നത്.

ആഗോളതാപനം
വ്യാവസായികവത്കരണ കാലഘട്ടത്തിന് ശേഷം ഭൂമിയിലുണ്ടായ താപനിലാ വർധനവിനെ അടിസ്ഥാനമാക്കിയാണ് ആഗോളതാപന തോത് നിർണയിക്കുന്നത്. ഇതില്‍ തിരികെ പോകാനാവാത്ത വിധം താപനിലാ വർധനവായി കണക്കാക്കുന്നത് 1.5 ഡിഗ്രി സെല്‍ഷ്യസിന്‍റെ വർധനവാണ്. ആഗോളതാപനം ഈ അളവ് പിന്നിട്ടാല്‍ ഭൂമിയിലെ കാലാവസ്ഥാ വ്യതിയാനം ഉള്‍പ്പടെയുള്ള പ്രത്യാഘാതങ്ങളുടെ തോത് ഗണ്യമായി വർധിക്കുമെന്നാണ് ഗവേഷകര്‍ കരുതുന്നത്. ഈ നിർണായക ഘട്ടമാണ് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഭൂമിയിലെ താപനില പിന്നിട്ടേക്കാം എന്ന് ഗവേഷകര്‍ ഇപ്പോള്‍ കണക്ക് കൂട്ടുന്നത്.

2015 ല്‍ ചേര്‍ന്ന പാരിസ് പാരിസ്ഥിതിക ഉച്ചകോടിയിലാണ് ആഗോളതാപനത്തിന്‍റെ നിണായക ഘട്ടങ്ങളെ പറ്റി രാജ്യാന്തര തലത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. പാരിസ് ഉച്ചകോടിയുടെ തീരുമാന പ്രകാരം ആഗോളതാപനം മൂലമുള്ള വർധനവ് 2 ഡിഗ്രി സെല്‍ഷ്യസിന് മുകളിലേക്ക് പോകാതെ തടയാനാണ് ലോകരാജ്യങ്ങള്‍ ധാരണയില്‍ എത്തിയത്. സാധ്യമെങ്കില്‍ ഈ വർധനവ് 1.5 ഡിഗ്രി സെല്‍ഷ്യസിന് താഴെയായി നിര്‍ത്തണമെന്നും തീരുമാനം എടുത്തിരുന്നു.

എന്നാല്‍ ഈ തീരുമാനം നടപ്പാക്കാനാവശ്യമായ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഓരോ രാജ്യങ്ങളായി പിന്നോട്ടുപോകുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. അമേരിക്കയും, യുറോപ്പിലെ പല രാജ്യങ്ങളും, ചൈനയും എല്ലാം ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്മാറിയതോടെ പാരിസ് ഉച്ചകോടിയുടെ തീരുമാനങ്ങള്‍ വെറു പ്രഹസനമായി മാറി. ഇതോടെ ആഗോളതാപനില വർധനവ് തടഞ്ഞ് നിര്‍ത്താനുള്ള പരിസ്ഥിതി പ്രവര്‍ത്തകരുടെ ശ്രമങ്ങള്‍ക്ക് വലിയ തിരിച്ചടിയും ഏറ്റു. ഇതിന്‍റെ തുടര്‍ച്ചയെന്നവണ്ണമാണ് ഇപ്പോള്‍ ആഗോളതാപന വർധനവ് നിര്‍ണ്ണായകമായ 1.5 ഡിഗ്രി സെല്‍ഷ്യസ് എന്ന അളവ് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ പിന്നിടുമെന്ന മുന്നറിയിപ്പും എത്തിയിരിക്കുന്നത്.
Content Highlights: Global Warming, Climate Change, Heat Wave