കാലാവസ്ഥാ വ്യതിയാനം ഉയർത്തുന്നത് ഗുരുതര ആരോഗ്യ പ്രതിസന്ധി; പ്രളയമെടുത്തത് നിരവധി ജീവനുകൾ

climate change (Photo: Twitter/@Sandra_____G)
വാഷിങ്ടനിൽ ഒറോവില്ലെയിൽ ഉണ്ടായ തീപിടിത്തം (Photo: Twitter/@Sandra_____G)
SHARE

ഇക്കഴിഞ്ഞ വേനൽക്കാലത്ത് ഉത്തർപ്രദേശിൽ നിന്നും ബിഹാറിൽ നിന്നുമായി 96 പേരാണ് ചൂടിന്റെ കാഠിന്യം മൂലം മരണപ്പെട്ടത്. ഇതിന് പിന്നാലെ ഇന്ത്യയിൽ പലയിടങ്ങളിലും സാധാരണയിലും താഴെ മാത്രമേ മഴ ലഭിക്കുകയുള്ളൂ എന്ന വാർത്തയും കൂടി വന്നതോടെ ആശങ്ക ഇരട്ടിയായി. എന്നാൽ പ്രവചനങ്ങൾക്ക് വിപരീതമായി വൈകിയെത്തിയ മൺസൂൺ ജൂലൈയിൽ താണ്ഡവമാടിയതോടെ ഡൽഹി, പഞ്ചാബ് ഉത്തരാഖണ്ഡ്, തുടങ്ങി വടക്കേ ഇന്ത്യയിലെ പല മേഖലകളിലും കാലാവസ്ഥ വകുപ്പിന് യെല്ലോ, ഓറഞ്ച്, റെഡ് അലർട്ടുകൾ നൽകേണ്ട സ്ഥിതിയും ഉണ്ടായി. ആയിരക്കണക്കിന് ജനങ്ങളെയാണ് പ്രളയബാധിത മേഖലകളിൽ നിന്നും ഒഴിപ്പിക്കേണ്ടി വന്നത്. കാലാവസ്ഥാ വ്യതിയാനം എത്രത്തോളം പ്രവചനാതീതമാണെന്നതിന്റെ ഏറ്റവും ചെറിയ ഒരു ഉദാഹരണമാണിത്. 

കാലാവസ്ഥ വ്യതിയാനത്തിന്റെ ഫലമായി കാർബണിന്റെ അളവിലുള്ള വർധന, സമുദ്ര അമ്ലീകരണം, സമുദ്ര ജല നിരപ്പിലെ  ക്രമാതീതമായ ഉയർച്ച എന്നിവ ഉണ്ടാകുന്നത് 17 സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ 16നേയും പ്രതികൂലമായി ബാധിക്കുമെന്ന് യുഎന്നിന്റെ ലോക കാലാവസ്ഥാസംഘടന 2021ൽ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. കാലാവസ്ഥകൾ നിയന്ത്രണത്തിനപ്പുറം മാറിമറിയുന്നതിനാൽ ദാരിദ്ര്യ നിർമാർജനം, പോഷകക്കുറവ് പരിഹരിക്കൽ, ശുദ്ധജല വിതരണം, ശുചിത്വം തുടങ്ങിയവയ്ക്കായി ദേശീയതലത്തിൽ നടത്തുന്ന പ്രവർത്തനങ്ങളെല്ലാം വൻ തിരിച്ചടിയാണ് ഏറ്റുവാങ്ങുന്നത്. അതായത് കാലാവസ്ഥാ വ്യതിയാനവും ആരോഗ്യ പ്രതിസന്ധിയും നേരിട്ട് തന്നെ ബന്ധപ്പെട്ട് കിടക്കുന്നു എന്ന് മനസ്സിലാക്കാം.

heatwave-1-afp
ചൂടിൽനിന്ന് രക്ഷപ്പെടാൻ യുവാവ് വെള്ളത്തിലേക്ക് തല മുക്കുന്നു. റോമിലെ പിയാസ ഡെൽ പൊപോലയിൽ നിന്നുള്ള കാഴ്ച.(Photo by Tiziana FABI / AFP)

ലോകാരോഗ്യ സംഘടന 2022 ൽ പുറത്തിറക്കിയ ഇന്ത്യയ്ക്കായുള്ള പരിസ്ഥിതി സ്കോർ കാർഡ് പ്രകാരം പക്ഷാഘാതം, ഹൃദ്രോഗങ്ങൾ എന്നിവ ബാധിക്കുന്നതിനെ തുടർന്നുള്ള മരണങ്ങളിൽ 39 ശതമാനത്തിനും കാരണമാകുന്നത് വായു മലിനീകരണം മാത്രമാണ്. 2023 ൽ പ്രസിദ്ധീകരിച്ച ഒരു പഠന റിപ്പോർട്ട് സൂചിപ്പിക്കുന്നതാകട്ടെ ഇന്ത്യയുടെ 90 ശതമാനവും താപ തരംഗത്തിന്റെ പ്രത്യാഘാതങ്ങൾ ഏറ്റുവാങ്ങുന്ന ഡേയ്ഞ്ചർ കാറ്റഗറിയിലാണെന്നാണ്. 2000 ത്തിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ 2020 എത്തിയപ്പോഴേക്കും കൊടും ചൂടുമൂലമുണ്ടായ മരണങ്ങൾ 55 ശതമാനമാണ് വർധിച്ചത്.

Global temperatures set to reach new records in next five years
Image Credit: Jo Raphael/Istock

എന്നാൽ ഇതിലും അപ്പുറമാണ് പ്രളയം മൂലമുണ്ടായ ജീവഹാനിയുടെ കണക്ക്. 2011 മുതൽ 2020 വരെയുള്ള വർഷങ്ങളിൽ പ്രകൃതിദുരന്തങ്ങൾ മൂലമുണ്ടായ മരണങ്ങളുടെ ആകെ തുകയെടുത്താൽ അതിൽ 67 ശതമാനവും പ്രളയം മൂലമാണ്. ഇതിനുപുറമേ വെള്ളപ്പൊക്കത്തിന്റെ ഫലമായി കൊതുക്, എലികൾ പോലെയുള്ള ജീവജാലങ്ങൾ പരത്തുന്ന രോഗങ്ങളും തുടർന്നുണ്ടാകുന്ന മരണങ്ങളും ഇതുമായി ചേർത്ത് വായിക്കാം. 

PTI06_18_2023_000132A
Family members bring their patient to a hospital during heatwave conditions, in Ballia, Uttar Pradesh on Sunday. Photo: PTI

ഈ സാഹചര്യങ്ങളെല്ലാം പരിഗണിച്ച് ആരോഗ്യമേഖലയിൽ കാലാവസ്ഥാ പ്രശ്നങ്ങൾക്ക് അനുയോജ്യമായ പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ടെങ്കിലും മുൻഗണനാക്രമത്തിൽ അവ മുൻ നിരയിൽ ഉൾപ്പെടുകയോ പൂർണ്ണ ഫലപ്രാപ്തി നേടുകയോ ചെയ്തിട്ടില്ല. പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് പ്രാധാന്യം നൽകി ആരോഗ്യരംഗവുമായി ചേർന്ന് പ്രവർത്തിക്കുന്ന ധാരാളം സംഘടനകൾ നിലവിലുണ്ട്. എന്നാൽ ഈ സംഘടനകളുടെ പ്രവർത്തനങ്ങൾ ഇപ്പോഴും വികസനത്തിന്റെ പാതയിലാണ്. പ്രാദേശിക പ്രശ്നങ്ങൾക്ക് ഊന്നൽ നൽകുന്നില്ല എന്നതാണ് പ്രധാന പ്രശ്നം. രോഗബാധകൾ കൂടുതലായി ഉണ്ടാവാൻ സാധ്യതയുള്ള പ്രദേശങ്ങളെ തിരിച്ചറിയാത്തതും പ്രശ്നപരിഹാരത്തിന് വിലങ്ങു തടിയാകുന്നുണ്ട്.

Content Highlights: Climate Change | Health Crisis

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS