ADVERTISEMENT

പ്രതികൂല സാഹചര്യങ്ങളില്‍ പ്രതിരോധിക്കാന്‍ പ്രകൃതി ഒരുക്കുന്ന സംവിധാനങ്ങളോളം ശക്തമായതും വ്യത്യസ്തമായതുമായ മറ്റൊന്നില്ല. സമുദ്രനിരപ്പില്‍ നിന്ന് 11 കിലോമീറ്റര്‍ ആഴത്തില്‍ ലോകത്തിലെ ഏറ്റവും വലിയ കിടങ്ങായ ചലഞ്ചര്‍ ഡീപ്പിലെ ജീവികളില്‍ പോലും പ്രകൃതി സമ്മാനിച്ച ഈ പ്രതിരോധ സംവിധാനത്തിന്‍റെ സുരക്ഷിതത്വം കാണാം .ചലഞ്ചര്‍ ഡീപ്പിന്‍റെ ആഴങ്ങളില്‍ കണ്ടുവരുന്ന ഹിറോന്‍ഡെല്ലിയ ഗിഗാസ് എന്ന കൊഞ്ച് വർഗത്തില്‍ പെട്ട ജീവിയാണ് ഇങ്ങനെ സ്വയം പ്രതിരോധ സംവിധാനമൊരുക്കുന്നത്.

പക്ഷേ ആമകള്‍ക്കും മറ്റുമുള്ള പുറം ചട്ട പോലത്തേതല്ല ഈ ജീവികളുടെ പ്രതിരോധ സംവിധാനം. മുകളില്‍ സൂചിപ്പിച്ചതു പോലെ പ്രകൃതി നല്‍കിയ കഴിവുകള്‍ ഉപയോഗിച്ച് ഇവ ഒരു പ്രതിരോധ സംവിധാനം സ്വയം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. അതുപോലെ തന്നെ അലൂമിനിയം കണങ്ങള്‍ ഉപയോഗിച്ച് ഇവ നിര്‍മിക്കുന്ന പുറം ചട്ട മറ്റ് ജീവികളില്‍ നിന്നു രക്ഷനേടുന്നതിനല്ല മറിച്ച് ചലഞ്ചര്‍ ഡീപ്പിന്‍റെ ആഴത്തിലെ അമിത മര്‍ദത്തില്‍ നിന്നും കൊടും തണുപ്പില്‍ നിന്നും രക്ഷ നേടുന്നതിനായാണ്. 

അലൂമിനിയം ശേഖരിക്കുന്ന ഹിറോന്‍ഡെല്ലിയ

എങ്ങനെയാണ് ഈ ആഴക്കടല്‍ ജീവികള്‍ക്ക് സ്വയരക്ഷയ്ക്കുള്ള പുറം ചട്ടയൊരുക്കുന്നതിനായി അലൂമിനിയം ലഭിക്കുന്നതെന്നതാണ് അടുത്ത ചോദ്യം. അല്‍പം ബുദ്ധി ഉപയോഗിച്ചാണ് ഇവ ഈ ലോഹം ശേഖരിക്കുന്നത്. കടലിനിടിയില്‍ നിന്നു തന്നെയാണ് ഇവ ധാതുക്കള്‍ ശേഖരിക്കുന്നത്. ധാതുസമ്പന്നമായ അടിത്തട്ടില്‍ നിന്ന് അവ നക്കി ശേഖരിക്കുന്ന ധാതുക്കള്‍ വയറ്റില്‍ ഉൽപാദിപ്പിക്കുന്ന പശ പോലുള്ള വസ്തുവുമായി ഇവ കൂട്ടിക്കുഴയ്ക്കും. ഇതോടെ പുറം ചട്ട നിര്‍മാണത്തിനുള്ള അലുമിനിയം ഹൈഡ്രോക്സൈഡ് കുഴമ്പ് (ജെല്‍) തയാറാകും.

ജപ്പാനിലെ സമുദ്ര-ഭൗമ ശാസ്ത്ര ഗവേഷണ ഏജന്‍സിയിലെ ഗവേഷകരാണ് ഹിറോന്‍ഡെല്ലിയ ഗിഗാസിന്‍റെ പുറംചട്ട നിര്‍മാണത്തിനു പിന്നിലെ രഹസ്യം കണ്ടെത്തിയത്. സമുദ്രജലത്തിന്‍റെ ആല്‍ക്കലൈന്‍ സ്വഭാവവും അലുമിനിയം ഹൈഡ്രോക്സൈഡ് ജെല്‍ രൂപീകരണത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്നുണ്ടെന്നും ഗവേഷകര്‍ പറയുന്നു. ഈ അലുമിനിയം ജെല്ലാകട്ടെ സമുദ്രത്തിനടിയിലെ കടുത്ത മര്‍ദത്തെ പോലും ഫലപ്രദമായി പ്രതിരോധിക്കാന്‍ തക്ക ശേഷിയുള്ളതാണന്നും ഗവേഷകര്‍ സാക്ഷ്യപ്പെടുത്തുന്നു.

കൊഞ്ചുകള്‍ ഉള്‍പ്പെടുന്ന ആംഫിപോഡ്സ് ഇനത്തില്‍ പെട്ടവയാണ് ഹിറോന്‍ഡെല്ലിയ ഗിഗാസും. സാധാരണ സമുദ്രത്തില്‍ 4400 മീറ്ററിനു താഴേക്ക് ആംഫിപോഡ്സ് ഇനത്തില്‍ പെട്ട ജീവികള്‍ കാണപ്പെടാറില്ല. ഇവയുടെ ശരീരത്തിന് താങ്ങാവുന്നതിലധികം മര്‍ദം ഇതിനു താഴെയുള്ളതിനാലാണിത്. 4400 മീറ്റര്‍ ആഴത്തില്‍ അനുഭവപ്പെടുന്ന മര്‍ദത്തിന്‍റെ ഏകദേശം ഇരട്ടിയോളമാണ് ചലഞ്ചര്‍ ഡീപ്പിലുള്ളത്. അതുകൊണ്ട് തന്നെ ഈ മേഖലയില്‍ കാണപ്പെടുന്ന ഏക ആംഫിപോഡ് ജീവിയാണ് ഹിറോന്‍ഡെല്ല ഗിഗാസ്. ഇതിനിവയെ സഹായിക്കുന്നതാകട്ടെ അവ തന്നെ നിര്‍മ്മിക്കുന്ന അലൂമിനിയം പുറം ചട്ടയും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com