ഹാപ്പി ‘ബർത്ത് ഡേ’ റോസി; 32–ാം പിറന്നാൾ ആഘോഷമാക്കി ലോകത്തിലെ ഏറ്റവും പ്രായംകൂടിയ പൂച്ച
Mail This Article
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പൂച്ചയായി പറയപ്പെടുന്ന റോസി, തന്റെ 32–ാം പിറന്നാൾ ഗംഭീരമായി ആഘോഷിച്ചു. ഇംഗ്ലണ്ടിലെ നോർവിച്ചിൽ സ്വദേശിനിയായ 71കാരി ലില ബ്രിസെറ്റ് ആണ് പൂച്ചയുടെ ഉടമസ്ഥ. 1991 ജൂൺ 1നാണ് റോസി ജനിച്ചതെന്ന് ഇവർ അവകാശപ്പെടുന്നു. 32 എന്ന് എഴുതിയ മെഴുകുതിരി റോസിക്കു മുന്നിൽവച്ച് ലില കേക്ക് മുറിക്കുകയായിരുന്നു.
റോസി പൂച്ച ജനിച്ച് മാസങ്ങൾക്കുള്ളിൽ ലില ദത്തെടുക്കുകയായിരുന്നു. പൂർണ ആരോഗ്യവതിയായ റോസിയെ അപൂർവമായി മാത്രമാണ് ഡോക്ടറെ കാണിക്കേണ്ടി വന്നിട്ടുള്ളൂ. പൂച്ചയെ സ്വന്തമാക്കിയപ്പോൾ തന്നെ അതിന്‍റെ വന്ധ്യംകരണം നടത്തിയിരുന്നുവെന്ന് ലില വ്യക്തമാക്കി. ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായമുള്ള പൂച്ചയായി റോസിയെ പരിഗണിക്കുന്നതിന് ഗിന്നസ് വേൾഡ് റെക്കോർഡ്സുമായി ബന്ധപ്പെട്ടു കഴിഞ്ഞുവെന്നും അവർ പറഞ്ഞു.
ഇംഗ്ലണ്ടിൽ തന്നെയുള്ള ഫ്ലോസി എന്ന പൂച്ചയാണ് ഇപ്പോൾ ഏറ്റവും പ്രായം കൂടിയ പൂച്ചയായി ഗിന്നസ് റെക്കോർഡിൽ ഇടംപിടിച്ചിരിക്കുന്നത്. 2022 നവംബറിൽ റെക്കോർഡ് സ്വന്തമാക്കുമ്പോൾ പൂച്ചയുടെ പ്രായം 26 വയസും 316 ദിവസവുമായിരുന്നു. കേൾവി ശക്തി പൂർണമായും നഷ്ടപ്പെട്ട ഫ്ളോസിക്ക് ഇപ്പോൾ കാഴ്ചശക്തിയും കുറഞ്ഞുവരുന്നതായി ഉടമസ്ഥർ പറയുന്നു.
English Summary: World's oldest cat Rosie birthday