ADVERTISEMENT

വവ്വാലുകളിലൂടെ നിപ്പ വൈറസ് മാത്രമാണോ പടരുന്നത്? അല്ല, ചൈനയിൽ സാർസ് രോഗത്തിന് കാരണമായ വൈറസുകളും വവ്വാലിൽ നിന്ന് കണ്ടെത്തിയിരുന്നു. സാർസ് വൈറസിൽ ഉരുത്തിരിഞ്ഞ കൊറോണ വൈറസും വവ്വാലുകളിൽ നിന്ന് കണ്ടെത്തിയിരുന്നു പ്രശസ്ത വൈറോളജി ഗവേഷക ഷി ഷെങ്‌ലി ചൈനയിലെ പല ഗുഹകളിൽ നിന്നും വവ്വാലുകളുടെ സാമ്പികളുകൾ പരിശോധിച്ച് ഇക്കാര്യം സ്ഥിരീകരിച്ചത്. വർഷങ്ങളായി വവ്വാലുകള്‍ പാര്‍ക്കുന്ന ഗുഹകളിലെത്തി വൈറസുകളെക്കുറിച്ചു പഠനം നടത്തുന്ന ഷി ഷെങ്‌ലി ചൈനയുടെ ‘ബാറ്റ് വുമണ്‍’ എന്നാണ് അറിയപ്പെടുന്നത്

പുതിയ വൈറസിന് യുനാനിലെ ഹോഴ്‌സ്ഷൂ വവ്വാലില്‍ കാണുന്നതുമായി 96 ശതമാനം സാമ്യമുണ്ടെന്ന് ഗവേഷകര്‍ വിലയിരുത്തി. ഇക്കുറിയും വൈറസിന്റെ പ്രഭവകേന്ദ്രം വവ്വാല്‍ തന്നെയെന്ന് അവര്‍ ഉറപ്പിച്ചു. പുതിയ വൈറസ് മനുഷ്യരുടെ ശ്വാസകോശത്തെ ബാധിച്ച് രോഗകാരണമാകുന്നുവെന്ന് വുഹാന്‍ സംഘം കണ്ടെത്തി. ഇതിന് സാര്‍സ്-കോവ്-2 എന്നു പേര് നല്‍കുകയും ചെയ്തു. തുടര്‍ന്നാണ് ചൈനയില്‍ വവ്വാല്‍, വെരുക്, ഈനാംപേച്ചി, മുതല എന്നിവയെ ഉള്‍പ്പെടെ വില്‍ക്കുന്ന വെറ്റ് മാര്‍ക്കറ്റില്‍നിന്നാവാം വൈറസ് പടര്‍ന്നതെന്ന നിഗമനത്തിലേക്ക് എത്തുന്നത്. 

2002-2003 നിടയില്‍ സാര്‍സ് എണ്ണായിരത്തിലധികം ആളുകളെയാണു ബാധിച്ചത്. എണ്ണൂറോളം പേര്‍ മരിക്കുകയും ചെയ്തു. 2004-ല്‍ രാജ്യാന്തര ഗവേഷക സംഘത്തിനൊപ്പം ഷി ഗുഹകളില്‍ എത്തി വവ്വാലുകളില്‍നിന്ന് വൈറസ് സാംപിളുകള്‍ ശേഖരിച്ചു. ഗുവാങ്‌സിയുടെ തലസ്ഥാനമായ നാനിങ്ങിലെ ചുണ്ണാമ്പുകല്ലുകള്‍ നിറഞ്ഞ ഗുഹയിലായിരുന്നു ആദ്യത്തെ ദൗത്യം.  പ്രാണികളെ തിന്നുന്നതുള്‍പ്പെടെ വിവിധയിനം വവ്വാലുകള്‍ ഏറെ താഴ്ചയിലുള്ള കീഴ്ക്കാംതൂക്കായ ഇടുങ്ങിയ ഗുഹകളിലാണു കഴിഞ്ഞിരുന്നത്. ഗ്രാമീണരില്‍നിന്നു ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഷീയും സഹപ്രവര്‍ത്തകരും കയറുകള്‍ വയറ്റില്‍ കെട്ടിയും മറ്റുമാണ് പല ഗുഹകളിലേക്കും തൂങ്ങിയിറങ്ങിയിരുന്നത്. 

ഷി ഷെങ്‌ലി വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ കൊറോണ വൈറസ് പരിശോധനയിൽ (Photo: Twitter/@AnoopChathoth)
ഷി ഷെങ്‌ലി വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ കൊറോണ വൈറസ് പരിശോധനയിൽ (Photo: Twitter/@AnoopChathoth)

തന്ത്രത്തില്‍ കടന്നുകളയുന്ന വവ്വാലുകളെ കുടുക്കുകയെന്നത് ഏറെ ശ്രമകരമായിരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ ജീവന്‍ വരെ പണയപ്പെടുത്തി മുപ്പതോളം ഗുഹകളില്‍ എത്തിയെങ്കിലും പന്ത്രണ്ടു വവ്വാലുകളെ മാത്രമാണ് കാണാന്‍ കഴിഞ്ഞത്. സാര്‍സിനു കാരണമായ വൈറസുകളെ കണ്ടെത്തുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യം. ഗുവാങ്‌ഡോങ്ങിലെ വന്യമൃഗങ്ങളെ വില്‍ക്കുന്ന സംഘത്തിനു വെരുകില്‍ നിന്നാണ് സാര്‍സ് ആദ്യം പടര്‍ന്നതെന്ന് ഹോങ്‌കോങ് ഗവേഷകര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പകര്‍ച്ചവ്യാധി ഭീഷണിയുള്ള കൊറോണ വൈറസിന്റെ ആദ്യവ്യാപനം ആയിരുന്നു അത്. ഇതോടെയാണ് മനുഷ്യരിലേക്കു പടരാന്‍ സാധ്യതയുള്ള മൃഗവൈറസുകളെക്കുറിച്ചുള്ള പഠനം കൂടുതല്‍ വ്യാപകമായത്. വെരുകിലേക്ക് സാര്‍സ് പടര്‍ന്നത് എങ്ങനെയെന്ന് ഇപ്പോഴും ദുരൂഹമാണ്. 

Read Also: ദുരന്തം തീർത്ത് ഡാനിയൽ കൊടുങ്കാറ്റ്; ലിബിയയിൽ മരണം 5,000 കടന്നു; 10,000ത്തോളം പേരെ കാണാനില്ല

1994-ല്‍ ഹെന്‍ഡ്രാ വൈറസ് കുതിരകളില്‍നിന്നാണു മനുഷ്യരില്‍ എത്തിയത്. 1998-ല്‍ മലേഷ്യയില്‍ നിപ വൈറസ് പന്നികളില്‍നിന്നാണു മനുഷ്യരിലേക്കു പടര്‍ന്നതെന്നായിരുന്നു റിപ്പോര്‍ട്ട്. ഈ രണ്ടു കേസിലും വൈറസിന്റെ പ്രഭവകേന്ദ്രം പഴംതീനി വവ്വാലുകളാണെന്ന് കണ്ടെത്തി. കുതിരകളും പന്നികളും വൈറസിന്റെ മധ്യവര്‍ത്തികളായ ആതിഥേയര്‍ മാത്രമായിരുന്നു. ഗുവാങ്‌ടോങ്ങിലെ മാര്‍ക്കറ്റിലുണ്ടായിരുന്ന വവ്വാലുകളില്‍ സാര്‍സ് വൈറസിന്റെ സാന്നിധ്യം കണ്ടുവെങ്കിലും രോഗത്തിനു കാരണം അതാണെന്നു സ്ഥിരീകരിക്കാന്‍ ഗവേഷകര്‍ ആദ്യഘട്ടത്തില്‍ തയാറായില്ല. ഇൗ ഗവേഷണങ്ങളുടെ ഭാഗമായാണ് ഷീയും സംഘവും വവ്വാലുകളെ തേടി ഗുഹകളില്‍ എത്തിയത്. 

ഷി ഷെങ്‌ലി വവ്വാലുകളെ പരിശോധിക്കുന്നു (Photo: Twitter/ @sciam)
ഷി ഷെങ്‌ലി വവ്വാലുകളെ പരിശോധിക്കുന്നു (Photo: Twitter/ @sciam)

ഗുഹ കണ്ടെത്തി അതിന്റെ പ്രവേശനകവാടത്തില്‍ വല കെട്ടി കാത്തിരിക്കും. രാത്രി വവ്വാലുകള്‍ ഇരതേടി പുറത്തേക്കു പോകുമ്പോഴാണ് വലകളില്‍ കുടുങ്ങുക. തുടര്‍ന്നു വവ്വാലുകളില്‍നിന്നു രക്തവും സ്രവങ്ങളും ശേഖരിക്കും. കുറച്ചു സമയം ഉറങ്ങിയ ശേഷം പകല്‍ ഗുഹകളില്‍ എത്തി വവ്വാലുകളുടെ മൂത്രവും കാഷ്ഠവും ശേഖരിക്കും. എന്നാല്‍ വിവിധ സാംപിളുകള്‍ ശേഖരിച്ചിട്ടും കൊറോണയുടെ സാന്നിധ്യം കണ്ടെത്താന്‍ കഴിഞ്ഞില്ല. എട്ടു മാസത്തെ പ്രയത്‌നം വെറുതെയായെന്ന് കരുതിയതായി ഷി ഓര്‍മിക്കുന്നു. വവ്വാലുകള്‍ക്കും സാര്‍സിനും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് ഏതാണ്ട് തീരുമാനിച്ചു. ഈ സമയത്താണ് സമീപത്തുള്ള ലാബിലെ ഗവേഷകര്‍ ആന്റിബോഡി പരിശോധനാ കിറ്റ് ഷീയ്ക്കു നല്‍കിയത്. സാര്‍സ് ബാധിച്ച രോഗികളില്‍ ഉൽപാദിപ്പിക്കപ്പെടുന്ന ആന്റിബോഡി പരിശോധിക്കാനുള്ള കിറ്റായിരുന്നു ഇത്. ഈ കിറ്റ് ഉപയോഗിച്ച് ഹോഴ്‌സ്ഷൂ വവ്വാലുകളില്‍നിന്നു ശേഖരിച്ച സാംപിളുകള്‍ പരിശോധിച്ചു. ഇത്തരം വവ്വാലുകളില്‍ സാര്‍സ് വൈറസിനെതിരായ ആന്റിബോഡികള്‍ കണ്ടെത്തിയത് നിര്‍ണായകമായി. വവ്വാലുകളില്‍ കൊറോണ വൈറസിന്റെ സാന്നിധ്യം കാലികവും കുറച്ചുനാള്‍ മാത്രം നീണ്ടുനില്‍ക്കുന്നതും ആണെന്നു തിരിച്ചറിഞ്ഞു. വൈറസിന്റെ ജനിതകഘടന കൂടി കണ്ടെത്തി കൃത്യമായ സ്ഥലം നിര്‍ണയിക്കുകയായി അടുത്ത വെല്ലുവിളി.

Bats have attracted great attention as a likely reservoir of SARS-CoV-2 virus. Representational image: Rudmer Zwerver / Shutterstock
Bats have attracted great attention as a likely reservoir of SARS-CoV-2 virus. Representational image: Rudmer Zwerver / Shutterstock

ചൈനയിലെ പന്ത്രണ്ടിലേറെ പ്രവിശ്യകളിലെ പര്‍വതപ്രദേശങ്ങളില്‍ മാസങ്ങളോളം ചുറ്റിയടിച്ച ഗവേഷകര്‍ ഒടുവില്‍ യുനാന്‍ തലസ്ഥാനമായ കുന്‍മിങ്ങിനു പ്രാന്തപ്രദേശത്തുള്ള ഷിറ്റൗ ഗുഹയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തീരുമാനിച്ചു. അവിടെനിന്നു വിവിധ സീസണുകളില്‍ നിരവധി സാംപിളുകള്‍ ശേഖരിച്ചു പഠനവിധേയമാക്കി. ഇതോടെ വവ്വാലുകളില്‍നിന്നു വൈവിധ്യമാര്‍ന്ന ജനിതകഘടനയുള്ള കൊറോണ വൈറസുകളെ കണ്ടെത്താന്‍ കഴിഞ്ഞു. ഇവയില്‍ പലതും അപകടകാരികള്‍ ആയിരുന്നില്ല. എന്നാല്‍ ഷിറ്റൗ ഗുഹയിലെ വവ്വാലില്‍ കണ്ടെത്തിയ കൊറോണ വൈറസിന് ഗുഹാങ്‌ഡോങ്ങിലെ വെരുകില്‍ കണ്ടെത്തിയ വൈറസുമായി 97 ശതമാനം ജനിതകഘടനയില്‍ സാമ്യമുണ്ടായിരുന്നു. ഇതോടെ ഒരു ദശാബ്ദമായി സാര്‍സ് കൊറോണ വൈറസിന്റെ സ്വാഭാവിക സംഭരണകേന്ദ്രം കണ്ടെത്താനുള്ള പര്യവേഷണത്തിന് ഉത്തരമാകുകയും ചെയ്തു.

Read Also: ഒരൊറ്റ ആംഗ്യത്തിൽ വീണ് പശുക്കൾ; നടന്ന് അടുത്തവരെ തടഞ്ഞ് യുവാവ്– രസകരം ഈ വിഡിയോ

ഷിറ്റൗ ഗുഹയുടെ സമീപപ്രദേശത്ത് റോസ്, ഓറഞ്ച്, വാള്‍നട്ട് എന്നിവയ്ക്ക് സുപ്രസിദ്ധമായ ഗ്രാമത്തിലെ ആളുകളില്‍നിന്ന് ഷിയും സംഘവും രക്തസാംപിളുകള്‍ ശേഖരിച്ചു പരിശോധന നടത്തി. ഇതില്‍ ആറില്‍ ഒരാളുടെ രക്തത്തിലും സാര്‍സിനു സമാനമായ വൈറസിനെതിരായ ആന്റിബോഡിയുടെ സാന്നിധ്യമുണ്ടായിരുന്നു. ഇവരില്‍ ഒരാള്‍ പോലും വവ്വാലുകളെ കൈകാര്യം ചെയ്യുകയോ ന്യൂമോണിയ പോലുള്ള ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയോ ചെയ്തിരുന്നില്ല. സാംപിള്‍ ശേഖരിക്കും മുന്‍പ് ഒരാള്‍ മാത്രമാണ് യുനാനു പുറത്തേക്ക് സഞ്ചരിച്ചിരുന്നത്. ഗ്രാമത്തിനു മുകളില്‍ വവ്വാലുകള്‍ പറക്കുന്നത് കാണാമായിരുന്നുവെന്ന് ഇവരെല്ലാം പറഞ്ഞിരുന്നു. ഒരു വവ്വാലില്‍ തന്നെ വിവിധ ഇനത്തില്‍പെട്ട വൈറസുകളുടെ സാന്നിധ്യം ഷീയും സംഘവും നടത്തിയ പഠനങ്ങളില്‍ തെളിഞ്ഞിരുന്നു. ഇത് അപകടകരമാണെന്നും ഷീ അഭിപ്രായപ്പെട്ടിരുന്നു.

Content Highlights: Corona Virus | Nipah | Bat women | China

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com