ADVERTISEMENT

ചെന്നൈ നഗരത്തിലെ വായു നിലവാര സൂചിക അപകടകരമായ തോതിലേക്ക് ഉയർന്നത് ഒറ്റപ്പെട്ട സംഭവമല്ലെന്ന് പഠനഫലങ്ങൾ. മേയ്, ജൂലൈ മാസങ്ങൾക്കിടയിൽ 15 ഇടങ്ങളിൽ നടത്തിയ പഠനത്തിൽ പിഎം 2.5 അനുവദനീയമായ നിലയിലും കൂടുതലായിരുന്നു എന്നാണ് ഹെൽത്തി എനർജി ഇനിഷ്യേറ്റീവും ഡോക്ടേഴ്സ് ഫോർ ക്ലീൻ-എയർ തമിഴ്നാടും സംയുക്തമായി നടത്തിയ പഠനം വ്യക്തമാക്കുന്നത്. ദേശീയ ശരാശരിയായ 60 ന്റെ മൂന്നിരിട്ടിയിലധികമായിരുന്നു ഇവിടങ്ങളിൽ പിഎം 2.5 രേഖപ്പെടുത്തിയത്. 24 മണിക്കൂറിലുള്ള പിഎം 2.5ന്റെ വായു സാംപിളുകളും  ഘനലോഹങ്ങളുടെയും സാന്നിധ്യവുമാണ് പഠന വിധേയമാക്കിയത്. ഇതോടെ വായു മലിനീകരണം പെട്ടെന്നുണ്ടായ പ്രതിഭാസമല്ലെന്നും ഗൗരവമുള്ളതാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.‌

‌‌വീർപ്പുമുട്ടി വടക്കൻ ചെന്നൈ

പുകമഞ്ഞും വായു മലിനീകരണവും ഏറ്റവും കൂടുതൽ ബാധിച്ചത് വടക്കൻ ചെന്നൈ പ്രദേശത്തെയാണ്. പിഎം 2.5 ഏറ്റവും കൂടുതൽ രേഖപ്പെടുത്തിയ 5 ഇടങ്ങളിൽ നാലെണ്ണവും ഇവിടെത്തന്നെ. വള്ളൂർ എൻടിപിസിക്ക് സമീപമുള്ള കുരുവിമേടിൽ 187 ആണ് പിഎം 2.5 രേഖപ്പെടുത്തിയത്.‌

‌വ്യവസായങ്ങൾ, എണ്ണ റിഫൈനറികൾ, താപനില‍‍യങ്ങൾ എന്നിവ ഏറെയുള്ളതാണ് പൊടിയും ഘനലോഹങ്ങളും മൂലമുള്ള മലിനീകരണം വർധിക്കാൻ കാരണം. വായു നിലവാരം മോശമായ മറ്റൊരു പ്രധാന പ്രദേശം ജനത്തിരക്കേറിയ ടി നഗർ ആണ്.‌

167 ആണ് ഇവിടത്തെ സൂചിക. അതേസമയം, പിഎം 2.5നൊപ്പം ഘനലോഹങ്ങളുടെ വർധിച്ച സാന്നിധ്യവും വായു നിലവാരത്തിന് ഭീഷണിയാണ്.‌

‌മാംഗനീസ്, നിക്കൽ, ലെഡ്, സിലിക്ക എന്നിവയാണ് കൂടുതൽ കാണപ്പെടുന്നത്. തുറന്ന പ്രദേശങ്ങളിൽ ജോലി ചെയ്യുന്നവരെ ബാധിക്കുന്ന സിലിക്കോസിസ് ഉൾപ്പെടെ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതാണ് ഇത്തരം ലോഹങ്ങൾ.‌

‌‌പ്രതിരോധ നടപടികൾ പരിമിതം

‌മുന്നു മെഗാ തുറമുഖങ്ങളും അനുബന്ധമായി സഞ്ചരിക്കുന്ന വലിയ ഡീസൽ വാഹനങ്ങളും 3,300 മെഗാവാട്ട് താപനിലയം ഉൾപ്പെടെ വായുമലിനീകരണത്തിന് ഏറെ സാധ്യതയുള്ള നഗരത്തിൽ പ്രതിരോധ നടപടികൾ പരിമിതമാണെന്ന് വിദഗ്ധർ. കേന്ദ്രത്തിന്റെ നാഷനൽ ക്ലീൻ എയർ പ്രോഗ്രാം 2018(എൻസിഎപി) ന്റെ ഭാഗമായി വായു മലിനീകരണം 20-30 % കുറയ്ക്കുമെന്ന് വാഗ്ദാനം ചെയ്ത 122 നഗരങ്ങളിൽ ചെന്നൈ ഉൾപ്പെട്ടിട്ടില്ല. എൻസിഎപി പദ്ധതിയിൽ നഗരം നിർബന്ധമായും ഭാഗമാകേണ്ടതാണെന്ന് ഡോക്ടേഴ്സ് ഫോർ ക്ലീൻ-എയർ തമിഴ്നാടിലെ ഡോ.ജി. ചന്ദ്രശേഖർ പറഞ്ഞു.‌

‌‌വായു നിലവാരം ഉയർന്നു തന്നെ

നഗരത്തിലെ വായു നിലവാര സൂചിക ഇനിയും സാധാരണ നിലയിലെത്തിയിട്ടില്ല. ആലന്തൂരിൽ 250, മണലി 198, വേളാച്ചേരി 267 എന്നിങ്ങനെയാണ് കഴിഞ്ഞ ദിവസത്തെ വായു നിലവാര സൂചിക രേഖപ്പെടുത്തിയത്. അതേസമയം, പിഎം 2.5 അപകടകരമായ നിലയിലേക്കുയർന്ന് 238 ൽ എത്തി.‌

‌‌‌എന്താണ് പിഎം 2.5?

‌2.5 മൈക്രോമീറ്ററിലും താഴെ വ്യാസമുള്ള അന്തരിക്ഷത്തിലെ കണങ്ങളെയാണ് പർട്ടിക്കുലേറ്റ് മാറ്റർ അഥവാ പിഎം 2.5 എന്നു പറയുന്നത്.  മനുഷ്യ മുടിയുടെ വ്യാസത്തിന്റെ 3 ശതമാനം വരുമിത്. അത്രയും ചെറുതായതിനാൽ ഇലക്ട്രോൺ മൈക്രോസ്കോപിലൂടെ മാത്രമേ ദൃശ്യമാവൂ. മോട്ടർ വാഹനങ്ങൾ, വിമാനങ്ങൾ, വിറക് കത്തിക്കൽ, കാട്ടുതീ, പൊടിക്കാറ്റ്, കാർഷിക അവശിഷ്ടങ്ങളുടെ കത്തിക്കൽ എന്നിവയിലൂടെയാണ് ഇത്തരം കണങ്ങൾ അന്തരീക്ഷത്തിൽ സാന്നിധ്യമുറപ്പിക്കുന്നത്. വളരെ നേർത്തതും ചെറുതുമായതിനാൽ അന്തരീക്ഷത്തിൽ ഏറെ നാൾ തങ്ങിനിന്ന് മനുഷ്യ ശരീരത്തിൽ കയറികൂടി ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കും.

English Summary: Chennai air quality worst amongst southern capitals this week

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com