നിറയെ പ്ലൂട്ടോണിയം; തകരുമോ മാര്‍ഷല്‍ ദ്വീപിലെ റേഡിയോ ആക്ടീവ് ‘ശവക്കല്ലറ’?

HIGHLIGHTS
  • ആണവപരീക്ഷണങ്ങളടെ ഫലമായി പുറന്തള്ളപ്പെട്ടത് റേഡിയോ ആക്ടീവ് പ്ലൂട്ടോണിയം
  • ഉപ്പുവെള്ളം ഊര്‍ന്നിറങ്ങിയതിനെത്തുടര്‍ന്ന് കോണ്‍ക്രീറ്റ് ആവരണത്തില്‍ പലയിടത്തും വിള്ളലുകള്‍
Radioactive 'Tomb' in Pacific Filled With Nuclear Waste Is Starting to Crack
SHARE

രണ്ടാം ലോകമഹായുദ്ധകാലത്തും അതിനു ശേഷവും ഒട്ടേറെ ആണവപരീക്ഷണങ്ങളാണ് പസിഫിക് സമുദ്രത്തിലെ മാര്‍ഷല്‍ ദ്വീപുകളില്‍ യുഎസ് നടത്തിയത്. നാല്‍പതോളം ദ്വീപുകളുണ്ട് അവിടെ. 1940കളിലും 50കളിലും നടത്തിയ പരീക്ഷണങ്ങളുടെ ബാക്കിപത്രമായ മണ്ണും മറ്റ് അവശിഷ്ടങ്ങളും ഒളിപ്പിക്കാന്‍ യുഎസ് ഇടം കണ്ടെത്തിയതും മാര്‍ഷല്‍ ദ്വീപുകളിലൊന്നിൽത്തന്നെയായിരുന്നു. അവിടത്തെ റനിറ്റ് ദ്വീപില്‍. 

1977 മുതല്‍ 1980 വരെ ഏകദേശം 4000 വരുന്ന യുഎസ് സൈനികര്‍ പരീക്ഷണ സ്ഥലങ്ങളില്‍ നിന്നുള്ള ആണവ മാലിന്യങ്ങള്‍ ശേഖരിച്ച് അടക്കം ചെയ്തത് റനിറ്റ് ഡോം എന്നറിയപ്പെടുന്ന ഗര്‍ത്തത്തിലാണ്. പ്രദേശവാസികള്‍ ഇതിനെ വിളിക്കുന്നതു മറ്റൊരു പേരാണ്- ശവക്കല്ലറ. മാര്‍ഷല്‍ ദ്വീപുകളില്‍ അവശേഷിക്കുന്ന ജനത്തെയും കൊന്നൊടുക്കാന്‍ തക്ക ശേഷിയുള്ള കൊടുംവിഷമാണ് ഈ കല്ലറയില്‍ വിശ്രമം കൊള്ളുന്നതും. അന്യൂറ്റാക് ടോള്‍ എന്നറിയപ്പെടുന്ന കൂട്ടത്തിലെ ഏറ്റവും വലിയ പവിഴദ്വീപിലായിരുന്നു ആണവപരീക്ഷണങ്ങളിലേറെയും. അവിടെ നിന്നുള്ള മണ്ണു മാത്രമല്ല ഡോമിലുള്ളത്. അന്നുപയോഗിച്ച പരീക്ഷണ ഉപകരണങ്ങളും യന്ത്രങ്ങളും കോണ്‍ക്രീറ്റും ആക്രികളും വരെ നിറച്ചിട്ടുണ്ട്. 

സുരക്ഷിതമെന്നു പറഞ്ഞ് യുഎസ് പൂട്ടി വച്ചിരിക്കുന്ന ഈ ഡോം ഇപ്പോള്‍ മറ്റൊരു ഭീഷണിയുയര്‍ത്തുകയാണ്. ആഗോള കാലാവസ്ഥാ വ്യതിയാനത്തെത്തുടര്‍ന്ന് മാര്‍ഷല്‍ ദ്വീപസമൂഹങ്ങള്‍ക്കു ചുറ്റിലുമുള്ള സമുദ്രജലനിരപ്പ് ഉയര്‍ന്നു കൊണ്ടിരിക്കുന്നു. ഉപ്പുവെള്ളം റനിറ്റ് ഡോമിലേക്ക് ഊര്‍ന്നിറങ്ങിയതിനെത്തുടര്‍ന്ന് അതിന്റെ കോണ്‍ക്രീറ്റ് ആവരണത്തില്‍ പലയിടത്തും വിള്ളലുകള്‍ വന്നുതുടങ്ങിയതായാണ് റിപ്പോര്‍ട്ട്. ഏകദേശം 30 ലക്ഷം ക്യുബിക് അടി പ്രദേശത്ത് ഡോമിനകത്ത് മാലിന്യം നിറച്ചിട്ടുണ്ട്. അതായത് ഒളിംപിക്‌സിലെ 37 സ്വിമ്മിങ് പൂളുകള്‍ പൂര്‍ണമായും നിറയ്ക്കാന്‍ കഴിയുന്നത്ര. 

ഏറെ ഭയപ്പെടുത്തുന്നത് ഇതൊന്നുമല്ല. ആണവപരീക്ഷണങ്ങളടെ ഫലമായി പുറന്തള്ളപ്പെട്ടത് റേഡിയോ ആക്ടീവ് പ്ലൂട്ടോണിയമാണ്. ഇതിനു മണമോ രുചിയോ നിറമോ ഇല്ല. അതിനാല്‍ത്തന്നെ ശ്വസിച്ചാല്‍ അറിയുക പോലുമില്ല. പ്ലൂട്ടോണിയം ശ്വസിച്ചാല്‍ കാത്തിരിക്കുന്നത് ശ്വാസകോശാര്‍ബുദമാണ്. അങ്ങനെ ആശങ്കപ്പെട്ടിരിക്കുമ്പോഴാണ് അടുത്ത ഭീഷണിയെത്തിയത്. 1993 മുതല്‍ വര്‍ഷം തോറും പ്രദേശത്തെ സമുദ്രജലനിരപ്പ് 7 മില്ലിമീറ്റര്‍ എന്ന കണക്കിനാണുയരുന്നത്. ഇപ്പോൾ ഡോമിന്റെ തൊട്ടടുത്തു വരെ കടലെത്തിയിരിക്കുന്നു. ഇതിന്റെ മുകള്‍ഭാഗം മാത്രമാണ് കോണ്‍ക്രീറ്റ് കൊണ്ടു ഭദ്രമാക്കിയിരിക്കുന്നത്. അടിത്തട്ടില്‍ ഇപ്പോഴും മണല്‍ തന്നെയാണ്. അതിലേക്ക് കടല്‍വെള്ളം ഊറിയിറങ്ങുന്നതായാണു റിപ്പോര്‍ട്ടുകള്‍. അടിത്തറ അസ്ഥിരമാകുന്നതിനെത്തുടര്‍ന്ന് ഡോമിന്റെ കവചത്തിലെ വിള്ളലുകളുടെ വലുപ്പം വർ‌ധിക്കുന്നതായും പറയപ്പെടുന്നു. 

ഡോമില്‍ വിള്ളലുണ്ടായേക്കാമെന്ന് യുഎസ് എനര്‍ജി ഡിപ്പാര്‍ട്ട്‌മെന്റും സമ്മതിച്ച കാര്യമാണ്. എന്നാല്‍ അതുവഴി പ്രദേശവാസികള്‍ക്കു കുഴപ്പമൊന്നുമുണ്ടാകില്ലെന്നാണ് അവരുടെ വാക്ക്. ആണവപരീക്ഷണം ആരംഭിക്കുന്ന സമയത്ത് 40 ദ്വീപുകളിലും ജനവാസമുണ്ടായിരുന്നു. പിന്നീട് അവരെ അവിടെ നിന്നൊഴിപ്പിച്ചു. വര്‍ഷങ്ങള്‍ക്കു ശേഷം ഏകദേശം 650 പേര്‍ മടങ്ങിയെത്തി. അവരാണ് മനുഷ്യവാസ യോഗ്യമായി ഇപ്പോള്‍ അവശേഷിക്കുന്ന മൂന്നു ദ്വീപുകളില്‍ കഴിയുന്നത്. ഡോം സ്ഥിതി ചെയ്യുന്ന റനിറ്റ് ദ്വീപില്‍ ഉള്‍പ്പെടെ ആരുമില്ലെന്നതാണു യാഥാര്‍ഥ്യം. 2030 ആകുമ്പോഴേക്കും മാര്‍ഷല്‍ ദ്വീപുകള്‍ക്കു ചുറ്റും 1.2 മുതല്‍ 6.3 ഇഞ്ച് വരെ സമുദ്രജലനിരപ്പ് ഉയരുമെന്നത് സ്ഥിരീകരിച്ച റിപ്പോര്‍ട്ടാണ്. അങ്ങനെ നോക്കുമ്പോള്‍ 2100 ആകുമ്പോഴേക്കും ദ്വീപ് മുങ്ങും. 

അതിനിടയ്ക്കു കൊടുങ്കാറ്റും വെള്ളപ്പൊക്കവും പോലുള്ള അപ്രതീക്ഷിത ദുരന്തങ്ങളും. തിരമാലകള്‍ ശക്തിപ്രാപിക്കുന്നതോടെ ഡോം ഏതുനിമിഷവും തകരുമെന്ന ഭീഷണിയുമുണ്ട്. പക്ഷേ അതിലും വലിയ ദുരന്തം മറ്റൊന്നാണ്- ഡോം തകര്‍ന്നു പുറത്തെത്തുന്ന റേഡിയോ ആക്ടീവ് മാലിന്യം പരിസ്ഥിതിക്കും കടലിനും ജനങ്ങളുടെ ജീവനുമുണ്ടാക്കുന്ന ഭീഷണിയെപ്പറ്റി യാതൊരുവിധ പഠനവും ഇതുവരെ നടന്നിട്ടില്ല. അതിനു വേണ്ടി ലോക നേതാക്കൾക്കും യുഎന്നിനും മുന്നില്‍ ശബ്ദമുയര്‍ത്താനുള്ള ശ്രമത്തിലാണ് മാര്‍ഷല്‍ ദ്വീപ് നിവാസികള്‍. 

 English Summary: Radioactive 'Tomb' in Pacific Filled With Nuclear Waste Is Starting to Crack

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ